🌸പുരാണനുറുങ്ങുകൾ
കാക്കയുടെ ഉത്ഭവം –
ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനാണ് കശ്യപൻ , കശ്യപന്റെ പത്നിയായ താമ്രയ്ക്ക് കാകി ,
ശ്യേനി ,ഭാസി , ഗൃദ്ധ്റിക , ശുചി , ഗ്രിവ ആദിയായി
പല പെൺകുട്ടികൾ ഉണ്ടായി . അവരിൽ കാകിയിൽ
നിന്നും ലോകത്ത് കാക്കകൾ ഉണ്ടായതായി അഗ്നിപുരാണം 19 ആം അദ്ധ്യായത്തിൽ പറയുന്നുണ്ട് .
🌸കാക്കകളുടെ പാപരൂപത്തെ പറ്റി ശിവപുരാണത്തിൽ
ഒരു സൂചന കാണുന്നു , പണ്ട് കാശിരാജാവിനു
കലാവതി എന്ന ഒരു പുത്രിയുണ്ടായിരുന്നു , അവൾക്കു ചെറുപ്പത്തിൽ തന്നെ ശൈവ-പഞ്ചാക്ഷരമന്ത്രം ലഭിച്ചു . അതിന്റെ ശേഷം കലാവതിയെ മധുരരാജാവായ ദാശാർഹൻ വിവാഹം കഴിച്ചു . ദാശാർഹൻ പാപിയായിരുന്നു .
അതിനാൽ പുണ്യവതിയായ കലാവതിയെ
സ്പർശിച്ചപ്പോൾ അസഹ്യമായ ചൂട് ഉണ്ടായി .
രാജാവിന്റെ പാപമാണ് അതിനു കാരണമെന്ന് കലാവതി മനസിലാക്കി , കലാവതി ദാശാർഹനെയും കൂട്ടികൊണ്ട് ഗർഗ്ഗമുനിയുടെ അടുക്കലേക്കു പോയി , മുനി ദാശാർഹനെ മന്ത്രം കൊണ്ട് ശുദ്ധികരിച്ചു ജലത്തിൽ ഇറക്കി നിർത്തി .
ഉടൻ രാജാവിന്റെ ശരീരത്തിൽ നിന്ന് പാപങ്ങൾ മുഴുവൻ കാക്കകളായി പുറത്തു വന്നു , കുറെ കാക്കകൾ പറന്നുപോയി , പലതും പക്ഷം കരിഞ്ഞു
താഴെ വീണു ,ഇതു കണ്ട് ഗർഗ്ഗമുനി ഇങ്ങിനെ പറഞ്ഞു –
“ജന്മകോടികൾ തോറും
സഞ്ചിതമായ നിന്റെ
കന്മഷപ്രപഞ്ചമിക്കാകന്മാരശേഷവും “
( ശിവ പുരാണം പഞ്ചാക്ഷര മാഹാത്മ്യം )🌸
🌸കാക്കയും ബലിച്ചോറും 🌸
കാക്കകൾക്ക് ബലിച്ചോറ് കൊത്തിതിന്നുവാൻ ഉള്ള
അവകാശം അല്ലെങ്കിൽ അനുവാദം കിട്ടിയതിനെ പറ്റി ഉത്തരരാമായണത്തിൽ ഒരു കഥ കാണുന്നു .ഒരിക്കൽ മരുത്തൻ എന്ന രാജാവ് ഒരു
മഹേശ്വരസത്രം നടത്തി . ഇന്ദ്രാദിദേവകൾ സത്രത്തിൽ സന്നിഹിതരായിരുന്നു , ഈ വിവരം അറിഞ്ഞു രാവണൻ ആ വഴിക്ക് വന്നു . ഭയവിഹ്വലരായ ദേവന്മാർ ഓരോരോ പക്ഷികളുടെ വേഷം പൂണ്ട് രക്ഷപെട്ടു . ആ കൂട്ടത്തിൽ യമധർമൻ
രക്ഷപെട്ടത് കാക്കയുടെ രൂപത്തിൽ ആണ് .അന്ന് മുതൽ യമന്‍ കാക്കകളോട് സന്തോഷം തോന്നി .
മനുഷ്യർ പിതൃക്കളെ പൂജിക്കുമ്പോൾ മേലിൽ ബലിച്ചോറ് കാക്കകൾക്ക് അവകാശമായി തീരുമെന്ന് യമധർമൻ അനുഗ്രഹിച്ചു , അന്ന് മുതലാണ് കാക്കകൾക്ക് ബലിച്ചോറു തിന്നാനുള്ള അവകാശം ലഭിച്ചത് (ഉത്തരരാമായണം )
🌸ഹൈന്ദവ വിശ്വാസികള്‍ പുരാണത്തിന്റെയും ഐതീഹ്യങ്ങളുടേയും പിന്ബലത്തോടും കൂടി വിശ്വസിക്കുന്ന ഒരു ഐതിഹ്യം കൂടി ഉണ്ട് , പണ്ട് മഹിരാവണന്‍ (പാതാളരാവണന്) എന്ന ഒരു അസുരചക്രവര്‍ത്തി പാതാളം വാണിരുന്നത്രെ. ദേവന്മാരില് നിന്ന് പല വരങ്ങളും സ്വായത്തമാക്കിയ മഹിചക്രവര്ത്തിയോട് അസുരകുലാചര്യനായ ശുക്രന് ദേവന്മാരോട് യുദ്ധംചെയ്ത് ദേവലോകം കീഴടക്കാന്‍ ആജ്ഞാപിച്ചു.
മഹിചക്രവര്ത്തി അസുരഭടന്മാരോടൊപ്പം ദേവലോകാധിപനായ ഇന്ദ്രന്റെ ദിക്കായ കിഴക്കേ കോണില്‍ ചെന്ന് ഇന്ദ്രനെ യുദ്ധത്തില്‍ തോല്‍പ്പിച്ചു. അഗ്നികോണില്‍ ചെന്ന് അഗ്നി ഭഗവാനെയും നിലം പരിശാക്കി. യമന്റെ ദിക്കായ തെക്ക് ഭാഗത്തെ കോണില്‍ ചെന്ന് യമഭഗവാനെ യുദ്ധത്തിന് വെല്ലുവിളിച്ചു. യമന്‍ ക്ഷതം സംഭവിച്ചാല്‍ അണ്ഡകടാഹങ്ങളുടെ തന്നെ താളം പിഴക്കും.
യമന്‍ ഓടിച്ചെന്ന് വസിഷ്ഠ മഹര്‍ഷിയെ അഭയം പ്രാപിച്ചു. പരകായ പ്രവേശം എന്ന മന്ത്രം ജപിച്ച് തന്റെ ശരീരത്തില്‍ നിന്നും ആത്മാവിനെ ഒരു കാക്കയിലേക്ക് ആവഹിച്ചു മാറ്റാന്‍ വസിഷ്ഠ മഹര്‍ഷി ഉപദേശിച്ചു. തുടര്‍ന്ന് യമന്റെ ജീവന് കാക്കയില്‍ പ്രവേശിക്കുകയും യമന്‍ ജഡാവസ്ഥയിലാവുകയും ചെയ്തു. മഹിരാവണന്‍ വന്ന്കണ്ടത് ജഡാവസ്ഥയിലുള്ള യമനെയായിരുന്നതുകൊണ്ട് യുദ്ധം ചെയ്യാന്‍ എതിരാളി ഇല്ലാത്തതിനാല്‍ തെക്ക് ദിക്കും പിടിച്ചെടുത്തതായി പ്രഖ്യപിച്ച് അസുരവംശത്തിന്റെ ധ്വജം നാട്ടി പാതാളത്തിലേക്ക് തിരിച്ചുപോയി.
പു നര് ജനിച്ചയമന് തന്നെ രക്ഷിച്ച കാക്കയെ തലോടി. എന്റെ പ്രീതിക്കുവേണ്ടി ഈ ലോകത്ത് മനുഷ്യര്‍ ബലിയിട്ട് നനഞ്ഞ കൈ അടിച്ചു വിളിക്കുമ്പോള്‍ നീ ചെന്ന് അത് ഭുജിച്ചാല്‍ ഞാന്‍ തൃപ്തിപ്പെടുമെന്ന് യമന്‍ അരുളി ചെയ്തു. ഇതനുസരിച്ചാണ് പരേതര്‍ക്കുവേണ്ടി ഇഹലോകവാസികള്‍ മരണത്തിന് ഹേതു മെനയുന്ന യമഭഗവാന് വഴി പിതൃക്കളെ തൃപ്തിപെടുത്താന്‍ ബലി ഇടുന്നതെന്നാണ് ഐതിഹ്യം.🌸
✍️ശാന്തിസുരേഷ്പനവേലിൽ
Leave a Reply