Sudarshana chakra and  weapons from sun

“മഹാവിഷ്ണുവിൻ്റെ,സുദർശന ചക്രവും സൂര്യതേജസ്സിലെ ദിവ്യായുധങ്ങളും”……

ഹിന്ദു പുരാണങ്ങളുടെ തുടക്കത്തിൽ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾ, ദേവന്മാർക്കും പ്രപഞ്ചത്തിലെ മറ്റ് ജീവികൾക്കും ജീവിക്കാനാവശ്യമായ ഭൗതിക ലോകം ഒരുക്കേണ്ട ചുമതല വന്നുചേർന്നു. ബ്രഹ്മാവിന്റെ പരമ്പരയിൽ ജന്മമെടുത്ത വിശ്വകർമ്മാവ് പ്രപഞ്ചത്തിന്റെ  ആദ്യ ശില്പിയായി മാറി. തന്റെ ദിവ്യമായ കൈവിരുതുകൊണ്ട് അദ്ദേഹം ദേവന്മാർക്കായി സ്വർഗ്ഗത്തിൽ അമരാവതിയെന്ന സ്വർണ്ണ നഗരവും, പിന്നീട് ഭൂമിയിൽ പാണ്ഡവർക്കായി ഇന്ദ്രപ്രസ്ഥവും, രാവണനായി ലങ്കയും പോലുള്ള അത്ഭുത നഗരങ്ങൾ തീർത്തു. ലോകത്തിന്റെ ആദ്യത്തെ  ശില്പിയുമായി അദ്ദേഹം അങ്ങനെ പ്രശസ്തനായി.

കാലം കടന്നുപോയപ്പോൾ, പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമുണ്ടായി. പ്രപഞ്ചത്തിന് വെളിച്ചവും ഊർജ്ജവും നൽകുന്ന സൂര്യഭഗവാന്റെ തേജസ്സും ചൂടും അത്യധികം വർദ്ധിച്ചു. സൂര്യന്റെ ഈ അമിതമായ പ്രകാശവും ചൂടും കാരണം ഭൂമിയിലെയും സ്വർണ്ണലോകത്തെയും ജീവജാലങ്ങൾ വെന്തുരുകാൻ തുടങ്ങി. ലോകത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായതോടെ, സൂര്യന്റെ പത്നിയായ സംജ്ഞദേവി തന്റെ പിതാവായ വിശ്വകർമ്മാവിനെ സമീപിച്ച് ഈ വലിയ ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു….

മകളുടെ പ്രാർത്ഥന കേട്ട് പ്രശ്നപരിഹാരത്തിന് ഇറങ്ങിപ്പുറപ്പെട്ട വിശ്വകർമ്മാവ് ഒരു അത്ഭുതകരമായ ഉപയോഗം കണ്ടെത്തി. അദ്ദേഹം ഒരു വലിയ ശാണയന്ത്രം  തയ്യാറാക്കി, അതിലേക്ക് സൂര്യഭഗവാനെ വെച്ച് ഉരച്ചു മിനുക്കാൻ തുടങ്ങി. സൂര്യന്റെ അമിതമായി കത്തിയെരിയുന്ന തേജസ്സിനെ അങ്ങനെ അദ്ദേഹം പതുക്കെ കുറച്ചുകൊണ്ടുവന്നു.

ശാണയന്ത്രം എന്നാൽ  പറഞ്ഞാൽ ‘ചാണക്കല്ല്’ ആണ്.
കത്തി, അരിവാൾ, കോടാലി പോലുള്ള ലോഹ ആയുധങ്ങൾ മൂർച്ച കൂട്ടാനും, പരുപരുത്ത വസ്തുക്കളെ തേച്ചു മിനുക്കാനും പണ്ടൊക്കെ ഉപയോഗിച്ചിരുന്ന കറങ്ങുന്ന വട്ടത്തിലുള്ള കല്ലാണ് ശാണയന്ത്രം…….
അങ്ങനെ ആ പ്രക്രിയയിൽ, ആ ചാണക്കല്ലിന്റെ ഘർഷണത്തിൽ നിന്ന് സൂര്യന്റെ അമിതമായ ചൂടും അഹങ്കാരവും പടിപടിയായി കുറഞ്ഞു. ആ ഉരച്ചിലിന്റെ ശക്തിയിൽ സൂര്യനിൽ നിന്ന് അതിശക്തമായ അലൗകിക തേജസ്സ് കനലുകൾ പോലെ ചുറ്റും തെറിച്ചുവീഴാൻ തുടങ്ങി. ആ പ്രകാശപ്രവാഹത്തിൽ നിന്ന് ലോകരക്ഷയ്ക്കായി ദിവ്യായുധങ്ങൾ പിറവിയെടുക്കുന്ന നിമിഷമായിരുന്നു അത്!
ആ തെറിച്ചുവീണ പ്രകാശകണങ്ങളിൽ നിന്ന് ഒരു ഭാഗം സമാഹരിച്ച് വിശ്വകർമ്മാവ് പ്രപഞ്ചത്തിന്റെ സംഹാരമൂർത്തിയായ പരമശിവനായി സർവ്വനാശകമായ ത്രിശൂലം വാർത്തെടുത്തു….

മറ്റൊരു ഭാഗത്തുനിന്ന് സമ്പത്തിന്റെ ദേവനായ കുബേരനായി ആകാശത്തുകൂടി സഞ്ചരിക്കുന്ന പുഷ്പക വിമാനവും, ദേവസൈന്യത്തിന്റെ സേനാപതിയായ മുരുകനായി ശത്രുസംഹാര ശേഷിയുള്ള ദിവ്യമായ വേലും നിർമ്മിച്ചു നൽകി..
എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും, സൂര്യന്റെ ഏറ്റവും കത്തിയെരിയുന്നതും ഉഗ്രവുമായ കാമ്പ് പോലുള്ള തേജസ്സ് ബാക്കിനിന്നിരുന്നു. ആ അതീവ ശക്തമായ ഊർജ്ജത്തെ വിശ്വകർമ്മാവ് അതീവ സൂക്ഷ്മതയോടെ കൈയിലെടുത്തു. പ്രപഞ്ചത്തിലെ തിന്മകളെ വേരോടെ പിഴുതെറിയാൻ പാകത്തിലുള്ള ആ അപാരതേജസ്സ് ഉപയോഗിച്ച് അദ്ദേഹം മഹാവിഷ്ണുവിനായി ഒരു അത്ഭുത ആയുധം രൂപകൽപ്പന ചെയ്തു – അതാണ് തിരിഞ്ഞുമാറാത്ത ലക്ഷ്യബോധമുള്ള സുദർശന ചക്രം…..

സുദർശന ചക്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . ഭഗവാൻ വിഷ്ണു വിട്ടുകഴിഞ്ഞാൽ, ഏത് ലക്ഷ്യത്തിനായാണോ അത് അയച്ചത്, ആ ശത്രുവിനെ നിഗ്രഹിച്ചതിന് ശേഷമേ ആ ചക്രം തിരികെ വരികയുള്ളൂ. വഴിയിൽ തടസ്സങ്ങൾ ഉണ്ടായാലും, ലക്ഷ്യം കാണാതെ അത് ഒരിക്കലും തിരികെ വരില്ല….

മഹാഭാരതത്തിൽ കൃഷ്ണാവതാര സമയത്ത് സുദർശന ചക്രത്തിന്റെ ഈ സവിശേഷത വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്……
യുധിഷ്ഠിരൻ നടത്തിയ രാജസൂയ യാഗത്തിനിടയിൽ ചേദി രാജ്യത്തെ രാജാവായ ശിശുപാലൻ ഭഗവാൻ കൃഷ്ണനെ സഭാ മധ്യത്തിൽ നിരന്തരം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.  കൃഷ്ണൻ ശിശുപാലന്റെ  അമ്മയ്ക്ക് നൽകിയ വാക്കുപ്രകാരം ശിശുപാലൻ കൃഷ്ണനെതിരെ നൂറ് തെറ്റുകൾ ചെയ്യുന്നത് വരെ ഭഗവാൻ ക്ഷമയോടെ അത് സഹിച്ചു…  …
അതായത്  ശിശുപാലൻ ജനിച്ചത് മൂന്ന് കണ്ണുകളും നാലു കൈകളുമുള്ള വിചിത്ര രൂപത്തിലായിരുന്നു.
ഒരു പ്രത്യേക വ്യക്തിയുടെ മടിയിൽ കിടക്കുമ്പോൾ ഈ അധികാവയവങ്ങൾ അപ്രത്യക്ഷമാകുമെന്നും, അയാളുടെ കൈകളാൽ തന്നെയായിരിക്കും അവന്റെ അന്ത്യമെന്നും അശരീരിയുണ്ടായി.

പലരുടെയും  മടിയിൽ  കിടത്തിയിട്ട് ഒന്നും
ശിശുപാലൻ്റെ അധികാവയവങ്ങൾ അപ്രത്യക്ഷമായില്ല..  
ഒടുവിൽ,കൃഷ്ണൻ്റെ മടിയിൽ വച്ചപ്പോൾ
ശിശുപാലൻ്റെ, അധികമുള്ള കണ്ണും കൈകളും അപ്രത്യക്ഷമായി സാധാരണ കുട്ടിയായി മാറി…
തന്റെ മകന്റെ കൊലയാളി കൃഷ്ണനാണെന്ന് മനസ്സിലാക്കിയ ശിശുപാലന്റെ അമ്മ, മകൻ ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കണമെന്ന് കൃഷ്ണനോട് അപേക്ഷിച്ചു.
അമ്മയുടെ സമാധാനത്തിനായി ശിശുപാലൻ എനിക്കെതിരെ ചെയ്യുന്ന നൂറ് തെറ്റുകൾ വരെ ഞാൻ ക്ഷമിക്കാമെന്ന് ഭഗവാൻ കൃഷ്ണൻ വാക്ക് നൽകി.

നൂറാമത്തെ അധിക്ഷേപം കഴിഞ്ഞ ഉടൻ തന്നെ കൃഷ്ണൻ തന്റെ വിരലിൽ ഇരുന്ന സുദർശന ചക്രത്തെ ശിശുപാലനെ വധിക്കാനായി അയച്ചു. ഭഗവാന്റെ കൽപ്പന അനുസരിച്ച് ചക്രം അതിവേഗം ശിശുപാലന്റെ അടുത്തേക്ക് കുതിച്ചു.
ശിശുപാലന്റെ തല വെട്ടിമാറ്റിയ ശേഷം ആ ചക്രം നേരെ തിരികെ വന്ന് കൃഷ്ണന്റെ വിരലിൽ തന്നെ വീണ്ടും സ്ഥാനം പിടിച്ചു. എന്നാൽ ഈ സംഭവത്തിനിടയിൽ ഒരു ചെറിയ അത്ഭുതം നടന്നു. ചക്രം ശിശുപാലനെ ലക്ഷ്യമാക്കി പാഞ്ഞുവരുന്ന വഴിയിൽ ഭഗവാൻ കൃഷ്ണന്റെ വിരലിൽ ചെറുതായി ഒന്ന് മുറിഞ്ഞ് രക്തം വന്നു.
ഇത് കണ്ട ഉടൻ തന്നെ  പാഞ്ചാലി  ഓടിയെത്തി തന്റെ  സാരിയുടെ ഒരു കഷ്ണം കീറി കൃഷ്ണന്റെ വിരലിൽ ചുറ്റി രക്തസ്രാവം തടഞ്ഞു. തനിക്ക് തന്ന ആ സ്നേഹത്തിന് പകരമായി, ഭഗവാൻ കൃഷ്ണൻ പാഞ്ചാലിയ്ക്ക് വാക്ക് നൽകി

നീ എനിക്ക് ചെയ്ത ഈ ചെറിയ ഉപകാരത്തിന് പകരമായി, നിനക്ക് എപ്പോഴൊക്കെ ആപത്ത് വരുന്നുവോ, നിന്റെ ഒരു വിളിപ്പാടകലത്തിൽ ഞാൻ നിന്റെ സഹായത്തിനായി എപ്പോഴും കൂടെയുണ്ടാകും.”
അതായത്, ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ചപ്പോൾ മാത്രമല്ല, പാഞ്ചാലിക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും തന്നെ വിളിച്ചാൽ ഓടിയെത്തുമെന്ന ഒരു പൊതുവായ വാക്കാണ് കൃഷ്ണൻ അന്ന് നൽകിയത്. പഞ്ചാലിക്ക് കൊടുത്ത ആ വാക്കാണ് പിന്നീട് പന്തീരായിരം ആനകളുടെ ബലമുള്ള വസ്ത്രമായി മാറി പാഞ്ചാലിയെ സഭയിൽ രക്ഷിച്ചത്………
സുദർശനം” എന്നാൽ “കാഴ്ചയിൽ അതിമനോഹരമായത്” എന്നാണ് അർത്ഥം. കാണാൻ അതിമനോഹരവും ആകർഷകവുമാണെങ്കിലും, അധർമ്മികൾക്ക് മുന്നിൽ ഇത് സർവ്വനാശം വിതയ്ക്കുന്ന ഉഗ്ര രൂപിയായി മാറുന്നു.
Sree Guruvayoorappan
#sreeguruvayoorappan
സിന്ധു രാജീവ്

Leave a Reply

Design a site like this with WordPress.com
Get started