
ദാമ്പത്യത്തിലെ വിള്ളലുകളും ഗ്രഹനിലയും
“മന ഏവ മനുഷ്യാനാം കാരണം ബന്ധമോക്ഷയോ:” മനുഷ്യന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും കാരണം മനസ്സാണ്.
വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ല, മറിച്ച് രണ്ട് മനസ്സുകളുടെയും ആത്മാക്കളുടെയും ലയനമാണ്. എന്നാൽ ആധുനിക കാലഘട്ടത്തിൽ ദാമ്പത്യ ബന്ധങ്ങൾക്കിടയിൽ മൂന്നാമതൊരാൾ കടന്നുവരുന്നത് (വിവാഹേതര ബന്ധങ്ങൾ) നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ കേവലം ഒരു സാമൂഹിക പ്രശ്നമായി മാത്രം കാണാതെ, വ്യക്തിയുടെ മാനസികഘടനയെയും അത് രൂപപ്പെടുത്തുന്ന ഗ്രഹസ്വാധീനങ്ങളെയും അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണിവിടെ.
വികാരങ്ങളുടെ ചാലകശക്തികൾ
ജ്യോതിഷ ശാസ്ത്രപ്രകാരം ഒരു വ്യക്തിയുടെ സ്വഭാവത്തെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കുന്നത് നവഗ്രഹങ്ങളാണ്. ഇതിൽ വിവാഹേതര ബന്ധങ്ങളിലേക്ക് ഒരാളെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മൂന്ന് ഘടകങ്ങളാണ്: ശുക്രൻ, രാഹു, ചൊവ്വ.
ശുക്രൻ പ്രണയത്തിന്റെയും ശാരീരിക സുഖങ്ങളുടെയും പ്രതീകമാണ്. ശുക്രൻ ജാതകത്തിൽ അമിതമായി ബലപ്പെടുകയോ, എന്നാൽ നീചാവസ്ഥയിലുള്ള പാപഗ്രഹങ്ങളുമായി ചേരുകയോ ചെയ്യുമ്പോൾ വ്യക്തിയുടെ സുഖാന്വേഷണങ്ങൾ പരിധി ലംഘിക്കുന്നു. രാഹുവാകട്ടെ ഭ്രമങ്ങളുടെയും അതിർവരമ്പുകൾ തകർക്കുന്നതിന്റെയും ഗ്രഹമാണ്. ശുക്രനും രാഹുവും തമ്മിലുള്ള ബന്ധം (യുതി അല്ലെങ്കിൽ ദൃഷ്ടി) വ്യക്തിക്ക് തന്റെ പങ്കാളിയിൽ അതൃപ്തി ഉണ്ടാക്കുകയും അന്യമായ സുഖങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ചൊവ്വ നൽകുന്ന അമിതമായ ആവേശവും എടുത്തുചാട്ടവും ഈ പ്രവണതയ്ക്ക് വേഗത കൂട്ടുന്നു.
ഭാവങ്ങളുടെ പ്രസക്തി
ഒരു ജാതകത്തിലെ ഏഴാം ഭാവം ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. ഏഴാം ഭാവത്തിന് സംഭവിക്കുന്ന പാപഗ്രഹ സ്വാധീനം (ഉദാഹരണത്തിന് ശനി, രാഹു അല്ലെങ്കിൽ ചൊവ്വയുടെ അശുഭ ദൃഷ്ടി) പങ്കാളിയുമായുള്ള അകൽച്ചയ്ക്ക് കാരണമാകുന്നു. എന്നാൽ രഹസ്യ ബന്ധങ്ങളെ സൂചിപ്പിക്കുന്നത് എട്ടാം ഭാവവും പന്ത്രണ്ടാം ഭാവവുമാണ്. എട്ടാം ഭാവം ഒളിച്ചുവെച്ച കാര്യങ്ങളെയും, പന്ത്രണ്ടാം ഭാവം ശയനസുഖത്തെയും പ്രതിനിധീകരിക്കുന്നു. ഈ ഭാവങ്ങളുടെ അധിപന്മാർ പരസ്പരം ബന്ധപ്പെടുകയോ പാപയോഗം സംഭവിക്കുകയോ ചെയ്യുന്നത് വഴിവിട്ട ബന്ധങ്ങളിലേക്ക് വഴിതുറക്കുന്നു.
മനസ്സിന്റെ ചഞ്ചലത
“മന ഏവ മനുഷ്യാനാം കാരണം ബന്ധമോക്ഷയോ:”മനുഷ്യന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും കാരണം മനസ്സാണ്. മനസ്സിന്റെ കാരകനായ ചന്ദ്രൻ ജാതകത്തിൽ ദുർബലനായാൽ (ഉദാഹരണത്തിന് ചന്ദ്രനും ശനിയും ചേർന്നുള്ള പുനർപ്പൂ ദോഷം അല്ലെങ്കിൽ രാഹുഗ്രസ്ത ചന്ദ്രൻ) ആ വ്യക്തിക്ക് മാനസികമായ സ്ഥിരത കുറവായിരിക്കും. ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ പോലും ഇവർ ആശ്വാസം തേടി അന്യരിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട്. ദ്വസ്വഭാവ രാശികളായ മിഥുനം, കന്നി, ധനു, മീനം എന്നിവയിൽ ലഗ്നാധിപനോ ഏഴാം ഭാവത്തോ വരുന്നത് ഇരട്ട ജീവിതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വിധിയോ അതോ വിവേകമോ?
ജ്യോതിഷം ഒരു വ്യക്തിയുടെ പ്രവണതകളെ മുൻകൂട്ടി കാണിച്ചുതരുന്നു എന്നതിനർത്ഥം അവർ തെറ്റായ വഴിയിലൂടെ തന്നെ സഞ്ചരിക്കണം എന്നല്ല. ജാതകത്തിൽ വ്യാഴത്തിന്റെ ശുഭദൃഷ്ടി ഉണ്ടെങ്കിൽ, ആ വ്യക്തിക്ക് ധർമ്മബോധവും വിവേകവും ലഭിക്കുന്നു. എത്ര വലിയ ഗ്രഹദോഷങ്ങൾ ഉണ്ടെങ്കിലും ഗുരുദൃഷ്ടി ആ വ്യക്തിയെ അധാർമ്മികമായ പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കും.
വിവാഹേതര ബന്ധങ്ങൾ പലപ്പോഴും തുടങ്ങുന്നത് ശാരീരികമായ ആകർഷണത്തേക്കാൾ ഉപരിയായി മാനസികമായ ഏകാന്തതയിൽ നിന്നാണ്. ജാതകത്തിലെ ദോഷങ്ങൾ തിരിച്ചറിഞ്ഞ്,പങ്കാളികൾക്കിടയിൽ പരസ്പര വിശ്വാസവും ആശയവിനിമയവും വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരം. ഗ്രഹനിലകൾ ഒരു സൂചന മാത്രമാണ്; എന്നാൽ ധാർമ്മികമായ ബോധത്തോടെയും ആത്മനിയന്ത്രണത്തോടെയും മുന്നോട്ട് പോയാൽ ഏതൊരു ദാമ്പത്യത്തെയും സുദൃഢമായി നിലനിർത്താൻ സാധിക്കും.
Leave a comment