സൗന്ദര്യ ലഹരി:
സൗന്ദര്യലഹരി
ശ്ലോകം -9
മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം
സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി
മനോ പി ഭൂമദ്ധ്യേ സകലമപി ഭിത്വാ കുലപഥം
സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ.
പദാർത്ഥം: (ത്വം – നിന്തിരുവടി) മൂലാധാരേ – സർവ്വാധാരഭൂതമായതും ഗുദസ്ഥാനത്തിൽ വർത്തിക്കുന്നതുമായ മൂലാധാരചക്രത്തിങ്കൽ, മഹീം – ഭൂതത്ത്വത്തേയും, മണിപൂരേ = നാഭിപദ്മത്തിലിരിക്കുന്ന മണിപൂരചക്രത്തിങ്കൽ, കം അപി – ജലതത്ത്വത്തേയും, (ഇവിടെ പൃഥിവ്യസ്തേജോവായ്വാകാശങ്ങൾ എന്ന പഞ്ചഭൂതതത്ത്വക്രമത്തെ അനുസരിച്ചാണ് മൂലാധാരം കഴിഞ്ഞാൽ അടുത്ത മുകളിലുള്ള സ്വാധിഷ്ഠാനചക്രത്തെ പറയാതെ മണിപൂരചക്രത്തെ പറഞ്ഞിരിക്കുന്നത് എന്നു ധരിക്കേണ്ടതാകുന്നു) സ്വാധിഷ്ഠാനേ – മൂലാധാരത്തിൽനിന്ന് അല്പം മുകളിലായിട്ടിരിക്കുന്ന സ്വാധിഷ്ഠാന ചക്രത്തിങ്കൽ, സ്ഥിതം – ഇരിക്കുന്നതായ, ഹുതവഹം – അഗ്നിതത്ത്വത്തേയും, ഹൃദി – മണിപൂരചക്രത്തിൻ്റെ ഉപരിഭാഗത്ത് ഹൃദയപ്രദേശത്തിൽ, അനാഹതചക്രത്തിങ്കലിരിക്കുന്ന, മരുതം – വായുതത്ത്വത്തേയും, ഉപരി – അനാഹതചക്രത്തിൻ്റെ മുകളിൽ, കണ്ഠപ്രദേശത്തിലിരിക്കുന്ന
വിശുദ്ധിചക്രത്തിങ്കൽ, ആകാശം – ആകാശതത്ത്വത്തേയും, ഭൂമദ്ധ്യേ – പുരികങ്ങളുടെ ഇടയിലിരിക്കുന്ന ആജ്ഞാചക്രത്തിൽ, മനഃ അപി – മനസ്തത്ത്വത്തേയും, ഏതത് സകലം കുളപഥം അപി – മുൻപറഞ്ഞ
പൃഥിവ്യാദിതത്ത്വാധിഷ്ഠാനങ്ങളായ മൂലാധാരാദിഷട്ചക്രമാർഗ്ഗമായ കുളപഥത്തെ (സുഷുമ്നനാമാർഗ്ഗത്തെ), ഭിത്വാ – ഭേദിച്ചിട്ട്, സഹസ്രാരേ – ആയിരം ദളങ്ങളോടുകൂടിയ, പദ്മേ – ശിരസ്സിലിരിക്കുന്ന പദ്മത്തിങ്കൽ, (ഈ സഹസ്രദളപദ്മം തന്നെയാകുന്നു
ചന്ദ്രമണ്ഡലസ്വരൂപമായ ശ്രീചക്രബിന്ദുസ്ഥാനം; സുധാസിന്ധു എന്നു പറയുന്നതും ഇതിനെത്തന്നെയാകുന്നു) രഹസി – വിജനത്തിങ്കൽ, പത്യാ സഹ – ഭർത്താവിനോടു കൂടി, വിഹരസേ – ക്രീഡിക്കുന്നു.
സാരം: അല്ലയോ ഭഗവതി, നിന്തിരുവടി മൂലാധാരത്തിൽ പൃഥിവീതത്ത്വത്തേയും, മണിപൂരത്തിൽ ജലതത്ത്വത്തേയും, സ്വാധിഷ്ഠാനത്തിൽ അഗ്നിതത്ത്വത്തേയും അനാഹതചക്രത്തിൽ വായുതത്ത്വത്തേയും അതിന്റെ മുകളിലിരിക്കുന്ന വിശുദ്ധിചക്രത്തിൽ ആകാശതത്ത്വത്തേയും ഭൂമദ്ധ്യത്തിലിരിക്കുന്ന ആജ്ഞാചക്രത്തിൽ മനസ്തത്ത്വത്തേയും, ഇപ്രകാരം സമസ്തസുഷുമ്നാമാർഗ്ഗത്തേയും ഭേദിച്ച് സഹസ്രദളകമലത്തിങ്കൽ വിജനപ്രദേശത്തിങ്കൽ ഭർത്താവായ പരമശിവനോടുകൂടി വിഹരിക്കുന്നു.
മഹീം – പൃഥിവീതത്ത്വം, മൂലാധാരേ – മൂലാധാരത്തിങ്കൽ, അതായത്, ഗുദസ്ഥാനത്തിങ്കൽ
സർവ്വാധാരഭൂതമായിരിക്കുന്ന മൂലാധാരചക്രത്തിങ്കൽ,
“സർവ്വാധാരാ മഹീ യസ്മാന്മൂലാധാരതയാ സ്ഥിതാ തദഭാവേ തു ദേഹസ്യ പാതസ്സ്യാദുദ്ഗമോfപി വാ’
‘എല്ലാ വസ്തുക്കൾക്കും ആധാരഭൂതയായ ഭൂമി ദേഹത്തിങ്കൽ മൂലാധാരമായിട്ട് സ്ഥിതിചെയ്യുന്നു. ആ മൂലാധാരത്തിന്റെ അഭാവത്തിൽ ദേഹം വീണുപോവുകയോ, പൊങ്ങിപ്പോവുകയോ ചെയ്യുന്നതാകുന്നു.’ എന്ന് രുദ്രരഹസ്യത്തിൽ പറഞ്ഞിരിക്കുന്നു, കം – ജലതത്ത്വത്തെ, ‘അപി’ശബ്ദം
സ്വാധിഷ്ഠാനത്തിലുള്ള അഗ്നിതത്ത്വത്തെ സമുച്ചയിക്കുന്നു. മണി പൂരേ – മണിപൂരചക്രത്തിങ്കൽ, യാതൊരു ചക്രത്തിൽ സ്ഥിതിചെയ്തുകൊണ്ട് ഭഗവതി മണികളെ(രത്നങ്ങളെ)ക്കൊണ്ട് ആ പ്രദേശത്ത പൂരിപ്പിക്കുന്നു (നിറയ്ക്കുന്നു) ആ സ്ഥലമാകുന്നു
മണിപൂരചക്രം. സമയമതാനുസാരികൾ ആന്തര പൂജാസന്ദർഭത്തിൽ മൂന്നാമത്തെ ചക്രമായ മണിപൂരത്തിൽ വെച്ചു ദേവിക്കു പലതരത്തിലുള്ള രത്നാഭരണങ്ങൾ സമർപ്പിക്കേണ്ടതാകുന്നു എന്നു രഹസ്യം. ഹുതവഹം –
അഗ്നിതത്ത്വത്തെ, സ്ഥിതം – പ്രതിഷ്ഠിതമായ, സ്വാധിഷ്ഠാനേ – സ്വാധിഷ്ഠാനമെന്നു പേരായ ചക്രത്തിങ്കൽ, കുണ്ഡലിനീ ശക്തിസ്വരൂപിണിയായ ഭഗവതി താൻതന്നെ ഗ്രന്ഥിരൂപത്തിൽ അവസ്ഥാനം ചെയ്യുന്നതുകൊണ്ട് ‘സ്വാധിഷ്ഠാനം;’ “സ്വയമധിതിഷ്ഠതീതി സ്വാധിഷ്ഠാനനം’ എന്നു സംജ്ഞ ‘രുദ്രഗ്രന്ഥിരയം ശക്തേഃ സ്വാധിഷ്ഠാനാഗ്രസീമനി’ (സ്വാധിഷ്ഠാനചക്രത്തിൻ്റെ അഗ്രഭാഗത്തിങ്കൽ കുണ്ഡലിനീ ശക്തിയുടെ രുദ്രഗ്രന്ഥി ഭവിക്കുന്നു) എന്നു യോഗദീപികയിൽ പറഞ്ഞിരിക്കുന്നു.
മൂലാധാരചക്രത്തിൻ്റെ നേരെ മുകളിൽ സ്വാധിഷ്ഠാനചക്രം വർണ്ണിക്കേണ്ടതായിരിക്കെ മണിപൂരചക്രത്തെ വ്യുത്ക്രമമായി വർണ്ണിച്ചിരിക്കുന്നത് ആകാശാദിതത്ത്വോത്പത്തി ക്രമത്തെ അവലംബിച്ചാകുന്നു എന്നു ധരിക്കേണ്ടതാകുന്നു. ഈ സംഗതി ‘തവാജ്ഞാചക്രസ്ഥം’ എന്നു തുടങ്ങിയ ആറു ശ്ലോകങ്ങളുടെ വ്യാഖ്യാനാവസരത്തിൽ സ്പഷ്ടമായി
പ്രതിപാദിക്കുന്നതാകുന്നു. ഹൃദി – ഹൃദയാകാശത്തിങ്കൽ, ‘അനാഹത’മെന്ന പേരോടുകൂടിയ ചക്രത്തിൽ, അനാഹത നാദത്തിൻ്റെ സ്ഥാനമായതുകൊണ്ട് ഇതിന് അനാഹതം എന്നു പേർ സിദ്ധിച്ചു. (അനാഹതം – ആഹതമല്ലാത്തത്. ആഹതം – അടിക്കപ്പെട്ടത്, അടിക്കാതെ ശബ്ദിക്കുന്നതെന്നു താല്പര്യം). മരുതം – വായുതത്ത്വത്തെ, ആകാശം – ആകാശതത്ത്വത്തെ, ഉപരി – മുൻപറഞ്ഞ ചക്രങ്ങളുടെ മുകളിലിരിക്കുന്ന വിശുദ്ധിചക്രത്തിങ്കൽ, (ഈ ചക്രം ശുദ്ധസ്ഫടികസദൃശമായതുകൊണ്ട് അതിന് വിശുദ്ധി എന്നു പേർ സിദ്ധിച്ചു) മനഃ – മനസ്തത്ത്വത്തെ ‘അപി’ശബ്ദം മുൻപറഞ്ഞവയെ സമുച്ചയിക്കുന്നു. ഭൂമദ്ധ്യേ -പുരികങ്ങളുടെ മദ്ധ്യത്തിലിരിക്കുന്ന ആജ്ഞാചക്രത്തിങ്കൽ,ഭഗവതീവിഷയമായ ഈഷത്(കുറഞ്ഞൊരു)ജ്ഞാനം സാധകന്മാർക്ക് ഈ ചക്രത്തിൽവെച്ചാണുണ്ടാകുന്നത്.
‘ആങ് – ഈഷത്. ജ്ഞാ – ജ്ഞാനം’ എന്നതുകൊണ്ട് ഈ ചക്രത്തിന് ‘ആ ജ്ഞാ’ എന്നു പേരുണ്ടായി, ബ്രഹ്മഗ്രന്ഥിഭേദനത്തിലുള്ള വ്യഗ്രതനിമിത്തം ആജ്ഞാചക്രത്തിൽ ഭഗവതിക്കു ക്ഷണമാത്രം അവസ്ഥിതി സംഭവിക്കുന്നു. അപ്പോൾ ദേവി സാധകന്മാരിൽ മിന്നൽക്കൊടിപോലെ അവഭാസിക്കുന്നതിനാലും ആജ്ഞാചക്രമെന്ന പേർ സിദ്ധിച്ചു. ‘സ്ഥിതം’ എന്ന പദം ലിംഗവ്യത്യാസത്തോടുകൂടി എല്ലാ ദിക്കിലും ചേർക്കണം, സകലം – സർവ്വത്തേയും, ‘അപി’ശബ്ദം സമുച്ചയാർത്ഥത്തിലാകുന്നു. ഭിത്വാ – ഭേദിച്ചിട്ട്, കുളപഥം – സുഷുമ്നാ മാർഗ്ഗത്തെ. സഹസ്രാരേ – സഹസ്രദളങ്ങളോടുകൂടിയ, പദ്മേ – താമരപ്പൂവിൽ, സഹ – കൂടി, രഹസി – വിജനത്തിങ്കൽ, പത്യാ – പരമശിവനോട്, വിഹരസേ – ക്രീഡിക്കുന്നു.
ഇവിടെ ധരിക്കേണ്ടതായിട്ട് ഒരു സംഗതികൂടിയുണ്ട്: മൂലാധാരം സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നിങ്ങനെ ശരീരത്തിന് ആറു ചക്രങ്ങൾ ഉണ്ട്. ഇവ പൃഥിവി, അഗ്നി, ജലം, വായു, ആകാശം, മനസ്സ് എന്നിവയുടെ തത്ത്വസ്വരൂപങ്ങളാകുന്നു.തത്ത്വങ്ങൾ ചക്രങ്ങളിൽ തന്മാത്രാരൂപത്തിലാകുന്നു സ്ഥിതിചെയ്യുന്നത്. തന്മാത്രകൾ, ഗന്ധ-രൂപ-രസ-സ്പർശ-ശബ്ദാത്മകങ്ങളാകുന്ന ആജ്ഞാചക്രസ്ഥിതമായ മനസ്തത്ത്വത്താൽ അഞ്ച്
ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമ്മേന്ദ്രിയങ്ങൾ, മനസ്സ് എന്നീ പതിനൊന്ന് ഇന്ദ്രിയങ്ങളെ സംഗ്രഹിച്ചിരിക്കുന്നു. ഇങ്ങനെ
ഇരുപത്തൊന്ന് തത്ത്വങ്ങൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ‘പത്യാ സഹരഹസി സഹസ്രപത്രേ വിഹരസേ’ എന്നതു കൊണ്ട് നാലു തത്ത്വങ്ങൾ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അവ മായ, ശുദ്ധവിദ്യ, മഹേശ്വരൻ, സദാശിവൻ എന്നീ നാലാകുന്നു. ഇങ്ങനെ എല്ലാംകൂടി ഇരുപത്തഞ്ചു തത്ത്വങ്ങൾ ആയിത്തീരുന്നു. ഇവയിൽ മായവരെയുള്ള തത്ത്വങ്ങൾ മായാസംബന്ധമുള്ളതുകൊണ്ട് പ്രാകൃതതത്ത്വങ്ങളാകുന്നു. മായ, മഹേശ്വരനോട് ചേരുമ്പോൾ അദ്ദേഹത്തിനു ജീവഭാവം ഭവിക്കുന്നു. ആ ജീവനും പ്രാകൃതൻതന്നെയാകുന്നു. ശുദ്ധവിദ്യ സദാശിവനോടു ചേരുമ്പോൾ ‘സാദാഖ്യാ’ എന്ന കലയായിത്തീരുന്നു എന്നു വ്യവഹരിക്കപ്പെടുന്നു. ഇതിനാൽ ഇരുപത്തിനാലു തത്ത്വങ്ങളെ അതിക്രമിച്ച് ഇരുപത്തഞ്ചാമത്തെ തത്ത്വരൂപിയായ സദാശിവനോടു ചേർന്നു വിഹരിക്കുന്ന ഭഗവതി ഇരുപത്താറാമത്തെ തത്ത്വമായിത്തീർ ന്നു, ‘പരമാത്മാവ്’ എന്നു കീർത്തിക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പറയപ്പെട്ടിട്ടുമുണ്ട്. ‘സാദാഖ്യ’യായ കല ഇരുപത്തഞ്ചാമത്തെ തത്ത്വമായ സദാശിവനോടു ചേർന്ന് ഇരുപത്താറാമത്തെ തത്ത്വമായി ഭവിക്കുന്നു. രണ്ടു പേരുടേയും ചേർച്ച രണ്ടായിട്ടല്ല, ആ ചേർച്ചയ്ക്കു താദാത്മ്യരൂപമുള്ളതിനാൽ അത് മറ്റൊരു തത്ത്വമായിത്തീരുന്നു എന്നു രഹസ്യം. ‘പഞ്ച വിംശ ആത്മാ ഭവതി’ എന്ന ശ്രുതിവാക്യം, സദാശിവപ്രതിപാദനപരമാകുന്നു; സമ്മേളനപരമായിട്ടുള്ളതാണെന്നു ധരിക്കരുത്.
ശങ്ക – നാലു ശിവചക്രങ്ങളുടെ ഉപരിഭാഗത്തും, അഞ്ചു ശക്തിചക്രങ്ങളുടെ കീഴ്ഭാഗത്തും, ഇരിക്കുന്നതുകൊണ്ട് ബൈന്ദവസ്ഥാനം എങ്ങനെ ശ്രീചക്രത്തിൻ്റെ മദ്ധ്യത്തിൽ ഭവിക്കുന്നു? സഹസ്രാരപദ്മമാകട്ടെ ശിരസ്സിലും എല്ലാറ്റിലും മുകളിലുമായി സ്ഥിതിചെയ്യുന്നതുകൊണ്ട് അതിനു ബൈന്ദവസ്ഥാനത്വം യോജിക്കുന്നതല്ലല്ലൊ – എന്നാണെങ്കിൽ, സമാധാനം,ഭഗവദ്(ഭഗവതീസംബന്ധമായ)മതരഹസ്യത്തെ കേട്ടാലും.
ചതുർഭിശ്ശിവചക്രൈശ്ച ശക്തിചക്രൈശ്ച പഞ്ചഭിഃ ശിവശക്തിമയം ജ്ഞേയം ശ്രീചക്രം ശിവയോർവപുഃ
എന്നു തുടങ്ങിയ പ്രമാണങ്ങളാൽ ശക്തിചക്രങ്ങൾ, ശ്രീചക്രത്തിലെ ത്രികോണം, അഷ്ടകോണം, ദശകോണദ്വയം,ചതുർദശകോണം എന്നിങ്ങനെ അഞ്ചു ചക്രങ്ങളാകുന്നു. അഷ്ടദളം, ഷോഡശദളം, മേഖലാത്രയം, ഭൂപുരത്രയം എന്നിവ ശിവചക്രങ്ങളുമാകുന്നു എന്നു കാണുന്നു. അങ്ങനെയാകുമ്പോൾ ശിവചക്രങ്ങൾ ശക്തിചക്രങ്ങളുടെ ബാഹ്യത്തിലായിരിക്കുന്നു. ശിവന് ശക്തിബാഹ്യത്വം സംഭാവ്യമല്ലാത്തതിനാൽ ആ ശിവചക്രങ്ങൾ ബിന്ദുരൂപമായി ആകർഷിച്ചിട്ട് ശക്തിചക്രങ്ങളുടെ അന്തർഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഇതുനിമിത്തം ശിവചക്രചതുഷ്ടയസ്വരൂപമായ ബിന്ദു, ശക്തിചക്രങ്ങൾ അഞ്ചിലും വ്യാപിച്ചുകൊണ്ടവസാനിക്കുന്നു. ഇങ്ങനെ ശിവശക്തികൾക്ക് ഐക്യം സംഭവിക്കുന്നു എന്നു ചിലർ പറയുന്നു.
മറ്റു ചിലരാകട്ടെ-ബിന്ദുത്രികോണങ്ങൾ തമ്മിലും, അഷ്ടകോണത്തിനും അഷ്ടദളപദ്മത്തിനും തമ്മിലും, ദശകോണ ദ്വയത്തിനും ഷോഡശദളപദ്മത്തിനും തമ്മിലും, ചതുർദശകോണത്തിനും ഭൂപുരത്രയത്തിനും തമ്മിലും, ഐക്യം ഭവിക്കുന്നു; ഈ വിധത്തിലാകുന്നു ശിവശക്തികളുടെ ഐക്യം എന്നു പറയുന്നു. എന്നാൽ ഇവിടെ ബിന്ദുശബ്ദം കൊണ്ടു ശിവചക്രചതുഷ്ടയത്തിൻ്റെ പ്രതിനിധിയായ വൃത്തത്തെ കുറിക്കുന്നു. അല്ലാതെ ചതുഷ്കോണത്തിന്റെ മദ്ധ്യത്തിലുള്ളതല്ല ബിന്ദു. ആ ബിന്ദുവാകട്ടെ സഹസ്രദളകമലത്തിന്റെ അന്തർഭാഗത്തിലുള്ളതും, മൂലാധാരചക്രത്തിലെ ചതുർദലവും, സ്വാധിഷ്ഠാനചക്രത്തിലെ ഷഡ്ദലവും ചേർന്ന ദശദലങ്ങളുടെ പ്രകൃതിഭൂതവും, ശിവശക്തിമേളനത്താൽ ആവേശിക്കപ്പെട്ട സ്വരൂപത്തോടുകൂടിയതും, സാദാഖ്യവുമായ ഇരുപത്താറാമത്തെ തത്ത്വമാകുന്നു. അതിനോടുകൂടി നാദബിന്ദുകലകൾക്ക് ഐക്യം ഭവിക്കുന്നില്ല. അതിനു കാരണം അതു നാദബിന്ദുകലാതീതമായതുകൊണ്ടാകുന്നു.
ഇതുകൊണ്ട് സഹസ്രദളകമലാന്തർഗ്ഗതമായിരിക്കുന്ന ചന്ദ്രമണ്ഡലത്തിൻ്റെ മദ്ധ്യവർത്തിയായ സുധാസിന്ധുതന്നെയാകുന്നു ഭഗവതിയുടെ വിഹരണസ്ഥാനമെന്നും ‘സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ’ എന്നും; ‘സുധാ സിന്ധോർമ്മദ്ധ്യേ’ എന്നും ഉള്ള രണ്ടു ശ്ലോകങ്ങൾക്കും അർത്ഥം ഒന്നുതന്നെയാകുന്നു എന്നുള്ള രഹസ്യം പറയപ്പെട്ടിരിക്കുന്നു. ഈ സംഗതിതന്നെ ‘ഭൈരവയാമള’ത്തിൽ ‘ചന്ദ്രജ്ഞാനവിദ്യ’യിൽ പരമശിവൻ പാർവ്വതീദേവിക്കുപദേശിക്കുന്നു:
ചതുർഭിശ്ശിവചക്രൈശ്ച ശക്തിചക്രൈശ്ച പഞ്ചഭിഃ നവചക്രൈശ്ച സംസിദ്ധം ശ്രീചക്രം ശിവയോർവ്വപുഃ ത്രികോണമഷ്ടകോണശ്ച ദശകോണദ്വയം തഥാ ചതുർദശാരദ്വൈതാനി ശക്തിചക്രാണി പഞ്ച ച
ബിന്ദുശ്ചാഷ്ടദളം പദ്മം പദ്മം ഷോഡശപത്രകം
ചതുരശ്രം ച ചത്വാരി ശിവചക്രാണ്യാനുക്രമാത് ത്രികോണബൈന്ദവം ശ്ലിഷ്ടമഷ്ടാരേf
ഷ്ടദളാംബുജം ദശാരയോഷ്ഷോഡശാരം ഭൂഗൃഹം ഭുവനാശ്രകേ
ശൈവാനാമപി ശാക്താനാം ചക്രാണാഞ്ച പരസ്പരം അവിനാഭാവസംബന്ധം യോ ജാനാതി സ ചക്രവിത്
ത്രികോണമഷ്ടകോണഞ്ച ദശകോണദ്വയം തഥാ
മനുകോണം ചതുഷ്കോണം കോണചക്രാണി ഷട്ക്രമാത്,
മൂലാധാരം തഥാ സ്വാധിഷ്ഠാനം ച മണിപൂരകം
അനാഹതം വിശുദ്ധ്യാഖ്യമാജ്ഞാചക്രം വിദുർബ്ബുധാഃ
തവാധാരസ്വരൂപാണി കോണചക്രാണി പാർവ്വതി
ത്രികോണരൂപിണീ ശക്തിർബിന്ദുരൂപശ്ശിവഃ സ്മൃതഃ അവിനാഭാവസംബന്ധസ്തസ്മാദ്ബിന്ദുത്രികോണയോഃ.’
അർത്ഥം: നാലു ശിവചക്രങ്ങളോടും അഞ്ചു ശക്തിചക്രങ്ങളോടും കൂടിയ ഒമ്പതു ചക്രങ്ങളെക്കൊണ്ട് ശിവദമ്പതിമാരുടെ ശരീരമായ ശ്രീചക്രം സംസിദ്ധമായിരിക്കുന്നു (ഉണ്ടായിരിക്കുന്നു).
അവയിൽ ത്രികോണചക്രം, അഷ്ടകോണചക്രം, അപ്രകാരം രണ്ടു ദശകോണചക്രങ്ങൾ. ചതുർദ്ദശകോണചക്രം ഇവയഞ്ചും ശക്തിചക്രങ്ങളാകുന്നു.ബിന്ദുചക്രവും, അഷ്ടദളപദ്മവും, ഷോഡശദളപദ്മവും,ചതുരശ്രവും ശിവചക്രങ്ങളുമാകുന്നു. ത്രികോണത്തിൽ ബിന്ദുചക്രം ചേർന്നിരിക്കുന്നു. അഷ്ടകോണചക്രത്തിൽ അഷ്ടദളപദ്മവും രണ്ടു ദശകോണചക്രങ്ങളിൽ ഷോഡശദളപദ്മവും ചേർന്നിരിക്കുന്നു. ചതുർദശകോണചക്രത്തിൽ ഭൂപുരത്രയവും ചേർന്നിരിക്കുന്നു.
ശൈവചക്രങ്ങൾക്കും ശാക്തചക്രങ്ങൾക്കും അന്യോന്യം അഭേദ്യമായ സംബന്ധമുണ്ടെന്നറിയുന്നവനാണ് ശ്രീചക്രത്തെക്കുറിച്ചറിവുള്ളവൻ.
ത്രികോണവും, അഷ്ടകോണവും, രണ്ടു ദശകോണങ്ങളും,അപ്രകാരം ചതുർദ്ദശകോണവും, ചതുഷ്കോണവും എന്നിങ്ങനെ കോണചക്രങ്ങൾ ക്രമത്തിൽ ആറെണ്ണമാകുന്നു.
ശക്തിസ്വരൂപിണിയായ തിരുവടിയുടെ കോണചകങ്ങൾ ആറും മൂലാധാരം, സ്വാധീഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറ് ആധാരസ്വരൂപങ്ങളാകുന്നു.
ശക്തി ത്രികോണരൂപിണിയും, ശിവൻ ബിന്ദുരൂപനുമാകുന്നു. അതിനാൽ ബിന്ദുത്രികോണങ്ങൾക്ക് ഒരിക്കലും വേർപിരിയാത്ത സംബന്ധം ഭവിക്കുന്നു.
ഈ ശ്ലോകങ്ങൾക്കു മുമ്പിലായി ‘അധോമുഖം ചതുഷ്കോണം ശിവചക്രാത്മകം വിദുഃ’ (ശിവകോണം അധോമുഖമായിട്ടുള്ളതും, ചതുഷ്കോണസ്വരൂപവുമാകുന്നു) എന്നു പറഞ്ഞിരിക്കുന്നതിനനുസരിച്ച് ‘അധോമുഖങ്ങളായ നാലു ത്രികോണങ്ങൾ ശിവസ്വരൂപങ്ങളാകുന്നു’ എന്നു പറഞ്ഞിരിക്കുന്നത് – ‘ശിവചക്രാണി ബാഹ്യാനി തദ്രുപേണാവസ്ഥിതാനി’ ശിവചക്രങ്ങൾ ശ്രീചക്രത്തിൻ്റെ ബാഹ്യത്തിൽ ഇരിക്കുന്നവയും, (ശിവസ്വരൂപങ്ങളുമാകുന്നു) എന്ന സംഗതിയെ ഉദ്ദേശിച്ചായിരിക്കണം എന്നു വിചാരിക്കേണ്ടതാകുന്നു.
അല്ലെങ്കിൽ- കൗളമതപ്രകാരം അധോമുഖങ്ങളായ നാലു ത്രികോണങ്ങൾ ശിവാത്മകങ്ങളും ഊർദ്ധമുഖങ്ങളായ അഞ്ചു ത്രികോണങ്ങൾ ശക്ത്യാത്മകങ്ങളും ആകുന്നു. കൗളമതത്തിൽ സംഹാരക്രമത്തിൽ ചക്രം വരയ്ക്കുമ്പോൾ ചക്രം നവത്രികോണരൂപമായി ഭവിക്കുന്നു. ഈ സംഗതികളെല്ലാം ‘ചതുർഭിഃ ശ്രീകണ്ഃ എന്നു തുടങ്ങുന്ന ശ്ലോകത്തിൻ്റെ വ്യാഖ്യാനത്തിലാണ് വിവരിക്കേണ്ടതെങ്കിലും ‘സഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ’ എന്ന ദിക്കിൽ അവശ്യം പറയേണ്ടതായിവന്നതിനാൽ രണ്ടു ദിക്കിലേയ്ക്കും ഉപയോഗമായിത്തീരത്തക്കവിധത്തിൽ കുറഞ്ഞൊന്നു പറഞ്ഞുവെന്നേയുള്ളു. വിസ്താരമായി 11-ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽനിന്നു ധരിക്കാം.
കടപ്പാട്
തുടരും…
Leave a Reply