സൗന്ദര്യ ലഹരി:
സൗന്ദര്യ ലഹരി:
സൗന്ദര്യലഹരി
ശ്ലോകം -10
സുധാധാരാ സാരൈശ്ചരണയുഗളാന്തർവ്വിഗളിതൈഃ പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്‌നായമഹസഃ
അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമദ്ധഷ്ടവലയം
സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി
പദാർത്ഥം: ചരണയുഗളാന്തർവ്വിഗളിതൈഃ – പാദാരവിന്ദങ്ങളുടെ അന്തർഭാഗത്തിൽനിന്നൊഴുകുന്നവയായ, സുധാധാരാസാരൈഃ – അമൃതധാരാപ്രവാഹങ്ങളാൽ, പ്രപഞ്ചം – ധ്യാനിക്കുന്ന ഉപാസകന്റെ ദേഹാന്തർഭാഗത്തിലുള്ള എഴുപത്തീരായിരം നാഡികളുടെ സമൂഹത്തെ, സിഞ്ചന്തീ – നനയ്ക്കുന്നവളായ, ത്വം – കുണ്ഡലിനീശക്തിസ്വരൂപിണിയായ നിന്തിരുവടി, രസാമ്‌നായമഹസഃ (സകാശാത്) – അമൃതാധിക്യത്തോടുകൂടിയ, ചന്ദ്രമണ്ഡലത്തിൻ്റെ (അടുക്കൽനിന്ന്) ശിരസ്സിലുള്ള സഹസ്രദളപദ്‌മത്തിൽ ശ്രീചക്രബിന്ദുരൂപമായി വർത്തിക്കുന്ന ചന്ദ്രമണ്ഡലത്തിൽനിന്ന്, സ്വാം ഭൂമിം – തൻ്റെ അധിവാസസ്ഥാനമായ മൂലാധാരചക്രത്തെ, പുനഃ അപി – വീണ്ടും, അവാപ്യ – പ്രാപിച്ചിട്ട്, ഭുജഗനിഭം – സർപ്പസദൃശമായതും, അത്യുഷ്‌ടവലയം – മൂന്നരചുറ്റായിട്ടുള്ള മണ്ഡലാകാരത്തോടുകൂടിയതും ആയി, സ്വം ആത്മാനം – തൻ്റെ രൂപത്തെ, കൃത്വാ – ചെയ്തിട്ട്, കുഹരിണി – സൂക്ഷ്‌മരന്ധ്രത്തോടുകൂടിയ, കുലകുണ്ഡേ -മൂലാധാരചക്രത്തിൽ, സ്വപിഷി – നിന്തിരുവടി ഉറങ്ങുന്നു.
സാരം: അല്ലയോ ഭഗവതി, നിന്തിരുവടിയുടെ ചരണാരവിന്ദമദ്ധ്യത്തിൽനിന്നൊഴുകുന്നവയായ അമൃതധാരാപ്രവാഹങ്ങളാൽ ഉപാസകൻ്റെ ദേഹാന്തർഭാഗത്തിലുള്ള എഴുപത്തീരായിരം നാഡികളുടെ സമൂഹത്തേയും നനച്ചിട്ട് നിന്തിരുവടി അമൃതാധിക്യമയകാന്തിയോടുകൂ ടിയതും, സഹസ്രദളകമലത്തിൽ ശ്രീചക്രരൂപമായി സ്ഥിതിചെയ്യുന്നതുമായ ചന്ദ്രമണ്ഡലത്തിൽനിന്നു തിരിയെ
തന്റെ ആവാസസ്ഥാനമായ മൂലാധാരചക്രത്തെ പിന്നേയും പ്രാപിച്ചിട്ട് മൂന്നര ചുറ്റോടുകൂടിയ മണ്ഡലാകൃതി യിൽ ഉള്ള സർപ്പത്തിന് സദൃശമായ രൂപത്തെ ധരിച്ചിട്ട് മദ്ധ്യത്തിൽ സൂക്ഷ്‌മരന്ധ്രത്തോടുകൂടിയതും മൂലാധാരചക്രത്തിലുള്ളതുമായ മൂലകന്ദത്തിൽ ഉറങ്ങുന്നു.
സുധായാഃ – അമൃതത്തിൻ്റെ, ധാരാണാം –
ധാരകളുടെ ആസാരൈഃ – സമ്പാതങ്ങളാൽ, ഇവിടെ ആസാരശബ്ദംതന്നെ ധാരാസമ്പാതാർത്ഥത്തെ കാണിക്കുമെങ്കിലും ധാരാശബ്ദസാഹചര്യത്താൽ ആസാരശബ്ദം സമ്പാതാർത്ഥമായിരിക്കുന്നതിനാൽ പുനരുക്തിദോഷമില്ല;
അല്ലെങ്കിൽ-സുധയുടെ ആധാരഭൂതങ്ങളായ ആസാരങ്ങൾ-ധാരാ സമ്പാതങ്ങൾ എന്നും അർത്ഥം പറയാം. ചരണയുഗളാന്തർ വിഗളിതൈഃ – ചരണയുഗളം പാദാരവിന്ദദ്വയം (രണ്ടു പാദാരവിന്ദങ്ങൾ) അതിൻ്റെ അന്തർഭാഗത്തിൽ (മദ്ധ്യത്തിൽ)നിന്ന്, വിഗളിതങ്ങൾ – ഒഴുകുന്നവയായ, പ്രപഞ്ചം – എഴുപത്തീരായിരമെന്ന സംഖ്യയോടുകൂടിയ നാഡീമാർഗ്ഗത്തെ, സിബന്തീ – സേചനം ചെയ്യുന്നവളായി. പുനഃ അപി – സേചനാനന്തരം വീണ്ടും, രസാമ്‌നായമഹസഃ – ചന്ദ്രൻ്റെ അടുക്കൽനിന്ന്, ‘രസാമ്നനായ മഹസ്സ്’ എന്ന വാക്ക് ചന്ദ്രനു ‘യാമള’ ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാകുന്നു. രസത്തിൻ്റെ – അമൃതത്തിന്റെ ആമ്‌നായം -ഗുണാധിക്യം എന്നു താല്‌പര്യം. തത്സസ്വരൂപമായ (ആ ഗുണാധിക്യമാകുന്ന) മഹസ്സ് – കാന്തി. അതോടുകൂടിയവൻ ‘രസാമ്‌നായമഹസ്സ്’ എന്നു വ്യുൽപത്തി, അവാപ്യ – പ്രാപിച്ചിട്ട്, സ്വാം – സ്വന്തമായ, ഭൂമിം -സ്ഥാനത്തെ – അതായത് മൂലാധാരചക്രത്തെ, ഭുജഗനിഭം – സർപ്പസദൃശമായി, അദ്ധഷ്‌ഠവലയം – അധിഷ്‌ഠിതമായ കുണ്ഡലിനി വിശേഷത്തോടുകൂടിയതായി, സ്വം – നിജം (സ്വന്തമായ), ആത്മാനം – സ്വരൂപത്തെ, കൃത്വാ – ചെയ്‌തിട്ട്, (സ്വരൂപത്തെ അവലംബിച്ചിട്ട്) സ്വപിഷി – നിദ്രയെചെയ്യുന്നു. കുളകുണ്ഡേ, കു – പൃഥിവീതത്ത്വം; അതു യാതൊന്നിൽ ലയിച്ചിരിക്കുന്നു വോ; അത് കുലം. ‘ലളയോരഭേദഃ’ കുളം – മൂലാധാരചക്രം ലക്ഷണയാ ‘കുള’മെന്നത് സുഷുമ്നാമാർഗ്ഗത്തേയും കുറിക്കുന്നു. ഇതു നിമിത്തമാകുന്നു കുളപൂജയെ ചെയ്യുന്ന ആധാരോപാസകന്മാർക്കു കൗളത്വമുണ്ടായത് എന്നു രഹസ്യം. ഈ സംഗതി മേലിൽ വിവരിക്കപ്പെടുന്നതാകുന്നു. കുളമാർഗ്ഗമായ സുഷുമ്നാനാഡിയുടെ ചുവട്ടിൽ താമരക്കിഴങ്ങിന്റെ ആകൃതിയിൽ യാതൊരു ആധാരകന്ദം ഭവിക്കുന്നു, അതിൽ എന്നർത്ഥം. കുഹരിണി – താമരക്കിഴങ്ങിൻ്റെ മദ്ധ്യത്തിൽ സൂക്ഷ്‌മമായ ദ്വാരം ഉള്ളതുപോലെതന്നെ, കുഹരം –
ദ്വാരത്തോടുകൂടിയത്, ആധാരകന്ദത്തിൻ്റെ മദ്ധ്യസുഷിരത്തിൽ താമരനൂലുപോലെ തനീയസിയായ കുണ്ഡലിനീശക്തി വർത്തിക്കുന്നു എന്നു താല്പര്യം.
ഇവിടെ ഒന്നുകൂടി ധരിക്കേണ്ടതായിട്ടുണ്ട്: ശിരസ്സിൽ ചന്ദ്രമണ്ഡലം സ്ഥിതിചെയ്യുന്നു എന്നു സകലയോഗശാസ്ത്രങ്ങളിലും പ്രസിദ്ധമായിട്ടുള്ളതാകുന്നു. സമയികളുടെ മതത്തിൽ ശ്രീചക്രംതന്നെ ഷോഡശകലാസ്വരൂപമായതു കൊണ്ട് ചന്ദ്രമണ്ഡലമായി ഭവിക്കുന്നു. ശ്രീവിദ്യയ്ക്കു പ്രതിപദംമുതൽ പതിനാറു ദിവസങ്ങളിൽ കലകളുടെ വൃദ്ധിക്ഷയങ്ങളെപ്പറ്റി മേലിൽ പറയുന്നതിനാൽ ഇതുതന്നെയാണ് ചന്ദ്രമണ്ഡലം.ബാഹ്യപ്രപഞ്ചസ്ഥിതമായ ചന്ദ്രമണ്ഡലവും ശ്രീചക്രരൂപംതന്നെയാണെന്ന് സുഭഗോദയവ്യാഖ്യാനത്തിൽ വിവരിച്ചുകാണിച്ചിട്ടുണ്ട്.ആ സംഗതി അത്യന്തം രഹസ്യമായിട്ടുള്ളതാകുന്നു. ഇതിൽനിന്നു ശിരഃസ്ഥിതമായ സഹസ്രദളകമലത്തിന്റെ മദ്ധ്യത്തിൽ അന്തർഭാഗത്തു സ്ഥിതിചെയ്യുന്ന ശ്രീചക്രരൂപമണ്ഡലമദ്ധ്യത്തിൽ വസിക്കുന്ന ഭഗവതിയുടെ അമൃതമയങ്ങളായ ചരണനിർണ്ണജ്ജനജലത്താൽ ഉപാസകൻ്റെ ശരീരമാസകലം സംപ്ലവനം ചെയ്തിട്ട് ഭഗവതി വീണ്ടും മൂലാധാരകുണ്ഡത്തെ പ്രാപിച്ചു
ഭുജഗരൂപമായിട്ട് സുഷുമ്നാമാർഗ്ഗത്തെ നിരോധിച്ചുകൊണ്ടുറങ്ങുന്നു എന്ന് മനസ്സിലാക്കാം.
വാമകേശ്വരതന്ത്രത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഭുജംഗാകാരരൂപേണ, മൂലാധാരം സമാശ്രിതാ ശക്തിഃ കുണ്ഡലിനീ നാമ ബിസതന്തുനിഭാ fശുഭാ.
അർത്ഥം: ആശുഭാ – മിന്നൽപിണർപോലെ
ക്ഷണപ്രഭയോടുകൂടിയും, താമരനൂലിനോടു സാദൃശ്യമുള്ളതും,
കുണ്ഡലിനീ എന്നു പേരോടുകൂടിയതുമായ ശക്തി സർപ്പാകാരരൂപത്തിൽ മൂലാധാരത്തെ ആശ്രയിച്ചിരിക്കുന്നു.
പിന്നേയും:-
മൂലകന്ദം ഫണാഗ്രേണ, ദഷ്ട്വാ കമലകന്ദവത്
മുഖേന പുച്ഛം സംഗൃഹ്യ ബ്രഹ്മരന്ധം സമാശ്രിതാ.
പദ്മാസനഗതഃ സ്വസ്ഥാ ഗുദമാകുഞ്ച്യ സാധകഃ
വായുമൂർദ്ധ്വഗതീം കുർവ്വൻ കുംഭകാവിഷ്ടമാനസഃ
വായ്വാഘാതവശാദഗ്നിഃ സ്വാധിഷ്ഠാനഗതോ ജ്വലൻ ജ്വലനാഘാതപവനാഘാതൈരുന്നിദ്രിതോfഹിരാട്.
രുദ്രഗ്രന്ഥിം തതോ ഭിത്വാ വിഷ്ണുഗ്രന്ഥിം ഭിനത്ത്യതഃ ബ്രഹ്മഗ്രന്ഥിം ച ഭിതൈവ കമലാനി ഭിനത്തി ഷട്
സഹസ്രകമലേ ശക്തിഃ ശിവേന സഹ മോദതേ
സാ ചാവസ്ഥാ പരാ ജ്ഞേയാ സൈവ നിർവൃതികാരണം
അർത്ഥം: കുണ്ഡലിനീശക്തി തൻ്റെ ഫണാഗ്രംകൊണ്ടു താമരക്കിഴങ്ങിനെ എന്നപോലെ മൂലകന്ദത്തെ ദംശിച്ചിട്ടു മുഖം കൊണ്ടു പുച്ഛത്തെ സംഗ്രഹിച്ചിട്ട് ബ്രഹ്മരന്ധത്തെ (സുഷുമ്‌നാരന്ധത്തെ) ആശ്രയിച്ചിരിക്കുന്നു.
സാധകൻ പദ്മാസനസ്ഥിതനായിട്ട് ഗുദദ്വാരത്തെ അടച്ചു പിടിച്ചിട്ട് വായുവിനെ ഉർദ്ധ്വഗതിയാക്കി ചെയ്തിട്ടു കുംഭകത്തിൽ ശ്രദ്ധവെച്ചുകൊണ്ടിരിക്കണം.
വായുവിൻ്റെ ആഘാതം നിമിത്തം സ്വാധിഷ്‌ഠാനസ്ഥിതമായ അഗ്നി ജ്വലിച്ചുതുടങ്ങും.അപ്പോൾ വായുവിൻ്റേയും അഗ്നിയുടേയും ആഘാതത്താൽ സർപ്പരൂപിണിയായ കുണ്ഡലിനീശക്തി നിദ്രയിൽനിന്നുണർന്നതായിത്തീരും. ഉണർന്നതിനുശേഷം ആ കുണ്ഡലിനീശക്തി രുദ്രഗ്രന്ഥിയെ ഭേദിക്കുന്നു. അവിടെനിന്നും പിന്നെ വിഷ്ണുഗ്രന്ഥിയെ ഭേദിക്കുന്നു. അനന്തരം ബ്രഹ്മഗ്രന്ഥിയേയും ഭേദിച്ച് ആറ് ആധാരകമലങ്ങളേയും ഭേദിക്കുന്നു.അതിന്ശേഷം ആ കുണ്ഡലിനീശക്തി പരമശിവനോടു ചേർന്നു മോദിക്കുന്നു (സന്തോഷിക്കുന്നു) ആ അവസ്ഥയാകുന്നു പരമോത്കൃഷ്ടയായിട്ടുള്ളതെന്നറിയേണ്ടതാകുന്നു. അതുതന്നെയാണ് നിർവൃതി(മോക്ഷം)കാരണമായിട്ടുള്ളതും.
ശ്രുതിയും ഭഗവതിയുടെ ചരണാംബുജസുധാധാരാസാരങ്ങളെക്കൊണ്ടുള്ള പ്രപഞ്ചസേചനത്തെ പ്രതിപാദിക്കുന്നതെങ്ങനെയെന്നു നോക്കുക:
ലോകസ്യ ദ്വാരമർച്ചിമത് പവിത്രം ജ്യോതിഷ്‌മത് ഭ്രാജമാനം മഹസ്വത് അമൃതസ്യ ധാരാം ബഹുധാ ദോഹമാനം ചരണം നോ ലോകേ സുധിതാൻ ദധാതു.
അർത്ഥം: ലോകസ്യ – തൻ്റെ നിവാസസ്ഥാനത്തിന്റെയോ, സായുജ്യത്തിന്റെയോ, സാർഷ്‌ട്യാദിമുക്തിയുടെയോ, ബ്രഹ്മലോകം തുടങ്ങിയ ലോകങ്ങളുടെയോ; ദ്വാരം – അതിനെ പ്രാപിപ്പിക്കുന്നത് എന്നർത്ഥം. അർച്ചിമത് – അർച്ചിസ്സുകൾ
-കിരണങ്ങൾ ഉള്ളത് എന്നർത്ഥം. അർച്ചിഷ്മത് എന്ന പദത്തിന്റെ ‘സ’കാരലോപം ഛാന്ദസമാകുന്നു. പവിത്രം – സ്വയം പരിശുദ്ധമായിട്ടുള്ളതും അന്യവസ്തുക്കളുടെ ശുദ്ധിക്കു കാരണമായിട്ടുള്ളതും ജ്യോതിഷ്‌മത്, ഭ്രാജമാനം, മഹസ്വത്, എന്നീ പദങ്ങൾ അർച്ചിഷ്‌മത് എന്നതിന്റെ സ്‌തുതിക്കായി വീണ്ടും വീണ്ടും ചെയ്‌തിരിക്കുന്ന ആമ്രേഡനം (രണ്ടുമൂന്നു പ്രാവശ്യം പറയുക) ആകുന്നു.
അല്ലെങ്കിൽ – ‘ത്രിഖണ്ഡം മാതൃകാചക്രം സോമസൂര്യാ നലാത്മകം’ മാതൃകാചക്രം(ശ്രീചക്രം),ചന്ദ്രഖണ്ഡം, സൂര്യഖണ്ഡം, അഗ്നിഖണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളോടുകൂടിയതാകുന്നു എന്ന പ്രമാണപ്രകാരം ഈ മൂന്നു പദങ്ങളാൽ ചക്രത്തിന്റെ ത്രിഖണ്ഡരൂപം പറയപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നു പറയുന്നു:- ‘അർച്ചിഷ്‌മത്’ എന്നതിനാൽ
അഗ്നിസംബന്ധികളായ നൂറ്റെട്ടു കിരണങ്ങളേയും, ‘ജ്യോതിഷ്മത്’ എന്നതുകൊണ്ട് ചന്ദ്രസംബന്ധികളായ നൂറ്റിമുപ്പത്താറ് കിരണങ്ങളെയും ‘മഹസ്വത്’ എന്നതിനാൽ ആദിത്യസംബന്ധികളായ നൂറ്റിപ്പതിനാറു കിരണങ്ങളേയും സംഗ്രഹിച്ചിരിക്കുന്നു. ഈ സംഗതി, ‘ക്ഷിതൗഷട്‌പഞ്ചാശത്’ എന്ന ശ്ലോകത്തിൻ്റെ വ്യാഖ്യാനത്തിൽ നല്ലവണ്ണം ഉപപാദിക്കുന്നതാകുന്നു. അമൃതസ്യ ധാരാഃ – സുധാപ്രവാഹങ്ങളെ, ബഹുധാ – ബഹുപ്രകാരത്തിൽ – എഴുപത്തീരായിരം നാഡീമാർഗ്ഗങ്ങളിൽ, ദോഹമാനം – വർഷിക്കുന്നത്; തൻ്റെ പാദക്ഷാളനത്താൽ പവിത്രീകൃതങ്ങളും, ചന്ദ്രമണ്ഡലസ്ഥിതങ്ങളുമായിരിക്കുന്ന അമൃതധാരാപ്രവാഹങ്ങളെ വർഷിക്കുന്നത് എന്നർത്ഥം. തച്ചരണം – ചരണശബ്ദം നപുംസകമാകുന്നു. ‘പദംഘിശ്ചരണോ സ്ത്രിയാം’ എന്ന് അമരം അപ്രകാരമെല്ലാമിരിക്കുന്ന പാദാരവിന്ദം എന്നർത്ഥം, നഃ – ഉപാസകന്മാരായ ഞങ്ങളെ, ലോകേ = പ്രപഞ്ചത്തിങ്കൽ, സുധിതാൻ –
തൃപ്തന്മാരാക്കി – അല്ലെങ്കിൽ – സഞ്ജാതബുദ്ധിപ്രകാശന്മാരായ സുധികളാക്കി; ദധാതു – പോഷിപ്പിക്കട്ടെ.
ഈ മന്ത്രം ‘അപാഘകൾ’ എന്ന യാഗങ്ങളിൽ യാജ്യത്വേന ആമ്നാതമായിരിക്കുന്നു (പറഞ്ഞിരിക്കുന്നു).മന്ത്രങ്ങൾക്കു സമവേദാർത്ഥപ്രകാശനശീലമുള്ളതിനാൽ ‘ചരണായ സ്വാഹാ’ എന്ന ചതുർത്ഥ്യന്തത്തോടുകൂടിയ ശബ്ദത്തിനുമാത്രമേ ദേവതാത്വം ഭവിക്കുന്നുള്ളു എന്നതിനാൽ ഈ വ്യാഖ്യാനം അസംഗതമാകുന്നു. എന്നാണെങ്കിൽ ഇവിടെ ഭഗവത്പാദർ സമാധാനം പറയുന്നു:-
‘സിദ്ധമന്നം പരിത്യജ്യ ഭിക്ഷാമടതി ദുർമ്മതിഃ’ (ദൈവേച്ഛയാൽ സിദ്ധിച്ച അന്നത്തെ പരിത്യജിച്ചിട്ടു മൂഢൻ ഭിക്ഷയ്ക്കു നടക്കുന്നു) എന്ന്.
ഇതിന്റെ ആശയം വേദത്തിന് സകർത്തൃകത്വം സിദ്ധമല്ലാത്തതിനാലും ഫലദാനസമർത്ഥത്വമുള്ളതിനാലും ‘ലോകസ്യ ദ്വാരം’ എന്നു തുടങ്ങിയ വിശേഷണവിശിഷ്ടത്വയോഗ്യതയോടുകൂടിയതു ഭഗവതീചരണം
തന്നെയാകുന്നു എന്നുള്ള അഭിപ്രായം സർവ്വവിദ്വത് സമ്മതവും, വൃദ്ധവ്യവഹാരസിദ്ധമായ ശക്തിയോടുകൂടിയതുമാകുന്നു. ചരണായ സ്വാഹാ എന്നു ചരണശബ്ദ്‌ദത്താൽത്തന്നെ പറയപ്പെട്ടിരിക്കുന്നു എന്നാകുന്നു:
കടപ്പാട്
തുടരും….
Leave a comment