കറുപ്പയ്യനെന്ന ആ ശില്പി തൻ്റെ പണിശാലയിൽ അസ്വസ്ഥനായി ഉലാത്തിക്കൊണ്ടിരുന്നു. മൂശയിലെ പഞ്ചലോഹക്കൂട്ടും അദ്ദേഹത്തിൻ്റെ മനസ്സിനൊപ്പം തിളച്ച് മറിഞ്ഞു കൊണ്ടിരുന്നു. പണിശാലയുടെ തൊട്ടരികെ കളിമണ്ണു കൊണ്ടുണ്ടാക്കിയ ആറടിയോളം ഉയരമുള്ള നടരാജ മൂർത്തിയുടെ വിഗ്രഹം ഒന്നുമറിയാത്ത പോലെ കറുപ്പയ്യയെ നോക്കിച്ചിരിച്ചു…. ഈ തവണ കൂടി ശ്രമം പാളിപ്പോയാൽ …. തൻ്റെ അവസ്ഥയെന്തായിരിക്കും ! സ്വർണ്ണവും വെള്ളിയും ചെമ്പും നാകവും ഇരുമ്പുമടങ്ങുന്ന ലോഹക്കൂട്ടുകൾ ഇതിനകം ധാരാളം നഷ്ടമായി ! മന്നവൻ ഇനിയൊരു അവസരത്തിനായ് തന്നെ ബാക്കി വെക്കില്ലെന്ന് തീർച്ച ! തൻ്റെ അന്ത്യ രംഗമൊർത്ത കറുപ്പയ്യയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.
കല്ലേപ്പിളർക്കുന്ന കല്പനകൾ !!! ….
അക്കാലത്ത് തമിഴകം ഭരിച്ചിരുന്ന ഗാന്ധാരാദിത്യ ചോളൻ്റെ കല്പനകൾ അങ്ങനെയായിരുന്നു അറിയപ്പെട്ടിരുന്നത്… തൻ്റെ രാജ്ഞിയായ സെമ്പിയൻ മഹാദേവി പണിയുന്ന പുതിയ ഉമാ മഹേശ്വരക്ഷേത്രത്തിലേക്ക് ഒരു വലിയ നടരാജ വിഗ്രഹം തന്നെ വേണമെന്ന് അദ്ദേഹമാണ് നിശ്ചയിച്ചത്. പ്രശസ്ത ശില്പിയായ കറുപ്പയ്യനെ അതിനായ് ചുമതലപ്പെടുത്തുകയും ചെയ്തു.. എന്നാൽ എത്ര ശ്രമിച്ചിട്ടും കറുപ്പയ്യന് രാജാവാഗ്രഹിച്ചത് പോലെ അത്ര വലിയ ഒരു നടരാജ വിഗ്രഹം ഉണ്ടാക്കാനായില്ല.
ഈ തവണ കൂടി പരാജയപ്പെട്ടാൽ മരണമായിരുന്നു അദ്ദേഹത്തെ കാത്തിരുന്ന വിധി ……
തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ലോഹക്കൂട്ട് കളിമൺ പ്രതിമയിലേക്ക് ഒഴിക്കാനുള്ള സമയമടുത്തതോടെ കറുപ്പയ്യൻ്റെ നെഞ്ച് പടപടാ മിടിച്ചു തുടങ്ങി .. രണ്ടു കൈകളും ആകാശത്തേക്കുയർത്തി മനസ്സു ചുട്ട് കറുപ്പയ്യ ഉറക്കെ വിളിച്ചു ” അപ്പനെ …. ! ” . താമസിയാതെ
കറുപ്പയ്യൻ്റെ സഹായികൾ ലോഹക്കൂട്ടിനെ ശ്രദ്ധാപൂർവ്വം മണ്ണിനടിയിലുള്ള കളിമൺ മാതൃകയിലേക്ക് ഒഴിച്ചു… പ്രാർത്ഥനയോടെ കാത്തിരുന്നു… പക്ഷെ എല്ലാവരുടെയും പ്രാർത്ഥനകളെ വിഫലമാക്കിക്കൊണ്ട് ഇത്തവണയും ഉറയ്ക്കും മുമ്പേ മാതൃക തകർന്നു… തൻ്റെ അവസാന ശ്രമവും പരാജയപ്പെട്ടതിനെത്തുടർന്ന് ഒരു ദീർഘമായ നിശ്വാസം മാത്രമായിരുന്നു കറുപ്പയ്യയുടെ പ്രതികരണം. തൻ്റെ ജീവിതമിവിടെ അവസാനിക്കണമെന്നാവും അപ്പനാരുടെ നിശ്ചയം.. അതിനെത്തടുക്കാൻ ആർക്കാണ് സാധിക്കുക … കറുപ്പയ്യ മനസാനിധ്യം വീണ്ടെടുത്ത് തൻ്റെ സഹായികൾക്കെല്ലാം പ്രതിഫലം നൽകി വീടുകളിലേക്ക് പോകാൻ ആവശ്യപ്പെട്ടു. സൗമ്യനും സ്നേഹസമ്പന്നനുമായ കറുപ്പയ്യയെ അവർക്കെല്ലാം ഇഷ്ടമായിരുന്നു. അവരെല്ലാവരും അവസാനമായി അദ്ദേഹത്തെ നോക്കി വിഷമത്തോടെ സ്വന്തം വീടുകളിലേക്ക് പോയി…
മനസ്സിനെ സമനിലയിലാക്കാൻ ശ്രമിച്ചെങ്കിലും തൻ്റെ കുടുംബത്തെ പിരിയേണ്ടതിനെക്കുറിച്ച് ഓർത്തതോടെ കറുപ്പയ്യൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… ക്രമേണ വ്യസനം രോഷമായി അണപൊട്ടിയൊഴുകി… “യ്യോ പിത്താ … ഉന്നെ നാനെത്ര വാട്ടി കെഞ്ചി കൂപ്പിട്ടെൻടാ … ഉങ്കൾക്കുൾ കൊഞ്ചമാ കനിവിറുക്കെനാ യെന്ന കാപ്പാത്ത മുടിയാതാ? നീ ഉടയോനല്ലെ ….. കല്ല് … വെറും കല്ല് … ” തകർന്ന് കിടന്ന നടരാജ ശില്പത്തെ നോക്കി കറുപ്പയ്യൻ പൊട്ടിത്തെറിച്ചു…
” തമ്പീ … കുടിക്കിറതക്ക് കൊഞ്ചം തണ്ണി കൊട് ”
പുറമെ നിന്ന് ഒരു മുഴങ്ങുന്ന ശബ്ദം കേട്ട് മുഖമുയർത്തി നോക്കിയ കറുപ്പയ്യൻ കണ്ണീരിനിടയിലൂടെ ദേഹമാകെ ഭസ്മം പൂശി, നാമമാത്രമായി നാണം മറച്ച് കൊണ്ട് അസാമാന്യ ഉയരമുള്ള ഒരു പ്രാകൃത വേഷധാരിയെയും തൊട്ടരികെ അതിസുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു …
വീട്ടിൽ വന്നു കയറുന്നവരെയെല്ലാം വയറു നിറച്ചൂട്ടി മാത്രം പറഞ്ഞയക്കുന്ന പതിവുള്ള കറുപ്പയ്യന് എന്തു കൊണ്ടൊ അപ്പൊൾ ദേഷ്യം നിയന്ത്രിക്കാനായില്ല .. മരിക്കാൻ പോകുന്നവൻ്റെ മുന്നിൽ വെള്ളം ചോദിച്ച് വന്നവരെ നോക്കി അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു .
” ദൂരെ പോ പെരിയവരെ … തണ്ണി കിണ്ണിയൊന്നും ഇങ്കെ കെടയത് ….. “
” അപ്പിടി സൊല്ലാത് തമ്പി.. കൊഞ്ചം തണ്ണിയെക്കൊട്…
പാര് തമ്പി… എൻ മനൈവി ഉമയമ്മാൾക്കും റൊമ്പ താഗമിറുക്ക്.. യെന്നപ്പാ തമ്പി…… തങ്കമല്ലെയെെ ….. കൊഞ്ചം തണ്ണിതാനെ കേക്കറെൻ… കൊടുങ്കോ തമ്പി —- “
ഇങ്ങനെ തുടർച്ചയായ വിളികളും ആവലാതികളും കേട്ട് കേട്ട് കറുപ്പയ്യയുടെ സകല നിയന്ത്രണവും വിട്ടു…. മുഖമുയർത്തി ഇരുവരെയും തറപ്പിച്ച് നോക്കിക്കൊണ്ട് ആലയിലെ ചുട്ടുപഴുത്ത ലോഹ ദ്രാവകം ചൂണ്ടിക്കാണിച്ച് കൊണ്ട് അദ്ദേഹം അലറി
” യെന്നാ…. തണ്ണി താനെ വേണം ? … യ്യോ …. അങ്കെ പാര്… പ്രമാദമാന തണ്ണി … പോയി കുടി …… ”
ഇത്രയും പറഞ്ഞ് രോഷം കൊണ്ടും വ്യസനം കൊണ്ടും നിയന്ത്രണം വിട്ട അദ്ദേഹം പൊട്ടിക്കരഞ്ഞ് കൊണ്ട് നിലത്ത് വീണു….
തൊണ്ടക്കുഴിയിലൂടെ വെള്ളം ഇറങ്ങിപ്പോകുന്ന ഗ്ല്പ് … ഗ്ലപ് …. ഗ്ല് …. ഗ്ല് ….. എന്ന ശബ്ദം കേട്ടാണ് കറുപ്പയ്യൻ മുഖമുയർത്തി നോക്കിയത്…. അപ്പോൾ ……
തിളച്ചു മറിയുന്ന ആ ലോഹക്കൂട്ടെടുത്ത് സ്നേഹത്തോടെ തൻ്റെ പത്നിയുടെ വായിലേക്ക് ഒഴിക്കുന്ന ആ പ്രാകൃത വേഷധാരിയെക്കണ്ട് കറുപ്പയ്യൻ ഞെട്ടിത്തരിച്ചു . ഉറക്കെ അലറി വിളിക്കാനും ഓടിച്ചെന്ന് ആ സ്ത്രീയെ പിടിച്ച് മാറ്റണമെന്നും പ്രാകൃതൻ്റെ തല തല്ലി തകർക്കാനും ആഗ്രഹമുണ്ടായിരുന്നെങ്കിലും കറുപ്പയ്യൻ അനങ്ങാൻ പോലുമാവാതെ നിന്നു പോയി.. തുടർന്ന് ….. തൻ്റെ പത്നിയുടെ ദാഹം തീർന്നുവെന്ന് ഉറപ്പു വരുത്തി , പുഞ്ചിരിച്ചു കൊണ്ട് ആ ലോഹക്കൂട്ട് സ്വന്തം വായിലേക്കൊഴിക്കുന്ന ആ പ്രാകൃത വേഷധാരിയെക്കൂടി കണ്ടതോടെ കറുപ്പയ്യൻ്റെ ഇന്ദ്രിയങ്ങളെല്ലാം മരവിച്ചു..
തുടർന്ന് തൻ്റെ ഡമരു മുഴക്കിക്കൊണ്ട് മുമ്പിലെത്തിയ ആ പ്രാകൃത വേഷധാരി വലതുകാൽ ഭൂമിയിലുറപ്പിച്ച് ഇടതുകാൽ ഉയർത്തി , വലതു കൈയിൽ അഭയ മുദ്ര പിടിച്ചതും മറുകുള്ള തൻ്റെ ഇടതു കൈ ഭൂമിയിലേക്ക് ചൂണ്ടുന്നതും ” പോതുമാ” യെന്ന് പുഞ്ചിരിയൊടെ ചോദിച്ചതും ശേഷം ഒരു പ്രതിമയായി മാറുന്നതും മറയുന്ന തൻ്റെ ബോധത്തിനിടയിലൂടെ അവ്യക്തമായി കറുപ്പയ്യൻ കണ്ടു ….
ബോധം വന്നപ്പോൾ കറുപ്പയ്യൻ വീട്ടിലെ കിടക്കയിൽ കിടക്കുകയായിരുന്നു. തൊട്ടടുത്തായി ഒരു സിംഹാസനത്തിൽ മഹാരാജാവ് ഗാന്ധാരാദിത്യൻ എഴുന്നള്ളിയിരിക്കുന്നു … യെന്നാച്ച് കറുപ്പയ്യ എന്ന ചോദ്യം കേട്ട ഭാവമില്ലാതെ അദ്ദേഹത്തെ വണങ്ങാൻ പോലും മറന്ന് ഭ്രാന്ത് പിടിച്ച പോലെ കറുപ്പയ്യൻ തൻ്റെ പണിശാലയിലേക്ക് ഓടി…..
അവിടെയെത്തിയപ്പോൾ … പഞ്ചലോഹക്കൂട്ടിൽ എട്ടടിയിലധികം ഉയരത്തിൽ തിളങ്ങുന്ന നടരാജൻ്റെ ജീവൻ തുടിക്കുന്ന മനോഹരമായ വിഗ്രഹമാണ് കറുപ്പയ്യനെ എതിരേറ്റത് … ഇടത് കൈയ്യിലെ മറുക് പോലും സുവ്യക്തമായി കാണാം. വിഗ്രഹത്തിൻ്റെ കാൽക്കൽ വെട്ടിയിട്ട പോലെ വീണ കറുപ്പയ്യൻ ആ കാലുകൾ കെട്ടിപ്പിടിച്ച് അപ്പായെന്ന് വിളിച്ച് ഏങ്ങലടിച്ച് കരഞ്ഞു ….
കറുപ്പയ്യനെ പിൻതുടർന്ന് അവിടെയെത്തിയ മന്നനും പരിവാരങ്ങളും ഒന്നും മനസിലാവാതെ അന്തം വിട്ട് നിന്നു.
ഒടുവിൽ കറുപ്പയ്യനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് രാജാവ് അദ്ദേഹത്തോട് പറഞ്ഞു… ” അഴാത് കറുപ്പാ …. ഭയപ്പെട വേണ്ടാ …. അമ്പലക്കൂത്തനെ റൊമ്പ അഴകാ താൻ വെച്ചിറ്ക്ക് .. ഇത്തനയഴകിൽ ഒരു വിഗ്രഹത്തെ നാനെങ്കയും പാക്കവേ ഇല്ലെെ….. ഇതുക്ക് ബദലാ ഉനക്ക് യെന്ന വേണം സൊല്ല് കറുപ്പാ ”
താനല്ല ഇത് നിർമ്മിച്ചതെന്നും സാക്ഷാൽ അമ്പലക്കൂത്തൻ തന്നെയാണിതെന്നും ഏങ്ങലുകൾക്കിടയിലൂടെ കറുപ്പയ്യൻ മഹാരാജാവിനോട് പറഞ്ഞു… കറുപ്പയ്യൻ്റെ കഥ കേട്ട മഹാരാജാവിൻ്റെ മുഖം അവിശ്വാസം കൊണ്ട് ചുളിഞ്ഞു… പരിഹാസച്ചിരി കൊണ്ട് ചുണ്ടുകൾ കോടി … എന്നാൽ ഒടുവിൽ മന്നൻ്റെ കണ്ണുകളിൽ ക്രോധം ഉരുണ്ടു കൂടി . താൻ പറയുന്നതൊന്നും ശ്രദ്ധിക്കാതെ പരസ്പര ബന്ധമില്ലാതെ പലതും പുലമ്പിക്കൊണ്ടിരിക്കുന്ന കറുപ്പയ്യൻ്റെ കഴുത്തിനെ ലക്ഷ്യമാക്കി ഊരിയ വാൾ ആകസ്മികമായി നടരാജ വിഗ്രഹത്തിൻ്റെ ഇടതു കാലിൽ കൊണ്ടു ….. തൽക്ഷണം വിഗ്രഹത്തിൻ്റെ കാലിൽ നിന്നും ചീറ്റിത്തെറിച്ച രക്തം കണ്ട് ഇത്തവണ ഞെട്ടിയത് മഹാരാജാവും പരിവാരങ്ങളുമായിരുന്നു. ഇതു കണ്ട കറുപ്പയ്യൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ അപ്പനെയെന്നു വിളിച്ച് ഉറക്കെയുറക്കെ കരഞ്ഞു …. മണിനാഗത്തളയിട്ട തൃകാൽ കെട്ടിപ്പിടിച്ച് മഞ്ഞൾ തേച്ച് രക്തം വരവ് തടഞ്ഞു .. നടരാജനപ്പൊഴും ശാന്തനായിരുന്നു…
കുംഭകോണത്ത് …. കൊന്നെരി ഉമാമഹേശ്വര ക്ഷേത്രത്തിലെ നടരാജ വിഗ്രഹമാണ് ലോഹത്തിൽ തീർത്ത വിഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുത് . എട്ടടിയിലധികം വലിപ്പമുള്ള , സ്വയംഭുവായ ആ പഞ്ചലോഹ വിഗ്രഹത്തിലിന്നും വാൾ കൊണ്ട് വെട്ടിയ പാട് കാണാമത്രേ ….. ഒപ്പം ഇടതു കൈയ്യിലെ ആ മറുകും ….
ശില്പിക്ക് വേണ്ടി സ്വയം ശില്പമായി മാറിയ നടരാജനും ഉമയും ആണവിടെത്തെ പ്രതിഷ്ഠയുടെ പിന്നിലെ ഐതീഹ്യം …. ശില്പിയെ അനാദരിച്ചതിനാലും അധികാര ദുർവ്വിനിയോഗം നടത്തിയതിനാലും മഹാരാജാവിന് കുഷ്ഠരോഗം പിടിപെട്ടുവെന്നും ദീർഘകാലത്തെ തപസ്സിൻ്റെയും പ്രാർത്ഥനയുടെയും ഫലമായാണ് അത് മാറിയതെന്നും ഐതീഹ്യം തുടരുന്നു …..
ഇടതുകൈയ്യിലെ മറുകുപോലും സസൂക്ഷ്മം ലോഹത്തിൽ വാർത്തെടുത്ത അജ്ഞാതനായ ഏതോ ശില്പിയുടെ കഴിവിനെ കുറച്ച് കാണിക്കാനായിട്ടാണ് ഈ ഐതീഹ്യമെന്ന് പറയുന്ന മാനുഷിക വാദികളുണ്ടാവാം …. ഒപ്പം ശില്പിയെ കൊല്ലരുതെന്ന് നടരാജന് രാജാവിനോട് നേരിട്ടങ്ങ് പറഞ്ഞാൽപ്പോരെയെന്ന് ചോദിക്കുന്ന അരസികന്മാരുമുണ്ടാവാം….
പക്ഷെ….
ശില്പിക്ക് വേണ്ടി സ്വയം ശില്പമായി മാറിയ നടരാജനും അതുപോലെ ഭക്തനെക്കാത്ത് കാത്ത് നിന്ന് സ്വയം കല്ലായുറച്ചു പോയ പാണ്ഡുരംഗനും കാണിച്ച സ്നേഹ വായ്പ്പിനെ കവച്ച് വെയ്ക്കാൻ അവയ്ക്കൊന്നിനും സാധിക്കില്ലല്ലോ….
സമഷ്ടിയിൽ നിന്നും വൃഷ്ടിയിലേക്കൊതുങ്ങുന്ന ചൈതന്യ സാരത്തെ, ആ സ്നേഹക്കടലിനെ, എത്ര ഭംഗിയായിട്ടാണ് ഐതീഹ്യമെന്ന പേരിട്ട് ആചാര്യന്മാർ കഥകളിലൂടെ ബന്ധിച്ചത് !
ഓരോ ക്ഷേത്രമൂർത്തിയും ഭക്തന് വേണ്ടി സ്വയം വിഗ്രഹങ്ങളിലേക്ക് അവതരിച്ചവരാണ് ……
ഭക്തന് വേണ്ടി വിശ്വപ്രകൃതിയിൽ നിന്നും വിഗ്രഹങ്ങളിലേക്ക് വന്ന് ചേർന്നവരാണ് !
ഭക്തന് വേണ്ടി അപരിമേയമായ സ്വാതന്ത്രത്തിൽ
നിന്നും ബന്ധനത്തിലേക്ക് ഒതുങ്ങിയവരാണ് !
ഈ സത്യത്തെ ഇതിലും ഭംഗിയായി പറയുന്നതെങ്ങനെയാണ് ?
എന്നിട്ടും ….
ആ സ്നേഹത്തിന് പകരമായ് ആധുനിക ഗാന്ധാരാദിത്യന്മാരുടെ അധികാര ഗർവ്വം അവർക്ക് എന്താണ് തിരികെ നൽകുന്നത് ?
വാളു കൊണ്ടും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും നിരവധി പൂമേനികൾ കീറി മുറിച്ച് അവർ ദിവസേന രക്തപ്പുഴകൾ തന്നെ ഒഴുക്കുന്നുണ്ട് …
പക്ഷെ എന്തു ചെയ്യാം …..
മനസ്സുകളെ ബാധിക്കുന്ന കുഷ്ഠത്തിന് ചികിത്സയില്ലത്രേ!
അതിനാൽ നിസ്സഹായാവസ്ഥയുടെ പരകോടിയിലിരുന്ന് രക്തമൊഴുകുന്ന ഹൃദയത്തോടെ കർമ്മത്തിൻ്റെ വിധിയെഴുത്തിനായി കാലത്തെ സാക്ഷിയാക്കി കാത്തിരിക്കുകയാണ് ……
Leave a comment