Prakrithi and Nivruthy

*പ്രവൃത്തിയും നിവൃത്തിയും*

*ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെ പുരുഷാർത്ഥങ്ങൾ എന്ന് പറയും പുരുഷാർത്ഥങ്ങളും ചതുരാശ്രമങ്ങളും തമ്മിലുള്ള ബന്ധത്തെ പിന്നീട് വിശദീകരിക്കാം. ഇതിൽ മോക്ഷം എന്ന പുരുഷാർത്ഥം നേടേണ്ടത് സന്യാസത്തിലൂടെയാണ്. ഈ മാർഗ്ഗത്തെ നിവൃത്തിമാർഗ്ഗം എന്ന് പറയും. ആദ്യത്തെ മൂന്ന് ആശ്രമങ്ങളിലേത് പ്രവൃത്തിമാർഗ്ഗവും. നിവൃത്തിമാർഗ്ഗത്തിലൂടെ മാത്രമേ ജ്ഞാനം നേടാൻ കഴിയുകയുള്ളൂ. മുൻപുള്ളതെല്ലാം അതിനുള്ള തയ്യാറെടുപ്പ് മാത്രമാണ്.*

*മോക്ഷം നേടേണ്ടത് ത്യാഗത്തിലൂടെയാണ്. അതായത് പ്രവൃത്തിമാർഗ്ഗത്തിന്റെ ലക്ഷ്യമായ കാമത്തെ ത്യജിച്ചാണ് നിവൃത്തിമാർഗ്ഗത്തിന്റെ ലക്ഷ്യമായ മോക്ഷത്തിൽ എത്തേണ്ടത്. പ്രവൃത്തി മാർഗ്ഗത്തിലിരുന്നു കൊണ്ട് ധർമ്മാർത്ഥകാമങ്ങൾ നേടി, അതിന്റെ നശ്വരതയും ക്ഷണികതയും മനസ്സിലാക്കി, കർമ്മം കൊണ്ട് ദുഃഖത്തെ ഒഴിവാക്കാനോ സുഖത്തെ നിലനിർത്താനോ കഴിയുകയില്ലെന്ന് മനസ്സിലാക്കുന്ന ജീവനാണ് മോക്ഷത്തെ ആഗ്രഹിച്ച് നിവൃത്തിമാർഗ്ഗത്തിൽ കടക്കുന്നത്.*

*ചിലർ പ്രവൃത്തി മാർഗ്ഗത്തിൽനിന്ന് പുറത്തു കടക്കാതെ ആ മാർഗ്ഗത്തെ ഉപേക്ഷിച്ചിട്ട് നിവൃത്തിമാർഗ്ഗമായ സന്യാസം സ്വീകരിക്കുന്നത് കാണാറുണ്ട്. ഇതൊരു തരം ഒളിച്ചോട്ടമാണ്. “രണ്ടണയ്ക്ക് കുടിച്ചാൽ മത്ത് പിടിക്കില്ല” എന്നാണ് ശ്രീരാമകൃഷ്ണ ദേവൻ ഇവരെക്കുറിച്ച് പറയാറുള്ളത്. അവർ പ്രവൃത്തിമാർഗ്ഗത്തിന്റെ ലക്ഷ്യമായ കാമപൂരണത്തിനു വേണ്ടിത്തന്നെയാണ് നിവൃത്തിമാർഗ്ഗത്തെയും ആശ്രയിക്കുന്നത്. ഇത്തരം സന്യാസിമാർ ഇന്നും നമുക്കിടയിലുണ്ട്.*

*ആത്മജ്ഞാനം നേടാൻ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കണമെന്ന് ഒരു നിർബ്ബന്ധവുമില്ല. വിവേകാനന്ദസ്വാമികൾ, ചട്ടമ്പിസ്വാമികൾ, നാരായണഗുരുദേവൻ തുടങ്ങി പല മഹാത്മാക്കളും ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചവരല്ല. ബ്രഹ്മചര്യാശ്രമത്തിൽ നിന്നും ആത്മവിദ്യ പഠിച്ചിട്ട് ആ ആശ്രമത്തിലിരിക്കെ തന്നെ അത് സ്വാംശീകരിക്കാൻ കഴിഞ്ഞവർക്കും, ഗൃഹസ്ഥാശ്രമത്തിലിരിക്കുമ്പോൾ തീവ്രമായ വിരക്തി വന്നവർക്കും നേരിട്ട് സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാം.*

*തത്ത്വമസി*
🙏🌹🙏

Leave a comment

Design a site like this with WordPress.com
Get started