Gopashtami

*ഒക്ടോബർ 30th, വ്യാഴം, ഗോപാഷ്ടമി*

കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥി, എട്ടാം ദിനം *ഗോപാഷ്ടമി* ആയി ആഘോഷിക്കുന്നു.
സനാതന ധർമ്മത്തിൽ ഗോക്കളുടെ പ്രാധാന്യം കൃഷ്ണ-ശിവ-ശക്തി സങ്കല്പത്തിലും രൂപങ്ങളിലും എല്ലാം ദർശിക്കാം.

ഗോസംരക്ഷണം, ഗോസേവ, ഗോദാനം തുടങ്ങിയവക്ക് ഈ ദിനത്തിൽ വളരെ സവിശേഷത ഉണ്ട്, സ്വന്തം വീട്ടിലോ അല്ലെങ്കിൽ അടുത്തുള്ള ഗോശാലകളിലോ ആളുകൾ പോയി സാധിക്കും വിധം ഗോസേവ ചെയ്യുന്ന ദിവസം ആണ് ഇത്. വ്യക്തികൾ ആരോഗ്യത്തിനും കൃഷിക്കും ആധാരമായ പശു സമ്പത്തിന് (ഗോധൻ) ആദരവും, ബഹുമാനവും നൽകി ശ്രീകൃഷ്ണനെയും ഗോക്കളെയും പൂജിച്ച്‌ ഈ ദിവസം ഗോശാലകളിൽ ആഘോഷങ്ങളിൽ പങ്കു ചേരുന്നു.

*ഗോപാഷ്ടമി മഹാത്മ്യം*
ഒരുപാടു കഥകൾ ഇതുമായി ബന്ധപ്പെടുത്തി അറിയപ്പെടുന്നു. അതിലൊന്ന്, ലക്ഷകണക്കിന് ഗോസാമ്പത്തുള്ള നന്ദരാജാവിന്റെ ഗോശാലയിൽ, കുട്ടികാലത്തു പശുകുട്ടികളെ മാത്രം നോക്കിനടന്നിരുന്ന ഭഗവാൻ കൃഷ്ണനും ബാലരാമനും കൗമാരപ്രായം എത്തിയപ്പോൾ ഗോമാതാക്കളെ സംരക്ഷിക്കാനും കാട്ടിൽ മേക്കാൻ പോകാനും നന്ദഗോപരുടെ അനുവാദത്തോടെ നിയോഗിക്കപ്പെട്ട ശുഭദിനം ആണ് ഗോപാഷ്ടമി. ഗോസംരക്ഷണം എന്ന മഹദ്കർമ്മം ഭഗവാൻ ഏറ്റെടുത്ത ദിനം. ഗോപാലൻ എന്ന് അറിയപ്പെടാൻ തുടങ്ങി. രാധാറാണി അവരുടെ കൂടെ പോകാൻ ആഗ്രഹിച്ചപ്പോൾ പെൺകുട്ടി ആയതിനാൽ അനുവാദം കിട്ടിയില്ല. എന്നാൽ കൃഷ്ണഭക്തിയാൽ പ്രേമത്താൽ കൃഷ്ണന്റെ കൂടെ കാട്ടിൽ പോകാൻ വേണ്ടി രാധാറാണി “സുബാല” എന്ന കൃഷ്ണന്റെ ഉറ്റ സുഹൃത്തിനെ പോലെ വേഷം മാറി ഗോക്കളെ മേക്കാൻ കൂടെ പോകുന്നു.

വേറൊരു കഥയിൽ,
ഒരിക്കൽ ഇന്ദ്രൻ (മഴയുടെ ദേവൻ) തനിക്കു വൃന്ദാവനവാസികൾ നൽകാറുള്ള സ്ഥിരം പൂജ മുടങ്ങിയതിനാൽ കോപിതനായി അഹങ്കാരത്താൽ വൃന്ദാവനഭക്തരോട് ദേഷ്യപ്പെടുകയും അവരെ ശിക്ഷിക്കാൻ കനത്ത മഴ പെയ്യിക്കുകയും ചെയ്തു. ജനങ്ങളെ രക്ഷിക്കാൻ, ശ്രീകൃഷ്ണൻ തന്റെ ചെറുവിരലിൽ ഗോവർദ്ധൻ പർവ്വതം ഉയർത്തി, മനുഷ്യരെയും ഗോക്കളെയും അതിനടിയിൽ രക്ഷിച്ചു. അന്ന് കാർത്തിക മാസത്തിലെ പ്രഥമ ദിനത്തിൽ ഗോവർദ്ധനപൂജ നടക്കുന്നു. ശക്തിയായ മഴ ഏഴ് ദിവസം നീണ്ടുനിന്നു, ഒടുവിൽ ഇന്ദ്രൻ തന്റെ തെറ്റ് മനസ്സിലാക്കി, ശ്രീകൃഷ്ണ ചൈതന്യത്തെ ഉൾക്കൊണ്ട്‌, എട്ടാം ദിനം അഥവാ അഷ്ടമി ദിവസം അഹങ്കാരം ശമിച്ചു പേമാരി അവസാനിപ്പിച്ചു,  കൃഷ്ണപാദങ്ങളിൽ പാപമോചനം തേടി. ആ സമയം സുരഭി എന്ന പശു ഇന്ദ്രന്റെയും കൃഷ്ണന്റെയും മേൽ പാൽ വർഷിക്കുകയും അന്ന് മുതൽ കൃഷ്ണൻ ഗോവിന്ദനായി, പശുക്കളുടെ നാഥനായി അറിയപ്പെട്ടു.

ഗോപാഷ്ടമിദിനം കൃഷ്ണഭക്തർ വളരെ പ്രാധാന്യം നൽകുകയും, ഗോശാലകളിൽ നടക്കുന്ന വലിയ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഭഗവാൻ കൃഷ്ണൻ സ്വയം നമുക്ക് പശുക്കളെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തു അതിന്റെ പ്രാധാന്യം അറിയിച്ചു തരുന്നു, ഗോസംരക്ഷണം, ഗോസേവ, ഗോദാനം ഏതൊരു ഭക്തന്റെയും ധർമ്മം ആണ്, ആത്യന്തികമായ കർമ്മം ആണ്, മോക്ഷ പ്രാപ്തിയുടെ കവാടം ആണ്.
ജയ് ഗോപാഷ്ടമി
നന്ദിഗൗറ ഗോശാല
നിന്നു കുഴി
തൃശ്ശൂർ

Leave a comment

Design a site like this with WordPress.com
Get started