രാമബ്രഹ്മം തഞ്ചാവൂർ രാജ്യസഭയിൽ രാമായണം വായിക്കുമായിരുന്നു. ഒരു ദിവസം മകൻ ത്യാഗുവിനെക്കൂടി രാമബ്രഹ്മം കൂടെക്കൂട്ടി. ത്യാഗു രാമായണം വായിക്കുന്നു, രാമബ്രഹ്മം വ്യാഖ്യാനിക്കുന്നു. ത്യാഗുവിൻ്റെ അക്ഷരശുദ്ധിയെയും സ്വരമാധുരിയെയും കാണികൾ മുക്തകണ്ഠം പുകഴ്ത്തി.
ത്യാഗരാജനെ പ്രശസ്തനായ സോന്തി വെങ്കടരമണയ്യയെക്കൊണ്ട് സംഗീതം പഠിപ്പിക്കണമെന്ന് രാമബ്രഹ്മം ആഗ്രഹിച്ചിരുന്നു. രാമബ്രഹ്മത്തിന് പൂജക്ക് പൂക്കളറുത്തിരുന്നത് വെങ്കടരമണയ്യയുടെ തോട്ടത്തിൽ നിന്നാണ്. ഒരു ദിവസം പൂ പറിക്കാൻ പോയ ത്യാഗരാജനെ കാണാതെ അന്വേഷിച്ച് ചെന്ന രാമബ്രഹ്മം കണ്ടത് വെങ്കടരമണയ്യയുടെ സംഗീതം കേട്ട് മകൻ എല്ലാം മറന്ന് ലയിച്ച് നില്ക്കുന്നതാണ്. വിവരമറിഞ്ഞു വന്ന വെങ്കടരമണയ്യ അപ്പോൾ തന്നെ ത്യാഗുവിനെ ശിഷ്യനായി സ്വീകരിച്ചു. ഗുരുനാഥൻ കുറച്ചു കാലം കൊണ്ട് തനിക്കറിയുന്നതെല്ലാം ശിഷ്യനെ പഠിപ്പിച്ചു.
ഒരു ദിവസം തൻ്റെ വീടിൻ്റെ ചുമരിൽ “നമോ നമോ രാഘവയ്യ” എന്ന് തുടങ്ങുന്ന കൃതി കണ്ട് അത്ഭുതപ്പെട്ട വെങ്കടരമണയ്യയുടെ അന്വേഷണം അവസാനിച്ചത് പതിമൂന്ന് വയസ്സുള്ള ത്യാഗരാജനിലായിരുന്നു. തൻ്റെ ശിഷ്യൻ്റെ അസാധാരണ സംഗീത മികവിനെക്കറിച്ച് സോന്തി തഞ്ചാവൂർ രാജാവിനെ ധരിപ്പിച്ചു. രാജാവ് ത്യാഗരാജന് ധാരാളം സമ്മാനങ്ങൾ കൊടുത്തയച്ചു, രാജ്യസഭയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ക്ഷണം നിരസിച്ച ത്യാഗു “നിധിചാല സുഖമാ” [നിധികുംഭങ്ങൾ സുഖം തരുമോ] എന്ന് എഴുതി അയച്ചു.
സംഗീതത്തിൽ കൂടുതൽ അറിവിനായി ത്യാഗരാജൻ സംഗീതമുനിയായ നാരദരെ ഉപാസിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഒരു സന്യാസി ത്യാഗരാജനെ കാണാൻ വന്നു, ഒരു പൊതി കയ്യിൽ കൊടുത്തു് കാവേരിയിൽ കുളിക്കാൻ പോയി. ഭക്ഷണം പാകം ചെയ്ത് സന്യാസിയെ കാത്തിരുന്ന ത്യാഗരാജൻ മയങ്ങിപ്പോയി. സ്വപ്നത്തിൽ നാരദൻ വന്ന് താനാണ് സന്യാസിയായി വന്നതെന്നും പൊതിയിൽ സ്വരാർണവം എന്ന ഗ്രന്ഥമുണ്ടെന്നും താങ്കൾക്ക് ആവശ്യമുള്ളതെല്ലാം അതിലുണ്ടാവുമെന്നും അറിയിച്ചു.
ത്യാഗരാജൻ പാർവ്വതിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളുണ്ടായി, സീതാലക്ഷ്മി. അച്ഛൻ മരിച്ച് സ്വത്ത് ഭാഗം കഴിഞ്ഞപ്പോൾ ത്യാഗരാജന് കിട്ടിയത് വീടിൻ്റെ ഒരു ഭാഗവും അച്ഛൻ പൂജിച്ചിരുന്ന ശ്രീരാമവിഗ്രഹവും. ത്യാഗരാജൻ നിത്യവൃത്തിക്ക് ഭിക്ഷാടനം പതിവാക്കി. ഒരുദിവസം ത്യാഗരാജൻ രാമകൃഷ്ണയതീന്ദ്രനെന്ന ഒരു സന്യാസിവര്യനെ കണ്ടുമുട്ടി. ഇത് അവസാനത്തെ ജന്മമാണ്, സാഫല്യമുണ്ടാകാൻ 96 കോടി തവണ ശ്രീരാമമന്ത്രം ജപിക്കാൻ ത്യാഗരാജനെ സന്യാസി ഉപദേശിച്ചു. അടുത്ത ദിവസം മുതൽ ദക്ഷിണ കൈലാസക്ഷേത്രത്തിൽ ത്യാഗരാജൻ ഭക്തിയോടെ മന്ത്രജപം ആരംഭിച്ചു. 21 വർഷം കൊണ്ട് 96 കോടി തവണ പൂർത്തിയായ ദിവസം ശ്രീരാമൻ സീതാലക്ഷ്മണഹനുമാൻ സമേതനായി ത്യാഗരാജന് ദർശനം നൽകി.
തഞ്ചാവൂർ രാജാവ് ത്യാഗരാജനെ രാജ്യസദസ്സിലേക്ക് ക്ഷണിച്ചു. ക്ഷണം നിരാകരിച്ച ത്യാഗരാജൻ “ധനം സമ്പാദിച്ച് സുഖമനുഷ്ഠിക്കുന്നതൊ രാമനാമം ജപിച്ച് സുഖമനുഷ്ഠിക്കുന്നതൊ യഥാർത്ഥ സുഖം. അഹങ്കാരികളായ നരന്മാരെ സ്തുതിക്കുന്നതൊ രാമൻ്റെ തൃപ്പാദങ്ങളെ സ്തുതിക്കുന്നതൊ യഥാർത്ഥ സുഖം”, എന്നെഴുതി രാജാവിനയച്ചു. രാജാവ് പ്രീതനായാൽ ധാരാളം ധനം കിട്ടുമെന്ന് കരുതിയ ജ്യേഷ്ഠൻ ഉൽപ്പേശൻ, ക്രോധത്തോടെ ത്യാഗരാജൻ പൂജിച്ചിരുന്ന ശ്രീരാമവിഗ്രഹമെടുത്ത് കാവേരിയിലെറിഞ്ഞു.
എല്ലാ ദിവസവും ത്യാഗരാജൻ കാവേരി തീരത്ത്ചെന്ന് വിഗ്രഹം തിരഞ്ഞു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ത്യാഗരാജൻ ഒരു പ്രതിജ്ഞയെടുത്തു. ഇനി ആ വിഗ്രഹം തിരിച്ചു കിട്ടുന്നതുവരെ വെള്ളം പോലും കുടിക്കില്ല. ഭഗവാന് തൻ്റെ ഭക്തനെ എത്രകാലം പരീക്ഷിക്കാനാവും? അന്ന് രാത്രി ശ്രീരാമൻ സ്വപ്നത്തിൽവന്ന് ത്യാഗരാജന് വിഗ്രഹം കിടക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. പിറ്റേന്ന് രാവിലെ ത്യാഗരാജൻ കാവേരിയിൽ നിന്നും വിഗ്രഹം വീണ്ടെടുത്തു.
ത്യാഗരാജൻ്റെ പ്രയാസങ്ങൾ അവസാനിക്കുന്നില്ല. മകൾ സീതാലക്ഷ്മി പ്രായമായി വരുന്നു. മറുവശത്ത് ജ്യേഷ്ഠൻ്റെ ഉപദ്രവംകൂടി വരുന്നു. ഭിക്ഷാംദേഹിയുടെ മകളെ വിവാഹം ചെയ്യാൻ ആരുവരും? എല്ലാം തന്നിലർപ്പിച്ച ഭക്തനെ ഭഗവാന് കൈവിടാൻ കഴിയുമൊ? യോഗ്യനായ ഒരു ചെറുപ്പക്കാരൻ, കുപ്പുസ്വാമി, സീതാലക്ഷ്മിയെ പാണിഗ്രഹണം ചെയ്തു. ജ്യേഷ്ഠൻ ഉൽപ്പേശനും അധികകാലം ത്യാഗരാജനെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല.
ത്യാഗരാജൻ്റെ പ്രശസ്തി തിരുവിതാംകൂറിലുമെത്തി. കേരളീയനായ ഷ്ട്കാല ഗോവിന്ദമാരാർ ഒരിക്കൽ സ്വാമികളെ സന്ദർശിച്ചു. ഗോവിന്ദമാരാരുടെ സംഗീതത്തിൽ ആകൃഷ്ഠനായി സ്വാമികൾ ശിഷ്യരെക്കൊണ്ട് ‘എന്തൊരു മഹാനുഭാവുലു’ എന്ന കീർത്തനം പാടിപ്പിച്ചു.
വാർദ്ധക്യത്തിൻ്റെ പ്രാരംഭത്തിൽ ത്യാഗരാജൻ തീർത്ഥാടനത്തിന് പുറപ്പെട്ടു. ഭക്തനായ കോവൂർ സുന്ദരമുതലിയാരുടെ ആദിഥ്യം സ്വീകരിച്ച സ്വാമികൾക്ക് കോവൂർ ആയിരം സ്വർണനാണയങ്ങൾ സമ്മാനിച്ചു. സ്വാമികൾ സമ്മാനം തിരസ്ക്കരിച്ചപ്പോൾ മുതലിയാർ സ്വാമികളറിയാതെ അത് പല്ലക്കിൻ്റെ മെത്തക്കടിയിൽ വെക്കുകയും കൂടെയുള്ളവരോട് വിവരം പറയുകയും ചെയ്തു. കാട്ടിലെത്തിയപ്പോൾ കള്ളന്മാർ ആക്രമിക്കാനെത്തി. ആയിരം സ്വർണ്ണനാണയം രാമനവമി ഉത്സവത്തിന് മുതലിയാർ നൽകിയ വിവരം കൂടെയുണ്ടായിരുന്നവർ സ്വാമികളോട് പറഞ്ഞു. രാമൻ്റെ മുതൽ രാമൻ രക്ഷിച്ചു കൊള്ളും എന്ന് പറഞ്ഞു സ്വാമികൾ ഉറങ്ങാൻ തുടങ്ങി. എവിടെനിന്ന് വന്നുവെന്നറിഞ്ഞു, രണ്ട് യുവാക്കൾ കള്ളന്മാർക്ക് നേരെ അമ്പുകളയക്കാൻ തുടങ്ങി. കള്ളന്മാർ ഓടി രക്ഷപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ കള്ളന്മാർ തിരിച്ചുവന്ന് സ്വാമികളെ കണ്ട് മാപ്പ് പറഞ്ഞു. സ്വാമികൾ പറഞ്ഞു! ശ്രീരാമനും ലക്ഷ്മണനുമാണ് അമ്പെയ്‌ത് നിങ്ങളെ ഓടിച്ചത്. നിങ്ങളുടെ പൂർവ്വജന്മസുകൃതം കൊണ്ടാണ് അവരെ കാണാൻ കഴിഞ്ഞത്. ഇനിയെങ്കിലും നല്ലവരായി ജീവിക്കുക.
തിരുപ്പതി ക്ഷേത്രത്തിലെത്തിയപ്പോൾ തിരു വെങ്കിടേശനെ ഒരു തിരശ്ശീലകൊണ്ട് മറച്ചിരിക്കുന്നു. തിരശ്ശീല മാറ്റി ദർശനം അനു വദിക്കാൻ സ്വാമികൾ അപേക്ഷിച്ചെങ്കിലും ക്ഷേത്രം അധികാരികൾ കൂട്ടാക്കിയില്ല. സ്വാമികൾ ‘തെരതീയഗരാദാ’ എന്ന കീർത്തനം പാടാൻ തുടങ്ങി, കീർത്തനം പാടിക്കഴിഞ്ഞപ്പോൾ പട്ട്തിരശ്ശീല തനിയെ താഴെ വീണു.
വാർദ്ധക്വത്തിൽ ഭാഗവതർ സന്യാസം സ്വീകരിച്ചു. ഒരു ഉത്തമ യോഗിവര്യൻ. 1847 ജനവരി 6, പുഷ്യബഹുള പഞ്ചമി ദിവസം, ശിഷ്യർ സ്വാമിക്ക് ചുറ്റുമിരുന്ന് പാടിക്കൊണ്ടിരിക്കുന്നു. ശിഷ്യരുടെ സംഗീതത്തിൽ ലയിച്ചിരുന്ന സ്വാമികളുടെ മൂർദ്ധാവ് പൊട്ടി ഒരു ദിവ്യപ്രകാശം പ്രത്യക്ഷപ്പെട്ട് അല്പസമയം അന്തരീക്ഷത്തിൽ തങ്ങി നിന്നു, പിന്നീടത് ആകാശത്തിൽ ലയിച്ചതായി ശിഷ്യമാർ കണ്ടു.
തഞ്ചാവൂർ രാജാവും, സ്വാതി തിരുനാളു മുൾപ്പടെയുള്ള രാജാക്കന്മാർ ആസ്ഥാന സംഗീതജ്ഞനായി ക്ഷണിച്ചെങ്കിലും സ്വാമികൾ അതിലൊന്നും താൽപ്പര്യം കാണിച്ചില്ല. അഗാധമായ രാമഭക്തിമൂലം ഈശ്വരസ്തുതികൾ അല്ലാതെ വ്യക്തികളെ ക്കുറിച്ച് പാടുകയൊ, അമ്പലങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ പാടുകയൊ ചെയ്യാറില്ലായിരുന്നു. ത്വാഗരാജ സ്വാമികളുടെ കീർത്തനങ്ങൾ പാടാത്ത ഒരു സംഗീതജ്ഞനും ഇന്നില്ല.
Leave a comment