Kaingali

*കരിങ്കാളി*
🔥🔱🔥🔱🔥🔱🔥🔱🔥🔱🔥
കാർമേഘം പോലെ കറുത്തവളാണ് കരിങ്കാളിയെന്ന് പല കൃതികളിലും കാണാം. കാളിയ്ക്ക് പല രൂപങ്ങളുമുണ്ട്. ഭഗവതി രൗദ്രമൂർത്തി മാത്രമാണ് എന്ന പൊതുധാരണ ശരിയല്ല. ബാലഭദ്ര, സുമുഖീകാളി എന്നിവ സൗമ്യസുന്ദരഭാവങ്ങൾ. കണ്ടങ്കാളിയും കരിങ്കാളിയുമാണ് കൂടുതൽ ശക്തിയുള്ളത്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്, ആദിപരാശക്തിയായ കാളി ശക്തിയുടെയും സംഹാരത്തിന്റെയും ദൈവമായാണ് അറിയപ്പെടുന്നത്. ശ്മശാനത്തിലും യുദ്ധഭൂമിയിലും വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. ഭദ്രകാളിക്ക് കറുത്ത നിറമാണ്. അതിനാൽ കരിംകാളി എന്നറിയപ്പെടുന്നു. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കാൻ ശക്തയാണെന്നാണ് വിശ്വാസം. ദേവീഭാഗവതത്തിൽ ആദിശക്തിയുടെ മൂന്ന് ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു.
കാളി എന്നാൽ “കാളുന്നവൾ, കറുത്തവൾ, രാത്രി” എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കരിങ്കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. “ഭദ്രമായ കാലത്തെ നല്കുന്നവൾ” എന്നതാണ് ഭദ്രകാലി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു.
ഭഗവതീപൂജക്ക്‌ ജാതിവർണ്ണങ്ങൾ ബാധകമല്ലാത്തതിനാൽ പൊതുവേ എല്ലാ ഹൈന്ദവവിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. കുടുംബദൈവമായും, ദേശദേവിയായും ഉപാസനാമൂർത്തിയയും ഒക്കെ കരിങ്കാളി ആരാധിക്കപ്പെടുന്നു.ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ കാളി. പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.
ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത്പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു.
കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് .
കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു. ശക്തിയുടെ പ്രതീകമാണ് കാളി. വിശ്വാസികൾ ആദിപരാശക്തിയുടെ മൂർത്ത രൂപമായി കാളിയെ കണക്കാക്കുന്നു. ശ്രീഭദ്ര, ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ ആദിപരാശക്തിയുടെ സ്വരൂപമായ മഹാകാളിയെ ആരാധിച്ചു വരുന്നു. ഇത് ശിവപത്നിയായ ഭഗവതിയാണ്. അതിനാൽ പാർവതി തന്നെയാണ് കാളി എന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ ദ്രാവിഡർ കാളിയെ പ്രകൃതിയായി, ഊർവ്വരതയായി, മണ്ണിന്റെ ഫലഭൂയിഷ്ടതയായി, കർഷകരുടെ ദൈവമായി സങ്കൽപ്പിച്ചിരുന്നു. സൃഷ്ടിയുടെ അടിസ്ഥാനം ശക്തിയുടെ പ്രതീകമായ സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശൈവ വിശ്വാസപ്രകാരം ഇത് ശ്രീ പാർവതിയുടെ കറുത്ത ഭാവമായി തീരുകയായിരുന്നു. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് കരിങ്കാളി കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. അയോധനകലകളുടെ ദൈവമായും കാളി അറിയപ്പെടുന്നു. കേരളത്തിലെ കളരികളിലും കാളീപൂജ പതിവായിരുന്നു. അതിനാൽ കളരി ദൈവമായും കാളിയെ സങ്കൽപ്പിച്ചു വരുന്നു. ബ്രാഹ്മണേതരർ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ വീടുകളിൽ മച്ചകത്തു പരദേവതയായി ഭഗവതിയെ കാണാം.
@nrc.

🙏🔱🙏

Leave a comment

Design a site like this with WordPress.com
Get started