Navarathri mukunda temple mahathmyam

മഹാമാഘം നടക്കുന്ന ദേശമായ തിരുനാവായയിലെ ഓരോ ക്ഷേത്രവും,
ഐതിഹ്യവും ചരിത്രവും കലർന്ന അത്ഭുതങ്ങളാൽ തിളക്കമാർന്നവയാണ്.

മാർക്കണ്ഡേയപുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് നാവാമുകുന്ദ ക്ഷേത്രം.

മക്കളില്ലാത്ത മൃകണ്ഡുമഹർഷി പുത്രനെ ലഭിയ്ക്കാനായി തപസ്സ് ചെയ്ത്, ശിവൻ പ്രത്യക്ഷമായി.

പതിനാറ് വർഷം  മാത്രം ആയുസ്സുള്ള സത്സന്താനം വേണോ,
അതോ, കുബുദ്ധിയും ദീർഘായുസ്സുമുള്ള മകൻ വേണോ
എന്ന ചോദ്യത്തിന്,
‘നല്ല കുഞ്ഞ് മതി; ആയുസ്സ് കുറവെങ്കിലും’
എന്ന് മഹർഷി മറുപടി പറഞ്ഞു.

മൃകണ്ഡുവിൻ്റെ ഈ മകനാണ് മാർക്കണ്ഡേയൻ.

കുഞ്ഞിന് പ്രായമേറുന്തോറും അച്ഛനമ്മമാർക്ക് ആധിയേറി.

മകൻ ഈ വിഷമത്തിൻ്റെ കാരണമന്വേഷിച്ച് കാര്യമറിഞ്ഞു.

ഉടനെ, കടുത്ത ശിവഭജനം തുടങ്ങി.

പതിനാറ് വയസ്സായി.

ശിവഭജനംമൂലം മാർക്കണ്ഡേയൻ്റെ അരികിലേയ്ക്ക് അടുക്കാൻ പറ്റുന്നില്ല
എന്ന് യമഭടൻമാർ യമനെ അറിയിച്ചു.

യമൻ നേരിട്ടെത്തി.

കാലനെ കണ്ടതും, മാർക്കണ്ഡേയൻ നാവാമുകുന്ദക്ഷേത്രത്തിൽ ഓടിക്കയറി.

പുറത്തെ പ്രദക്ഷിണവഴിയിലൂടെ മാർക്കണ്ഡേയൻ മൂന്നുവട്ടം ഓടി.
ഇരുമ്പുലയ്ക്കയും കയറും പിടിച്ച്, പോത്തിൻപുറത്ത് കാലൻ പുറകെയും.

ഈ ഇരുമ്പുലയ്ക്കയുടെ ചിറ്റിൻ്റെ പാടും
പോത്തിൻ്റെ കുളമ്പിൻ്റെ പാടും അമ്പലത്തിൽ താഴെ വിരിച്ച കല്ലിൽ ഇന്നും കാണാം.

ഒടുവിൽ, കാലൻ പിടിയ്ക്കുമെന്നുറപ്പായപ്പോൾ മാർക്കണ്ഡേയൻ ഓടി, ശ്രീകോവിലിൽ കയറി, വിഷ്ണുവിനെ അഭയം പ്രാപിച്ചു.

‘മരണദേവനെ നിയന്ത്രിയ്ക്കാൻ മഹാദേവനേ കഴിയൂ’ എന്ന് വിഷ്ണു പറഞ്ഞു.

വിഷ്ണുവിൻ്റെ മുന്നിൽ ശ്രീകോവിലിന് പുറത്ത് കിഴക്കുഭാഗത്തായി കാലൻ, മാർക്കണ്ഡേയൻ പുറത്തിറങ്ങുന്നതും കാത്തു നിൽപ്പുണ്ട്.

“ഞാൻ, എൻ്റെ പുറകിൽ ഒരു വാതിൽ സൃഷ്ടിയ്ക്കാം.
അതുവഴി ഇറങ്ങി തൃപ്രങ്ങോട്ടേയ്ക്ക് ഓടൂ.
ഈ മണിക്കല്ലുകൾ പിടിയ്ക്കൂ.
കാലൻ പിടിയ്ക്കും എന്ന് തോന്നുമ്പോൾ, ഈ കല്ല് പുറകിലേയ്ക്ക് എറിഞ്ഞാൽ മതി.
ഒരല്പം സമയം കാലൻ സ്തംഭിച്ചുനിൽക്കും.
തൃപ്രങ്ങോട് ക്ഷേത്രത്തിലെത്തിയാൽ രക്ഷപ്പെടാം.”

ഉടനെ, വിഷ്ണുവിന് പുറകിൽ ഒരു വാതിൽ തുറന്നു.
മാർക്കണ്ഡേയൻ അതുവഴി ഇറങ്ങി ഓടി.
ഉടനെ ഈ വാതിൽ സ്ഥിരമായി അടയുകയും ചെയ്തു.

ഈ പടിഞ്ഞാറേ വാതിൽ ക്ഷേത്രത്തിൽ പോകുന്നവർക്ക് നേരിൽ കാണാം.
‘പുനരുദ്ധാരകർ’ ശ്രീകോവിലിൽ കൈവെയ്ക്കാത്തതുകൊണ്ട് അത് ഇപ്പോഴും ബാക്കിയുണ്ട്.

മാർക്കണ്ഡേയൻ വിഷ്ണു പറഞ്ഞതുപോലെ ഓടി, തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിൽ എത്തുന്നു.

അമ്പലത്തിനു
മുന്നിൽ വലിയൊരു ആൽ.
നോക്കുമ്പോൾ, മുന്നിൽ, മരത്തിനിരുവശത്തും, ഏതുവശത്തുകൂടി കടന്നാലും പിടിയ്ക്കാൻ തയ്യാറായി യമഭടൻമാർ നിൽക്കുന്നു.
പുറകിൽ കൊലക്കയർ എറിയാൻ തയ്യാറായി കാലനും.

‘ ഭഗവാനേ…, ‘
എന്ന വിളിയിൽ, ആലു പിളർന്ന്, നടുവിലൂടെ ഒരു വഴി, മാർക്കണ്ഡേയന് രക്ഷപ്പെടാനായി ഉണ്ടായി.

ഈ,
നടു പിളർന്ന ആൽ അടുത്ത കാലം വരെ ഇവിടെ ഉണ്ടായിരുന്നു എന്നും; 1970 കളിൽ, ‘വികസനം’ എന്നു പറഞ്ഞ് വെട്ടിക്കളഞ്ഞു എന്നും ചിലർ പറഞ്ഞറിഞ്ഞു.

കഥ തുടരുന്നു.

കാലൻ്റെ പിടി വീഴും എന്നുറപ്പായപ്പൊ മാർക്കണ്ഡേയൻ ക്ഷേത്രത്തിനകത്തെ ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചു.
കാലൻ കുരുക്കെറിഞ്ഞു.
ശിവലിംഗവും മാർക്കണ്ഡേയൻ്റെ കഴുത്തും ചേർന്നാണ് കുരുക്ക് വീണത്.

നാവാമുകുന്ദൻ്റെ ഈ തന്ത്രത്തിൽ,
ശിവൻ രോഷാകുലനായി പ്രത്യക്ഷപ്പെട്ട്, കാലനെ ത്രിശൂലംകൊണ്ട് വധിച്ചു.

തുടർന്ന്, കാലനില്ലാത്ത കാലം.
നന്നങ്ങാടികളുടെ കാലം
ഇവിടെനിന്നും തുടങ്ങി.

മൃത്യുഞ്ജയദേവനായ തൃപ്രങ്ങോട്ടപ്പൻ്റെ വിശേഷങ്ങൾ വേറെ കുറിപ്പിൽ പറയാം.

നമ്മൾക്ക് നാവാക്ഷേത്രത്തിലേയ്ക്ക് മടങ്ങാം.

പെട്ടെന്നുണ്ടായിവന്നതും ഉടനെ അടഞ്ഞതുമായ പടിഞ്ഞാറേ വാതിലിന് താഴെ ക്ഷേത്രത്തിൽ ഒരു ചെറിയ നന്ദികേശൻ ഉണ്ട്.
ശിവനില്ലാതെ ഒറ്റയ്ക്കൊരു നന്ദി!

ശിവനില്ലാതെ നന്ദികേശൻ വരില്ല.

പക്ഷേ, ശിവനെവിടെ !?

ഈ ചോദ്യം പൊതുജനത്തിൽ ഉയർന്നാൽ, അത് , ഹൈദർ അലിയിലോ
ടിപ്പുവിലോ
മലബാർ കലാപത്തിലോ
എത്തിപ്പെടും.
തകർക്കപ്പെട്ട ഒരു ശിവക്ഷേത്രത്തിലേയ്ക്കുള്ള ചൂണ്ടുപലകയാണ് ഈ നന്ദികേശൻ.
ഇത്തരമൊരു അന്വേഷണം നടക്കാതിരിയ്ക്കാൻ ഇവിടെ ഒരു കഥ കൊണ്ടുവെച്ചിട്ടുണ്ട്.

അതിങ്ങനെ.

ശിശുവായ മാർക്കണ്ഡേയന് ശ്രീകോവിലിൽനിന്നും ഇറങ്ങാൻ എളുപ്പത്തിന് നന്ദികേശൻ ഇവിടെ വന്ന് നിന്നതാണത്രേ!

ഇവിടെ ഈ കഥയുണ്ടാക്കിയവർ മറന്ന കാര്യം,
മാർക്കണ്ഡേയന് 16 വയസ്സായിരുന്നു അന്ന് എന്നതാണ്.
അതായത്, ഏറ്റവും ആരോഗ്യമുള്ളതും ഊർജ്ജസ്വലമായതുമായ പ്രായം.
ഈ ചെറിയ ഉയരത്തിൽനിന്ന് ഇറങ്ങാൻ ഒരു കാളപ്പുറത്തിൻ്റെ ആവശ്യം ഒരു പതിനാറുകാരന് ഇല്ല.

ഇനി മഹാലക്ഷ്മിയുടെ പ്രതിഷ്ഠയിലേയ്ക്ക് പോകാം.

ഒരുപക്ഷേ കേരളത്തിൽ മഹാലക്ഷ്മിയ്ക്ക് പ്രത്യേക പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം.

രണ്ടു കൈകളും വരം നൽകുന്ന രീതിയിലായിരുന്നു പണ്ട്.
ലക്ഷ്മിയുടെ വരം എന്നത് ഐശ്വര്യം അഥവാ സമ്പത്ത്.

ഈ ക്ഷേത്രം തകർക്കാനും കൊള്ളയടിയ്ക്കാനും ഹൈദർ അലി ഒരിയ്ക്കൽ പടയുമായെത്തി.
നാവാമുകുന്ദൻ്റെ വിഗ്രഹവും ലക്ഷ്മിയുടെ വിഗ്രഹവും
വെട്ടിയും കുത്തിയും ഇളക്കിയെടുത്തു.

നാവാമുകുന്ദൻ്റെ വിഗ്രഹം ഏത് ലോഹമാണ് എന്ന് തിരിച്ചറിയാനാവാത്തതിനാൽ അത് ഹൈദർ ഉപേക്ഷിച്ചു.
ക്രമേണ ഈ വിഗ്രഹം തിരികെ പ്രതിഷ്ഠിച്ചു.
ഇതിൽ വെട്ടുകൊണ്ട പാട് ഇപ്പോഴും കാണാം എന്ന്, വിഗ്രഹവുമായി അടുപ്പമുള്ളവർക്കറിയാം.

ലക്ഷ്മിയുടെ വിഗ്രഹം കൈ വെട്ടിയൊടിച്ച് നല്ല വിലയ്ക്ക് വിറ്റു.
വിഗ്രഹം കൊച്ചിയിൽ ഉണ്ട് എന്നറിഞ്ഞ വെള്ള നമ്പുതിരി, ആതവനാട് രാജാവിൻ്റെ സമ്മതത്തോടെ വിഗ്രഹം പണം കൊടുത്ത് വാങ്ങി തിരികെ കൊണ്ടുവന്ന്, നട്ടും ബോൾട്ടും ബെൽറ്റും ഇട്ട് റിപ്പയർ ചെയ്ത്, വീണ്ടും പ്രതിഷ്ഠിച്ചു.
പരിക്കുമൂലവും ഭാരം മൂലവും ഒരു കൈ വരം നൽകുന്ന രീതിയിൽ വെയ്ക്കാൻ പറ്റാതായി.

എന്നാൽ,
കഥകളിഷ്ടമുള്ള ഹിന്ദുക്കളെ കഥകൾകൊണ്ട് പറ്റിയ്ക്കാൻ ഇറക്കിയ കഥകൂടി കേൾക്കാം.

നവയോഗികൾ പ്രതിഷ്ഠിച്ച ഒൻപത് വിഗ്രഹങ്ങളിൽ എട്ടെണ്ണം ഈ പ്രദേശത്ത് ഭൂമിയിൽ അപ്രത്യക്ഷമായതിനാൽ, ഒരിയ്ക്കൽ ശങ്കരാചാര്യർ ഇവിടെ തൊഴാൻ വന്നപ്പോൾ, താഴെയുള്ള സാളഗ്രാമങ്ങളെ ചവുട്ടാതിരിയ്ക്കാൻ മുട്ടുകുത്തി പ്രദക്ഷിണം ചെയ്തത്രേ!

ഇതു കണ്ട് ബ്രാഹ്മണർ പുച്ഛിച്ച് ചിരിച്ചത്രേ!

ഇതിൽ കുപിതനായ ശങ്കരാചാര്യർ ഇങ്ങനെ ചിന്തിച്ചത്രേ,
‘ഐശ്വര്യം കൂടിയതിൻ്റെ അഹങ്കാരമാണ് ഈ ബ്രാഹ്മണർക്ക്.
അതിനു കാരണം ലക്ഷ്മീദേവിയുടെ ഇരുകൈകളാലും വരം നൽകുന്ന ഈ ഭാവമാണ്.’
ഇങ്ങനെ തീരുമാനിച്ച് ആചാര്യസ്വാമികൾ ലക്ഷ്മിയുടെ ഒരു കൈ തട്ടിത്താഴ്ത്തി ഐശ്വര്യം പകുതിയാക്കിക്കുറച്ചത്രേ!

ഇവിടെയാണ് ഹിന്ദുക്കളെ കഥകൾ കൊണ്ട് പറ്റിയ്ക്കുന്ന ക്ഷുദ്രബുദ്ധികൾ പ്രവർത്തിയ്ക്കുന്നത്.

ഇവരോട് ചോദിയ്ക്കേണ്ടതായ കുറേ ചോദ്യങ്ങളുണ്ട്.

നൂറ്റാണ്ടുകളായി കയത്തിൽ കിടന്നിരുന്ന വിഗ്രഹങ്ങൾ ദിവ്യദർശനത്തിലൂടെ കണ്ട് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ച ആളാണ് ശങ്കരാചാര്യർ.
അദ്ദേഹത്തിന് ഭൂമിയ്ക്കടിയിലെ സാളഗ്രാമങ്ങൾ കിടക്കുന്ന സ്ഥലം അന്നെന്തേ കാണാൻ കഴിയാതെ പോയത് ?!
ദിവ്യദൃഷ്ടിയിൽ കണ്ട്, ആ ഭാഗം ചവുട്ടാതെ നടന്നാൽ പോരേ ?

ഇനി, അദ്ദേഹം അങ്ങനെ ചെയ്തെങ്കിൽത്തന്നെ,
അത് കാണുന്ന ഒരു ബ്രാഹ്മണൻ ആചാര്യസ്വാമികളെ പരിഹസിയ്ക്കുമോ?!
അന്നത്തെ ബ്രാഹ്മണർ എന്നത്, പൂണൂലിട്ട മനുഷ്യരല്ല; ബ്രഹ്മത്തെ അറിഞ്ഞവരാണ്.
അവർ ആചാര്യനെ ആദരിയ്ക്കുന്നവരാണ്.

അടുത്തത്,
ഐശ്വര്യം കുറഞ്ഞാൽ അഹങ്കാരം കുറയും എന്ന് ഏത് ഗ്രന്ഥത്തിലാണ് ആചാര്യൻ്റെ തിരിച്ചറിവായി എഴുതിയിട്ടുള്ളത് ?!

ഒന്നോ രണ്ടോ വ്യക്തികളുടെ കുരുത്തക്കേടുകൊണ്ട് നാടിൻ്റെ ഐശ്വര്യം കെടുത്തുന്നവനാണോ ആചാര്യൻ ?!

ഇനി,
കൈ ഒടിച്ച ശേഷം നട്ടും ബോൾട്ടും ബെൽറ്റുമിട്ട് കൈ ശരിയാക്കാൻ ആചാര്യന് വർക്ക് ഷോപ്പ് പണി അറിയുമായിരുന്നോ ?!

ലക്ഷ്മിയുടെ കൈ ഒടിച്ചശേഷം ദേഷ്യം തീരാതെ, നാവാമുകുന്ദനെയും വെട്ടിയിട്ടാണോ ആചാര്യൻ അമ്പലം വിട്ടത് ?!

അതായത്,
ഹൈദരാലി തകർത്ത ക്ഷേത്രമെന്നും
ആ കൊള്ളക്കാരൻ വെട്ടിപ്പരുക്കേൽപ്പിച്ച വിഗ്രഹമെന്നും പുറത്തുവരാതിരിയ്ക്കാൻ
കഥകൊണ്ട് ഒരു മറ.

ഹിന്ദുക്കൾക്ക് കഥകൾ ഏറെ ഇഷ്ടമായതിനാൽ അവർക്കും സന്തോഷം.

ഇത്തരം കാര്യങ്ങൾ വളരെ വിശദമായി,
‘മാമാങ്കം: മറച്ചുപിടിച്ച വെളിച്ചങ്ങൾ’
എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
ഇതിൽ കുറിപ്പുകൾ മാത്രം.

ഇനി,
മാർക്കണ്ഡേയൻ ഓടിക്കയറിയ തൃപ്രങ്ങോട് ക്ഷേത്രത്തിലെ അത്ഭുതങ്ങളും രഹസ്യങ്ങളും അടുത്ത കുറിപ്പിൽ പറയാം.

ജയരാജ് മിത്ര

Leave a comment

Design a site like this with WordPress.com
Get started