*കൃഷ്ണനെ മടിയിലിരുത്തി ഊട്ടുന്ന ഗണപതി*
*ഐതീഹ്യം*
ഗണപതിഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് കോട്ടയം മള്ളിയൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
പുരാതനകാലത്ത് ഒരു യോഗീശ്വരൻ പൂജിച്ചുവന്നതാണ് ഈ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു.
ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്.
ഗണപതിസന്നിധിയിൽ വച്ച് ഭാഗവതം വായിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാരണം ശ്രീകൃഷ്ണഭഗവാനെ മടിയിലിരുത്തിയ ഗണപതിയായി ക്ഷേത്രത്തിലെ പ്രതിഷ്ഠ അറിയപ്പെടാൻ തുടങ്ങി.
ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്.
അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കല്പം.
ഗണപതിയുടെ മടിയിൽ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ . കണ്ണനെ ഊട്ടാൻ മോദകം നിറച്ച പാത്രം.
ഉന്നതവും ഉദാത്തവുമായ മനീഷിയിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക ജീവിതമാർഗത്തിന്റെ അരുൾമൊഴികൾ ഏറ്റുവാങ്ങുന്ന ഒരു തലമുറയുടെ പ്രതീകമാണത്.
ഭാഗവതകഥ കേൾക്കുന്നതിലൂടെ നമുക്കു നേടാൻ കഴിയുന്ന ഊർജസ്വലതയും കർമ്മകുശലതയുമാണ് ഈ അപൂർവ സംഗമം ദ്യോതിപ്പിക്കുന്നത്.
ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുള്ള, ഉണ്ടാകേണ്ട ഐക്യഭാവവും ഇവിടെ പ്രത്യക്ഷമാകുന്നു.
മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്.
വലംപിരിയായ തുമ്പിക്കയ്യിൽ മാതളനാരങ്ങയും കൈകളിൽ മഴു, കയർ , കൊമ്പ്, ലഡു എന്നിവയുമുണ്ട്.
അമ്പാടിക്കണ്ണനെ മടിയിലിരുത്തി താലോലിക്കുന്ന ഗണേശരൂപം ജ്യോതിഷ ചിന്തയിലാണ് തെളിഞ്ഞത്.
ഇത്തരത്തിലുള്ള ചിത്രലേഖനവും ഏറെ പ്രചാരം നേടി.
വൈഷ്ണവ ഗണപതി സങ്കല്പം മള്ളിയൂരിൽ എങ്ങനെയുണ്ടായി?
അതേപ്പറ്റി മള്ളിയൂർ തന്നെ ഒരിക്കൽ ഇങ്ങനെ പറഞ്ഞു:
‘‘തന്ത്രശാസ്ത്രത്തിൽ രണ്ട് പ്രധാന സംഗതികളുണ്ട്.
ഒന്ന് ഒരു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിലിനുള്ളിൽ ചൊല്ലാവൂ.
മറ്റൊന്നും പാടില്ല.
ഓരോ ദേവനും അർച്ചിക്കാവുന്നതും, നിഷിദ്ധവുമായ പൂക്കളുണ്ട്.
ഇതിന് അനുസരിച്ച് ഉത്തമ പുഷ്പങ്ങൾ മാത്രമേ ചാർത്താവൂ.
നിഷിദ്ധമായവ അരുത്.
ഇങ്ങനെ നോക്കുമ്പോൾ ആദ്യം പറഞ്ഞ ശാസ്ത്രം ഞാനങ്ങു തെറ്റിച്ചു.
രണ്ടാമത്തേതിൽ കൈവെച്ചില്ല.
ഗണപതിക്ക് അർച്ചിക്കാവുന്നതും അലങ്കരിക്കാവുന്നതുമായ പൂക്കളേ ശ്രീകോവിലിലേക്കെടുക്കൂ.
ഗണപതിയുടെ മുന്നിൽ ധ്യാനശ്ലോകത്തിനു പകരം ഭാഗവതമാണ് ഞാൻ വായിച്ചത്.
ഗണപതിക്കരികിൽത്തന്നെ സാളഗ്രാമം വെച്ച് പൂജയും നടത്തി.
ഇതിലൊക്കെ എത്രമാത്രം ശരിയുണ്ടെന്നോ ശാസ്ത്രമുണ്ടെന്നോ ഞാൻ നോക്കിയില്ല.
താന്ത്രികവിധിയേക്കാളും ശാസ്ത്രത്തെക്കാളുമൊക്കെ എന്റെ മനസിൽ നിറഞ്ഞൊഴുകിയത് ഭഗവത് സമർപ്പണമായിരുന്നു.
ഞാനത് നിരന്തരമായി ചെയ്തു.
വിഘ്നേശ്വരനെ ഭാഗവതം വായിച്ചുകേൾപ്പിച്ചും പുഷ്പാഞ്ജലികൾ കഴിച്ചും വൈഷ്ണവോപാസന നടത്തിയും ഞാനെന്റെ ഭഗവത് സേവ മുടങ്ങാതെ നിർവഹിച്ചു.
ഇതൊന്നും ശാസ്ത്ര വിധിപ്രകാരമല്ല. എനിക്കിങ്ങനെയൊക്കെ തോന്നി.
ഞാനത് ചെയ്തു.
എന്തോ ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ടാവണം വിഘ്നേശ്വര വിഗ്രഹത്തിൽ കൃഷ്ണൻ തെളിഞ്ഞുവന്നത്. “
എത്ര കറ കളഞ്ഞ നിസീമമായ ഭക്തി.. !!
ദേവപ്രശ്നത്തിലും തെളിഞ്ഞത് അതാണ്.
മള്ളിയൂർ ശങ്കരൻ നമ്പൂതിരി നാലു പതിറ്റാണ്ടിലേറെ ക്ഷേത്രശ്രീകോവിലിനു മുമ്പിൽ സാളഗ്രാമംവച്ച് ഭാഗവതം വായിച്ചിരുന്നു.
മള്ളിയൂരിന്റെ ആത്മതർപ്പണത്തിന്റെ ഫലമായി വിഘ്നേശ്വരനിൽ വൈഷ്ണവ ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ജ്യോതിഷപ്രശ്നത്തിൽ വെളിവായത്.
കൃഷ്ണർപണമസ്തു🙏🌹
Leave a comment