Shraadham

*ശ്രാദ്ധം..എന്തിന് ? — എങ്ങിനെ ?*
പിതാവ്‌, പിതാമഹന്‍, പ്രപിതാമഹന്‍ ഇങ്ങനെ നാമുള്‍പ്പെടെ മേലോട്ടുള്ള 4 തലമുറയില്‍പ്പെട്ടവരും മരിച്ച്‌ പ്രേതാവസ്ഥയില്‍നിന്നും മോക്ഷം നേടിയവരെയുമാണ്‌ “പിതൃക്കള്‍” എന്നുപറയുന്നത്‌.

ഇതില്‍ നമ്മുടെ മനുഷ്യജീവിതത്തില്‍ പ്രത്യക്ഷമായി ബോദ്ധ്യപ്പെടുന്നതും അവരുടെ പല രൂപത്തിലുള്ള സ്വാധീന സംഭാവനകള്‍ നേരിട്ടനുഭവിക്കാന്‍ കഴിയുന്നതുമാണ്‌ നമുക്ക്‌ മുമ്പേയുള്ള മൂന്ന്‌ തലമുറകള്‍. ഇവര്‍ മനുഷ്യപിതൃഗണത്തില്‍പ്പെടുന്നു. പക്ഷെ അതിനുമുമ്പുണ്ടായിരുന്ന അസംഖ്യം പിതൃക്കളില്‍ അവരുടെ ജീവിതം ഇന്നും നമ്മുടെ ജീവിതത്തെ സ്വാധീനിച്ച്‌ മുമ്പോട്ടു നയിക്കുന്നു.

അക്കൂട്ടത്തില്‍ ദിവ്യത്വവും ഋഷിത്വവും എല്ലാം നേടി ഇന്നും നമ്മെ വഴിതെളിക്കുന്നവരാണ്‌ ദേവപിതൃക്കള്‍ അല്ലെങ്കില്‍ ദിവ്യമനുഷ്യപിതൃക്കള്‍. ഇനി ഈ പരമ്പര തന്നെ കാലത്തിലും ഈശ്വരനിലും തുടങ്ങി അവരിലൂടെ നിലനില്‍ക്കുന്നതായതിനാല്‍ പിതൃരൂപത്തിലും നാമവരെ കാണുന്നു. അവരുടെ തൃപ്തിക്കും അനുഗ്രഹത്തിനുംവേണ്ടി അവരോടുള്ള നന്ദി-കൃതജ്ഞതാസ്മരണാദി ബഹുമാനങ്ങള്‍, ഭക്തിപൂര്‍വം അനുഷ്ഠിക്കേണ്ടത്‌ ആ പരമ്പരയില്‍പ്പെടുന്ന നമ്മുടെ ജീവിതധര്‍മമാണ്‌.

അതിനുവേണ്ടി തത്വാധിഷ്ഠിത വിധികളിലൂടെ നാം നല്‍കുന്ന അന്നപാനാദി ആണ്‌ ബലി എന്നുപറയുന്നത്‌.

ശ്രാദ്ധം ശ്രദ്ധാപൂര്‍വം ചെയ്യപ്പെടുന്ന കര്‍മം, എന്നതുകൊണ്ടുതന്നെയാണ്‌ ശ്രാദ്ധം എന്നുപേര്‌ വന്നതുതന്നെ.

തങ്ങളുടെ മരിച്ചുപോയ പിതൃഗണങ്ങളെ ഉദ്ദേശിച്ച്‌ ശ്രദ്ധാപൂര്‍വം ചെയ്യപ്പെടുന്ന കര്‍മവിശേഷം ആണ്‌ ശ്രാദ്ധം.
ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ പിതൃലോകത്തെത്തിയ ആത്മാവിനുവേണ്ടി അവരുടെ തൃപ്തിക്കായും സ്മരണക്കായും നിശ്ചിത ദിവസങ്ങളിലോ പിതൃകര്‍മത്തിന്‌ ശാസ്ത്രം വിധിച്ചിരിക്കുന്ന കാലങ്ങളിലോ നമുക്ക്‌ കൈവരുന്ന വിശേഷസന്ദര്‍ഭങ്ങളിലോ നിര്‍വഹിക്കുന്ന ദേവ പൂജാ-മന്ത്രാദി പൂര്‍വമുള്ള അന്നപാനാദി ദാനത്തിനും സമര്‍പണത്തിനുമാണ്‌ ശ്രാദ്ധം എന്നുപറയുന്നത്‌.

ശ്രാദ്ധം എങ്ങനെ? ഏതെല്ലാം?

ശ്രാദ്ധത്തെ പ്രധാനമായി രണ്ടായി തിരിക്കാം.
1)പ്രേതശ്രാദ്ധം 2) പിതൃശ്രാദ്ധം

മരണശേഷക്രിയകളായി മരണസ്ഥാനം മുതല്‍ പുലകളയല്‍വരെ അതായത്‌ സപിണ്ഡീകരണംവരെ 16 ശ്രാദ്ധങ്ങള്‍ ഉണ്ട്‌. ഈ 16 ശ്രാദ്ധങ്ങളെ സംസ്കൃതത്തില്‍ ഷോഢഷശ്രാദ്ധം എന്നും നാടന്‍ഭാഷയില്‍ പതിനാറടിയന്തിരം എന്നും പറയുന്നു.

ഈ പുലകളയല്‍ അഥവാ സപിണ്ഡീകരണം ചിലര്‍ 11 നോ14 നോ, 16 നോ ഒക്കെ ചെയ്യുന്നു. എങ്കിലും 16 ശ്രാദ്ധങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ഇത്‌ മരണസ്ഥാനം മുതല്‍ ചിതാസ്ഥാനംവരെയുള്ള ഷഡ്പിണ്ഡദാനങ്ങളും അസ്ഥിസഞ്ചയത്തിന് ശേഷമുള്ള ദശഗാത്ര ക്രിയാശ്രാദ്ധങ്ങളും അത്‌ തീര്‍ത്തശേഷമുള്ള ദശാഹം, ഏകാദശാഹം, ദ്വാദശാഹം എല്ലാം അടക്കം ആകെ 16 തരം ശ്രാദ്ധം വരുന്നു.
ഇതെല്ലാം പ്രേതശ്രാദ്ധങ്ങളാകുന്നു. ഇതിന്റെ പരിസമാപ്തിയായി പ്രേതപിണ്ഡവുമായി സംയോജിച്ച്‌ പിതൃസ്ഥാനത്തെത്തിക്കുന്ന സപിണ്ഡീകരണത്തോടെ മരണാശൗചവും പ്രേതാവസ്ഥയും മാറി പരേതാത്മാവ്‌ ഇഹലോകത്തുനിന്ന്‌ മുക്തനായി പരലോകത്തെത്തി ‘പിതര്‍’ ഗണത്തില്‍ ചേരുന്നു.

ദേവഗണങ്ങളോടു ചേര്‍ന്ന്‌ ഭഗവത്പാദ വിലയിതരായ പിതൃക്കള്‍ക്ക്‌ ദേവപൂജപോലെ പ്രാധാന്യം നല്‍കി പിതൃപൂജ ചെയ്യുന്നു. അതെല്ലാം പിതൃശ്രാദ്ധങ്ങളാകുന്നു.

ദേവപൂജയ്ക്കു സമമായി പ്രതിദിനം “പഞ്ചമഹായജ്ഞാ”ന്തര്‍ഗതമായോ, പ്രതിമാസം അമാവാസികളില്‍ “പാര്‍വണ” ശ്രാദ്ധമായോ ഋതുക്കളില്‍ ഒരുതവണ എന്ന കണക്കിനോ, വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലോ നിര്‍ബന്ധമായി പിതൃകര്‍മം മുടങ്ങാതെ ചെയ്യണം.

സപിണ്ഡന ശ്രാദ്ധം

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ആത്മാവ്‌ ആദ്യം പ്രേതലോകത്തേക്ക്‌ പോകുന്നു. സപിണ്ഡനശ്രാദ്ധം അഥവാ പുലയടിയന്തിരം കഴിയുന്നതുവരെ ആ ആത്മാവിനെ പ്രേതം എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ പ്രേതത്തിനുവേണ്ടി മരിച്ചയാളിന്റെ താഴോട്ടുള്ള എല്ലാ തലമുറയിലും ഉള്‍പ്പെടുന്ന എല്ലാവരും (അവരത്രെ സപിണ്ഡന്മാര്‍)-ചേര്‍ന്ന്‌ നടത്തുന്നതാണ്‌ ഇത്‌. ഇതോടുകൂടി പ്രേതം പിതൃഗണത്തിലേക്ക്‌ മാറുന്നു.

അതിനാല്‍ പ്രേതാവസ്ഥയില്‍നിന്നും പിതൃഗണത്തിലേക്ക്‌ മാറ്റുന്ന ഈ ചടങ്ങ്‌ വളരെ ഗൗരവമേറിയതാണ്‌. ഇതിനുശേഷം മുടങ്ങാതെ യഥാകാലങ്ങളില്‍ പിതൃകര്‍മം-ശ്രാദ്ധം-മുടങ്ങാതെ അനുഷ്ഠിക്കണം.  ഏത്‌ തരത്തില്‍ എപ്പോഴൊക്കെയെന്ന്‌ അവനവന്റെ ധര്‍മബോധവും കഴിവും അനുസരിച്ച്‌ നിശ്ചയിക്കുക.

ഒന്നും ചെയ്യാതിരിക്കുന്നവര്‍ പിതൃഘാതികളും പിതൃശാപത്തിനര്‍ഹരുമാകുന്നു. അന്നം,ജലം, ക്ഷീരം, ഫലം, മൂലം ഇവയില്‍ ഏതെങ്കിലുംകൊണ്ട്‌ യഥാശക്തി പ്രതിദിനം പിതൃപ്രീതിക്കായി ശ്രാദ്ധം ചെയ്യേണ്ടതാകുന്നു. ഇതാണ്‌ നിത്യശ്രാദ്ധം.

പഞ്ചയജ്ഞാന്തര്‍ഗതമായ നിത്യശ്രാദ്ധം ചെയ്യാന്‍ കഴിയാത്തവന്‍-അവന്‍ ധര്‍മിഷ്ഠനാണെങ്കില്‍ അമാവാസി നാള്‍ സപിണ്ഡനം പിതൃയജ്ഞം നിര്‍വഹിച്ചശേഷം ശ്രാദ്ധം നടത്തേണ്ടതാകുന്നു. ഇത്‌ പ്രതിമാസം ചെയ്യണം. ഇതാണ്‌ അന്വാഹാര്യം.

പ്രതിമാസം ശ്രാദ്ധം അനുഷ്ഠിക്കണം എന്ന വിധി നടപ്പാക്കാന്‍ കഴിയാത്തവന്‍ ഹേമന്തം, ഗ്രീഷ്മം, വര്‍ഷം എന്നീ ഋതുക്കളില്‍ വര്‍ഷത്തില്‍ 3 തവണ ശ്രാദ്ധം നടത്തണം. അതിനും കഴിയാത്തവര്‍ നിര്‍ബന്ധമായും മരിച്ച തിഥിയില്‍ “മൃതാഹശ്രാദ്ധം” നടത്തണം.

അല്ലെങ്കില്‍ അശ്വിനമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വിശിഷ്ടമായ പിതൃശ്രാദ്ധം നടത്തണം. ഒരു വര്‍ഷത്തില്‍ പിതൃകര്‍മത്തിന്‌ ഏറ്റവും വിശിഷ്ടമായ കാലം അശ്വിനിമാസത്തിലെ കൃഷ്ണപക്ഷമാണ്‌. ഇത്‌ പിതൃപക്ഷം എന്ന്‌ അറിയപ്പെടുന്നു. പിതൃപക്ഷത്തില്‍ പിതൃഗണങ്ങള്‍ക്ക്‌ ശ്രാദ്ധം ലഭിക്കാതെ വന്നാല്‍ അവര്‍ കുടുംബാംഗങ്ങളെ ശപിച്ച്‌ പിതൃലോകത്തേക്ക്‌ മടങ്ങിപ്പോകുന്നു.

ചുരുക്കത്തില്‍ ഒരാളുടെ മരണം കഴിഞ്ഞാല്‍ ആദ്യം ആശൗചം തീരുന്ന കാലത്ത്‌ നടത്തുന്ന സപിണ്ഡനശ്രാദ്ധം വരെയുള്ള പ്രേതശ്രാദ്ധങ്ങളും പിന്നീട്‌ ഓരോ അമാവാസികളിലും അല്ലെങ്കില്‍ തുലാം, കുംഭം, കര്‍ക്കിടകം എന്നീ മാസങ്ങളിലോ അല്ലെങ്കില്‍ മരിച്ച തിഥിയിലോ അതിനും കഴിഞ്ഞില്ലെങ്കില്‍ കര്‍ക്കിടകമാസം നിശ്ചമായോ മുടങ്ങാതെ കുടുംബത്തിലെ ഗൃഹസ്ഥര്‍ പിതൃശ്രാദ്ധവും നടത്തണം.

ഇതിനുപുറമെ ധര്‍മശാസ്ത്രത്തില്‍ ആകെ 72 സന്ദര്‍ഭങ്ങള്‍ പിതൃകര്‍മത്തിന്‌ ഉത്തമമായി കല്‍പ്പിച്ചിരിക്കുന്നു.

അവ 12 അമാവാസികള്‍; 12 സംക്രാന്തികള്‍; 14 മന്വാദി തിഥികള്‍; 4 യുഗാദി തിഥികള്‍; 4 അവന്തികകള്‍; 16 അഷ്ടകതിഥികള്‍ 6.അന്വഷ്ടക തിഥികള്‍ 2 നിധനതിഥികള്‍ 2 അയന യോഗങ്ങള്‍ എന്നിവയാണ്‌.

ശ്രാദ്ധം കുടുംബത്തിലെ വിവിധ കര്‍മങ്ങള്‍ക്കനുസരിച്ച്‌ വിശിഷ്ട കാര്യങ്ങള്‍ നടക്കുമ്പോഴും പിതൃപ്രീതിക്കായി ചെയ്യേണ്ടതാണ്‌.

അത്തരത്തില്‍ ആകെ 12 തരത്തില്‍ ശ്രാദ്ധത്തിന്‌ ഭേദം കല്‍പ്പിച്ചിരിക്കുന്നു. 1. നിത്യശ്രാദ്ധം, 2. നൈമിത്തിക ശ്രാദ്ധം 3. കാമ്യശ്രാദ്ധം 4. വൃദ്ധിശ്രാദ്ധം, 5. ഗോഷ്ഠി ശ്രാദ്ധം 6. സപിണ്ഡന ശ്രാദ്ധം 7. പാര്‍വശ്രാദ്ധം 8. ശുദ്ധിശ്രാദ്ധം 9. കര്‍മാംഗശ്രാദ്ധം, 10. ദൈവികശ്രാദ്ധം, 11. യാത്രാശ്രാദ്ധം 12. പുഷ്ടി ശ്രാദ്ധം.

കർക്കടകമാസത്തിലെ കറുത്തവാവില് ചന്ദ്രന് സ്വക്ഷേത്രമായ കർക്കടക രാശിയിലെത്തും.

സൂര്യനും അതേ രാശിയിൽ സ്ഥിതി ചെയ്യുന്നു. ഈ ദിവസങ്ങളിൽ ചന്ദ്രമണ്ഡലത്തിൽ നില്ക്കുന്ന പിതൃക്കൾ സ്വന്തം സന്തതി പരമ്പരകളെ വീക്ഷിക്കുന്നു എന്നാണ് വിശ്വാസം.

ഭാരതീയർ ഇന്ന് അനുഷ്ഠിക്കുന്ന പിതൃകർമ്മങ്ങളെല്ലാം വിശദീകരിക്കുന്നത് വൈദിക ഗ്രന്ഥമായ കല്പശാസ്ത്രത്തിലെ പിതൃസൂത്രത്തിലാണ്.

ആർക്കും അനുഷ്ഠിക്കാവുന്ന കർമ്മങ്ങളാണ് പിതൃസൂത്രത്തിലുള്ളത്.

‘പും’ എന്ന നരകത്തില് നിന്നും ‘ത്രാണനം’ ചെയ്യുന്നവന് അഥവാ രക്ഷിക്കുന്നവനാണ് പുത്രന് എന്നാണ് വിവക്ഷ. കഷ്ടപ്പാടുകൾ സഹിച്ച് നമ്മെ വളർത്തിയ മാതാപിതാക്കളെ അവരുടെ അന്തിമഘട്ടത്തിൽ മരണം വരേയും സ്നേഹിക്കുമ്പോഴും സഹായിക്കുമ്പോഴും മാത്രമാണ് മകൻ അല്ലെങ്കിൽ മകൾ പുത്രൻ അല്ലെങ്കിൽ പുത്രിയായി മാറുന്നത്.

അതുകൊണ്ട് തന്നെ ബലി അർപ്പിക്കുമ്പോൾ നമ്മൾ ചെയ്യുന്നകാര്യങ്ങൾ അന്തരിച്ചുപോയവർ കാണുന്നുണ്ടോ സ്വീകരിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതിൽ അർത്ഥമില്ല.

പൂർണ്ണമനസോടെ പിതൃക്കളുടെ അനുഗ്രഹത്തിനു വേണ്ടി നാം പ്രാർത്ഥിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

സ്വന്തം വേരുകളെ മറക്കാതിരിക്കുക.

ജീവിതാവേഗങ്ങൾക്ക് ഇടയിലും ബന്ധങ്ങളിലേക്ക് തിരിഞ്ഞു നോക്കുക .
കടപ്പാട്

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free