*_🚩ദക്ഷന്റെ കഥ._*
*പ്രപഞ്ചത്തിന്റെ സുഗമമായ സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവ് സൃഷ്ടിച്ച 21 പ്രജാപതികളിൽ ഒരാളായ ദക്ഷൻ സ്വായംഭുമനുവിന്റെ പുത്രിയായ വേദവല്ലിയെയാണ് വിവാഹം ചെയ്തത്. ഒരു ദിവസം പ്രഭാതസ്നാനത്തിനായി പത്നിയോടുകൂടി കാളിന്ദീനദീതീരത്തെത്തുന്ന ദക്ഷപ്രജാപതി അവിടുത്തെ മനോഹരദൃശ്യങ്ങൾ കൺകുളിർക്കെ കാണുന്നു. കാളിന്ദീനദിയിലെ താമരയിലയിൽ വിലസുന്ന ഒരു ശംഖ് കാണുന്ന ദക്ഷൻ കൌതുകാത്ഭുതങ്ങളോടെ നീന്തിച്ചെന്ന് അത് കൈക്കലാക്കുന്നു. അപ്പോൾ ആ ശംഖ് ഒരു ദിവ്യശിശുമായി മാറുന്നു. ശങ്കരന്റെ പ്രണയിനി തന്റെ മകളായി അവതരിച്ചതാണ് എന്ന് സംശയിച്ച് ദക്ഷൻ ശിശുവിനെ പത്നിയെ ഏൽപ്പിക്കുന്നു. തുടർന്ന് മാതാപിതാക്കളാൽ ആനന്ദപൂർവ്വം വളർത്തപ്പെട്ട ആ ബാലിക സതി എന്ന പേരിൽ ഖ്യാതയായി.*
*ബാല്യകാലം മുതൽക്കെ ശ്രീപരമേശ്വരനെ മനസിൽ ഭർതൃഭാവത്തിൽ കരുതിയിരുന്ന സതി, യൌവനയുക്തയായതോടെ ശിവനെ ഭർത്താവായി ലഭിക്കുവാനായി കഠിനതപസ്സ് ആരംഭിച്ചു. ഈശ്വരന്റെ കേശാദിപാദം ധ്യാനിച്ചുകൊണ്ട് സതി തപസ്സനുഷ്ടിക്കുന്നു. വനത്തിൽ തപം ചെയ്യുന്ന കന്യകയായ സതിയെ കണ്ട് കാമാസക്തനായിത്തീരുന്ന കരാളദംഷ്ട്രൻ എന്ന അസുരൻ സതിയെ ബലാൽക്കാരമായി പ്രാപിക്കുവാൻ മുതിരുന്നു. എന്നാൽ സതിയുടെ തപോമയാഗ്നിയിൽ അവൻ ശലഭദശയെ പ്രാപിച്ചു.*
*തപസ്സ് തുടരുന്ന സതിയുടെ പ്രേമദാർഢ്യം പരീക്ഷിക്കുന്നതിനായി ഒരു വൃദ്ധബ്രാഹ്മണവേഷത്തിൽ സമീപമെത്തുന്ന ശ്രീപരമേശ്വരൻ അവളുടെ ആഗ്രഹം മനസ്സിലാക്കിയിട്ട് പരിഹസിക്കുകയും ശിവനെ ദുഷിച്ച് പറയുകയും ചെയ്യുന്നു. ഈശ്വരദൂഷണാലാപം കേട്ടുകൊണ്ടിരിക്കുവാൻ കഴിയാതെ സതി അവിടെ നിന്നും പിൻവാങ്ങുവാൻ തുനിഞ്ഞപ്പോൾ ശിവൻ തന്റെ യഥാർത്ഥരൂപവും മനോഭാവവും വെളിവാക്കിയിട്ട് അപ്രത്യക്ഷനായി.*
*ഈ വൃത്താന്തങ്ങൾ രക്ഷികൾ പറഞ്ഞ് അറിഞ്ഞ ദക്ഷൻ സതിയുടെ വിവാഹോത്സവത്തിനുവേണ്ട ഏർപ്പാടുകൾ ചെയ്തു. ശ്രീപരമേശ്വരൻ മംഗളകരമായ മുഹൂർത്തത്തിൽ ദേവന്മാരുടെ സാന്നിദ്ധ്യത്തിൽ വെച്ച് സതീദേവിയെ പാണിഗ്രഹണം ചെയ്യുന്നു. പാണിഗ്രഹണം കഴിഞ്ഞ ഉടനെ പരമേശ്വരൻ ദക്ഷപുരിയിൽനിന്നും അപ്രത്യക്ഷനായി. അപ്രതീക്ഷിതമായുണ്ടായ വിരഹദുഃഖത്താൽ സതി വിലപിക്കുന്നു. സതീസമീപമെത്തുന്ന സരസ്വതീദേവി അവളെ സ്വാന്തനപ്പെടുത്തുന്നു ഭഗവാനെ കാണുവാനായി സതി വീണ്ടും തപസ്സാരംഭിക്കുകയും ഒരുനാൾ താപസവേഷത്തിലെത്തി ശിവൻ അരോടും ഒന്നും പറയാതെ സതിയെ കൈലാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.*
*തന്റെ ജാമാതാവിന്റെ ഈ ധിക്കാരത്തേയും അനാദരവിനേയും ഓർത്ത് രോഷാന്ധനായിത്തീരുന്ന ദക്ഷൻ ഇന്ദ്രാദികളുടെ മുന്നിൽ വെച്ച് ശിവനെ ദുഷിക്കുകയും ‘അറിയാതെ തന്റെ പുത്രിയെ ശിവനു നൽകിയത് അനുചിതമായിപ്പോയി’ എന്ന് പ്രസ്ഥാവിക്കുകയും ചെയ്യുന്നു.*
*’ഹരനെ നിന്ദിക്കരുത്’ എന്നുപദേശിച്ച് ഇന്ദ്രൻ കൈലാസത്തിൽ പോയി പുത്രിയേയും ശിവനേയും ഒന്നു കണ്ടുവരുവാൻ ദക്ഷനെ നിർബന്ധിക്കുന്നു. ഇതുകേട്ട് ദക്ഷൻ കൈലാസത്തിലേയ്ക്ക് പുറപ്പെടുന്നു. കൈലാസഗോപുരദ്വാരത്തിലെത്തുന്ന ദക്ഷനെ നന്ദികേശ്വരൻ തടുത്തുനിർത്തുന്നു. അപമാനിതനായി, ശിവനോടുള്ള വിരോധം വർദ്ധിച്ച് മടങ്ങിപ്പോന്ന ദക്ഷൻ ‘ഇനിമേലിൽ യാഗങ്ങളിൽ ശിവന് ഹവിർഭാഗം കൊടുത്തുകൂട’ എന്ന് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നു. ശിവന്റെ സമീപമെത്തുന്ന ബ്രഹ്മദേവൻ താൻ നടത്താനുദ്ദേശിക്കുന്ന യാഗത്തിൽ സന്നിഹിതനാകുവാൻ ശിവനെ ക്ഷണിക്കുന്നു.*
*ബ്രഹ്മപുത്രനായ ദക്ഷൻ തന്നെ അപമാനിക്കും എന്നുള്ളതിനാൽ യാഗത്തിൽ താൻ സംബന്ധിക്കുകയില്ലെന്നും പ്രതിനിധിയായി നന്ദിയെ അയയ്ക്കാമെന്നും പറഞ്ഞ് ശിവൻ ബ്രഹ്മാവിനെ മടക്കുന്നു. വിഷ്ണു മുതലായ ദേവകളും സനകാദിമഹർഷിമാരും നിറഞ്ഞ ബ്രഹ്മദേവന്റെ യാഗസദസ്സിൽ വെച്ച് ദക്ഷൻ ക്രൂരമായ വാക്കു്ശരങ്ങളാൽ നന്ദികേശ്വരനെ അപമാനികുന്നു. വർദ്ധിതകോപനായി നന്ദികേശ്വരൻ യാഗശാലയിൽ നിന്നും ഇറങ്ങിപോകുന്നു. അനന്തരം ദക്ഷൻ നടത്തുവാൻ തീരുമാനിച്ച വാജപേയയാഗത്തിൽ വസിഷ്ഠാദിമുനികൾ പങ്കെടുക്കുവാൻ വിസമ്മതിക്കുന്നു. ഒരുനാൾ അനുരജ്ഞന സംഭാഷണത്തിനായി ദധീചിമഹർഷി ദക്ഷപുരിയിലെത്തുന്നു.*
*എന്തൊക്കെ പറഞ്ഞിട്ടും ശിവനു ഹവിർഭാഗം നൽകില്ല എന്ന് ശഠിക്കുന്ന ദക്ഷന്റെ യാഗം മുടങ്ങിപ്പോകും എന്ന് മുന്നറിയിപ്പ് നൽകിയിട്ട് ദധീചിമുനി മടങ്ങിപ്പോകുന്നു. കൈലാസത്തിലെത്തുന്ന നാരദമഹർഷി ശിവനെ ധിക്കരിക്കുവാനായി ദക്ഷൻ യാഗമാരംഭിക്കുന്ന വിവരം ശിവനോട് ഉണർത്തുന്നു. ദുഷ്ടന്മാർ അനുഷ്ടിക്കുന്ന കർമ്മത്തിന്റെ ഫലം ഉടന്തന്നെ അനുഭവിക്കുവാനിടവരും എന്നറിയിച്ച് ശിവൻ നാരദരെ അയയ്ക്കുന്നു. തുടർന്ന് സതീദേവി, അച്ഛൻ നടത്തുന്ന യാഗത്തിനു പോകുവാൻ ശിവനോട് അനുവാദം ചോദിക്കുന്നു.*
*ക്ഷണിക്കാത്ത യാഗത്തിനുപൊയ്ക്കൂടാ എന്നും ഭവതി ചെന്നാൽ ദുഷ്ടനായ ദക്ഷൻ അപമാനിക്കുമെന്നും പറഞ്ഞ് ശിവൻ സതിയെ തടയുന്നു. എന്നാൽ ഈ എതിർപ്പ് വകവയ്ക്കതെ സതി പിതൃഗൃഹത്തിലേയ്ക്ക് പോകുന്നു. അതുകണ്ട് ശിവൻ ഭൂതഗണങ്ങളെ സതിയ്ക്കൊപ്പം പറഞ്ഞയയ്ക്കുന്നു. യാഗശാലയിലെത്തുന്ന സതിയെ കണ്ട് കോപിഷ്ടനാകുന്ന ദക്ഷൻ ‘നിന്നിൽ എനിയ്ക്ക് തെല്ലും പ്രീതിയില്ല’ എന്നും, ‘നിന്റെ താതൻ ഞാനല്ല’ എന്നും അക്രോശിച്ചുകൊണ്ട് സതിയെ അപമാനിച്ചയയ്ക്കുന്നു. കൈലാസത്തിൽ മടങ്ങിവരുന്ന സതീദേവി വിവരങ്ങളെല്ലാം ശിവനെ അറിയിക്കുന്നു.*
*മേലിൽ അവൻ തന്റെ താതനല്ലായെന്നും താമസശീലനായ ദക്ഷനെ കൊല്ലുവാൻ ഒട്ടും താമസിക്കരുതേയെന്നും അഭ്യർത്ഥിക്കുന്ന സതിയെ ശത്രുനിഗ്രഹം ഉടൻ ചെയ്യുമെന്നുപറഞ്ഞ് ശിവൻ അശ്വസിപ്പിക്കുന്നു. അനന്തരം ഉഗ്രകോപിയായിത്തീരുന്ന ഭഗവാന്റെ നെറ്റിക്കണ്ണിലെ രൂക്ഷമായ അഗ്നിയിൽനിന്നും ജാതനാകുന്ന വീരഭദ്രനും സതീദേവി സൃഷ്ടിച്ച ഭദ്രകാളിയും അനേകം ശിവഭൂതഗണങ്ങളോടുകൂടി ശിവസന്നിധിയിലെത്തി നമസ്ക്കരിക്കുന്നു.*
*‘യജ്ഞഭാഗം തന്നില്ലായെങ്കിൽ ദക്ഷനെ ഹനിക്കുക’ എന്ന ശിവന്റെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട് വീരഭദ്രാദികൾ ദക്ഷപുരിയിലേയ്ക്ക് തിരിക്കുന്നു. ദക്ഷന്റെ യാഗശാലയിലെത്തുന്ന വീരഭദ്രാദികൾ യാഗശാല ഭജ്ഞിച്ച് യാഗം മുടക്കുകയും ഹരന് യാഗഭാഗം നൽകാൻ വിസമ്മതിച്ച ദക്ഷന്റെ ശിരസ്സറുത്ത് ദക്ഷിണാഗ്നിയിൽ ഹോമിക്കുകയും ചെയ്യുന്നു. സതീസമേതനായി വൃഷ്ഭാരൂഢനായി ദക്ഷന്റെ യഗവേദിയിലെത്തുന്ന ശിവനെ ദേവന്മാർ സ്തുതിക്കുന്നു. മുടങ്ങിപോയ യാഗം പൂർത്തിയാക്കണമെന്നും അതിനായി ദക്ഷനെ പുനരുജ്ജീവിപ്പിക്കണമെന്നും ഇന്ദ്രൻ ശിവനോട് അഭ്യർത്ഥിക്കുന്നു. ആടിന്റെ തല വെച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കാനും യാഗം യഥാവിധി പൂർത്തിയാക്കാനും ഈശൻ സമ്മതിക്കുന്നു. തുടർന്ന് മഹേശ്വരപ്രസാദത്താൽ അജശിരസ്ക്കനായി പുനഃർജ്ജീവിക്കപ്പെട്ട ദക്ഷൻ യാഗം യഥാവിധി പൂർത്തിയാക്കുന്നു. അഹങ്കാരം നിശ്ശേഷം നശിച്ചവനായ ദക്ഷൻ ശ്രീപരമേശ്വരനെ സാഷ്ടാംഗം പ്രണമിച്ച് സ്തുതിക്കുന്നു. ദക്ഷനെ ആശംസിച്ച് ശിവൻ കൈലാസത്തിലേയ്ക്ക് മടങ്ങുന്നു.*
*ഓം നമോ ഭഗവതേ വാസുദേവായ!*
*ഓം: നമോ: നാരായണായ.*
*(കടപ്പാട്)*
*🚩🕉️🔯🪔 BGG 🪔🔯🕉️🚩*
Leave a comment