Chattambi swami jayanthi

✒️ ഋഷിതുല്യനായ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തിദിനം

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച…
സമസ്ത ജീവജാലങ്ങളെയും ആത്മനിർവിശേഷം പരിഗണിച്ച യോഗി, ജാതിഭേദങ്ങളുടെ വേലിക്കെട്ടിനപ്പുറം നിന്നവരെ മാറോടുചേർത്ത മനുഷ്യസ്നേഹി, അന്ധവിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരിയും ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായ പരമഭട്ടാരക വിദ്യാധിരാജ  ചട്ടമ്പിസ്വാമികളുടെ അന്വേഷണബുദ്ധി ചെന്നെത്താത്ത വൈജ്ഞാനിക മേഖലകളില്ല. വേദാന്തം, തർക്കം, തന്ത്രവിദ്യ എന്നിവയിൽ മാത്രമല്ല സംഗീതം, ചിത്രരചന, പാചകം എന്നിവയിലും അദ്ദേഹത്തിന്റെ അന്വേഷണം വ്യാപരിച്ചു. രാജ്യചരിത്രം, സ്ഥലചരിത്രം, നരവംശചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യശാസ്ത്രം, പരിസ്ഥിതിവിജ്ഞാനം തുടങ്ങി സകലകലകളിലും വിജ്ഞാനശാഖകളിലും അദ്ദേഹം ആഴത്തിലുള്ള അറിവുകൾ നേടിയിരുന്നു. പഇതെല്ലാമായിരുന്നു വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ. ജ്ഞാനാന്വേഷണത്തിന്റെ ആദ്യനാളുകളിൽ സഹയാത്രികനായിരുന്ന ശ്രീനാരായണ ഗുരുവിനു ചട്ടമ്പിസ്വാമികളെ നന്നായി അറിയാമായിരുന്നു. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു എന്നെല്ലാമാണു ചരമശ്ലോകത്തിൽ ചട്ടമ്പിസ്വാമികളെ നാരായണഗുരു വിശേഷിപ്പിച്ചത്. 1853 ആഗസ്റ്റ്  25 ന് ചിങ്ങമാസത്തിലെ ഭരണി നാളിലായിരുന്നു തിരുവനന്തപുരം കണ്ണമ്മൂലയിൽ വാസുദേവ ശർമ്മയുടേയും നങ്ങമ്മയുടെയും  മകനായി ഉള്ളൂർകോട് എന്ന നായർ തറവാട്ടിൽ ചട്ടമ്പിസ്വാമിയുടെ ജനനം. ആദ്യം അയ്യപ്പനെന്നും പിന്നീട് കുഞ്ഞനെന്ന വിളിപ്പേരിലുമാണ്  അറിയപ്പെട്ടിരുന്നത്. കൊല്ലൂർ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൻ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേട്ട് പഠിച്ചാണ് ബാല്യത്തിൽ വിദ്യാഭ്യാസം നേടിയത്. പിന്നീട് പേട്ടയിൽ രാമൻപിള്ളയാശാന്റെ കളരിയിൽ ചേർന്ന് സംസ്‌കൃതം പഠിക്കാൻ അവസരം കിട്ടി. അവിടെ വെച്ചാണ് ‘ചട്ടമ്പി’ എന്ന പേര് ലഭിക്കുന്നത്. ക്ലാസ്സ് ലീഡറുടെ ചുമതലയുണ്ടായിരുന്നതിനാലാണ് ചട്ടമ്പി (ചട്ടം അൻപുക, നടപ്പിൽ വരുത്തുക) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് ജീവിതാവസാനം വരെ സ്വാമി ആ പേര് വിനയത്തിന്റെ പര്യായമായി കൊണ്ടു നടന്നു. ദരിദ്രമായ സാഹചര്യങ്ങളിലായിരുന്നു, അയ്യപ്പൻ എന്നു വീട്ടുകാർ പേരി‍ട്ട കുഞ്ഞന്റെ ബാല്യം. ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞുള്ളതെല്ലാം സ്വന്തം നിലയിൽ നേടി. സൗജന്യ നിധികളായ ഗുരുക്കന്മാരും തിരുവനന്തപുരത്തെ ചില ഗ്രന്ഥശാലകളുമായിരുന്നു തുടർപഠനത്തെ തുണച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ പണി നടക്കുമ്പോൾ അവിടത്തെ ദിവസക്കൂലിക്കാരിൽ ഒരാളായിരുന്നു.  അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍  സ്വയം വിദ്യകള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം  ഉത്തമരായ ജിജ്ഞാസുക്കളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചു. കേരളത്തിൽ താൻ കണ്ട ഗണനീയ വ്യക്തികളിൽ ഒരാളായി ചട്ടമ്പിസ്വാമിയെ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു. നീലകണ്ഠ തീർത്ഥപാദ സ്വാമികൾ, വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകൻ തീർത്ഥപാദ സ്വാമികൾ എന്നിവർ ചട്ടമ്പി സ്വാമികളുടെ സന്യാസ ശിഷ്യന്മാരാണ്. എഴുതുന്നത് എവിടെ വച്ചാണോ അവിടെ ഉപേക്ഷിച്ചു കളയുന്ന നിരവധി അമൂല്യ കൃതികളുടെ രചയിതാവ് കൂടിയാണ്. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ, ക്രിസ്തുമതച്ഛേദനം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം, ചിദാകാശലയം, ശ്രീചക്രപൂജിതത്വം, ഒഴുവിലൊടുക്കം (വിവർത്തനം), നിജാനന്ദവിലാസം (വിവർത്തനം) തുടങ്ങിയ കൃതികൾ ചട്ടമ്പിസ്വാമികളുടേതാണ്.
1924 മേയ് 5-ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ അദ്ദേഹം സമാധിയായി.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.
Saji Abhiramam  💐

Leave a comment

Design a site like this with WordPress.com
Get started