Slokam 1 Lalitha sahasranamam

🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

🪔 *ശ്രീലളിതാസഹസ്രനാമസ്തോത്രം* 🪔
🌼🌹🪷🌺🌼🌹🪷🌺🌼

🪔 *ശ്ലോകം 1* 🪔

ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത് സിംഹാസനേശ്വരീ ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ

അർത്ഥം:-

1.ശ്രീമാതാ

= ഈ ലോകത്തിന് മുഴുവൻ മാതാവായി സൃഷ്ടി കർമ്മം ചെയ്യുന്നവളെ. ത്രിമൂർത്തികൾക്കും മാതാവാണ് അമ്മ ലളിതാംബിക. ആയിരം പദങ്ങളിൽ ഏറ്റവും മഹത്തരമായ പദമായ മാതാവ് എന്നത് തന്നെയാണ് ഒന്നാമതായി വാഗ്ദവതമാർ പരിഗണിച്ചിരിക്കുന്നത്. മാതാവ് എന്ന പദത്തിൽ സർവ്വ സാരാംശങ്ങളും സർവ്വതത്വങ്ങളും അടങ്ങിയിരിക്കുന്നു.

2.ശ്രീ മഹാരാജ്ഞീ

= ഈ ലോകത്തെ മുഴുവൻ പരിപാലിച്ച് സ്ഥിതി എന്ന കർമ്മത്തിൽ വ്യാപൃത ആയവളെ.

3.ശ്രീമദ് സിംഹാസനേശ്വരീ

= ശ്രേഷ്ടമായ സിംഹവാഹിനി ആയി സംഹാരം കർമ്മം ചെയ്യുന്നവളെ.

4.ചിദഗ്നികുണ്ഡ സംഭൂതാ

= ഭണ്ഡാസുര പീഡിതന്മാരായ ദേവന്മാർ ദേവീ പ്രീത്യർത്ഥം ചെയ്‌ത മഹായാഗാഗ്നിയിൽ സ്വന്തം ശരീരം അറുത്തെടുത്തു ഹോമിച്ചപ്പോൾ അതിൽ നിന്നും പ്രത്യക്ഷപെട്ടവളെ.

5.ദേവകാര്യ സമുദ്യതാ

= ഭണ്ഡാസുരവധം നടത്തി ദേവന്മാരെ പാലനം ചെയ്യുവാനായി യഥാവിധി ഉയർന്നു വന്നവളെ, ഹോമകുണ്ഡത്തിൽ നിന്നും ദേവി ഉയർന്നു വരുന്ന സന്ദർഭമാണ്.


നമ്മൾ ഒരു നാമം ജപിക്കുമ്പോൾ അതിന്റെ അർത്ഥങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകണം. വ്യാഖ്യാനങ്ങൾ വായിച്ചു മനസ്സിലാക്കിയാൽ മതി.

🌹 *വ്യാഖ്യാനം* 🌹


സഹസ്രനാമങ്ങൾ സമാരംഭിക്കുന്നത് ശ്രീ മാതാ എന്ന നാമത്തോടെയാണ്. അമ്മയെ സമീപിക്കുന്ന കുഞ്ഞിൻ്റെ സ്വാതന്ത്ര്യവും അധികാരവും ആശ്രയവും ദേവി തന്നെ സമീപിക്കുന്ന ഭക്തന് നൽകുന്നുവെന്ന് ആദ്യ നാമത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ. ശ്രീമാതാ എന്ന പ്രഥമ നാമം ശ്രീ എന്ന ശ്രേഷ്ഠമായ വിശേഷണത്തോടെയുള്ള അമ്മ എന്ന അർത്ഥത്തെയാണ് പ്രാഥമികമായി പകർന്നു തരുന്നത്. ആരുടെ അമ്മ എന്ന് പ്രത്യേകിച്ച് പറയാത്തതിനാൽ എല്ലാവരുടെയും എല്ലാറ്റിന്റെയും അമ്മ എന്ന് മനസ്സിലാക്കണമല്ലോ. സൃഷ്ടമായ സകലതിൻ്റെയും അമ്മ ജഗത് ജനനി’ അഥവാ പ്രപഞ്ചമാതാവ് എന്നർത്ഥം! ഇനി ശ്രീ എന്നത് വിശേഷണമല്ല എന്നു നിരീക്ഷിച്ചാലോ? ശ്രീയുടെ ലക്ഷ്‌മീഭഗവതിയുടെ മാതാവ് എന്നാവും അർത്ഥം. എല്ലാ ഭൗതികസമൃദ്ധിയും ലക്ഷ്മിയിൽ അധിഷ്‌ഠിതമാണ്. അങ്ങനെയുള്ള ലക്ഷ്‌മിയുടെയും ജനയിത്രി. പ്രപഞ്ച കാരണം തേടിപ്പോവുന്ന മോക്ഷേച്ഛുവും ഭൗതികസമൃദ്ധി തേടിപ്പോവുന്ന ഭോഗേച്ഛുവും എത്തിച്ചേരുന്നത് ഭോഗമോക്ഷപ്രദയായ ഒരേ മാതാവിൻ്റെ മടിത്തട്ടിൽ!

2.ശ്രീമഹാരാജ്ഞീ

ഭരിക്കുന്ന അഥവാ പരിപാലിക്കുന്ന ആൾ ആണ് രാജാവ്. മാതാവാകുമ്പോൾ രാജ്ഞി എന്ന് സ്ത്രീലിംഗപദമായി. സൃഷ്ടമായ എല്ലാറ്റിനെ യും പരിപാലിക്കുന്നതിനാൽ ശ്രീമഹാരാജ്ഞി എന്ന് വിശേഷിപ്പിച്ചി രിക്കുന്നു. പ്രപഞ്ചപരിപാലനം നിർവ്വഹിക്കുന്നതിനാൽ ദേവി ശ്രീ മഹാ രാജ്ഞി എന്ന് കീർത്തിക്കപ്പെടുന്നു.

3.ശ്രീമത് സിംഹാസനേശ്വരീ

ഐശ്വര്യവും ശ്രേഷ്‌ഠതയുമുള്ള ഇരിപ്പിടത്തിന് / വാഹനത്തിന് ഈശ്വരിയായവൾ. ശ്രീമത്തായ സിംഹാസനത്തിന് അധിപ! സിംഹം എന്നാൽ ശ്രേഷ്‌ഠം. ഇനി പുരാണ കഥയിലെ മൃഗരാജനായ സിംഹ മായാലോ? ഭയമുണ്ടാക്കുന്ന സിംഹം ദേവിക്ക് അധീനമാണ്. സിംഹത്തിന്റെ മേലെ ആയുധധാരിയായി ശ്രീമാതാവും ശ്രീമഹാരാജ്ഞിയുമായി നമുക്ക് പ്രിയമായി ഭവിച്ച ദേവി ഇരിക്കുമ്പോൾ നമ്മളിൽ ഭയം ഉണ്ടാക്കാൻ സിംഹത്തിനാവില്ല. അപ്പോൾ ദേവി അഭയത്തെ തരുന്നവളെന്ന് അർത്ഥമാകുന്നു.

4.ചിദഗ്നികുണ്ഡസംഭൂതാ

ലളിതാദേവിയുടെ ആവിർഭാവത്തെ ഈ നാമം വർണ്ണിക്കുന്നു. ചിത് -ചൈതന്യം – ആകുന്ന അഗ്‌നികുണ്ഡത്തിൽ നിന്നാണ് ദേവി ആവിർ ഭവിച്ചത്. ഭാരതീയ ദർശനങ്ങൾ സകലാധാരമായി കേവലബ്രഹ്മം എന്ന് പ്രകീർത്തിക്കുന്ന ചിത് നിർഗുണവും നിരാകാരവുമാണ്. എന്നാൽ ശക്തി ചലനം /പ്രവർത്തനക്ഷമത ബ്രഹ്മത്തിൽ അന്തർലീനവുമാണ്. ഗണിത ശാസ്ത്രത്തിലെ പൂജ്യത്തിൽ എല്ലാ സംഖ്യകളും അന്തർഭവിച്ചിട്ടുണ്ടല്ലോ? സംഖ്യാരേഖയിലെ എല്ലാ സംഖ്യകളും കൂട്ടിയാൽ കിട്ടുന്നത് പൂജ്യമാണ്. അതുകൊണ്ട് പൂർണ്ണമായത് പൂജിക്കപ്പെടുന്നത് പൂജ്യം. അസംഖ്യം സംഖ്യകളോടെ പൂജ്യത്തിൽ നിന്ന് സംഖ്യാരേഖ ആവിർഭവിച്ചാലും പൂജ്യം അങ്ങനെ തന്നെ നിലകൊള്ളുന്നു! ചിത്തിൻ്റെ ചലനാത്മക വൈശിഷ്യമാണ് ശക്തി; ആ ചിച്ഛക്തി തന്നെ പ്രപഞ്ച ഊർജ്ജമായി പരിണമിച്ചു.. അഗ്നി ചലനാത്മകമാണല്ലോ. വിറകില്ലാതെ – മറ്റൊരു ഇന്ധനത്തിന്റെ സഹായമില്ലാതെ – ജ്വലിക്കുന്ന അഗ്‌നി ജ്ഞാനാഗ്‌നിയാണ്. ജ്ഞാനാഗ്നി കുണ്ഡത്തിൽ നിന്ന് ഭവിച്ചവളാണ് ദേവി. ഋഗ്വേദത്തിലെ പ്രശസ്‌തമായ ദേവീ സൂക്തം ചിച്ഛക്തി എന്ന ഊർജ്ജത്തിൻ്റെ വിഭിന്ന രീതിയിലുള്ള പ്രകാശനമാണ് സർവ്വവും എന്ന് ഉദ്ഘോഷിക്കുന്നു. ലളിതോപാഖ്യാന പ്രതിപാദിതമായ കഥയിൽ ഇന്ദ്രാദിദേവന്മാർ യാഗത്തിന് ജ്വലിപ്പിച്ച അഗ്നികുണ്ഡത്തിൽ നിന്ന് ദേവി ആവിർഭവിച്ചതായി വിവരിക്കുന്നു. ഭണ്ഡനെന്ന അസുരനെ നിഗ്രഹിക്കാനായി ഇപ്രകാരം ദേവി ചിദഗ്ന‌ികുണ്ഡ സംഭൂതയായി എന്ന് പുരാണമതം.

5.ദേവകാര്യസമുദ്യതാ

ഈ ദേവീ നാമം നമ്മുടെ ചോദ്യത്തിന് ഉത്തരമായി വരുന്നു. ദേവ എന്നാൽ പ്രകാശിക്കുന്നതെന്നാണല്ലോ അപ്പോൾ ദേവകാര്യം പ്രകാശനം തന്നെ. നമ്മിൽ തന്നെയുള്ള ജ്ഞാനത്തിൽ നിന്ന് ഉദ്ഭവിച്ച് നമ്മുടെ തന്നെ പരിമിത ബോധമാകുന്ന അജ്ഞാന ഭണ്ഡാസുരനെ നിഗ്രഹിച്ച് പരമ ജ്ഞാനത്തിൻ്റെ പ്രകാശനം സാധ്യമാക്കുകയാണ് ലക്ഷ്യം. അവിദ്യയാകുന്ന ഇരുട്ട് ഉള്ളിടത്ത് ഇരുളകറ്റി പ്രകാശം ചൊരിയാൻ ദേവി ആവിർഭവിക്കുന്നു. എവിടെ അജ്ഞാനം / അധർമ്മം അധികരിക്കുന്നുവോ അവിടെ ഞാനവതരിക്കുന്നു ( ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ ) എന്ന് ഗീതയിൽ ഭഗവാൻ പറയുന്നു.

🌼🌹🪷🌺🌼🌹🪷🌺🌼

🔱 *ഓം ശ്രീമഹാത്രിപുരസുന്ദര്യേ നമഃ* 🔱
🕉️🪷🌺🌼🌹🕉️🪷🌺🌼

Leave a Reply

Create your own website, free on WordPress.com.Create your own website.
Start free