Soundarya lahari 18

സൗന്ദര്യലഹരി
                ശ്ലോകം -18

തനുച്ഛായാഭിസ്തേ തരുണതരണിശ്രീസരണിഭിർ
ദിവം സർവ്വാമുർവ്വീമരുണിമനി മഗ്നാം സ്‌മരതി യ:
ഭവന്ത്യസ്യ തസ്യദ്വനഹരിണശാലീനനയനാഃ സഹോർവ്വശ്യാ വശ്യാ കതി
                കതി ന ഗീർവാണഗണികാഃ

പദാർത്ഥം: തരുണതരണിശ്രീസരണിഭിഃ – ബാലസൂര്യന്റെ ശോഭയുടെ മാർഗ്ഗത്തെ സ്വീകരിച്ചവയായ, തേ – നിന്തിരുവടിയുടെ, തനുച്ഛായാഭിഃ – ദേഹകാന്തികളാൽ, സർവ്വാം – സമസ്‌തയായ, ദിവം – ആകാശത്തെയും, ഉർവ്വീം ച – ഭൂമിയെയും, അരുണിമനി – ചുവപ്പുവർണ്ണത്തിൽ, മഗ്നാം – മുങ്ങിയതായിട്ട്, യഃ – യാതൊരുവൻ, സ്‌മരതി – ധ്യാനിക്കുന്നു. അസ്യ  അപ്രകാരം ധ്യാനിക്കുന്ന ഇവന്, തസ്യദ്വന ഹരിണശാലീനനയനാഃ – കാട്ടിലുള്ള പേടിച്ച മാൻപേടയുടെ കണ്ണുകൾപോലെ മനോഹരങ്ങളായ കണ്ണുകളോടു കൂടിയ, ഗീർവ്വാണഗണികാഃ – ദേവസുന്ദരിമാർ; ഉർവ്വശ്യാസഹ – ദേവനാരീതിലകമായ ഉർവ്വശിയോടുകൂടി, കതി കൃതി – എത്രയെത്ര, വശ്യാഃ – സ്വാധീനപ്പെട്ടവരായിട്ട്, ന ഭവന്തി – ഭവിക്കുന്നില്ല. ഭവിക്കുകതന്നെ ചെയ്യുമെന്നു സാരം.

സാരം: ഹേ ഭഗവതി, ബാലസൂര്യൻ്റെ കിരണങ്ങൾപോലെ മനോഹരങ്ങളായ നിന്തിരുവടിയുടെ ദേഹകാന്തികളാൽ ആകാശവും ഭൂമിയും ആസകലം ചുവപ്പുനിറത്തിൽ മുങ്ങിയതായി യാതൊരുത്തൻ ധ്യാനിക്കുന്നുവോ, അപ്രകാരം ധ്യാനിക്കുന്ന ഉപാസകന് കാട്ടിലെ പേടിച്ച മാൻപേടയുടെ കണ്ണുകൾപോലെ മനോഹരങ്ങളായ കണ്ണുകളോടുകൂടിയ ദേവസുന്ദരിമാർ സ്വർവ്വേശ്യാതിലകമായ ഉർവ്വശിയോടുകൂടി എത്രയെത്ര പേർ വശ്യകളായി ഭവിക്കുന്നില്ല? അനവധി ദേവസ്ത്രീകൾ അവരിൽ പ്രമാണികളോടുകൂടി സ്വാധീനകളായിത്തീരുമെന്നു താത്പര്യം.

തനുച്ഛായാഭിഃ -ദേഹത്തിന്റെ കാന്തികൾകൊണ്ട്, തേ – നിന്തിരുവടിയുടെ, തരുണതരണിശ്രീസരണിഭിഃ – തരുണതരണിയുടെ – ബാലസൂര്യൻ്റെ, ശ്രീയുടെ – ശോഭയുടെ, സരണി – മാർഗ്ഗം. സൗഭാഗ്യമെന്നു താത്പര്യം. അതുള്ളവയായ, ദിവം – ആകാശത്തെയും, സർവ്വാം ഉർവ്വീം – ഭൂമിയെ ആസകലവും, അരുണിമനി – അരുണവർണ്ണത്തിൽ, മഗ്നാം – മുങ്ങിയതായിട്ട്, ഏറ്റവും ചുവപ്പുനിറമായിട്ട് എന്നു താത്പര്യം. ‘അരുണിമനിമഗ്നാം’ എന്ന് ഒരു പദമായിട്ടും പദച്ഛേദം ചെയ്യാം. അപ്പോൾ ‘നിമഗ്നാ’ എന്നതിന് ഏറ്റവും മുങ്ങിയത് എന്ന് അർത്ഥമാകും.

ഇങ്ങനെ ശംഭുവചനവുമുണ്ട്:

യാവകാബ്‌ധൗ നിമഗ്നാം യോ ദിവം ഭൂമിം
                                         വിചിന്തയേത്
തസ്യ സർവ്വാ വശം യാതാത്രൈലോക്യവനിതാ ദ്രുതം

അർത്ഥം: യാതൊരുത്തൻ ഭൂമിയെയും ആകാശത്തെയും അരക്കുചാറു നിറഞ്ഞതായ സമുദ്രത്തിൽ മുങ്ങിയതായി ചിന്തിക്കുന്നുവോ, ആ സാധകനു ത്രൈലോക്യവാസികളായ സകലസ്ത്രീകളും വേഗത്തിൽ സ്വാധീനകളായി ഭവിക്കും.

ഇവിടെ ‘അരുണിമ’ പദം യാവകാബ്‌ധിയെ കുറിക്കുന്നതിനാൽ യാവകസമുദ്രമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നത് എന്നർത്ഥം. സ്‌മരതി – ചിന്തിക്കുന്നു, യഃ – യാതൊരു സാധകൻ, അസ്യ – ഈ സാധകന്, ത്രസ്യദ്വനഹരിണശാലീനനയനാഃ – ത്രസ്യത്തുക്കളായ, – ഭയപ്പെട്ടവയായ, വന ഹരിണങ്ങളുടെ – കാട്ടിലുള്ള മാനുകളുടെ, (വനശ്ബദം കൊണ്ടു സ്വച്ഛന്ദചാരിത്വവും, ലക്ഷണംകൊണ്ട് അതിഭീരുത്വവും ധ്വനിക്കുന്നു) കണ്ണുകൾപോലെ ശാലീനങ്ങളായ, ലജ്ജാമിശ്രങ്ങളായി അതിസുന്ദരങ്ങളായ കണ്ണുകളോടുകൂടിയവർ എന്ന് അർത്ഥം. സഹ – കൂടെ, ഉർവ്വശ്യാ – ഉർവ്വശീ എന്നു പ്രസിദ്ധയായ അപ്‌സരസ്ത്രീയോട്, വശ്യാഃ – വശംഗതകളായി, കതി കതി – എത്രയെത്ര, അഭീക്ഷ്‌ണപ്രയോഗത്തിൽ ‘ദ്വിരുക്തി’, ‘ന’കാരം നിഷേധാർത്ഥത്തിലാകുന്നു. ഗീർവ്വാണഗണികാഃ – ദേവവേശ്യമാർ അപ്സരസ്ത്രീകൾ എന്നർത്ഥം.

കടപ്പാട്
                                                    തുടരും…

Leave a comment

Design a site like this with WordPress.com
Get started