വിഷ്ണു ഭക്തനായ അംബരീഷൻ രാജാവ്
സൂര്യവംശത്തിൽ ജനിച്ച നീതിമാനും മഹാവിഷ്ണുവിന്റെ പരമഭക്തനുമായ അംബരീഷൻ എന്നൊരു രാജാവുണ്ടായിരുന്നു…..
സർവ്വ ഐശ്വര്യങ്ങളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ ഭഗവാനിൽ തന്നെയായിരുന്നു. പ്രജകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ആ രാജാവ്, രാജ്യം ഭരിക്കുമ്പോഴും തന്റെ ഓരോ നിമിഷവും ഈശ്വരനാമസ്മരണയിൽ അർപ്പിച്ചു….
അങ്ങനെയിരിക്കെ, രാജ്യത്ത് ചാതുർമാസ്യ വ്രതത്തിന്റെ ഭാഗമായി ഒരു കഠിനമായ ഏകാദശി വ്രതം വന്നുചേർന്നു.. രാപ്പകലുകൾ അന്നപാനീയങ്ങൾ വെടിഞ്ഞ്, മഹാവിഷ്ണുവിനെ മാത്രം മനസ്സിൽ ധ്യാനിച്ച് അംബരീഷൻ ആ വ്രതം അനുഷ്ഠിച്ചു. വ്രതത്തിന്റെ മൂന്നാം ദിവസമായ ദ്വാദശി നാളിൽ രാവിലെ, വ്രതം അവസാനിപ്പിക്കാനുള്ള സമയം അടുത്തെത്തി. വ്രതം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ആ ശുഭവേളയിൽ, അതിഥിയായി ആരെങ്കിലും എത്തിയാൽ അവരെ സൽകരിക്കാതെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നതായിരുന്നു മറ്റൊരു കർശനമായ ധർമ്മം…..
അംബരീഷ മഹാരാജാവ് ബ്രാഹ്മണർക്കും പാവപ്പെട്ടവർക്കും വലിയ തോതിൽ ദാനധർമ്മങ്ങൾ നൽകി, അതിഥികളെ കാത്തിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് അവിടെ ദുർവാസാവ് മഹർഷി കടന്നുവന്നത്…
കോപത്തിന് പേരുകേട്ട, അതിശക്തനായ ആർഷഭക്തനാണ് ദുർവാസാവ്. അതുകണ്ട് അംബരീഷൻ സന്തോഷത്തോടും ആദരവോടും കൂടി എഴുന്നേറ്റുചെന്ന് അദ്ദേഹത്തെ എതിരേറ്റു സ്വീകരിച്ചു. “മഹർഷേ, അടിയന്റെ ഭാഗ്യം കൊണ്ടാണ് അങ്ങ് ഇവിടെയെത്തിയത്. ദയവായി എന്റെ അതിഥിയായി ഭവനത്തിൽ ഭോജനം കഴിക്കണം,” രാജാവ് വിനയത്തോടെ അഭ്യർത്ഥിച്ചു…..
ദുർവാസാവ് മഹർഷി ആ ക്ഷണം സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: “തീർച്ചയായും, രാജാവേ. ഞാൻ ഇപ്പോൾ സമീപമുള്ള യമുനാ നദിയിൽ പോയി കുളിച്ചു സന്ധ്യാവന്ദനങ്ങളും പൂജകളും കഴിഞ്ഞ് ഉടൻ തിരിച്ചുവരാം. അതുവരെ അങ്ങ് കാത്തിരിക്കുക….
മഹർഷി നദിയിലേക്ക് പോയി. എന്നാൽ സമയം അതിവേഗം കടന്നുപോയിക്കൊണ്ടിരുന്നു. വ്രതം അവസാനിപ്പിക്കാനുള്ള അവസാന നിമിഷം അടുത്തടുത്ത് വരികയാണ്. ഇനിയൊരു നിമിഷം കൂടി വൈകിയാൽ ഏകാദശി വ്രതം മുടങ്ങും. എന്നാൽ അതിഥിയായ മഹർഷിയാകട്ടെ തിരിച്ചെത്തിയിട്ടുമില്ല. രാജാവ് വലിയൊരു ധർമ്മസങ്കടത്തിലായി.
രാജാവ് കൊട്ടാരത്തിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും വിളിച്ചുകൂട്ടി അഭിപ്രായം തേടി. അവർ പറഞ്ഞു: “മഹാരാജാവേ, കൃത്യസമയത്ത് വ്രതം നഷ്ടപ്പെടും. എന്നാൽ അതിഥിയെ അപമാനിച്ചാൽ പാപവും വരും. ഇതിനൊരു പരിഹാരം, അങ്ങ് തുളസിതീർത്ഥം മാത്രം സേവിച്ച് വ്രതം അവസാനിപ്പിക്കുക. ജലം ഭക്ഷണമല്ല, പാനീയവുമല്ല; അതിനാൽ വ്രതഭംഗവും വരില്ല, അതിഥിയെ അപമാനിച്ച കുറ്റവുമാകില്ല…
പണ്ഡിതന്മാരുടെ നിർദ്ദേശപ്രകാരം അംബരീഷൻ അല്പം തുളസിതീർത്ഥം മാത്രം കുടിച്ച് തന്റെ വ്രതം അവസാനിപ്പിച്ച് മഹർഷിക്കായി വീണ്ടും കാത്തിരുന്നു.
കുറച്ചു കഴിഞ്ഞു നദിയിൽ നിന്നും തിരിച്ചെത്തിയ ദുർവാസാവ് മഹർഷിക്ക് തന്റെ ദിവ്യദൃഷ്ടിയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. താൻ ഭക്ഷിക്കും മുൻപ് രാജാവ് വ്രതം അവസാനിപ്പിച്ചു എന്നത് അദ്ദേഹത്തിന്റെ അഹങ്കാരത്തെയും കോപത്തെയും ആളിക്കത്തിച്ചു……
“ഓഹോ! എന്റെ അനുവാദമില്ലാതെ, എന്നെ കാത്തുനിൽക്കാതെ നീ സ്വന്തം കാര്യസാധ്യത്തിനായി വ്രതം അവസാനിപ്പിച്ചുവല്ലേ? എന്റെ അതിഥിമര്യാദയെ നീ ലംഘിച്ചു!” കോപംകൊണ്ട് വിറച്ചുകൊണ്ട് മഹർഷി ഉറക്കെ വിളിച്ചുപറഞ്ഞു.
കോപം മൂത്ത ദുർവാസാവ് തന്റെ ജടയിൽ നിന്ന് ഒരുപിടി മുടിയെടുത്ത് നിലത്തടിച്ചു. ആ ശക്തിയിൽ അവിടെ ഭീകരമായ ഒരു തീജ്വാലയിൽ നിന്ന് ഒരു രാക്ഷസരൂപം ഉയർന്നുവന്നു. അത് രാജാവിനെ കൊല്ലാനായി പാഞ്ഞടുത്തു. പ്രജകളും കൊട്ടാരത്തിലുള്ളവരും ഭയന്ന് വിറച്ചു. എന്നാൽ അംബരീഷ മഹാരാജാവ് ഒട്ടും പതറാതെ, ഭഗവാനെ മനസ്സിൽ ധ്യാനിച്ച് കൈകൂപ്പി നിശ്ചലനായി നിന്നു.
ഭക്തനായ അംബരീഷന് ഒരു അപകടം വന്നപ്പോൾ, അദ്ദേഹത്തെ സംരക്ഷിക്കാനായി മഹാവിഷ്ണുവിന്റെ ആജ്ഞയനുസരിച്ച് സർവ്വസംഹാരിയായ സുദർശന ചക്രം അവിടെ സ്വയം പ്രത്യക്ഷപ്പെട്ടു. സൂര്യന്റെ തേജസ്സുള്ള ആ ചക്രം ദുർവാസാവ് മഹർഷി അഴിച്ചുവിട്ട രാക്ഷസനെ നിമിഷനേരംകൊണ്ട് ചാമ്പലാക്കി. പിന്നീട് അത് ദുർവാസാവ് മഹർഷിക്ക് നേരെ തിരിഞ്ഞു.
ജീവൻ രക്ഷിക്കാൻ ഭയന്ന ദുർവാസാവ് മഹർഷി അവിടെനിന്ന് ഓടാൻ തുടങ്ങി. ഭൂമി ചുറ്റി, സമുദ്രങ്ങൾ താണ്ടി, അദ്ദേഹം ജീവനുവേണ്ടി പാഞ്ഞു. ഒടുവിൽ ബ്രഹ്മാവിന്റെ അടുത്ത് ചെന്ന് അഭയം തേടി. എന്നാൽ ബ്രഹ്മാവ് പറഞ്ഞു: “എനിക്ക് മഹർഷിയെ സഹായിക്കാനാകില്ല, അത് മഹാവിഷ്ണുവിന്റെ സുദർശന ചക്രമാണ്.”
തുടർന്ന് അദ്ദേഹം കൈലാസത്തിൽ പരമശിവന്റെ അടുത്തേക്ക് ഓടിയെത്തി. പരമശിവനും കൈമലർത്തിക്കൊണ്ടു പറഞ്ഞു: “ഭഗവാൻ വിഷ്ണുവിന്റെ ആയുധത്തെ തടയാൻ ആർക്കും സാധ്യമല്ല. നിങ്ങൾ ആ മഹാവിഷ്ണുവിന്റെ അടുത്തേക്ക് തന്നെ പോവുക.”
ഗത്യന്തരമില്ലാതെ ദുർവാസാവ് മഹർഷി സാക്ഷാൽ വൈകുണ്ഠത്തിൽ എത്തി മഹാവിഷ്ണുവിന്റെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചു…..
ഹേ നാരായണാ, ജഗദീശ്വരാ, എന്നെ രക്ഷിക്കണേ! എന്റെ അഹങ്കാരം കൊണ്ട് ഞാൻ ചെയ്ത തെറ്റ് പൊറുക്കണം. ഈ ചക്രത്തിൽ നിന്നും എന്നെ രക്ഷിക്കൂ!”
മഹാവിഷ്ണു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.. “മഹർഷേ, ഞാൻ സ്വതന്ത്രനല്ല; ഞാൻ പൂർണ്ണമായും എന്റെ ഭക്തരുടെ അധീനതയിലാണ്. അംബരീഷൻ എന്റെ ഹൃദയമാണ്. എനിക്കായി അവൻ തന്റെ സർവ്വസ്വവും സമർപ്പിച്ചിരിക്കുന്നു. എന്റെ ഭക്തനെ വേദനിപ്പിച്ച നിങ്ങൾക്ക് എന്നിൽ നിന്നും നേരിട്ട് മോചനം ലഭിക്കില്ല….. അതിനാൽ നിങ്ങൾ അംബരീഷന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയി അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുക. അദ്ദേഹം കനിഞ്ഞാൽ മാത്രമേ എന്റെ ചക്രം നിങ്ങളെ വെറുതെവിടൂ.”
കേട്ട പാതി, ദുർവാസാവ് മഹർഷി അവിടെനിന്നും തിരികെ ഓടി ഭൂമിയിൽ അംബരീഷ മഹാരാജാവിന്റെ അരികിൽ എത്തി. താൻ ചെയ്ത അപരാധങ്ങൾ ഓർത്ത് ലജ്ജിച്ച്, ആ രാജാവിന്റെ കാൽക്കൽ വീണ് അദ്ദേഹം മാപ്പ് അപേക്ഷിച്ചു…..
തന്റെ മുന്നിൽ സാക്ഷാൽ ഒരു മഹർഷി, അതും തന്നെ ശപിക്കാൻ വന്നയാൾ അഭയം തേടി കരയുന്നതുകണ്ട് മഹാമനസ്കനായ അംബരീഷന്റെ കണ്ണുകൾ നിറഞ്ഞു. യാതൊരുവിധ പകയോ അഹങ്കാരമോ ഇല്ലാതെ അദ്ദേഹം ഉടൻതന്നെ കൈകൂപ്പി സുദർശന ചക്രത്തെ സ്തുതിച്ചു തുടങ്ങി: “ഹേ സുദർശന ചക്രമേ, പ്രപഞ്ചത്തിന്റെ കാവലാളേ, അങ്ങ് ശാന്തനാകൂ. ഈ മഹർഷിക്ക് ജീവനും സമാധാനവും നൽകി അനുഗ്രഹിക്കണേ……
അംബരീഷന്റെ പ്രാർത്ഥന കേട്ട് സുദർശന ചക്രം തന്റെ ഉഗ്രതേജസ്സ് കുറച്ച് ശാന്തമായി അന്തരീക്ഷത്തിൽ അപ്രത്യക്ഷമായി. ദുർവാസാവ് മഹർഷി എഴുന്നേറ്റുനിന്ന് ആ രാജാവിനെ വാരിപ്പുണർന്നു…. അഹങ്കാരമെല്ലാം അലിഞ്ഞുപോയ ആ മഹർഷി അംബരീഷനെ അനുഗ്രഹിക്കുകയും, തടസ്സപ്പെട്ട ആ ഭക്ഷണം കൊട്ടാരത്തിൽ വെച്ച് രാജാവിനൊപ്പം സന്തോഷത്തോടെ കഴിക്കുകയും ചെയ്തു………
ഹിന്ദു ആചാരപ്രകാരം വർഷത്തിലെ ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ഒരു വ്രതാനുഷ്ഠാന കാലഘട്ടമാണ് ചാതുർമാസ്യ വ്രതം…
ഹിന്ദു കലണ്ടറിലെ ആഷാഢ മാസം ജൂലൈ,ആഗസ്റ്റ് മുതൽ അതായത് കാർത്തിക മാസം വരെ അതായത് നവംബർ,ഡിസംബർ വരെയുള്ള നാല് മാസക്കാലത്താണ് ചാതുർമാസ്യ വ്രതം അനുഷ്ഠിക്കുന്നത്. മഴക്കാലത്തിന്റെ തുടക്കമായ ഈ നാല് മാസങ്ങൾ ആത്മീയ സാധനയ്ക്കും ഈശ്വരഭജനും ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു….
ചാതുർമാസ്യ വ്രതത്തിന്റെ പ്രധാന പ്രത്യേകതകൾ എന്തെന്നാൽ
ആഷാഢ ശുക്ല ഏകാദശി നാളിൽ മഹാവിഷ്ണു പാലാഴിയിൽ യോഗനിദ്രയിലാഴുന്നു എന്നാണ് വിശ്വാസം. തുടർന്ന് കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയോട് കൂടിയാണ് ഈ നിദ്ര അവസാനിക്കുന്നത്. ഈ നാല് മാസവും ഭഗവാൻ നിദ്രയിലായതിനാൽ സന്യാസിമാരും ഭക്തരും പ്രത്യേക വ്രതങ്ങളും പ്രാർത്ഥനകളും അനുഷ്ഠിക്കുന്നു.
Leave a Reply