*മഹാദേവന്റെ മറ്റൊരു പേരാണ് പശുപതിനാഥൻ .*
അതിനർത്ഥം എല്ലാ ചരാചരങ്ങളുടെയും നാഥൻ എന്നാണ് . മഹാദേവനാണ് എല്ലാറ്റിനെയും നിയന്ത്രിക്കുന്നത് .
പാമ്പുകൾ ഉരഗങ്ങളിൽ വച്ച് ഏറ്റവും അപകടകാരിയായാണ് കണക്കാക്ക പെട്ടിട്ടുള്ളത് .മഹാദേവൻ സർപ്പത്തെ അണിഞ്ഞിരിക്കുന്നതിൽനിന്നും ഭയത്തെയും മരണത്തെയും നിയന്ത്രിക്കുന്നു എന്നാണ് കാണിക്കുന്നത് . സർപ്പത്തെ മൂന്നു വളയമായാണ് മഹാദേവൻ കഴുത്തിലണിഞ്ഞിരിക്കുന്നതു. ഭൂതം ഭാവി വർത്തമാന കാലങ്ങളെയാണ് ഈ വളയങ്ങൾ പ്രതിനിധീകരിക്കുന്നത്. കൂടാതെ ജനന മരണ പുനർ ജനികളെയും സൂചിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. ഭഗവാൻ കാലാതീതനാണെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
മഹാദേവൻ സർപ്പങ്ങളെ ധരിച്ചിരിക്കുന്നതിനു ഒരു ഐതീഹ്യം ഉണ്ട്. സർപ്പങ്ങൾ വംശനാശം നേരിടുവാൻ ഇടയായപ്പോൾ അവർ ഭഗവാൻ ശിവനെ അഭയം പ്രാപിച്ചു. ഭഗവാൻ സർപ്പങ്ങൾക്ക് കൈലാസത്തിൽ അഭയം കൊടുത്തു . എന്നാൽ കൈലാസത്തിലെ കൊടുംതണുപ്പ് സഹിക്കവയ്യാതെ അവർ ഭഗവാനോട് തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. ഭഗവാൻ അവയെ തന്റെ ആഭരണമായി അണിയുകയും, അങ്ങിനെ ഭഗവാന്റെ ശരീരതാപനില അവയെ തണുപ്പിൽ നിന്നും കാത്തുരക്ഷിച്ചു അത്രേ . അന്ന് തൊട്ടാണത്രേ ഭഗവൻ സർപ്പാഭരണ വിഭൂഷിതനായത്.
മഹാദേവന്റെ കഴുത്തിലെ സർപ്പം വെറും ഒരു പ്രതീകം മാത്രമല്ല . അതിന് ശാസ്ത്രീയമായ അർത്ഥതലങ്ങൾ കൂടിയുണ്ട്. സർപ്പങ്ങൾക്കു ചില ശക്തികളോട് സൂക്ഷ്‌മ സംവേദനശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത് . മനുഷ്യ ശരീരത്തിൽ 114 ചക്രങ്ങൾ ഉണ്ടത്രേ. അതിൽ മുഖ്യമായ 7 എണ്ണം മാത്രമാണ് എവിടെയും പരാമർശിച്ചു കാണുന്നുള്ളൂ. ഇതിൽ ഒന്നായ ‘വിശുദ്ധിചക്ര’ തൊണ്ടക്കുഴിയിലാണ് കാണപ്പെടുന്നത്. ഈ ചക്രയ്ക്ക് സർപ്പങ്ങളുമായി അഭേദ്യമായ ബന്ധം ഉണ്ട്. വിഷത്തെ തടയാനുള്ളതാണത്രേ വിശുദ്ധിചക്ര . സർപ്പങ്ങളാകട്ടെ വിഷ വാഹകരും. ഇവതമ്മിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു .
ശബ്ദാർത്ഥപ്രകാരം വിശുദ്ധി എന്നാൽ അരിപ്പ എന്നൊരർത്ഥം കൂടിയുണ്ട്. അതായതു നിങ്ങളുടെ വിശുദ്ധി പ്രബലമാണെങ്കിൽ ശരീരത്തിൽ പ്രവേശിക്കുന്ന എല്ലാറ്റിനെയും അരിച്ചെടുത്തു നല്ലതുമാത്രം സ്വീകരിക്കാനുള്ള കഴിവ് നിങ്ങളുടെ ശരീരത്തിനുണ്ടാകും. മഹാദേവൻ വിശുദ്ധിയുടെ ഇരിപ്പിടമാണ് . മഹാദേവന് വിഷകണ്ഠൻ , നീലകണ്ഠൻ എന്നീ പേരുകൾ കൂടിയുണ്ട്. അതിന് കാരണം എല്ലാ വിഷാംശങ്ങളെയും ഭഗവാൻ അരിച്ചുമാറ്റുന്നു. അതായത് എല്ലാ ദോഷങ്ങളും അകറ്റി എല്ലാറ്റിനെയും തെളിമയുള്ളതാക്കി തീർക്കുന്നു.
നിയന്ത്രിതമായ അഹങ്കാരം അത്രേ കഴുത്തിലണിഞ്ഞ സർപ്പം സൂചിപ്പിക്കുന്നത് .
പാമ്പുകൾ ശീതരക്തജീവികളാണ്. പാലാഴിമഥനസമയത്ത് ലോക രക്ഷാർത്ഥം കാളകൂടവിഷം കഴിച്ച മഹാദേവന്റെ കഴുത്തിലെ വിഷത്തിന്റെ തീഷ്ണതകുറക്കാനാണത്രെ സർപ്പരാജാവായ വാസുകി മഹാദേവന്റെ കഴുത്തിൽ വസിക്കുന്നതെന്നും ഐതീഹ്യം .
Leave a Reply