♦️🪷♦️🪷♦️🪷♦️🪷♦️
*ഉദ്ധവോപദേശം*
🪷♦️🪷♦️🪷♦️🪷♦️🪷
*പ്രാണായാമം കൊണ്ട് ശുദ്ധമായിത്തീർന്ന ഹൃദയമദ്ധ്യത്തിൽ ജീവകലയെ ധ്യാനിക്കുക. പ്രണവത്തിന്റെ അകാര ഉകാര മകാര മാത്രകൾക്കും, ബിന്ദുവിനും, നാദത്തിനും അതീതമായ ജീവകലയെയാണ് യോഗികൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ആത്മാവും ജീവകലയും ഒന്നുതന്നെ. തേജോമയമായ ജീവകലയെ ശരീരം മുഴുവൻ വ്യാപിച്ചതായി സങ്കല്പിച്ച്, അതിനേയും തന്നേയും അഭേദമായി കണ്ടുകൊണ്ട്. ആത്മാവായി തന്നിൽ പ്രകാശിക്കുന്ന ജീവകലയിൽ നിന്ന് ആവാഹിച്ച്, ന്യാസമന്ത്രംകൊണ്ട് വിഗ്രഹത്തിൽ സ്ഥാപിച്ച്, ഭഗവാനെ പൂജിക്കണം. വിഗ്രഹം സ്ഥിതിചെയ്യുന്ന പീഠത്തിന്റെ നാലുകോണുകളിൽ ധർമ്മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നിവയെ ഭാവന ചെയ്യുക. പീഠത്തിന്റെ കിഴക്ക് തുടങ്ങിയ എട്ടു ദിക്കുകളിലും മധ്യത്തിലുമായി വിമല, ഉൽക്കർഷിണി, ജ്ഞാനം, ക്രിയ, യോഗം, പ്രഹ്വീ, സത്യാ, ഈശാനാ, അനുഗ്രഹം എന്നീ ഒമ്പതു ശക്തികൾ ശോഭിക്കുന്നതായി സങ്കല്പിക്കണം. പീഠത്തിന്മേൽ എട്ടു ദളങ്ങളോടുകൂടിയ ഒരു താമരപ്പൂവിനേയും, അതിന്റെ മധ്യത്തിൽ കർണ്ണികയേയും ഭാവനചെയ്യുക. കർണ്ണികയുടെ നടുവിൽ സൂര്യ ചന്ദ്രാഗ്നികളേയും ധ്യാനിച്ച്, അഗ്നിമധ്യത്തിൽ ഇഷ്ടദേവതാ സ്വരൂപേണ എന്നെ ഭാവന ചെയ്ത്, അർഘ്യം പാദ്യം ആചമനീയം ഇവ നൽകി സത്കരിക്കുക. അനന്തരം വൈദികവും താന്ത്രികവുമായ വിധിയനുസരിച്ച് പൂജിക്കണം. സുദർശനചക്രം, പാഞ്ചജന്യമെന്ന ശംഖ്, കൗമോദകി ഗദ, ശാർങ്ഗമെന്ന വില്ല്, വാള്, ശരം, ഫലം, മുസലം എന്നീ ആയുധങ്ങളെ, കിഴക്ക് മുതലായ എട്ടു ദിക്കുകളിൽ സങ്കല്പിച്ച് പൂജിക്കുക. കൗസ്തുഭരത്നം, വനമാല, ശ്രീവത്സം ഇവയെ എന്റെ മാറിടത്തിൽ ശോഭിക്കുന്നതായി ധ്യാനിച്ച് പൂജിക്കണം.*
*നന്ദൻ, സുനന്ദൻ, പ്രചണ്ഡൻ, ചണ്ഡൻ, മഹാബലൻ, ബലൻ, കുമുദൻ, കുമുദേക്ഷണൻ എന്നീ പാർഷദന്മാരെ എട്ടു ദിക്കുകളിലും, ഗരുഡനെ മുൻഭാഗത്തും പൂജിക്കുക, ദുർഗ്ഗ, വിനായകൻ, വ്യാസൻ, വിഷ്വക്സേനൻ എന്നിവരെ നാലുഭാഗത്തും, ഗുരുനാഥന്മാരെ ഇടത്തുഭാഗത്തും, ഇന്ദ്രാദി ദിക്പാലന്മാരെ കിഴക്ക് മുതലായ അവരവരുടെ സ്ഥാനങ്ങളിലും, ഭഗവാന് അഭിമുഖമായി നിൽക്കുന്നവരായി ഭാവനചെയ്ത്, പ്രോക്ഷണം ചെയ്തു പൂജിക്കണം. ചന്ദനം, രാമച്ചം, അകില്, കർപ്പൂരം, കുങ്കുമം ഇവകൊണ്ട് സുരഭിലമാക്കിത്തീർത്ത ജലം വിഗ്രഹത്തിൽ അഭിഷേകം ചെയ്യണം. സുവർണ്ണഘർമ്മാനുവാകം, മഹാപുരുഷവിദ്യ, പുരുഷസൂക്തമന്ത്രം എന്നിവകൊണ്ടും ആരാധിക്കുക. വിഗ്രഹത്തെ വസ്ത്രം യജ്ഞോപവീതം ആഭരണങ്ങൾ കുറിക്കൂട്ട് മാല ചന്ദനം മുതലായവകൊണ്ട് അലങ്കരിക്കണം. പാദ്യം, ആചമനീയം, ഗന്ധം, പുഷ്പം, അക്ഷതം, ധൂപദീപാദികൾ എന്നിവയെ ശ്രദ്ധയോടുകൂടി ഭഗവാനായ എനിക്ക് സമർപ്പിക്കണം. ശർക്കരപ്പായസം, നെയ്യ്, മുറുക്ക്, അപ്പം, മോദകം, തൈര്, പരിപ്പ് എന്നിവ നിവേദിക്കണം. എണ്ണ ആടുക, വാകച്ചാർത്തുകൊണ്ട് എണ്ണമെഴുക്ക് കഴുകിക്കളയുക, കണ്ണാടി കാണിക്കുക, പഞ്ചാമൃതാഭിഷേകം, പലവിധ നിവേദ്യങ്ങൾ, ഗീതം, നൃത്തം എന്നിവ, കഴിവുണ്ടെങ്കിൽ ദിവസേനയും, അല്ലെങ്കിൽ വിശേഷദിവസങ്ങളിലെങ്കിലും, നടത്തുകയും വേണം
കടപ്പാട്🚩🚩🚩
🕉️🏵️🕉️🏵️🕉️🏵️🕉️🏵️🕉️
Leave a comment