Earth Sun and Moon

ഭൂമിയിൽ ആണല്ലോ കടൽ, അപ്പോൾ കടലിൽ നിന്നും ഭൂമിയെ എങ്ങനെ പോക്കിയെടുത്തു എന്നാണ് യുക്തിവാദ സംശയം!

മത വിമർശനം സംബന്ധിച്ച് യുക്തിവാദം എത്ര കണ്ട് ശിശുപ്രായമെന്നാണ് അത്ഭുതം തോന്നുന്നത്. ഒന്നാമതായി പുരാണ കഥകൾ അല്ല പ്രസ്ഥാന ത്രയങ്ങളെയാണ് ആചാര്യന്മാർ പ്രധാനമായി കണ്ടതും നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതും. അത് ശങ്കര-രാമാനുജ-മാധ്വ ആചാര്യന്മാർ എല്ലാം യോജിക്കുന്ന കാര്യമാണ്. ശ്രീ നാരായണഗുരുദേവനും  വ്യാഖ്യാനം ചമച്ച് അംഗീകരിച്ചത് വേദാന്തം മാത്രം ആണ്. വേദാന്തം (ഉപനിഷത്തുകൾ, ഗീത, ബ്രഹ്മസൂത്രം ഇവ) പഠിച്ച് കഷ്ടപ്പെടാതെ ചുളുവിൽ  മത വിമർശനം നടത്താൻ, പുരാണ സാഹിത്യം പോലും മൗലികമായി പഠിക്കാതെ, അമർചിത്രകഥയുടെ സഹായം തേടുന്ന യുക്തിവാദം സഹതാപാർഹമാണ്. ഇനി ഒരു കഥയെ വിലയിരുത്തുമ്പോൾ അതിന്റെ മുഴുവനും മനസ്സിലാക്കാതെ വിമർശിക്കുന്നത് എത്ര ബാലിശമാണ് എന്ന് പോലും അവർക്ക് തോന്നുന്നതുമില്ല! പുരാണങ്ങളെ വിമർശിക്കുമ്പോൾ അവയെങ്കിലും മുഴുവനും പഠിക്കാൻ ക്ഷമവേണം. പുരാണങ്ങളോ കഥകളോ അല്ല മതത്തിന്റെ അടിസ്ഥാനം എന്ന് വിശ്വാസികളും മറക്കരുത്. പുരാണേതിഹാസങ്ങൾ വേദാന്തത്തിന് യോജിക്കുന്ന അത്രയും വരെ സ്വീകരിക്കാം. വേദാന്തത്തോട് ചേരാത്ത സ്മൃതികൾക്ക് ഒരു വിലയും ഇല്ല. അനാചാരങ്ങളെ ഗുരുദേവൻ എതിർത്തതും  തിരുത്തിയതും വേദാന്ത ചിന്തയുടെ ബലത്തിൽ ആയിരുന്നു.

ഭൂമിക്ക് ഭൂമീദേവി എന്ന് അർത്ഥം ഉണ്ട്. സൂര്യദേവൻ ചന്ദ്രദേവൻ എന്നിവരെപോലെ ഭൂമി എന്ന ഗോളത്തിന്റെ അധിഷ്ഠാന ദേവി അഥവാ അഭിമാന ദേവത ആണ് ഭൂദേവി. അപ്പോൾ ഭൂമിയുടെ മേൽ അധികാരമുള്ള  ദേവതയുടെ പേരാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. ഭൂമിയുടെ അധികാരമുള്ള ദേവതയായ ഭൂമിദേവി എന്ന ദേവിയെ കടലിൽനിന്ന് വീണ്ടെടുത്തു എന്ന് അർത്ഥം.    മറ്റൊന്ന്  ഇവിടെ  കടൽ എന്നതിന് കാരണോദകത്തിൽ  (പ്രപഞ്ചം മുഴുവൻ നാരം അഥവാ സൂക്ഷ്മ കണങ്ങളുടെ ഒരു കടലായി വർണിക്കുന്ന ഒരു രീതിയുമുണ്ട് പുരാണങ്ങളിൽ)  സൂക്ഷ്മമായ തന്മാത്രകളായി ആകെ bond നഷ്ടപ്പെട്ട atoms എന്ന അവസ്ഥയിൽ നിന്ന് ഭൂമിയെ വീണ്ടെടുത്തു എന്നും ഒരർത്ഥമുണ്ട്. മറ്റൊന്ന്  ഭ്രമണപഥത്തിൽ നിന്നും വിട്ടുപോയ ഭൂമിയെ വീണ്ടും അവിടെ പുനസ്ഥാപിച്ചു എന്നതാണ്. ബ്രഹ്മാവിനെപ്പോലും വെല്ലുവിളിക്കാൻ ശേഷിയുള്ള അസുരേന്ദ്രന് അത് അസാധ്യമല്ലല്ലോ. സൂര്യൻ ഒരു നക്ഷത്രമാണ് എന്ന് അറിയാത്തത് കൊണ്ടായിരുന്നു നമ്മുടെ പൂർവ്വികർ സൂര്യനെ ആരാധിച്ചത് എന്ന് ചിലർ കരുതുന്നു, അഗ്നിയും ജലവും ഗംഗയും എല്ലാം പ്രകൃതി പ്രതിഭാസങ്ങൾ ആണ് എന്ന് അറിഞ്ഞ് തന്നെ അവയുടെ അഭിമാന ദേവതകളെയാണ് പൂർവികർ ആരാധിച്ചിരുന്നത് എന്ന് നാം എങ്കിലും അറിയണം.

Leave a comment

Design a site like this with WordPress.com
Get started