November 2nd Deva Uthana Ekadashi (Guruvayoor Ekadashi)

*ഉത്ഥാന ഏകാദശി നാളെ*                        🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാന ഏകാദശിക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന നാമധേയത്തില്‍ വളരെ പ്രസിദ്ധവുമാണ്.
ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിയ്ക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.

സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി. ആയിരം അശ്വമേധയാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയയാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു.

യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.

ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുകഌപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. ഭഗവദ്ഗീത അര്‍ജുനന് ഭഗവാന്‍ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.

ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാല്‍ ചുരത്തിഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.
അദൈ്വതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുകഌപക്ഷ ഏകാദശിദിനത്തിലായിരുന്നുവത്രെ.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹി്ക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈവൈദ്യനാഥഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീ കോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേല്പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.

Leave a comment

Design a site like this with WordPress.com
Get started