Hanuman is not Naishtika bhramachari

സ്ത്രീകൾക്ക്‌ ഹനുമാനെ ആരാധിക്കാമോ?

സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും  ഹനുമാനെ ആരാധിക്കാൻ സാധിക്കുന്നതാണ്. ആഞ്ജനേയൻ ശിവശക്തി സ്വരൂപനാണ്.

പല ക്ഷേത്രങ്ങളിലും ഭാര്യ സുവർചലാ സമേതനായ ആഞ്ജനേയന്റെ പ്രതിഷ്ഠ കാണാം. ഹനുമദ്‌ ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ആ കഥ കൊടുക്കുന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹനുമാൻ സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും സൂര്യ ഭഗവാൻ ആഞ്ജനേയ സ്വാമിക്ക് പകർന്നു നൽകി. പക്ഷേ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത് ദിവ്യ വിദ്യകൾ മാത്രം പകർന്നു കൊടുക്കാൻ കഴിഞ്ഞില്ല. അതും കൂടി പഠിക്കണമെന്ന് ഹനുമാൻ ആഗ്രഹിച്ചു. ഒൻപതു വിദ്യകളിൽ അഞ്ചെണ്ണം കൂടി ഹനുമാനെ പഠിപ്പിച്ചു. ബാക്കി വിദ്യകൾ പഠിപ്പിക്കാൻ നിവർത്തിയില്ലെന്നും ആദിത്യഭഗവാൻ പറഞ്ഞു. ബാക്കിയുള്ള നാല് വിദ്യകൾ വിവാഹിതർക്ക് മാത്രമേ ഉപദേശിക്കാവൂ എന്ന വിധി ഉള്ളതുകൊണ്ടാണ് അവ ഹനുമാനെ അഭ്യസിപ്പിക്കാതിരുന്നത്.

ഈ പ്രശ്നം പരിഹരിക്കുവാനായി ഹനുമാനോട് വിവാഹിതനാകാൻ ആദിത്യൻ ആവശ്യപ്പെട്ടു. അങ്ങനെ ഹനുമാൻ വിവാഹിതനാകാൻ സമ്മതിച്ചു. ഹനുമാൻ വിവാഹത്തിന് സമ്മതം മൂളിയതോടെ സൂര്യൻ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം തേജസിൽ നിന്നും ആദിത്യൻ ഒരു കന്യകയെ സൃഷ്ടിച്ചു. വർച്ചസിൽ നിന്നും അഥവാ പ്രകാശ കിരണങ്ങളിൽ നിന്നും ജന്മം കൊണ്ട ആ മകൾക്ക് സുവർചല എന്ന് നാമവും നൽകി. ഹനുമാനോട് സുവർചലയെ വിവാഹം ചെയ്യാൻ ഉപദേശിച്ച സൂര്യദേവൻ ഇരുവരെയും അനുഗ്രഹിച്ചു.

സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം. ഹനുമാൻ വിവാഹിതനായ പ്രജാപത്യ ബ്രഹ്‌മചാരിയാണ് എന്നാണ് വിശ്വാസം. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. അതിനാൽ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.

അഞ്ചു തലകളുള്ള ഹനുമാന്റെ വിശ്വരൂപം “പഞ്ചമുഖ ഹനുമാൻ” എന്നറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ഹനുമാന്റെ അതിശക്തവും സർവരക്ഷാകരവുമായ ഉഗ്ര രൂപമാണ്. അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ഈ രൂപത്തിലുള്ള പ്രതിഷ്ഠ കാണാറുള്ളു.

അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ. മഹാവിഷ്ണുവിന്റെ മൂന്ന് ഉഗ്ര അവതാരങ്ങളും വിഷ്ണു വാഹനമായ ഗരുഡനും കൂടി ഈ രൂപത്തിൽ ചേർന്നു കാണപ്പെടുന്നു.

വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. അതിനാൽ ശിവശക്തി വൈഷ്ണവ ചൈതന്യമായി ഈ ഭാവത്തെ സങ്കൽപ്പിക്കപ്പെടുന്നു.

Leave a comment

Design a site like this with WordPress.com
Get started