Swami mala murugan

ജ്ഞാനം അജ്ഞാന ലോകം അടയാളപ്പെടുത്തുന്നു
ഒരു യുവാവിന് ആലപ്പുഴയിൽ ബോട്ട് സർവീസിൽ ജോലി ലഭിച്ചു. അയാൾ  തന്റെ അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബവുമായിട്ടാണ് ജോലിക്കായി  ആലപ്പുഴയിലേക്ക് പോയത്. അവർ താമസിക്കാൻ വീട് വാടകയ്ക്ക് എടുത്തത് കണ്ണെത്താത്ത ദൂരം കായൽ വ്യാപിച്ച് കിടക്കുന്ന ഒരു പ്രദേശത്താണ്. വീട്ടിലിരുന്നു മുത്തശ്ശി കാണുന്നത് മറുകര കാണാൻ കഴിയാത്ത കായൽപരപ്പാണ്.
          മുത്തശ്ശി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആലപ്പുഴ വിശേഷങ്ങൾ ചോദിച്ച അയൽക്കാരോട് അവർ തെല്ല് അഭിമാനത്തോടെ പറഞ്ഞത്: “ഞങ്ങൾ താമസിക്കുന്ന വീട് കഴിഞ്ഞാൽ പിന്നെ കായലാണ്. അതിനപ്പുറം ലോകമില്ല!”   ആ മുത്തശ്ശിയെ സംബന്ധിച്ച് ആലപ്പുഴക്ക് അപ്പുറം ലോകമില്ല. പണ്ഡിതരെന്ന് സ്വയം വിശ്വസിക്കുന്ന പലരും ആ മുത്തശ്ശിയെപ്പോലെ തങ്ങൾക്ക് അറിയാവുന്ന ലോകത്തിന് അപ്പുറം ഒരു ലോകമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്.

എന്നാൽ ജ്ഞാനികൾ തന്നിലിളയവരിൽ നിന്ന് പോലും ജ്ഞാനം ആർജ്ജിക്കാൻ മടിക്കാറില്ലെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് മഹാദേവന് ശ്രീമുരുകൻ ഉപദേശം നൽകിയ കഥ:
ഒരു ദിവസം സൃഷ്ടികർത്താവായ ബ്രഹ്മാവിനോട് ശ്രീമുരുകൻ “ഓം” (പ്രണവമന്ത്രം) എന്നതിന്റെ യഥാർഥ അർഥം എന്താണെന്ന് ചോദിച്ചു. ബ്രഹ്മാവിന് അതിന്റെ ആന്തരിക തത്ത്വം വിശദീകരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മുരുകൻ ബ്രഹ്മാവിനെ തടവിലാക്കി.
ഇത് അറിഞ്ഞ മഹാദേവൻ ബ്രഹ്മാവിനെ മോചിപ്പിക്കാൻ എത്തി. അപ്പോൾ മഹാദേവൻ മുരുകനോട് ചോദിച്ചു: “പ്രണവത്തിന്റെ യഥാർഥ അർഥം നിനക്കറിയാമോ?”
മുരുകൻ മറുപടി പറഞ്ഞു: “അറിയാം. പക്ഷേ ഈ ജ്ഞാനം ഗുരു ശിഷ്യനോട് പറയുന്നതുപോലെയാണ് നൽകേണ്ടത്.”
മഹാദേവൻ തന്നെ ശിഷ്യനായി വിനയത്തോടെ ഇരുന്നു. ശ്രീമുരുകൻ അദ്ദേഹത്തിന്റെ ചെവിയിൽ പ്രണവത്തിന്റെ രഹസ്യാർത്ഥം ഉപദേശിച്ചു. ആ ദിവ്യോപദേശത്തിന്റെ സ്മരണയാണ് തമിഴ്നാട്ടിലെ കുംഭകോണത്തെ സ്വാമിമല മുരുകൻ  ക്ഷേത്രം. ഇവിടെ മുരുകൻ സ്വാമിനാഥൻ (“സ്വാമിയായ ശിവന്റെ ഗുരു”) എന്ന നാമത്തിൽ ആരാധിക്കപ്പെടുന്നു.

“ഈ കഥയുടെ സാരാംശം, സർവജ്ഞനെന്ന അഹങ്കാരത്തിന് ജ്ഞാനലോകത്തിൽ സ്ഥാനമില്ലെന്നും, സത്യജ്ഞാനം സ്വീകരിക്കാൻ സർവേശ്വരൻ പോലും സ്വന്തം മകനായ ഗുരുവിന്റെ മുമ്പിൽ ശിഷ്യനാകുന്ന വിനയം കാണിക്കുന്നുവെന്നുമാണ്.”

ആധുനിക കാലത്തും അറിയുന്നതിനെക്കാൾ അറിയാത്തത് അനന്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ അരങ്ങേറുന്നുണ്ട്:

ശാസ്ത്രജ്ഞനായ ഡോക്ടർ അരവിന്ദ് വർഷങ്ങളായുള്ള ഗവേഷണത്തിനൊടുവിൽ ഒരു പുതിയ ഊർജ്ജസ്രോതസ്സ് കണ്ടെത്തി—ലോകത്തിന്റെ ഊർജ്ജപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് കരുതപ്പെട്ട ഒരു വിപ്ലവകരമായ കണ്ടെത്തൽ. ശാസ്ത്രലോകം അദ്ദേഹത്തെ അഭിനന്ദനങ്ങളാൽ മൂടി; എന്നാൽ അതിനിടയിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. ഒരിക്കൽ താൻ “കണ്ടെത്തി” എന്ന് കരുതിയ ലോകത്തിനപ്പുറം  അനന്തമായ അറിവിന്റെ സമുദ്രം വീണ്ടും നീന്തി കടക്കേണ്ടതുണ്ടെന്ന് ബോധ്യമാകുന്നു.
അദ്ദേഹം കൂടുതൽ ആഴത്തിൽ പഠിക്കാൻ തുടങ്ങി. ഉറക്കമില്ലാത്ത രാത്രികളും അവസാനമില്ലാത്ത പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ജീവിതമായി മാറി. ഓരോ ഉത്തരവും പുതിയ ചോദ്യങ്ങളിലേക്കാണ് നയിച്ചത്.

ഡോക്ടർ അരവിന്ദ് എന്ന ശാസ്ത്രജ്ഞൻ മനസ്സിലാക്കിയത്:
—ശാസ്ത്രത്തിൽ യഥാർത്ഥ വിജയം ഒരു കണ്ടെത്തലല്ല, മറിച്ച് അറിയാനുള്ള അതിരില്ലാത്ത ആഗ്രഹമാണ്. അറിവ് ഒരിക്കലും പൂർത്തിയാകുന്നില്ല; അത് ഓരോ ഉത്തരത്തിനും പിന്നിൽ പുതിയ ചോദ്യങ്ങൾ ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തന്റെ മഹത്തായ കണ്ടുപിടിത്തത്തിന്റെ നിമിഷത്തിൽ പോലും, അദ്ദേഹം വിനയത്തോടെ പറഞ്ഞു: “ഞാൻ കണ്ടെത്തിയത് ഒരു തുടക്കമാത്രമാണ്; അറിയാനുള്ളത് ഇതിലും അനന്തമാണ്.”

“അസതോ മാ സദ്‍ഗമയ; തമസോ മാ ജ്യോതിര്‍ഗമയ; മൃത്യോർമാ അമൃതം ഗമയ.” — ബൃഹദാരണ്യക ഉപനിഷത്തിലെ ഈ പ്രാർത്ഥന മനുഷ്യന്റെ ആത്മീയ യാത്രയുടെ സാരാംശമാണ്. അസത്യത്തിൽ നിന്ന് സത്യത്തിലേക്കും, ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും, മരണബോധത്തിൽ നിന്ന് അമൃതബോധത്തിലേക്കും നയിക്കണമെന്ന ഈ പ്രാർത്ഥനയിൽ ഒരു മഹത്തായ സത്യം ഒളിഞ്ഞിരിക്കുന്നു: വെളിച്ചം തെളിയുമ്പോഴാണ് ഇരുട്ട് എവിടെയുണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നത്. അതുപോലെ, ജ്ഞാനം മനുഷ്യന് പുതിയ കാര്യങ്ങൾ പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; ഇതുവരെ അറിയാതെ ജീവിച്ചിരുന്ന അജ്ഞാനത്തിന്റെ ലോകത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

Leave a Reply

Design a site like this with WordPress.com
Get started