സൗന്ദര്യ ലഹരി:
സൗന്ദര്യലഹരി
ശ്ലോകം -11
പൂർവ്വശ്ലോകത്തിൽ ചന്ദ്രമണ്ഡലാത്മകമാണ് ശ്രീചക്രം എന്നു പറയപ്പെട്ടു.ആ ശ്രീചക്രസ്വരൂപത്തെ ഉപദേശിക്കുന്നു:
ചതുർഭിഃശ്രീകണ്ഠൈശ്ശിവയുവതിഭിഃ പഞ്ചഭിരപി
പ്രഭിന്നാഭിശ്ശംഭോർന്നവഭിരപി മൂലപ്രകൃതിഭിഃ
ചതുശ്ചത്വാരിംശദ്വസുദളകലാശതിവലയ
ത്രിരേഖാഭിസ്സാർദ്ധം തവ ശരണകോണാഃ പരിണതാ:
പദാർത്ഥം: ചതുർഭിഃ
ശ്രീകണ്ഠൈ – നാലു ശിവചക്രങ്ങളെക്കൊണ്ടും ശംഭോ! (സകാശാത്) – ശിവചക്രത്തിൽ നിന്നും, പ്രഭിന്നാഭിഃ – വ്യത്യസ്‌തങ്ങളായ, പഞ്ചഭി! ശിവയുവതിഭിഃ – അഞ്ചു ശക്തിചക്രങ്ങളെക്കൊണ്ടും, (ഉണ്ടാകുന്ന) നവഭിഃ – ഒമ്പത്, മൂലപ്രകൃതിഭിഃ അപി – പ്രപഞ്ചമൂലകാരണങ്ങളെക്കൊണ്ടും, തവ – നിന്തിരുവടിയുടെ, ശരണകോണാഃ – ബിന്ദുസ്ഥാനമാകുന്ന ശരണ(മന്ദിര)വും, കോണങ്ങളും, വസുദളകലാശതിവലയ-തിരേഖാഭിഃ സാർദ്ധം – അഷ്ടദളപദ്‌മം, ഷോഡശദളപദ്‌മം,മേഖലാത്രയം, ഭൂപുര ത്രയം എന്നിവയോടുകൂടി, പരിണതാഃ – പരിണമിച്ചവയായിട്ട്, ചതുശ്ചത്വാരിംശത് – നാല്‌പത്തിനാലായി, ഭവന്തി – ഭവിക്കുന്നു.
സാരം: ഹേ ഭഗവതി! ശിവാത്മകങ്ങളായ നാലു ചക്രങ്ങൾ, ഇവയിൽനിന്നു ഭിന്നങ്ങളും ശക്ത്യാത്മകങ്ങളുമായ അഞ്ചു ചക്രങ്ങൾ, ഇപ്രകാരം പ്രപഞ്ചമൂലകാരണങ്ങളായ ഒമ്പതു ചക്രങ്ങളാൽ നിന്തിരുവടിയുടെ ആവാസമന്ദിരമായ ബിന്ദുസ്ഥാനവും കോണുകളും ചേർന്ന് അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ഭൂപുരത്രയം എന്നിവയോടുകൂടി പരിണമിച്ചിട്ട് നാല്‌പത്തിനാലായി ഭവിക്കുന്നു.
ചതുർഭിഃ – ചതുസ്സംഖ്യാസംഖ്യയങ്ങൾ – നാല് എന്ന സംഖ്യകൊണ്ടു കണക്കാക്കേണ്ടവ; ശ്രീകണ്ഠൈ – ശൃണാതി – ഹിനസ്‌തി (നശിപ്പിക്കുന്നു) എന്നതിനാൽ, ശ്രീ – വിഷം, അതു കണ്ഠത്തിൽ വഹിച്ചിരിക്കുന്നവൻ ശ്രീകണ്ഠൻ – ശിവൻ ആ കോണചക്രങ്ങൾക്കും ശ്രീകണ്ഠസംജ്ഞ സിദ്ധിച്ചു – താദാത്മ്യംകൊണ്ട് തദ്യപദേശം സിദ്ധിച്ചതാകുന്നു. കോണങ്ങൾ രണ്ടിലധികമുള്ളതിനാൽ ബഹുവചനവും സിദ്ധിച്ചു; ശിവാത്മകങ്ങൾ എന്നു താല്‌പര്യം. ശിവയുവതിഭിഃ – ശക്തികളാൽ, ശക്ത്യാത്മകങ്ങളായ കോണചക്രങ്ങളാൽ എന്നർത്ഥം. ബഹുവചനസിദ്ധി മുമ്പലത്തെപ്പോലെതന്നെ. പഞ്ചഭിഃ – അഞ്ച് ‘അപി’ ശബ്ദം ഭേദത്തെ കുറിക്കുന്നതാകുന്നു. പ്രഭിന്നാഭിഃ – പ്രകർഷേണ ഭിന്നകളായ; പ്രകർഷമാകട്ടെ ശിവശക്തിചക്രങ്ങളുടെ മദ്ധ്യത്തിൽ ബൈന്ദവസ്ഥാനം അറിയപ്പെടുന്നത് ഹേതുവായിട്ടാകുന്നു. ഇതു സമയമതപ്രകാരം സൃഷ്ടിക്രമത്തിൽ പഞ്ചചക്രലേഖനം ചെയ്യുമ്പോൾ മനസ്സിലാക്കാവുന്നതാകുന്നു. കൗളമതപ്രകാരം സംഹാരക്രമത്തിൽ നവയോനിചക്രലേഖനത്തിൽ ത്രികോണങ്ങളുടെ ഊർദ്ധ്വാധോമുഖനയുള്ള അവസ്ഥിതി ഹേതുവായിട്ട് പ്രഭിന്നത്വം വരുന്നു എന്നറിയേണ്ടതാകുന്നു. ഭിന്നതകൾ എന്നാൽ വ്യത്യാസപ്പെട്ടവ എന്നർത്ഥം. രണ്ടുതരം കോണങ്ങളും, വേറെ വേറെ ഇരിക്കുന്നു എന്നു താല്പര്യം. ശംഭോഃ എന്ന ശബ്ദം പഞ്ചമീവിഭക്തിയാകുന്നു, ‘ശംഭു’ശബ്ദംകൊണ്ടു നാലു ശിവചക്രങ്ങൾ പറയപ്പെടുന്നു. നവഭിഃ – ഒമ്പത് എന്ന സംഖ്യ യോടുകൂടിയവ. ‘അപി’ശബ്‌ദം പറയാൻ പോകുന്ന ബാഹുല്യത്തെകൂടി ചേർക്കുന്നു. മൂലപ്രകൃതിഭിഃ – പ്രപഞ്ചത്തിൻ്റെ മൂലകാരണങ്ങളാൽ – പ്രപഞ്ചകാരണഭൂതങ്ങളായതു കൊണ്ടാണ് ഇവയ്ക്ക് ‘ഉത്പത്തിസ്ഥാനം’ എന്നർത്ഥമുള്ള ‘യോനി’ശബ്ദംകൊണ്ട് വ്യവഹാരമുണ്ടായത് – നവയോനികൾ ശരീരത്തിലുള്ള നവധാതുസ്വരൂപങ്ങളാകുന്നു.
‘കാമികാ’ എന്ന ഗ്രന്ഥത്തിൽ:
‘ത്വഗസ്യങ്‌മാംസമേദോf സ്ഥിധാതവശ്ശക്തിമൂലകാഃ മജ്ജാശുക്ലപാണജീവധാതവശ്ശിവമൂലകാഃ
നവധാതുരയം ദേഹോ നവയോനിസമുദ്ഭവഃ ദശമീയോനിരേകൈവ പരാശക്തിസ്‌തദീശ്വരീ’ എന്നിങ്ങനെ പറഞ്ഞിരിക്കുന്നു.
അർത്ഥം: ത്വക്, രക്തം, മാംസം, മേദസ്സ്, അസ്ഥി ഇവയഞ്ചും ശക്തിസ്വരൂപങ്ങളാകുന്നു. മജ്ജ, ശുക്ലം, പ്രാണങ്ങൾ, ജീവൻ എന്നീ ധാതുക്കൾ ശിവമയങ്ങളുമാകുന്നു.നവ(ഒമ്പത്)
ധാതുക്കളോടുകൂടിയ ദേഹം നവയോനികളിൽനിന്നുണ്ടായതാകുന്നു. പത്താമത്തെ യോനി ആ ശരീരത്തിന്റെ അധീശ്വരിയായ പരാശക്തി ഒരുവൾ തന്നെയാകുന്നു.
പത്താമത്തെ യോനി എന്നു പറയുന്നത് ബൈന്ദവസ്ഥാനത്തെക്കുറിച്ചാകുന്നു.
ഏവം പിണ്ഡാണ്ഡമുത്‌പന്നം
തദ്വത് ബ്രഹ്മാണ്ഡമുദ്ബഭൗ പഞ്ചഭൂതാനി ശാക്താനി മായാദീനി ശിവസ്യ തു
മായാ ച ശുദ്ധവിദ്യാ ച മഹേശ്വരസദാശിവൗ.
പഞ്ചവിംശതി തത്ത്വാനി തതൈവാന്തർഭവന്തി തേ.
അർത്ഥം: ഇങ്ങനെ ദേഹരൂപമായ പിണ്ഡാണ്ഡം ഉണ്ടായി.അതുപോലെ ബ്രഹ്മാണ്ഡവും പ്രകാശിച്ചു,
ആ ബ്രഹ്മാണ്ഡത്തിൽ പഞ്ചഭൂതസംബന്ധികളായവയെല്ലാം ശാക്തങ്ങളും, മായ തുടങ്ങിയ തത്ത്വങ്ങൾ ശിവസംബന്ധികളുമാകു ന്നു. മായ, ശുദ്ധവിദ്യാ, മഹേശ്വരൻ, സദാശിവൻ ഈ നാലും ശൈവങ്ങളാകുന്നു എന്നു താല്‌പര്യം. പഞ്ചഭൂതസംബന്ധികളാകട്ടെ ജ്ഞാനേന്ദ്രിയങ്ങൾ അഞ്ച്, കർമ്മേന്ദ്രിയങ്ങൾ അഞ്ച്, മനസ്സ്, ശബ്ദാദിപഞ്ചതന്മാത്രകൾ, പൃഥിവ്യാദി അഞ്ച്, സ്ഥൂലഭൂതങ്ങൾ ഇങ്ങനെ ഇരുപത്തൊന്നാകുന്നു. മായ തുടങ്ങിയ നാലു ശിവതത്ത്വങ്ങൾകൂടി ചേരുമ്പോൾ ഇരുപത്തഞ്ചു തത്ത്വങ്ങളായിത്തീരുന്നു.
ശിവശക്ത്യാത്മകം വിദ്ധി ജഗദേതച്ചരാചരം – ഈ ചരാചരാത്മകമായ പ്രപഞ്ചം ശിവശക്തിമയമാകുന്നു. അതിൽ ചരം പിണ്ഡാണ്ഡവും, അചരം ബ്രഹ്മാണ്ഡവുമാകുന്നു.
ചിലർ അൻപത്തൊന്നു തത്ത്വങ്ങൾ ഉണ്ടെന്നു പറയുന്നു.ആയത് ഇപ്രകാരമാകുന്നു:
“പഞ്ചഭൂതാനി തന്മാത്രപഞ്ചകം ചേന്ദ്രിയാണി ച
ജ്ഞാനേന്ദ്രിയാണി പഞ്ചവ തഥാ കർമ്മേന്ദ്രിയാണി ച
ത്വഗാദി ധാതവസ്സപ്‌ത പഞ്ചപ്രാണാദിവായവ:
മനശ്ചാഹംകൃതിഃ ഖ്യാതിർ ഗുണാഃ പ്രകൃതിപുരുഷൗ
രാഗോ വിദ്യാ കലാ ചൈവ നിയതിഃ കാല ഏവ ച
മായാ ച ശുദ്ധവിദ്യാ ച മഹേശ്വരസദാശിവൗ
ശക്തിശ്ച ശിവതത്ത്വം ച തത്ത്വാനി ക്രമശോ വിദുഃ.’
മേൽ എഴുതിയ അൻപത്തൊന്നു തത്ത്വങ്ങൾ, വായവ്യസംഹിത മുതലായ എല്ലാ ശൈവപുരാണങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.
മേലെഴുതിയ ശ്ലോകങ്ങളുടെ അർത്ഥം: അഞ്ചു ഭൂതങ്ങൾ – പൃഥിവി, അപ്പ്, തേജസ്സ്, വായു, ആകാശം എന്നിവയാകു ന്നു. ഈ ഭൂതങ്ങൾ കാര്യകാരണരൂപത്തിൽ അവസ്ഥിതി ചെയ്യുന്നു. ഗന്ധതന്മാത്രം. രസതന്മാത്രം, രൂപതന്മാത്രം, സ്‌പർശതന്മാത്രം, ശബ്ദതന്മാത്രം എന്നീ തന്മാത്രാപഞ്ചകം പൃഥിവ്യാദിപഞ്ചഭൂതങ്ങളുടെ കാരണഭൂതങ്ങളാകുന്നു. ശ്രോത്രം, ത്വക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം, എന്നിവ അഞ്ചും, ജ്ഞാനേന്ദ്രിയങ്ങളും, വാക്, പാണി, പാദം, പായു, ഉപസ്ഥം ഇവയഞ്ചും, കർമ്മേന്ദ്രിയങ്ങളുമാകുന്നു. ത്വക്, രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ ഇവയാകുന്നു ഏഴു ധാതു ക്കൾ. അഞ്ചു വായുക്കൾ – പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ ഇവയാകുന്നു. മനസ്സ് എന്നതു മനനാത്മികയായ ശക്തിയാകുന്നു. അഹങ്കാരം അഹംബുദ്ധിയെ ഉണ്ടാക്കുന്ന ശക്തിയാകുന്നു. ഖ്യാതി എന്നത് ജ്ഞാനമാകുന്നു. ഗുണങ്ങൾ സത്വം, രജസ്സ്, തമസ്സ് ഇവയാകുന്നു. പ്രകൃതി മൂലപ്രകൃതി, പുരുഷൻ
വിദ്യാജനിത (ഉണ്ടാക്കപ്പെട്ട) വികല്‌പജ്ഞാനം, കലകൾ – മുന്നൂറ്ററുപതു കലകൾ, നിയതി – നിയാമികയായ ശക്തി. കാലം സംഹരണശക്തി, മായാ ഇന്ദ്രജാലാദിസംബന്ധിജ്ഞാനം. ശുദ്ധവിദ്യാമോചകജ്ഞാനം, മഹേശ്വരൻ രജോഗുണാവിഷ്ടനായ സൃഷ്‌ടികർത്താവ്, സദാശിവൻ സൃഷ്ടിസ്ഥിതികർത്താവ്, ശക്തി – മഹേശ്വരസദാശിവന്മാരുടെ രക്ഷണസർജ്ജനശക്തി, ചകാരം കൊണ്ടു കാലാത്മികയായ സംഹാരിണീശക്തിയേയും പറഞ്ഞിരിക്കുന്നു. ശിവതത്ത്വം ശുദ്ധബുദ്ധമുക്തസ്വരൂപവും ആകുന്നു. അൻപത്തൊന്നു തത്ത്വങ്ങൾ കണക്കാക്കിയിരിക്കുന്നത് வவഭൂതങ്ങൾ, തന്മാത്രാപഞ്ചകം, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർമ്മേന്ദ്രിയങ്ങൾ, പഞ്ചപ്രാണങ്ങൾ ഏഴു ധാതുക്കൾ, മനസ്സ്, അഹങ്കാരം, ഖ്യാതി, സത്വാദി മൂന്നു ഗുണങ്ങൾ, പ്രകൃതി, പുരുഷൻ, രാഗം, വിദ്യാ, കലാ, നിയതി കാലം, മായാ, ശുദ്ധവിദ്യാ, മഹേശ്വരൻ, സദാശിവൻ, ശക്തി, ശിവതത്ത്വം എന്നിങ്ങനെയാകുന്നു.
ഈ തത്ത്വങ്ങളിൽ ചിലതു മറ്റു ചിലതിൽ അന്തർഭവിക്കുന്നതിനാൽ തത്ത്വസംഖ്യ ചുരുങ്ങി ഇരുപത്തഞ്ചായിത്തീരുന്നു. ത്വഗാദി സപ്തധാതുക്കൾ പഞ്ചഭൂതങ്ങളിൽ അന്തർഭവിക്കുന്നു, പ്രാണാദിവായുക്കൾ ഭൂതവായുക്കളിൽ ഉൾപ്പെടുന്നു: അതിനാൽ അവയും പഞ്ചഭൂതങ്ങളിൽ അന്തർഭവിക്കുന്നു. അഹങ്കാരം മനസ്‌തത്ത്വത്തിലും, ഖ്യാതിതത്ത്വം വിദ്യാ തത്ത്വത്തിലും, അന്തർഭവിക്കുന്നു. ത്രിഗുണങ്ങൾ പ്രകൃതിയിലും പ്രകൃതിശക്തിയിലും ചേരുന്നു. പുരുഷതത്ത്വം മഹേശ്വരതത്ത്വത്തിൽ ഉൾപ്പെടുന്നു. കലാതത്ത്വം ശുദ്ധവിദ്യയിലും നിയതിതത്ത്വം ശക്തിതത്ത്വത്തിലും ചേരുന്നു. കാലതത്ത്വം മഹേശ്വരസദാശിവതത്ത്വങ്ങളിൽ ചേരുന്നു. ശക്തിതത്ത്വം ശുദ്ധവിദ്യാതത്ത്വത്തിലും, ശിവതത്ത്വം സദാശിവതത്ത്വത്തിലും ചേരുന്നു. ഇങ്ങനെയാണ് തത്ത്വസംഖ്യ ഇരുപത്തഞ്ചായി ഭവിക്കുന്നത്.
പഞ്ചഭൂതങ്ങൾ, തന്മാത്രാപഞ്ചകം, ജ്ഞാനേന്ദ്രിയപഞ്ചകം, കർമ്മേന്ദ്രിയപഞ്ചകം, മനസ്സ്, മായാ, ശുദ്ധവിദ്യാ, മഹേശ്വരൻ, സദാശിവൻ എന്നീ ഇരുപത്തഞ്ചു തത്ത്വങ്ങൾ സർവ്വ സമ്മതങ്ങളും ശ്രുതിസിദ്ധങ്ങളുമാകുന്നു. ‘പഞ്ചവിംശ ആത്മാ’ എന്നാകുന്നു ശ്രുതി. മുപ്പത്താറു തത്ത്വങ്ങളുണ്ടെന്ന് പറയുന്ന പക്ഷവും ശ്രുതിപ്രമാണത്താൽ ഇരുപത്തഞ്ചിൽത്തന്നെ അന്തർഭവിക്കുന്നു. ശിവശക്തി സമ്പുടരൂപമായിരിക്കുന്ന തത്ത്വം ഇരുപത്താറാമത്തേതും, സർവ്വതത്ത്വാതീതവുമാകുന്നു എന്നു പറയുവാനുള്ള കാരണവും ഇതുതന്നെയാകുന്നു.
ആ ഇരുപത്താറാമത്തെ തത്ത്വത്തിൽനിന്നാകുന്നു
പ്രപഞ്ചോത്പത്തി. സുഭഗോദയത്തിൽ:
പരോfപി ശക്തിരഹിതഃ ശക്തഃ കർത്തും ന കിഞ്ചന
ശക്തഃ സ്യാത് പരമേശാനി ശക്ത്യാ യുക്തോ ഭവേദ്യദി.
എന്നു പറഞ്ഞിരിക്കുന്നു. ശക്തിയോട് വേർവിട്ടവനായാൽ പരമാത്മാവ് ഒന്നും ചെയ്യുവാൻ ശക്തനാകുന്നതല്ല. അല്ലയോ പരമേശ്വരി, അദ്ദേഹം ശക്തിയോടു യുക്തനായെങ്കിൽ മാത്രമേ പ്രപഞ്ചസൃഷ്‌ടി മുതലായ കർമ്മങ്ങൾക്കു ശക്തനായി ഭവിക്കുകയുള്ളു.
ഈ സംഗതിയെ സുഭഗോദയവ്യാഖ്യാനത്തിൽ വഴിപോ ലെ ഉപദേശിച്ചിട്ടുള്ളതിനാലും, ഇവിടെ അധികവിസ്‌താരം ആവശ്യമില്ലാത്തതുകൊണ്ടും, പ്രകൃതം തന്നെ തുടരട്ടെ. ചതുശ്ചത്വാരിംശത് – നാല്‌പത്തിനാല് എന്ന സംഖ്യയോടു കൂടി, വസുദളം – കലാശ-തിവലയ-ത്രിരേഖാഭിഃ – വസുക്കൾ എട്ടായതിനാൽ ‘വസു’ ശബ്ദം കൊണ്ട് എട്ട് എന്ന സംഖ്യയെ പറഞ്ഞിരിക്കുന്നു. വസുദളം – അഷ്‌ടദളം അതായത് എട്ട് ഇതളുകളുള്ള പത്മം, കലാശ്രം – ചന്ദ്രക്കലകൾ പതിനാറായതിനാൽ ‘കലാ’ശബ്‌ദം പതിനാറ് എന്ന സംഖ്യയെ കാണിക്കുന്നു. കലാശ്രം – (ലളയോരഭേദഃ എന്നുള്ളതിനാൽ കളാ എന്നു പ്രയോഗമുണ്ട്.) പതിനാറ് ഇതളുകളോടുകൂടിയ പദ്‌മം എന്നർത്ഥം, ത്രിവലയം – മൂന്നു വൃത്തങ്ങളുടെ സമാഹാരം: മേഖലാത്രയമെന്നർത്ഥം. ത്രിരേഖകൾ മതിലുകൾപോലെ ഇരിക്കുന്ന മൂന്നു രേഖകൾ, ഭൂപുരത്രയം എന്നർത്ഥം.
ഈ ഭൂപുരത്രയം നാലു ദിക്കിലും ദ്വാരങ്ങളോടുകൂടിയതാകുന്നു. ശ്രീചക്രത്തെ വിവരിക്കുന്ന പ്രമാണം താഴെ ചേർക്കുന്നു.
ബിന്ദു-ത്രികോണ-വസുകോണ-ദശാരയുഗ്മ- മനശനാഗദളസംയുതഷോഡശാരം, വൃത്തത്രിഭുപുരയുതം പരിതശ്ചതുർദ്വാഃ ശ്രീചക്രമേതദുദിതം പരദേവതായാഃ.
അർത്ഥം:- ബിന്ദു, ത്രികോണം, അഷ്ടകോണം, രണ്ട്
ദശകോണങ്ങൾ, ചതുർദശകോണം, അഷ്‌ടദളപദ്‌മത്തോടുകൂടിയ ഷോഡശദളപദ്‌മം, മൂന്നു വൃത്തങ്ങൾ, നാലു ഭാഗത്തും വാതിലുകളോടുകൂടി ഭൂപുരത്രയം എന്നിവയോടുകൂടി പരദേവതയുടെ ഈ ശ്രീചക്രം നിർവ്വചിക്കപ്പെട്ടിരിക്കുന്നു. അതിനെക്കുറിച്ച് ഇപ്രകാരം ശ്രുതിയും ഉണ്ട്:
സതദ്വാ/ട്ടാരഗമം താ സംഹാര്യം നഗരം തവ.’
അർത്ഥം:- സതദ്വാ – ചതുർദ്വാരസമേതം എന്നർത്ഥം. വർണ്ണലോപം ഛാന്ദസമാകുന്നു. അട്ടാരഗമം – അട്ടാരങ്ങളാൽ = മൂന്നു പ്രാകാരവലയങ്ങളാൽ, അഗമം – ദുർഗ്ഗമമായിട്ടുള്ളത്, താഃ – അവകൾ – ഈ ഭൂതങ്ങൾ, തവ – ഭഗവതിയായ നിന്തിരുവടിയുടെ, നഗരം – ശ്രീചക്രസ്വരൂപമായ പട്ടണമാകുന്നു. സംഹാര്യം – തത്ത്വസംഹാരകം എന്നർത്ഥം. പൃഥിവീതത്ത്വം മുതൽ മഹേശ്വരതത്ത്വം വരെയുള്ള തത്ത്വങ്ങൾ ലയിക്കുന്നത് ആ ചക്രത്തിലാകുന്നു എന്നു താല്പര്യം.
ചിലർ ‘സംഹാര്യം’ എന്ന ശ്രുതിപദത്തിനു സംഹാരക lമത്തിലെഴുതേണ്ടത് എന്നു വ്യാഖ്യാനിച്ചിരിക്കുന്നു. സംഹാരക്രമത്തിലുള്ള ശ്രീചക്രലേഖനം കൗളമതത്തിൽമാത്രം പതിവുള്ളതാകയാൽ ആ വ്യാഖ്യാനം ശരിയല്ല.
പ്രകൃതത്തെത്തന്നെ തുടരുന്നു:- താഭിഃ സാർദ്ധം – അവയോടു കൂടി, തവ – നിന്തിരുവടിയുടെ, ശരണകോണാഃ – ശരണവും ബൈന്ദവസ്ഥനാമാകുന്ന ഗൃഹവും, കോണങ്ങളും, എന്നു ദ്വന്ദ്വസമാസമാകുന്നു. അതിനാൽ കോണുകൾ നാല്പ്‌പത്തിനാലാകുന്നു എന്ന് അർത്ഥം.
ശങ്ക: ‘ബിന്ദുത്രികോണ’ എന്നാദിയായ ക്രമപ്രകാരം ബിന്ദുവും ത്രികോണങ്ങളും ചേർന്നു കണക്കാക്കുമ്പോൾ നാല്പത്താറു കോണുകൾ കാണുന്നു. ബിന്ദുവിനെ നീക്കിയാൽ നാല്‌പത്തഞ്ചു കോണുകളും ഉണ്ടാകുന്നു എന്നാണെ ങ്കിൽ – സമാധാനം: ശരിതന്നെ. എന്നാൽ പ്രസ്‌താരവശാൽ ത്രികോണത്തിൻ്റെ ചുവട്ടിലുള്ള രണ്ടു കോണങ്ങൾ അഷ്‌ടകോണചക്രത്തിൽ അന്തർഭൂതങ്ങളാകയാൽ അവയെ തള്ളി കണക്കാക്കുമ്പോൾ കോണുകൾ നാല്‌പത്തിമൂന്നായി ഭവിക്കുന്നു. ‘ശരണേന സാർദ്ധം കോണാഃ’ എന്നു ദ്വന്ദ്വ സമാസമായിട്ടു വ്യാഖ്യാനിക്കുമ്പോൾ നാല്‌പത്തിനാല് എന്ന സംഖ്യ ശരിയായിത്തീരും. അല്ലെങ്കിൽ ‘ത്രയശ്ചത്വാരിംശത്’ എന്നു പാഠഭേദമുണ്ട്. അവിടെ അർത്ഥം സ്പഷ്ടവുമാകുന്നു.
പരിണതാഃ – പരിണാമത്തെ പ്രാപിച്ചവ; ത്രികോണം,അഷ്ടകോണം, രണ്ടു ദശകോണങ്ങൾ, ചതുർദ്ദശകോണം ഇവയഞ്ചും ശക്തിചക്രങ്ങളാകുന്നു. അഷ്‌ടദളം, ഷോഡശദളം, മേഖലാത്രയം, ഭൂപുരത്രയം ഈ നാലും
ശിവചക്രങ്ങളാകുന്നു. ത്രികോണത്തിൽ അഷ്ടദളവും, അഷ്ടകോണത്തിൽ ഷോഡശദളവും, ദശകോണദ്വയത്തിൽ മേഖലാത്രയവും, ചതുർദശകോണത്തിൽ ഭൂപുരത്രയവും അന്തർഭവിച്ചിരിക്കുന്നു. ഇതാണ് ‘പരിണതാഃ’ എന്നു പറഞ്ഞതിൻ്റെ താല്പര്യം. ഈ സംഗതി ആദ്യംതന്നെ പ്രതിപാദിതവുമായിട്ടുണ്ട്.
ഇവിടെ പ്രത്യേകിച്ച് ധരിക്കേണ്ടതായിട്ട് ഒരു സംഗതി കൂടിയുണ്ട്:
ശ്രീചക്രത്തിൽ ഇരുപത്തെട്ടു മർമ്മസ്ഥാനങ്ങളും, ഇരുപത്തിനാലു സന്ധികളും ഉണ്ട്.
ശങ്ക – മർമ്മങ്ങൾ ഇരുപത്തിനാലു മാത്രമുള്ളപ്പോൾ ഇരുപത്തെട്ടെന്ന് എങ്ങനെ പറയും?
“ദ്വിരേഖാ സംഗമം സ്ഥാനം സന്ധിരിത്യഭിധീയതേ
ത്രിരേഖാസംഗമം സ്ഥാനം മർമ്മ മർമ്മവിദോ വിദുഃ.’
അർത്ഥം – രണ്ടു രേഖകൾ കുടിച്ചേരുന്ന സ്ഥാനത്തെ സന്ധി എന്നും മൂന്നു രേഖകൾ കൂടിച്ചേരുന്ന സ്ഥാനത്തെ മർമ്മമെന്നും മർമ്മജ്ഞന്മാരായ വിദ്വാന്മാർ അഭിപ്രായപ്പെടുന്നു.
സമാധാനം: അഷ്‌ടദളം, ഷോഡശദളം, മേഖലാത്രയം, ഭൂപുരത്രയം എന്നീ ശിവചക്രങ്ങൾക്കു ത്രിരേഖാസംഗമ സ്ഥാനമില്ലെങ്കിലും അവയ്ക്കു വാചനികയായ മർമ്മസംജ്ഞയുണ്ട്. ചന്ദ്രജ്ഞാനവിദ്യയിൽ ഇങ്ങനെ പറഞ്ഞിരി ക്കുന്നു:
“മന്വശ്രദ്വിദശാരാഷ്ടകോണവൃത്തചതുഷ്‌ടയം
അഷ്ടാവിംശതി മർമ്മാണി ചതുർവ്വിംശതി സന്ധ്യ.’
അർത്ഥം:- ചതുർദശകോണം രണ്ടു ദശകോണങ്ങൾ അഷ്ടകോണം എന്നിവയും, ശിവചക്രാത്മകങ്ങളായ നാലു വൃത്തങ്ങളും കൂടി ഇരുപത്തെട്ടു മർമ്മങ്ങളും, ഇരുപത്തിനാലു സന്ധികളും ഉണ്ട്.
ഇതിന്റെ താല്പര്യം: ചതുർദശകോണത്തിലും രണ്ടു ദശകോണങ്ങളിലും, അഷ്‌ടകോണത്തിലും കൂടി മൂന്നു രേഖകൾ കൂടിച്ചേരുന്ന സ്ഥാനം കണക്കാക്കുമ്പോൾ ഇരുപത്തിനാലു മർമ്മസ്ഥാനങ്ങൾ വരുന്നു. അവയോടുകൂടി നാലു വൃത്തസ്വരൂപങ്ങളായ ശിവചക്രങ്ങളെ ചേർത്തു കണക്കാക്കുമ്പോൾ ഇരുപത്തെട്ടായിത്തീരുന്നു എന്നാകുന്നു.
ഈ സംഗതികളെല്ലാം ചക്രലേഖനക്രമം അറിയാത്തവർക്കു മനസ്സിലാക്കുവാൻ പ്രയാസമായതിനാൽ ചക്രലേഖന ക്രമത്തെ താഴെ വിവരിക്കുന്നു.
ചക്രലേഖനക്രമം: –
(തുടർ ശ്ലോകങ്ങളിൽ കൂടുതൽ അറിയാം) സൃഷ്ടിക്രമം, സംഹാരക്രമം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. സംഹാരക്രമം കൗളമാർഗ്ഗാനുസാരമായിട്ടുള്ളതാണെങ്കിലും നവയോനിപരിജ്ഞാനത്തിനായി ആ ക്രമത്തേയും നിരൂപണം ചെയ്യുന്നു.
സംഹാരക്രമത്തിലുള്ള ചക്രലേഖനക്രമം
ആദ്യം ഒരു വൃത്തം വരയ്ക്കണം. ആ വൃത്തത്തിൻ്റെ ഉള്ളിൽ വിലങ്ങത്തിൽ ഒമ്പതു രേഖകൾ വരയ്ക്കണം. അവ യിൽ ഏറ്റവും താഴെയുള്ള രേഖയുടെ രണ്ടറ്റങ്ങളിൽനിന്നും ഒരു ത്രികോണമുണ്ടാക്കി അതിങ്കൽനിന്നു മുകളിൽ ആറാമത്തേതായ രേഖയിൽ യോജിപ്പിക്കണം. ഇപ്രകാരംതന്നെ എല്ലാറ്റിലും മുകളിലുള്ള രേഖയിൽനിന്ന് ഒരു ത്രികോണം ഉണ്ടാക്കി താഴെ ഏഴാമത്തേതായ രേഖയിൽ യോജിപ്പിക്കണം.താഴെ രണ്ടാമത്തെ രേഖയിൽനിന്നു ത്രികോണം വരച്ച് അതിൽനിന്നു മുകളിൽ എട്ടാമത്തെ രേഖയിൽ യോജിപ്പിക്കണം. മുകളിൽ രണ്ടാമത്തെ രേഖയിൽനിന്നു ത്രികോണം ഉണ്ടാക്കി താഴെ എട്ടാമത്തെ രേഖയിൽ യോജിപ്പിക്കണം. പിന്നെ താഴെയും മീതെയുമുള്ള മൂന്നാമത്തെ രേഖകളിൽനിന്ന് ഒരു ഷട്കോണം വരച്ചു വൃത്തത്തിൽ യോജിപ്പിക്കണം. ഷട്‌ക്കോണത്തിൻ്റെ മദ്ധ്യത്തിൽ വരുന്ന മൂന്നു ഹ്രസ്വരേഖകളിൽ താഴെയുള്ള രേഖയുടെ രണ്ടു ഭാഗങ്ങളിൽനിന്നും ഒരു ത്രികോണം ഉണ്ടാക്കി അതിനെ അപേക്ഷിച്ച് അഞ്ചാമത്തേതായ രേഖയിൽ യോജിപ്പിക്കണം.പിന്നെ ഏറ്റവും ഹ്രസ്വവും നടുവിലിരിക്കുന്നതുമായ രേഖയിൽനി ന്ന് ഒരു ത്രികോണം ഉണ്ടാക്കി അതിനെ അപേക്ഷിച്ചു മൂന്നാമത്തേതായ രേഖയിൽ യോജിപ്പിക്കണം. ഇപ്രകാരം ഇരുപത്തിനാലു മർമ്മങ്ങളും ഇരുപത്തെട്ടു സന്ധികളും ചേർന്നതായ നവയോനിചക്രം ഉണ്ടാകുന്നു ഇതു കൗളമതരഹസ്യപ്രകാരമുള്ള സമ്പ്രദായമാകുന്നു.
സൃഷ്ടിക്രമം: ഇതു സമയമാർഗ്ഗമനുസരിച്ച സമ്പ്രദായമാകുന്നു. അതിനെയും താഴെ നിരൂപണം ചെയ്യുന്നു. ആദ്യമായി പൂർവ്വാഗ്രമായി ഒരു ത്രികോണം വരച്ചിട്ട് അതിന്റെ നടുവിൽ ഒരു ബിന്ദു ഉണ്ടാക്കണം. ആ ബിന്ദുവിൻ്റെ മുകളിലായി ആദ്യത്രികോണത്തെ ഭേദിച്ചു മുകളിലേക്ക് അഗ്രമായി മറ്റൊരു ത്രികോണം വരയ്ക്കണം. പിന്നെ ആദ്യത്തെ ത്രികോണത്തിന്റെ അഗ്രത്തിൽനിന്നു പശ്ചിമാഭിമുഖമായി വേറെ ഒരു ത്രികോണം വരയ്ക്കണം. ഇങ്ങനെ അഷ്ടകോണചക്രം ഉണ്ടാകുന്നു. ഈ അഷ്ടകോണചക്രത്തിൽ നിന്നുതന്നെ രണ്ടു ദശകോണചക്രങ്ങൾ ഉദ്പാദിപ്പിക്കണം.ആ പ്രകാരത്തെ പറയുന്നു: അഷ്ടകോണത്തിൻ്റെ മുകളിലും ചുവട്ടിലും ഉള്ള രേഖകളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നു
ഒരു ഷട്കോണം ഉല്പാദിപ്പിച്ചു വിദിക്കുകളിലുള്ള നാലു മർമ്മസ്ഥാനങ്ങളിൽനിന്നു നാലു ത്രികോണങ്ങളെ ഉണ്ടാക്കി അഷ്ടകോണത്തിലുള്ള യോനിയുടെ ഉപരിഭാഗത്തിൽ തെക്കുവടക്കായി ഒരു നീണ്ട രേഖ വരച്ച് ഈശാനകോണങ്ങളിൽ ഇരിക്കുന്ന ത്രികോണങ്ങളിൽ യോജിപ്പിക്കണം. ഇതേപ്രകാരം ഒരു നീണ്ട രേഖ ചുവട്ടിലും യോജിപ്പിക്കണം. അപ്പോൾ ഒരു ദശകോണം ഉണ്ടാകുന്നു.
ഈ ദശകോണത്തിൽനിന്നുതന്നെ മുൻപറഞ്ഞ രീതിയിലുള്ള മറ്റൊരു ദശകോണവും ഉണ്ടാക്കണം. രണ്ടാമതുണ്ടാക്കിയ ദശകോണത്തിൽ നിന്നുതന്നെ ചതുർദശകോണ ചക്രവും ഉല്പാദിപ്പിക്കണം. ആ പ്രകാരത്തേയും നിർദ്ദേശിക്കുന്നു:
ആദ്യത്തെ ദശകോണത്തിൻ്റെ മുകളിലും ചുവട്ടിലുമുള്ള രേഖകളുടെ അഗ്രങ്ങളിൽനിന്ന് ഒരു ഷട്കോണമുണ്ടാക്കണം. ഷട്കോണത്തിലുള്ള നാലു മർമ്മസ്ഥാനങ്ങളിൽ നിന്നു നാലു ത്രികോണങ്ങളെ ഉല്പ്‌പാദിപ്പിക്കണം. അനന്തരം ഉപരിഭാഗത്തിലുള്ള നാലു മർമ്മസ്ഥാനങ്ങളിൽനിന്നു ദശകോണത്തിന് ചെയ്‌തത് പോലെ നാലു ത്രികോണങ്ങളെ ഉണ്ടാക്കി മുകളിലും ചുവട്ടിലും ഉള്ള രേഖകൾ കൂട്ടിച്ചേർക്കണം. ഇപ്രകാരം നാല്‌പത്തിമൂന്നു കോണുകളും, ഇരുപത്തിനാലു സന്ധികളും, ഇരുപത്തിനാലു മർമ്മങ്ങളും സിദ്ധിക്കുന്നു. ഇതു സമയമതരഹസ്യസമ്പ്രദായമാകുന്നു. ഈ ചകത്തിലെ ആദ്യത്രികോണം ഊർദ്ധ്വമുഖമായിട്ട് വരയ്ക്കേ ണ്ടതാകുന്നു.
കൗളചക്രത്തിൽ ‘ബിന്ദു’, ത്രികോണത്തിന്റെ നടുവിൽ വരുന്നു. സമചക്രത്തിലാകട്ടെ ‘ബിന്ദു’ ചതുഷ്കോണമദ്ധ്യത്തിലും വരുന്നു. കൗളചക്രം നവത്രികോണരൂപമായതു കൊണ്ട് അതിൽ കോണസംഖ്യയില്ല. ഒമ്പതു ത്രികോണങ്ങളുടെ ചേർച്ചയിൽ മർമ്മങ്ങളും സന്ധികളും മാത്രം ശരിപ്പെടുകയും ചെയ്യും. ഈ സംഗതി അത്യന്തം രഹസ്യമായിട്ടുള്ളതാകുന്നു. ഇനിയുള്ള കാര്യങ്ങൾ രണ്ടുതരം ചക്രങ്ങൾക്കും തുല്യങ്ങളാകുന്നു. ചതുർദശകോണത്തിന്റെ ചുറ്റും അഷ്ടദളപത്മവും, അതിനെ ചുറ്റി ഷോഡശദളപത്മവും, പത്മങ്ങളുടെ ചുറ്റും വൃത്തത്രയവും വരച്ചിട്ട് അതിൻ്റെ പുറമെ നാലു ദ്വാരങ്ങളോടുകൂടിയ ഭൂപുരത്രയവും വരയ്ക്കണം. ഇപ്രകാരം ശ്രീചക്രോദ്ധാരത്തെ അറിയേണ്ടതാകുന്നു.
ശ്രീചക്രവിഷയം മേരുപ്രസ്‌താരം, കൈലാസപ്രസ്താരം, ഭൂപ്രസ്താരം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അതിൽ മേരുപ്രസ്‌താരം – ശ്രീചക്രത്തിൽ പതിനാറു നിത്യകളുടെ താദാത്മ്യനിബന്ധനമാകുന്നു. കൈലാസപ്രസ്‌താരം -‘അ’കാരാദി മാതൃകാക്ഷരങ്ങളും ശ്രീചക്രവുമായിട്ടുള്ള താദാത്മ്യമാകുന്നു. ഭുപ്രസ്‌താരം – വശിന്യാദിദേവതകളും ശ്രീചക്രവുമായിട്ടുള്ള താദാത്മ്യമാകുന്നു.
ഈ സംഗതികളെല്ലാം ‘ചതുഷ്ഷഷ്ട്യാ തന്ത്രഃ’ എന്ന മുപ്പത്തൊന്നാം ശ്ലോകം വ്യാഖ്യാനിക്കുമ്പോൾ വിസ്താരമായി വിവരിക്കുന്നതാകുന്നു.
രുദ്രയാമളത്തിൽ വിശേഷവിധിയായി താഴെ പറയും പ്രകാരം പറഞ്ഞിരിക്കുന്നു:
പൃശ്നയോ നാമ മുനയസ്സർവ്വേ ചക്രസമാശ്രയാഃ സേവമാനാശ്ചക്രവിദ്യാം ദേവഗന്ധർവ്വപൂജിതാം
അർത്ഥം: പൃശനികൾ എന്നു പേരായ മഹർഷികൾ എല്ലാവരും ശ്രീചക്രത്തെ ആശ്രയിച്ചിരിക്കുന്നവരും ദേവഗന്ധർവ്വാദികളാൽ പൂജിക്കപ്പെടുന്ന ശ്രീചക്രവിദ്യയെ ഉപാസിക്കുന്നവരും ആകുന്നു.
‘അഗ്നീഷോമാത്മകം ചക്രമഗ്നീഷോമമയം ജഗത്
അഗ്നാവന്തർബഭൗ ഭാനുരഗ്നീഷോമമയം സ്‌മൃതം
ത്രിഖണ്ഡം മാതൃകാചക്രം സോമസൂര്യാനലാത്മകം
ത്രികോണം ബൈന്ദവം സൗമ്യമഷ്‌ടകോണം ച മിശ്രകം
ചക്രം ചന്ദ്രമയം ചൈവ ദശാരദ്വിതയം തഥാ
ചതുർദശാരം വസ്‌തു ചതുശ്ചക്രം ച ഭാനുമത്
ഏതത് പ്രസാദാദിന്ദ്രാദ്യാഃ വസവോഷൗ മരുദ്ഗണാഃ
യേ യേ സമൃദ്ധാ ലോകേ/സ്‌മിൻ ത്രിപുരാചക്രസേവകാ:
പുരത്രയം ച ചക്രസ്യ സോമസൂര്യാനലാത്മകം
മഹാലക്ഷ്മ്യാഃ പുരം ചക്രം തത്രൈവാസ്തേ സദാശിവ
അർത്ഥം: ശ്രീചക്രമെന്നത് അഗ്നീഷോമാത്മകമാകുന്നു, പ്രപഞ്ചവും അഗ്നീഷോമാത്മകമാകുന്നു. (അഗ്നിചന്ദ്രസ്വരൂപമാകുന്നു) അഗ്നിചന്ദ്രരൂപിയായ സൂര്യൻ അഗ്നിയിൽ അന്തർഭവിച്ചിരിക്കുന്നു എന്നു സ്‌മൃതമാകുന്നു.
മൂന്നു ഖണ്ഡങ്ങളോടുകൂടിയ ശ്രീചക്രം ചന്ദ്രസൂര്യാഗ്നിസ്വരൂപമാകുന്നു. ശ്രീചക്രത്തിൻ്റെ അവയവങ്ങളായ ത്രികോണചക്രവും ബിന്ദുചക്രവും ചന്ദ്രസംബന്ധികളാകുന്നു. അഷ്ടകോണചക്രം മിശ്രക(ചന്ദ്രസൂര്യസ്വരൂപ)മാകുന്നു. അപ്രകാരം ദശകോണചക്രങ്ങൾ രണ്ടും ചന്ദ്രമയങ്ങളാകുന്നു. ചതുർദശാരം അഗ്നിസ്വരൂപമാകുന്നു. മറ്റു നാലു വൃത്തചക്രങ്ങൾ സൂര്യസ്വരൂപങ്ങളുമാകുന്നു.
ഈ ചക്രവിദ്യയുടെ പ്രസാദം നിമിത്തമാകുന്നു ഇന്ദ്രാദ്യമരശ്രേഷ്ഠന്മാരും, അഷ്‌ടവസുക്കളും,സപ്‌തമരുത്തുകളും, അവരുടെ സ്ഥാനത്തെ പ്രാപിച്ചത്. മാത്രമല്ല ഈ ലോകത്തിൽ സമൃദ്ധിമാന്മാരായിട്ട് ഏതേത് ജനങ്ങളുണ്ടായിട്ടുണ്ടോ, അവരെല്ലാം ത്രിപുരസേവകന്മാരാകുന്നു. ശ്രീചകത്തിന്റെ മൂന്നു പുരങ്ങൾ ചന്ദ്രസൂര്യാഗ്നിസ്വരൂപങ്ങളാകുന്നു. ശ്രീചക്രം മഹാലക്ഷ്‌മിയുടെ വാസഗൃഹവുമാകുന്നു. അതിങ്കൽത്തന്നെ സദാശിവനും വസിക്കുന്നു.ഈ സംഗതിയെത്തന്നെ ശ്രുതിയും പറയുന്നു. തൈത്തിരീയത്തിലുള്ള അരുണോപനിഷത്തിൽ ‘ഇമാ നുകം ഭുവന ‘സീഷധേമ’ എന്നു തുടങ്ങി ‘ഋഷിഭിരദാത് പൃശ്‌നിഭിഃ’ എന്നവസാനിക്കുന്ന മന്ത്രങ്ങൾകൊണ്ടു വിവരിക്കുന്നു.
അരുണോപനിഷത്ത് എന്നത് ‘അരുണാ’ എന്ന ഭഗവതിയെപ്പറ്റി പ്രതിപാദിക്കുന്ന ഉപനിഷത്താകുന്നു. ‘ഭദ്രം കർണ്ണ ഭിഃ’ എന്നാരംഭിച്ചു ‘തപസ്വീ പുണ്യാ ഭവതി’ എന്നവസാനിക്കുന്ന അരുണോപനിഷത്ത് അരുണയെപ്പറ്റിത്തന്നെ പ്രതിപാദിക്കുന്നു. ഈ ഉപനിഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഗതികൾ കണ്ടറിഞ്ഞത് ‘അരുണകേതു’ എന്ന ഋഷിയാകുന്നു. അതിനാലും അരുണോപനിഷത്ത് എന്നു പേരുണ്ടായതായി വിചാരിക്കാം.
ശ്രുതിയും അർത്ഥവും താഴെ ചേർക്കുന്നു:
ശ്രുതി: ‘ഇമാ നു കം ഭുവനാ സീഷധേമ.’
അർത്ഥം: പൃശനികൾ എന്ന പേരോടുകൂടിയ ഋഷികൾ
പരസ്പരം സംഭാഷണം ചെയ്യുന്നു. ഇമാം – ഈ ചക്രവിദ്യയെ, നുകം (ആയിരിക്കും) എന്നു വിതർക്കാർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. ഭുവനാ –
ലോകങ്ങൾ ആണെന്ന്, സീഷധേമ – ഞങ്ങൾ അറിയുന്നു.ചക്രവിദ്യയെ ആശ്രയിച്ചു ഭുവനങ്ങൾ സ്ഥിതിചെയ്യുന്നു എന്നു ഞങ്ങൾ വിചാരിക്കുന്നു എന്നർത്ഥം. അല്ലെങ്കിൽ ‘ഈ ചക്രവിദ്യയെ ഭുവന സ്വരൂപമായി വിചാരിച്ചുകൂടായോ?’ എന്നു ചോദ്യരൂപമായും അർത്ഥം പറയാം. ‘നു പൃച്ഛായാം വിതർക്കേ ച’ എന്ന് അമരം.
ശ്രുതി: ‘ഇന്ദ്രശ്ച വിശ്വേ ച ദേവാഃ.
അർത്ഥം: ഇന്ദ്രനും വിശ്വദേവന്മാരും (ഈ ചക്രവിദ്യയെ ഉപാശ്രയിച്ച് സ്ഥിതിചെയ്യുന്നു എന്നു ശേഷപൂരണം ചെയ്യണം)
ശ്രു: യജ്ഞം ച നസ്‌തന്വം ച പ്രജാം ച ആദിതൈരിന്ദ്രസ്സഹ സീഷധാതു.
അർത്ഥം: യജ്ഞം ച – അഗ്നിഷ്ടോമാദിയാഗങ്ങളും, നഃ – ഞങ്ങളുടെ, തന്വം ച – അർദ്ധശരീരമായ പത്നിയേയും, പ്രജാം ച – സന്തതിയേയും, (ചകാരത്താൽ സകലവിധസമ്പത്തുകളേയും സമുച്ചയിച്ചിരിക്കുന്നു) ആദിത്യുഃ സഹ – മരുദ്‌ഗണങ്ങളോടുകൂടി, ഇന്ദ്രഃ – ചക്രവിദ്യോപാസനകൊണ്ടു പ്രാപ്തൈശ്വര്യനായ ഇന്ദ്രൻ ഞങ്ങൾക്കു ചക്രവിദ്യയെ ഉപദേശിച്ചിട്ട്, സീഷധാതു – സമ്പദിതവാനായി ഭവിക്കട്ടെ! (പ്രാപ്തകാലേ ലോട്)
ശു: ആദിതൈര്യന്ദ്രഃ സഗണോ മരുത്ഭിഃ അസ്‌മാകം ഭൂത്വവിതാ തനുനാം.
അർത്ഥം: ആദിതൈഃ മരുത്ഭിഃ സഗണഃ ഇന്ദ്രഃ – ആദിത്യന്മാരോടും മരുത്തുക്കളോടും എല്ലാ ദേവഗണങ്ങളോടും കൂടിയ ഇന്ദ്രൻ, അസ്‌മാകം – ഞങ്ങളുടെ, തനൂനാം –
പുത്രമിത്രകളത്രാദികളുടെ അവിതാ – രക്ഷകൻ (യോഗക്ഷേമസമ്പാദകനെന്നു ഭാവം) ആയിട്ട്, ഭൂതു – ഭവിക്കട്ടെ.
ശു: ആപ്ലവസ്വ പ്രപ്ലവസ്വ.
അർത്ഥം: പൃശനികൾ ചക്രവിദ്യയെ സ്‌തുതിക്കുന്നു. ആപ്ലവസ്വ – ഞങ്ങൾക്ക് ആപാദമസ്തകം അമൃതധാരാ സേചനം ചെയ്താലും; പ്രപ്ലവസ്വ – പ്രകർഷേണ – ഏറ്റവും, അതായത് എഴുപത്തീരായിരം നാഡികളേയും, പ്ലവനം സേചനം ചെയ്താലും (അമൃതധാരകൊണ്ടു നനച്ചാലും.)
ശ്രു: ആണ്ഡീഭവ ജ മാ മുഹുഃ.
അർത്ഥം: ആണ്ഡീ-പിണ്ഡാണ്ഡമായ ശരീരവും, ബ്രഹ്മാണ്ഡമായ ജഗത്തും; (‘ഈ’ പദം ‘ച്ചി’-പ്രത്യയാന്തമാകുന്നു)
ഭവ ഞങ്ങളുടെ പിണ്ഡാണ്ഡരൂപമായിട്ടും, അവിടുത്തെ ബാഹ്യരൂപമായ ബ്രഹ്മാണ്ഡമായിട്ടും, തീരട്ടെ അവിടുത്തെ സായുജ്യരൂപമുക്തിയെ തന്നാലും എന്നർത്ഥം. അജ – അറിഞ്ഞാലും, മുഹുഃ മാ അവ ഗച്ഛ – പിന്നേയും പിന്നേയും എന്നെ അനുഗ്രഹിച്ചാലും എന്നർത്ഥം. ‘അജഗതൗ’ എന്നു ധാതു. ‘അജ’ശബ്ദത്തിലെ അകാരലോപം ഛാന്ദസമാകു
ശ്രു-സുഖാദീം ദുഃഖനിധനാം.
അർത്ഥം: സുഖം അത്തി – സുഖത്തെ ആദാനം ചെയ്യു.ന്നതു സുഖാദി – സുഖസമ്പാദകൻ. അപ്രകാരമിരിക്കുന്ന ‘ഇന്ദുഃ’ – ബൈന്ദവസ്ഥാനസ്ഥനായ ചന്ദ്രൻ, ഖ നിധനാം ഖം – ബൈന്ദവസ്ഥാനം, നിതരാം ധനം യസ്യാഃ – ഏറ്റവും മുഖ്യമായ സമ്പത്ത് ആർക്കോ അവൾ ‘ഖനിധനാ’ അല്ലെങ്കിൽ -സുഖാദീം – സുഖപ്രഥമയായി – സുഖസ്വരൂപയായി, ദുഃഖനിധനാം – യാതൊരുത്തിയിൽ ദുഃഖത്തിൻ്റെ നിധനം – (നാശം) ഭവിക്കുന്നുവോ അവൾ ദുഃഖനിധനാ – അവിജ്ഞാത ദുഃഖഗന്ധാ – അറിയപ്പെടാത്ത ദുഃഖഗന്ധത്തോടു കൂടിയവൾ, എന്നു താല്‌പര്യം. മറ്റൊരുവിധത്തിലും ഈ മന്ത്രത്തിനർത്ഥം പറയാം.
സുഖാദീം – ശോഭനമായ, ഖം ഇന്ദ്രിയം – അതായത് മനസ്സ് ആദീം – ആദ്യം വേദ്യയായിട്ടുള്ളവൾ, (അറിയപ്പെടേണ്ടവൾ) എന്നർത്ഥം.
ദുഃഖനിധനാം – ദുഃഖങ്ങൾ – ദുഷ്ടേന്ദ്രിയങ്ങൾ – അതായത് ചക്ഷുരാദീന്ദ്രിയങ്ങൾ – അവയ്ക്ക് അഗോചരമായിട്ടുള്ളവൾ എന്നു താല്പര്യം.
ശ്രു-പ്രതിമുഞ്ച്വസ്വ സ്വാം പുരം.
അർത്ഥം: സ്വാം = ഭഗവതിയെ സംബന്ധിച്ചതായ, പുരം – ദേഹത്തെ, പ്രതിമുഞ്ചസ്വ – അധിഷ്‌ഠാനം ചെയ്താലും!
ശ്രു – മരീചയഃ സ്വായംഭുവാഃ.
അർത്ഥം: സ്വായംഭുവാഃ – ഭഗവതിയുടെ സന്നിധിയിൽ നിന്നുത്ഭവിച്ചവയായ, മരീചയഃ – മയൂഖങ്ങൾ (രശ്‌മികൾ) ‘സർവ്വാണി ഭുവനാനി ആവൃത്യ വർത്തന്തേ’ സകലഭുവനങ്ങളേയും ആവരണം ചെയ്‌തു വർത്തിക്കുന്നു എന്നു വാക്യത്തെ പൂരിപ്പിക്കണം. സൂര്യചന്ദ്രാഗ്നികൾക്കു പ്രകാശകത്വം സ്വായംഭുവമരീചികളുടെ പ്രസാദം ഹേതുവായിട്ടുതന്ന യാണെന്ന് ഇനിമേൽ വിവരിക്കുന്നതാകുന്നു.
ശു-യേ ശരീരാണ്യകല്പ്യൻ.
അർത്ഥം: യേ – യാവചില മയൂഖങ്ങൾ, മുന്നൂറ്ററുപതു സംഖ്യയോടുകൂടിയ രശ്‌മികൾ എന്ന യച്ഛബ്‌ദാർത്ഥമാകുന്നു. ശരീരാണി – കാലസ്വരൂപങ്ങളും മൂന്നൂറ്ററുപതു ദിവസങ്ങളുമാകുന്ന ശരീരങ്ങളെ ഈ മയൂഖങ്ങൾതന്നെ സംവത്സരമായിട്ടും ഭവിക്കുന്നു. ‘സംവത്സരോ വൈ പ്രജാ പതിഃ’. സംവത്സരം പ്രജാപതിസ്വരൂപവുമാകുന്നു എന്നു ശ്രുതിയും ഉണ്ട്.
ശ്രു-തേ തേ ദേഹം കല്പയന്തു.
അർത്ഥം: തേ – ആ മരീചികൾ, തേ – നിന്തിരുവടിയുടെ (ഭഗവതിയുടെ), ദേഹം – ശരീരത്തെ, കലയന്തു – ആശ്രയിക്കട്ടെ! ദേഹശബ്ദംകൊണ്ടു ദേഹാവയവമായ ചരണത്തെ പറയുന്നു. മരീചികൾ – ഭഗവതീചരണോത്പന്നങ്ങളാകുന്നു എന്നർത്ഥം.
ശ്രു-മാ ച തേ ഖ്യാ സ്‌മിതീരിഷത്.
അർത്ഥം: തേ – നിന്തിരുവടിയുടെ; ഖ്യാ – ഖ്യാതി ജ്ഞാനം, മാ ച തീരിഷത് – ഞങ്ങളെ ഉപേക്ഷിക്കരുത് – ഭഗവതീവിഷയകമായ ജ്ഞാനം ഞങ്ങൾക്ക് എല്ലായ്പ്‌പോഴും സിദ്ധിക്കട്ടെ എന്നർത്ഥം.
ഇനി ശേഷമുള്ള മന്ത്രങ്ങൾകൊണ്ടു പൃശനികൾ ചക്രവിദ്യാനുഷ്ഠാനത്തിൽ ത്വരയോടുകൂടി പരസ്‌പര സംഭാഷണം ചെയ്യുന്നു.
ശ്രുതി – ഉത്തിഷ്ഠത, മാ സ്വപ്ന
അഗ്നിമിച്ഛദ്ധ്വം ഭാരതാഃ
രാജ്ഞഃ സോമസ്യ തൃപ്താസഃ
സൂര്യേണ സയുജോഷസഃ.
അർത്ഥം: ഹേ ഭാരതാഃ – ഭാസ്വരൂപമായ-ജ്യോതിഃ സ്വരൂപമായ ചക്രവിദ്യയിൽ രതന്മാർ.അല്ലെങ്കിൽ ഭാരതാം – ശ്രീവിദ്യാമന്ത്രം – അതിൻ്റെ ഉപാസകന്മാർ എന്നർത്ഥം. ‘സാമാന്യവിഹിത പ്രത്യയത്തിനു വിശേഷവാചിത്വം ഹേതുവായിട്ട് ഭാരതാഃ എന്നു പ്രയോഗിച്ചിരിക്കുന്നു. ഉത്തിഷ്‌ഠത – ഉപാസനയ്ക്ക് ആരംഭിച്ചാലും. മാ സ്വപ്‌ത – അപ്രമത്തന്മാരായിരിക്കുക, അഗ്നിം – സ്വാധിഷ്‌ഠാനസ്ഥിതമായ അഗ്നിയെ, ഇച്ഛദ്ധ്വം – ജ്വലിപ്പിപ്പിച്ചാലും. രാജ്ഞഃ – ചന്ദ്രന്റെ, സോമസ്യ – ഉമയോടുകൂടിയവൻ സോമൻ, ചന്ദ്രമണ്ഡലാന്തർഗ്ഗതമായ ബൈന്ദവസ്ഥാനം ദേവിയുടെ ആവാസസ്ഥാനമായതിനാൽ ചന്ദ്രന് സോമശബ്ദവാച്യത്വം സിദ്ധിച്ചു. ആ ചന്ദ്രന്റെ അമൃതധാരകൾകൊണ്ട് തൃപ്താസഃ – തൃപ്തന്മാരായി, സൂര്യേണ – അനാഹതവിശുദ്ധിചക്രങ്ങളുടെ മദ്ധ്യവർത്തിയായ സൂര്യനാൽ, സയുജാ – അഗ്നിചന്ദ്രമദ്ധ്യവർത്തിയായ എന്നർത്ഥം. അല്ലെങ്കിൽ – (സൂര്യേണ സയുജാ രാജ്ഞാതൃപ്‌താ സഃ എന്നും അന്വയിക്കാം. ഉപാസകന്മാർ എങ്ങനെ ഇരിക്കുന്നവരെന്നു പറയുന്നു. ഉഷസഃ – പ്ലഷ്ട )മായാമയക്ലേശന്മാരായിട്ടുള്ളവർ (ദഹിപ്പിക്കപ്പെട്ട മായാസ്വകപദുഃഖത്തോടുകൂടിയവർ,) അല്ലെങ്കിൽ – ഉഷസഃ -ഉഷഃകാലത്തിൻ ധ്യാനരതന്മാർ എന്നർത്ഥം. ആ കാലത്തിൽ
ഭഗവതീനിദിധ്യാസനാദികൾക്കു വിഹിതമായതിനാൽ ആ സമയത്തിൽ ധ്യാനനിഷ്‌ഠയോടുകൂടിയവർ എന്നർത്ഥം…
ഇതിനുശേഷം പ്യശ്‌നികൾ പൂജാസാമഗ്രികളെ ഉപദേശിക്കുന്നു.
ശു – യുവാ സുവാസാഃ.
അർത്ഥം: യുവാ = -ദൃഢഗാത്രൻ, ആരോഗ്യമുള്ളവൻ –
സുവാസാഃ – ശുഭ്രവസ്ത്രധാരി, ഈ ‘സുവാസഃ’ ശബ്ദം ശുഭാഭരണം, ശുഭ്രമാ?
തുടരും…
Leave a comment