Devi Mahatmyam

ഏതു ദേവനെ അല്ലെങ്കില്‍ ദേവതയെ ആരാധിക്കണമെന്നും എപ്രകാരം ആരാധിച്ചാലാണ് ശാന്തിയും സമാധാനവും ഉണ്ടാകുന്നതെന്നും ചിന്തിച്ച് വിഷമിക്കുന്നവര്‍ ധാരാളം. അവരുടെ എല്ലാ സംശയങ്ങള്‍ക്കും നിവൃത്തിമാര്‍ഗ്ഗമാണ് ശ്രീമദ് ദേവീ മാഹാത്മ്യ പാരായണം
*************************************

ജീവിതത്തോടുള്ള മമത മാറാത്ത രാജാവ് തനിക്കു തന്റെ നഷ്ടരാജ്യവും പദവിയും തിരിച്ചു ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു. മരണാനന്തരം സൂര്യന്റെ പുത്രനായി സാവര്‍ണ്ണി എന്ന പേരില്‍ ജനിക്കുമെന്നും ആ മന്വന്തരം സാവര്‍ണ്ണിക മന്വന്തരം എന്നറിയപ്പെടുമെന്നും അമ്മ അനുഗ്രഹിക്കുന്നു.

യാ ദേവി സര്‍വ്വ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ
നമസ്തസൈ നമോ നമ!
ഏതു ദേവനെ അല്ലെങ്കില്‍ ദേവതയെ ആരാധിക്കണമെന്നും എപ്രകാരം ആരാധിച്ചാലാണ് ശാന്തിയും സമാധാനവും ഉണ്ടാകുന്നതെന്നും ചിന്തിച്ച് വിഷമിക്കുന്നവര്‍ ധാരാളം. അവരുടെ എല്ലാ സംശയങ്ങള്‍ക്കും നിവൃത്തിമാര്‍ഗ്ഗമാണ് ശ്രീമദ് ദേവീ മാഹാത്മ്യ പാരായണം.

വായിച്ച് അര്‍ത്ഥം ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍ മേല്‍പ്പറഞ്ഞ ചോദ്യത്തിന് ഉത്തരം ലഭിക്കും. ഇഷ്ട ദേവതാസ്ഥാനത്ത് ദേവിയെ ഉപാസിക്കുന്നവര്‍ക്ക്, ആരാധിക്കുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസങ്ങളും ഉണ്ടാകുന്നതല്ല. മാത്രമല്ല, അങ്ങനെ ഉണ്ടായാല്‍ തന്നെയും ഏതു പ്രതിസന്ധിയേയും തരണം ചെയ്യുന്നതിനുള്ള ശക്തി ശക്തിസ്വരൂപിണിയായ ജഗദംബ നമുക്കു നല്‍കും എന്നുള്ളതും തീര്‍ച്ച തന്നെ.

മാറാ രോഗങ്ങള്‍ക്കും ബാധാരോഗങ്ങള്‍ക്കും ആഭിചാര ദോഷങ്ങള്‍ക്കും ഒക്കെ പ്രതിവിധിയായി നാം ആശ്രയിക്കുന്നത് ദേവീ സന്നിധികള്‍ ആണല്ലോ. ചോറ്റാനിക്കര മലയാലപ്പുഴ കൊടുങ്ങല്ലൂര്‍ മുതലായ മാതൃസന്നിധികള്‍ ഇതിനുദാഹരണം.
ദേവീ മാഹാത്മ്യപാരായണം സ്ത്രീപുരുഷന്‍ എന്നുള്ള വ്യത്യാസം ഇല്ലാതെ ഏതു പ്രായക്കാര്‍ക്കും തികഞ്ഞ വിശ്വാസത്തോടും ഭക്തിയോടും കൂടി പാരായണം ചെയ്യാവുന്നതാണ്.

അഷ്ടമി, നവമി, ചതുര്‍ദ്ദശി ഈ തിഥികളില്‍ വളരെ പ്രധാനം.
ഒരു ചെറിയ ദേവീ മാഹാത്മ്യഗ്രന്ഥം ചുവന്ന പട്ടില്‍ പൊതിഞ്ഞ് പൂജാമുറിയില്‍ സൂക്ഷിച്ച് നിത്യേന വിളക്കു കൊളുത്തി പ്രാര്‍ത്ഥിക്കുന്ന ഭവനങ്ങളില്‍ മേല്‍പ്പറഞ്ഞതായ യാതൊരു ദോഷങ്ങളും സംഭവിക്കുന്നതല്ല.
സൂര്യകാലടി ഭട്ടതിരിപ്പാടിന്റെ സുഹൃത്തായ നമ്പൂതിരി യക്ഷിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് അദ്ദേഹം കൈവശം സൂക്ഷിച്ചിരുന്ന ദേവീ മാഹാത്മ്യ ഗ്രന്ഥം ഒന്നുകൊണ്ടു മാത്രമാണെന്ന് അറിയാവുന്നതാണല്ലോ.

പതിനെട്ടു പുരാണങ്ങളില്‍ ഒന്നായ ശ്രീ മാര്‍ക്കണ്ഡേയ പുരാണത്തിലെ 78 മുതല്‍ 90 വരെയുള്ള 13 അദ്ധ്യായങ്ങളാണ് ദേവീ മാഹാത്മ്യം. 700 മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ”ദുര്‍ഗ്ഗാ സപ്തശതി’ എന്നും പറയുന്നു.
രാജ്യം നഷ്ടപ്പെട്ട സുരഥന്‍ എന്ന രാജാവും സ്വഭവനത്തില്‍നിന്നും നിഷ്‌കാസിതനായ സമാധി എന്ന വൈശ്യനും വനത്തില്‍വച്ച് കണ്ടുമുട്ടുന്നതും ദുഃഖകഥകള്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നു.

അവര്‍ സുരേധസ്സ് എന്നു പേരായ മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തുകയും മഹര്‍ഷിയോട് അവര്‍ തങ്ങളുടെ ദുഃഖാവസ്ഥകള്‍ അറിയിക്കുകയും ചെയ്യുന്നു. അവരുടെ സങ്കട നിവൃത്തിക്കായി ദേവീ മഹാമായയെ ആരാധിക്കുന്നതിന് മഹര്‍ഷി അവരെ ഉപദേശിക്കുന്നു.

ദേവിയുടെ ശക്തി എന്താണെന്നും ദേവിയോട് മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ സാധിക്കാത്ത ഒരു കാര്യവും ഇല്ലെന്നും പറയുന്ന മഹര്‍ഷിയോട് ദേവിയുടെ കഥകള്‍ കേള്‍ക്കുന്നതിന് രാജാവും വൈശ്യനും ആഗ്രഹം പ്രകടിപ്പിക്കുന്നു. മഹര്‍ഷി ആ മാഹാത്മ്യ കഥകള്‍ വിസ്തരിച്ച് പറയുന്നു. എല്ലാം പറഞ്ഞശേഷം അവര്‍ക്ക് ദേവിയുടെ മൂലമന്ത്രം ഉപദേശിച്ചു കൊടുത്തു.

അവര്‍ ഏകദേശം മൂന്നു വര്‍ഷത്തോളം മൂലമന്ത്രം ജപിച്ച് തപസ്സനുഷ്ഠിക്കുകയും ചെയ്തു. അവസാനം ദേവി അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇഷ്ടവരദാനം നല്‍കി. ജീവിതത്തോടുള്ള മമത മാറാത്ത രാജാവ് തനിക്കു തന്റെ നഷ്ടരാജ്യവും പദവിയും തിരിച്ചു ലഭിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു. മരണാനന്തരം സൂര്യന്റെ പുത്രനായി സാവര്‍ണ്ണി എന്ന പേരില്‍ ജനിക്കുമെന്നും ആ മന്വന്തരം സാവര്‍ണ്ണിക മന്വന്തരം എന്നറിയപ്പെടുമെന്നും അമ്മ അനുഗ്രഹിക്കുന്നു.

ഇപ്പോള്‍ നടക്കുന്നത് വൈവസ്വത മന്വന്തരം ആണ്. ഇനിയും പല വര്‍ഷങ്ങള്‍ കഴിഞ്ഞാലേ സാവര്‍ണ്ണിക മന്വന്തരം ആരംഭിക്കുകയുള്ളൂ. സമാധിയാകട്ടെ, ഈ ജന്മത്തിലെ എല്ലാ സുഖ ദുഃഖങ്ങളില്‍നിന്നും മുക്തനാക്കണമെന്നും മോക്ഷപ്രാപ്തിയും പരമമായ ബ്രഹ്മജ്ഞാനവും നല്‍കണമെന്നും അപേക്ഷിച്ചു. അപ്രകാരം അമ്മ അനുഗ്രഹിക്കയും ചെയ്തു.

മൂന്നു ഭാഗങ്ങളായി പറഞ്ഞിരിക്കുന്നതില്‍ പ്രഥമ ചരിതത്തില്‍ വൈശ്യന്റെയും മഹര്‍ഷിയുടേയും രാജാവിന്റെയും കൂടിക്കാഴ്ചയും തുടര്‍ന്ന് മഹര്‍ഷി ദേവീ മാഹാത്മ്യ കഥകള്‍ പറയാന്‍ ആരംഭിക്കുന്നതുമാണ്. യോഗനിദ്രയില്‍ ആണ്ടുപോയ ഭഗവാന്‍ മഹാവിഷ്ണുവിന്റെ കര്‍ണ്ണമലങ്ങളില്‍നിന്നും മധു കൈടഭന്മാര്‍ ഉത്ഭവിക്കുന്നതും അതുല്യ ശക്തികളായ അവര്‍ ഭഗവാന്റെ പൊക്കിള്‍ക്കൊടിയിലെ താമരയില്‍ തപസ്സനുഷ്ഠിക്കുന്ന ബ്രഹ്മാവിനെ കാണുകയും വധിക്കാന്‍ ശ്രമിക്കയും ചെയ്യുന്നു.

ഭയന്ന ബ്രഹ്മാവ് ഭഗവാനെ ഉണര്‍ത്തുന്നതിനായി ദേവന്റെ നയനങ്ങളില്‍ വസിക്കുന്ന നിദ്രാരൂപയായ യോഗ മായാദേവിയെ സ്തുതിക്കുന്നതും സ്തുതിയില്‍ സംപ്രീതനായ ദേവി ഭഗവാനില്‍നിന്നും മാറുകയും ഭഗവാന്‍ ഉണരുകയും ദേവിയുടെ പ്രേരണമൂലം മധു കൈടഭന്മാരോട് യുദ്ധം ചെയ്ത് അവരെ വധിക്കയും ചെയ്യുന്നത് വിവരിച്ചിരിക്കുന്നു. മധുകൈടഭവധവും ആയതിലേക്കുള്ള ശ്രീ മഹാകാളി അവതാരവും ബ്രഹ്മാ സ്തുതിയും ഉള്‍പ്പെട്ട ഒന്നാം അദ്ധ്യായമാണ് പ്രഥമചരിതം.

തുടര്‍ന്നുള്ള 2, 3, 4 അദ്ധ്യായങ്ങളില്‍ ശ്രീമഹാലക്ഷ്മീ അവതാരവും മഹിഷാസുരവധവും    അടങ്ങുന്നത് മദ്ധ്യമചരിതം. തുടര്‍ന്ന് 5 മുതല്‍ 13 വരെയുള്ള അദ്ധ്യായങ്ങള്‍ അടങ്ങിയ ഉത്തമ ചരിതത്തില്‍ ശ്രീ മഹാസരസ്വതീ അവതാരവും ചണ്ഡമുണ്ഡവധം രക്തബീജവധം ശുംഭനിശുംഭവധം മുതലായവയും സപ്തമാതൃക്കളുടെ ഉത്ഭവവും പ്രസിദ്ധമായ നാരായണീ സ്തുതിയും ഫലപ്രാപ്തിയും മറ്റും പറഞ്ഞിരിക്കുന്നു.

ഓരോ കാര്യസാദ്ധ്യത്തിനായി ഇതിലെ ഓരോ മന്ത്രവും ജപിക്കാവുന്നതാണ്. ഉദാഹരണമായി
യാദേവി സര്‍വ്വഭൂതേഷുസ്മൃതി രൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ
നമസ്തസൈ നമോ നമഃ
ഈ മന്ത്രം വിദ്യാര്‍ത്ഥികള്‍ നിത്യം കുറഞ്ഞത് 36 പ്രാവശ്യം എങ്കിലും ജപിച്ചു ശീലിച്ചാല്‍ അവര്‍ക്ക് നല്ല ഓര്‍മ്മശക്തി കിട്ടുമെന്നുള്ളത് ഉറപ്പാണ്. പഠിച്ചത് മറക്കാതിരിക്കാന്‍ ഗുണം ചെയ്യും.

വിദ്യാഃ സമസ്താഃ തവദേവി ഭേദാഃ എന്നു പറഞ്ഞിരിക്കുന്നു. എന്തെന്നാല്‍ എല്ലാ വിദ്യകളും ദേവിയുടെ വകഭേദങ്ങളാണ്.
ദേവീ മഹാത്മ്യ പാരായണത്തിന് നിരവധി ക്രമങ്ങളുണ്ട്.
1. ത്രയാംഗങ്ങളോടുകൂടിയ പാരായണ ക്രമം:- അതായത് അര്‍ഗ്ഗളം കീലകം കവചം ഇവ വായിച്ചശേഷം 13 അദ്ധ്യായങ്ങളുടെയും പാരായണം.
2. ഷഡാംഗങ്ങളോടുകൂടിയ ക്രമം:- അര്‍ഗ്ഗളം, കീലകം, കവചം തുടര്‍ന്ന് 13 അദ്ധ്യായങ്ങള്‍. ഒടുവില്‍ രഹസ്യത്രയം എന്നു പറയുന്ന പ്രാധാനിക രഹസ്യം, വൈകൃതിക രഹസ്യം, മൂര്‍ത്തി രഹസ്യം ഇവയും പാരായണം ചെയ്യുക.
മൂന്നാമതായി- മൂന്നു ദിവസം കൊണ്ടുള്ള പാരായണക്രമം.

ആദ്യ ദിവസം: അര്‍ഗ്ഗളം, കീലകം, കവചം ഇവയും തുടര്‍ന്ന് ഒന്നാം അദ്ധ്യായം. ശ്രീ മഹാകാളീ അവതാരം ഉള്ള പ്രഥമ ചരിതം.
രണ്ടാം ദിവസം: ശ്രീ മഹാലക്ഷ്മീ അവതാരം അടങ്ങുന്ന 2, 3, 4 അദ്ധ്യായങ്ങള്‍ ഉള്‍പ്പെട്ട മദ്ധ്യമ ചരിതം.
മൂന്നാം ദിവസം: 5 മുതല്‍ 13 അദ്ധ്യായങ്ങളുള്ള ഉത്തമചരിതം. തുടര്‍ന്ന് ദേവീസൂക്തം നവാക്ഷരീ മന്ത്രം. പ്രാധാനിക രഹസ്യം, വൈകൃതിക രഹസ്യം, മൂര്‍ത്തീരഹസ്യം ഇവയും പാരായണം ചെയ്യാം.

കൂടുതല്‍ സൗകര്യപ്രദം ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാവുന്ന വിധമാണ്.
ഞായറാഴ്ച- ഒന്നാം അദ്ധ്യായം
തിങ്കളാഴ്ച- രണ്ടും മൂന്നും അദ്ധ്യായം
ചൊവ്വാഴ്ച- നാലാം അദ്ധ്യായം
ബുധനാഴ്ച- അഞ്ച്, ആറ്, ഏഴ്, എട്ട് അദ്ധ്യായങ്ങള്‍
വ്യാഴാഴ്ച- ഒന്‍പതും പത്തും അദ്ധ്യായങ്ങള്‍
വെള്ളിയാഴ്ച- പതിനൊന്നാം അദ്ധ്യായം
ശനിയാഴ്ച- പന്ത്രണ്ടും പതിമൂന്നും അദ്ധ്യായങ്ങള്‍

ഷഡംഗങ്ങള്‍ ആദ്യവും അവസാനവും ജപിക്കണം. അവസാനം ക്ഷമാപണം. നമുക്കറിയാവുന്ന ഭാഷയില്‍ അതായത് അറിഞ്ഞോ, അറിയാതെയോ അക്ഷരത്തെറ്റുകളോ, ശ്രദ്ധക്കുറവോ ഉണ്ടായിട്ടുണ്ടെങ്കില്‍ അമ്മേ മഹാമായ അനുഗ്രഹിക്കണേയെന്ന് പ്രാര്‍ത്ഥിക്കാം. ഇതിന് പ്രത്യേകിച്ച് സംസ്‌കൃത പാണ്ഡിത്യം വേണ്ട. എന്നില്‍ അമ്മയുണ്ട് അമ്മയില്‍ ഞാനുമുണ്ട് എന്ന് മനസ്സില്‍ ഉറപ്പിച്ച് ജപിക്കുന്ന ആര്‍ക്കും ആ അനുഗ്രഹം ലഭിക്കും.

അര്‍ഗ്ഗളം എന്നു പറഞ്ഞാല്‍ സാക്ഷ എന്നര്‍ത്ഥം. അതായത് അമ്മയുടെ അടുത്തെത്താനുള്ള തടസ്സം നീക്കാനുള്ള സാക്ഷ. കീലകം എന്നാല്‍ അര്‍ഗ്ഗളം ജപിച്ച് അമ്മയുടെ അടുത്തെത്തിയാല്‍ അമ്മയുടെ സാന്നിദ്ധ്യത്തെ നമ്മുടെ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ജപം. കവചം എന്നാല്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും നമ്മുടെ ആത്മാവിനെയും രക്ഷിക്കുന്നതിനായി അമ്മയോടുള്ള അപേക്ഷ.

അമ്മ വിവിധ ഭാവത്തില്‍ നമ്മുടെ ദേഹത്തെയും മനസ്സിനെയും ആപത്തുകളില്‍നിന്നും രക്ഷിക്കുന്നതിനായി ഒരു കവചംപോലെ നമ്മോടു കൂടിയുണ്ടാകും. ഈ പാരായണം, സംഗീതാത്മകമായി ജപിക്കാന്‍ പാടില്ല. വളരെ ഉച്ചത്തിലോ, തീരെ താഴ്ന്ന ശബ്ദത്തിലോ പാടില്ല. കഴിയുന്നതും പുസ്തക പീഠത്തില്‍ ഗ്രന്ഥം വച്ച് ജപിക്കണം.

ശുദ്ധമായ സ്ഥലം തെരഞ്ഞെടുക്കണം. മത്സ്യമാംസാദികള്‍ ഭക്ഷിച്ചശേഷം ഉള്ള ജപം നിവൃത്തിയുള്ളിടത്തോളം വേണ്ടായെന്ന് തീരുമാനിക്കണം. ദേഹശുദ്ധി നിര്‍ബ്ബന്ധമാക്കണം. ഉച്ചാരണ ശുദ്ധിയും ശ്രദ്ധിക്കണം. വളരെ സാവധാനത്തില്‍ വായിച്ച് പഠിച്ച് അര്‍ത്ഥം മനസ്സിലാക്കി ജപിക്കണം.
വളര്‍ന്നുവരുന്ന കുട്ടികള്‍ ഇതിലെ പല മന്ത്രങ്ങളും ജപിച്ചു ശീലിക്കുന്നത് അവരുടെ ജീവിത ഉയര്‍ച്ചയ്ക്ക് ഉതകുന്നതാണ്. ഭഗവത് ഗീതയും ദേവീ മാഹാത്മ്യവും ഒരുപോലെ ഭഗവാനും ഭഗവതിയും നമുക്ക് നേരിട്ടുതരുന്ന ഉപദേശങ്ങളാണ്.

രാമായണത്തില്‍ ശ്രീ രാമദേവനെ വനവാസത്തിന് യാത്രയാക്കുന്ന വേളയില്‍ മാതാവ് കൗസല്യാദേവി തന്റെ മകന്റെ രക്ഷയ്ക്കായി ദേവീ ദേവന്മാരോട് പ്രാര്‍ത്ഥിക്കുന്ന ഭാഗത്തില്‍
ദുര്‍ഗ്ഗേ ഭഗവതീ ദുഃഖ വിനാശിനീ
സ്വര്‍ഗ്ഗസ്ഥിതി ലയകാരിണീ ചണ്ഡികേ
എന്‍ മകനാശു നടക്കുന്ന നേരവും
കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തിന്മതി കെട്ടുറങ്ങീടുന്ന നേരവും
സന്മോദമാര്‍ന്ന് രക്ഷിച്ചീടുവിന്‍ എന്ന് ജഗദംബയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്.
അമ്മമാരായ നമുക്കും അതുപോലെ മക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.

Leave a comment

Design a site like this with WordPress.com
Get started