ചണ്ഡാലനും ശങ്കരനും
ഭഗവാൻ ശങ്കരാചാര്യരിൽ നാം വിശ്വസിച്ചു പോകുന്ന കഥകളിൽ ഒന്നാണ് ചണ്ഡാളനായി അസ്പൃശ്യത പരീക്ഷിച്ചുവെന്നത് !
ശ്രീ ശങ്കരനെ തൻ്റെ ശിഷ്യനായ തോടകൻ അറിഞ്ഞു സ്തുതിക്കുന്നു ണ്ട് ”ഭവ ഏവ ഭവാൻ ” അങ്ങ് ഭവൻ അതായത് സാക്ഷാത് ശിവൻ തന്നെയാണ് എന്ന്.
മറ്റൊരു കാര്യം ശങ്കരൻ ആത്മജ്ഞാനി ആയിരുന്നില്ല ആത്മജ്ഞാനിയായി തീരാൻ ഈ അസ്പൃശ്യത തടസമായിരുന്നുവെന്നാണ് ചിലർ പറയുന്നത്.
ഇതൊക്കെ വിശ്വസിക്കുന്നവർ പതിനാറു വയസിൽ ഭാഷ്യരചന പൂർത്തിയാക്കിയത് അംഗീകരിക്കുന്നില്ല എന്നു പറയേണ്ടി വരും !
ഭാഷ്യങ്ങളിൽ വ്യക്തമാക്കാത്ത ഒന്നും തന്നെ പിന്നീട് വ്യക്തമാക്കിയതായിട്ട് കാണാനും കഴിയില്ല.
ഏതൊരു മഹാത്മാവിൻ്റെ ജീവിത ചരിതത്തിൽ നിന്നും തങ്ങൾക്ക് വേണ്ടത് മാത്രം തങ്ങളുടെ ഗുണഘടനക്കനുസരിച്ച് കാണുന്നവരാണ് സാധാരണക്കാർ!
ഭഗവാൻ ഭാഷ്യകാരൻ്റെ കൃതികൾ എല്ലാം ഉദ്ദേശപൂർവ്വം രചിക്കപ്പെട്ടതാണ്.
അതിൽ ഭാഷ്യങ്ങൾ, പ്രകരണഗ്രന്ഥങ്ങൾ സ്തോത്ര കൃതികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ കാണാം.
ഇതിൽ ഭാഷ്യങ്ങൾ, സ്വയം സിദ്ധാന്തിയായി ഇരുന്നു കൊണ്ട് പരപക്ഷ ഖണ്ഡനം ചെയ്ത് സിദ്ധാന്തത്തെ സമർത്ഥിക്കുന്ന രീതിയിൽ എഴുതിയിരിക്കുന്നു.
പ്രകരണ ഗ്രന്ഥങ്ങളിൽ അങ്ങിനെ കാണുന്നില്ല.
സ്തോത്രങ്ങളിൽ ആചാര്യൻ മറ്റുള്ളവരെ ചിന്തിപ്പിക്കാനും കൂടി ഉതകുന്ന തരത്തിൽ അതതു ദേവതകളിൽ നിന്നാരംഭിച്ച് സർവാധിഷ്ഠാനസത്യത്തിലേക്ക് ഏവരെയും പ്രേരിപ്പിക്കുന്നതായി കാണാം.
എല്ലാ ഗ്രന്ഥങ്ങളും ശിഷ്യർക്ക് വേണ്ടി എഴുതിയതാണ്.
അത്തരം വേദാന്ത പ്രകരണ കൃതികളിലൊന്നായ മനീഷാ പഞ്ചകത്തിൽ ഒരു ആഖ്യായിക കഥാസന്ദർഭം ഉൾപ്പെടുത്തി കൃതി അവതരിപ്പിച്ചതിനെ കാലം കൊണ്ട് ജനം വസ്തുതയാക്കി തീർത്തു ,
എന്നാൽ മനീഷാ പഞ്ചകം യഥാർത്ഥത്തിൽ പഠിച്ചോ? ഇല്ല താനും!
ഇതാണ് നമുക്ക് സംഭവിക്കുന്ന തെറ്റ്.
സ്വയം ഗരുവായി ചമയാൻ എത്രയോ പേർ …
എന്നാൽ സ്വയം സമർപ്പിത ശിഷ്യന്മാരുടെ എണ്ണം കുറഞ്ഞു വരുന്നു!
ഇവിടെയാണ് സമ്പ്രദായ പാരമ്പര്യങ്ങളുടെ പ്രസക്തി.
ബാഹ്യമായ വ്യത്യാസങ്ങളെ ഇല്ലാതാക്കുകയല്ല , ആന്തരികമായ ഏകതയെ ബോധിപ്പിക്കുകയാണ് വേദാന്തം ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ ഏവർക്കും സാധിക്കട്ടെ!
അത്തരം മനന സഹായിയായ ഒരു ഗ്രന്ഥത്തെ ശങ്കരന് അദ്വൈത സിദ്ധിയുണ്ടായപ്പോൾ വിളിച്ചു പറഞ്ഞ വെളിപാടായി വ്യാഖ്യാനിക്കുന്നവർ ഒന്നു മനസിലാക്കുക!
നിങ്ങൾക്ക് അദ്വൈതവും മനസിലായിട്ടില്ല , ശ്രീ ശങ്കരഭഗവത്പാദരെയും മനസിലായിട്ടില്ല!
സ്വാമി ഹംസാനന്ദപുരി
Leave a comment