Soundarya lahari 8

സൗന്ദര്യ ലഹരി:
സൗന്ദര്യലഹരി
                  ശ്ലോകം – 8

സുധാസിഡോർമ്മദ്ധ്യേ സുരവിടപിവാടീപരിവൃതേ
മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ
ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാം
ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം

പദാർത്ഥം: സുധാസിന്ധോ: – അമൃതസമുദ്രത്തിന്റെ,
മദ്ധ്യേ – നടുവിൽ, സുരവിടപിവാടീപരിവൃതേ – കല്പക വൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ടതായ. മണിദ്വീപേ – രത്നദ്വീപിങ്കൽ, നീപോപവനവതി – കടമ്പുവൃക്ഷപ്പൂന്തോട്ടത്തോടു കൂടിയ, ചിന്താമണിഗൃഹേ – ചിന്താരത്നനിർമ്മിതമായ മണിമന്ദിരത്തിങ്കൽ, ശിവാകാരേ – ബ്രഹ്മാവിഷ്ണു‌രുദ്രേശ്വരന്മാരാകുന്ന നാലു കാലുകളോടും സദാശിവനാകുന്ന പലകയോടുംകൂടിയ, മഞ്ചേ – മഞ്ചത്തിങ്കൽ (കട്ടിലിൽ) പരമശിവപര്യങ്കനിലയാം –  പരമശിവനാകുന്ന മെത്തയിൽ ഇരിക്കുന്നവളായും, ചിദാനന്ദലഹരീം – ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും പ്രവാഹരൂപിണിയായും ഇരിക്കുന്ന, ത്വാം – നിന്തിരുവടിയെ, കതിചന ധന്യാഃ – ചില ഭാഗ്യവാന്മാർ, ഭജന്തി – ഭജിക്കുന്നു.

സാരം: അല്ലയോ ഭഗവതി, അമൃതസമുദ്രത്തിന്റെ നടുവിൽ കല്പകവൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ട രത്നദ്വീപിൽ കടമ്പിൻപൂന്തോട്ടത്തോടുകൂടിയ ചിന്താമണിമന്ദിരത്തിങ്കൽ ബ്രഹ്മാവിഷ്‌ണുരുദ്രേശ്വരന്മാർ അഗ്നികോണുമുതൽ നാലു കോണുകളിൽ ഊർദ്ധ്വാധോഭാഗങ്ങളിൽ സ്‌തംഭരൂപമായും മദ്ധ്യത്തിൽ പുരുഷരൂപമായുമുള്ള നാലു കാലുകളായി സ്ഥിതിചെയ്യുന്നതും,
ഉപരിഭാഗത്തിങ്കൽ സദാശിവനാകുന്ന പലകയോടുകൂടിയ മഞ്ചത്തിൽ പരമശിവനാകുന്ന മെത്തയിൽ ഇരിക്കുന്നവളും ജ്ഞാനാനന്ദപ്രവാഹരൂപിണിയുമായ നിന്തിരുവടിയെ ചില മഹാപുണ്യവാന്മാർ ഭജിക്കുന്നു.

സുധാസിന്ധോ : – അമൃതസമുദ്രത്തിൻ്റെ, മദ്ധ്യേ – നടുവിൽ, സുരവിടപിവാടീപരിവൃതേ – കല്‌പകവൃക്ഷങ്ങളുടെ വാടികകളാൽ ചുറ്റപ്പെട്ടതായ, മണിദ്വീപേ – രത്നമയമായ ദ്വീപിങ്കൽ, നീപോപവനവതി – കടമ്പുവൃക്ഷങ്ങളെകൊണ്ടുള്ള ഉപവനത്തോടുകൂടിയ, ചിന്താമണിഗൃഹേ – ചിന്താമണിയാൽ നിർമ്മിക്കപ്പെട്ട മന്ദിരത്തിങ്കൽ, ശിവാകാരേ  – ശിവശക്തിരൂപത്രികോണം ആകുന്ന, മഞ്ചേ –  കട്ടിലിൽ, പരമശിവപര്യങ്കനിലയാം – പരമശിവൻതന്നെയാകുന്ന മെത്തയിൽ, (നിലയം – വാസസ്ഥാനം) ഉള്ളവൾ, ഭജന്തി – സേവിക്കുന്നു, ത്വാം –  നിന്തിരുവടിയെ, ധന്യാഃ – നിന്തിരുവടിയുടെ അനുഗ്രഹത്താൽ കൃതാർത്ഥന്മാരായിട്ടുള്ളവർ, കതിചന – ചുരുക്കം ചിലർ, ചിദാനന്ദലഹരീം -ചിത് – ജ്ഞാനം, അതിൻ്റെ ആകരമായ, ആനന്ദം – നിരതി ശയസുഖം; ആ സുഖത്തിൻ്റെ ലഹരീ – പ്രവാഹം; അതാകുന്ന സ്വരൂപത്തോടുകൂടിയവളായ.

ഈ ശ്ലോകത്തിൽനിന്ന് ഇതുകൂടി ധരിക്കേണ്ടതാകുന്നു:

‘സമയ’മതപാരദൃശ്വാവായ ഭഗവത്പാദാചാര്യർ
സമയാചാരതത്പരനായിട്ട് ‘സമയ’സ്വരൂപിണിയായ ഭഗവതിയെ സ്‌തുതിക്കുന്നു, ‘സമയാചാരം’ എന്നത് ആന്തരപൂജാരതിയാകുന്നു. ‘കലാചാരം’ എന്നത് ബാഹ്യപൂജാരതിയുമാകുന്നു. ഈ സംഗതി ‘തവാധാരേ മൂലേ സഹ സമയയാ’ എന്ന 41-ാം ശ്ലോകത്തിൻ്റെ വ്യാഖ്യാനത്തിൽ സ്പഷ്ടമായി
വിവരിക്കുന്നതാകുന്നു.

ശ്രീചക്രത്തിന് വിയച്ചക്രമെന്നും പേരുണ്ട്. വിയത്തിങ്കൽ -ആകാശത്തിങ്കൽ-പൂജിക്കുന്നത്
കൊണ്ടാണ് വിയച്ചക്രമെന്ന സംജ്ഞ സിദ്ധിച്ചിരിക്കുന്നത്. ശ്രീചക്രത്തിന് വിയത് പൂജ്യത്വം ദഹരാകാശജമെന്നും ബാഹ്യാകാശജമെന്നും രണ്ടു പ്രകാരത്തിലാകുന്നു. ബഹിർഭാഗത്തിൽ പീഠ മുതലായതു വെച്ച് അതിന്മേൽ ഭൂർജ്ജപത്രം, ശുദ്ധവസ്ത്രം, സ്വർണ്ണത്തകിട്, വെള്ളിത്തകിട് മുതലായവയിൽ ശ്രീചക്രം എഴുതിവെച്ച് പൂജിക്കുന്നതാകുന്നു ബാഹ്യാകാശജം. ഇതിനെത്തന്നെയാണ് വൃദ്ധന്മാർ കൗളപൂജ എന്നു പറയുന്നത്. അതും മുകളിൽ വിവരിക്കപ്പെടും. ഹൃദയാകാശാന്തർഭാഗത്തുള്ള ശ്രീചക്രപൂജയാകുന്നു ദഹരാകാശജം. സമയാചാരവേദികൾ ഇതിനെത്തന്നെയാകുന്നു ‘സമയപൂജ’ എന്നു പറയുന്നത്. ഇതിനെക്കുറിച്ചും മേൽ വിവരിക്കുന്നതാകുന്നു.

ശ്രീചക്രത്തിലുള്ള ഒമ്പതു ത്രികോണങ്ങളിൽ താഴെയുള്ളവയും ശിവാത്മകങ്ങളുമായ നാലു ത്രികോണങ്ങളുടെ മുകളിലായും മേൽഭാഗത്തുള്ള ശക്ത്യാത്മകങ്ങളായ അഞ്ചു ത്രികോണങ്ങളുടെ താഴെയായും ഉള്ള പ്രദേശത്തിന് “ബൈന്ദവസ്ഥാനം’ എന്നു പറയുന്നു. ആ ബൈന്ദവസ്ഥാനത്തിന് സുധാസിന്ധു എന്നു പേരാകുന്നു.

ബിന്ദുസ്ഥാനം സുധാസിന്ധുഃ പഞ്ചയോന്യസ്സുരദ്രുമാഃ തത്രൈവ നീപശ്രേണീ ച തന്മദ്ധ്യേ മണിമണ്ഡപം.

തത്രചിന്താമണിഗൃഹം ദേവ്യാ മന്ദിരമുത്തമം
ശിവാത്മകേ മഹാമഞ്ചേ മഹേശാനോപബർഹണേ

അതിരമ്യതരേ തത്ര കശിപൂശ്ച സദാശിവഃ
ഭൃതകാശ്ച ചതുഷ്പാദാ മഹേന്ദ്രശ്ച പതദ്ഗ്രഹഃ

തത്രാസ്തേ പരമേശാനീ മഹാത്രിപുരസുന്ദര
ശിവാർക്കമണ്ഡലം ഭിത്വാ ദ്രാവയന്തീന്ദുമണ്ഡലം.

തദുത്ഭുതാമൃതസ്യന്ദി പരമാനന്ദനന്ദിതാ കുളയോഷിത് കുളം ത്യക്ത്വാ പരം വർഷണമേത്യ സാ.

എന്ന് ഭൈരവയാമളാന്തർഗ്ഗതമായ വാമകേശ്വരമഹാതന്ത്രത്തിൽ ബഹുരൂപാഷ്‌ടകവിദ്യാ എന്ന ഭാഗത്തിൽ പറഞ്ഞിരിക്കുന്നു. ‘ദേവ്യാ മന്ദിരമുത്തമം’ എന്നതിന്റെ അർത്ഥം: ദേവീമന്ദിരം നാല്പത്തിമൂന്ന് മുക്കോണോടുകൂടിയ ശ്രീചക്രമാണെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് ‘ശിവാകാരേ മഞ്ചേ’ എന്നു പറഞ്ഞിരിക്കുന്നതും.

ത്രികോണാത്മകമായ ശ്രീചക്രത്തിൻ്റെ ബൈന്ദവസ്ഥാനം പ്രത്യംഗത്വം ഹേതുവായിട്ട് പ്രാധാന്യമുള്ളതും; പ്രധാനസ്ഥാനത്തിൽ വസ്തുവിന്റെ സർവ്വഗുണങ്ങളും അന്തർഭവിച്ചിരിക്കുക സാധാരണമായതുകൊണ്ടും ബൈന്ദവസ്ഥാനത്തിൽ മന്ദിരം മുതലായ സകലതിന്റേയും അന്തർഭാവം പറയപ്പെട്ടു എന്നത് ഏറ്റവും രഹസ്യമാകുന്നു.

‘ഭൃതകാഃ’ എന്നതിൻ്റെ അർത്ഥം: ഭൃതകന്മാർ-ഭൃത്യന്മാർ; അതായത് ബ്രഹ്മാവിഷ്ണു‌രുദ്രേശ്വരന്മാർ, ഈ സംഗതി “ഗതാസ്തേ മഞ്ചത്വം’ എന്ന ശ്ലോകവ്യാഖ്യാനാവസരത്തിൽ വിവരിക്കപ്പെടും.

‘ശിവാർക്കമണ്ഡലം ഭിത്വാ’ എന്നതിന്റെ താല്പര്യം ‘ശിവാ’ എന്നത് കുണ്ഡലിനീശക്തിയാകുന്നു. അർക്കമണ്ഡലം എന്നത് ഹൃദയകമലത്തിൻ്റെ ഉപരിഭാഗത്തുള്ള സൂര്യമണ്ഡലമാകുന്നു; അതിനെ, ഭിത്വാ – പിളർന്നിട്ട്, ആച്ഛാദനം ചെയ്തിട്ട് എന്നർത്ഥം-സൂര്യമണ്ഡലത്തിൻ്റെ ഉപരിഭാഗത്തുള്ള ബ്രഹ്മരന്ധ്രത്തെ മൂടിയിട്ട് സഹസ്രദളകമലത്തിന്റെ അന്തർഭാഗത്തിലിരിക്കുന്ന ചന്ദ്രമണ്ഡലത്തെ ദംശിച്ചു ദ്രവിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ‘കുലയോഷിത്’-കുണ്ഡിലിനീ ശക്തി, ‘കുലം’-കുളമാർഗ്ഗം-അതായത് സുഷുമ്നാമാർഗ്ഗം – അതിനെ ത്യക്ത്വാ – ഉപേക്ഷിച്ചിട്ട്, മേൽപറഞ്ഞ
ചന്ദ്രമണ്ഡലത്തിലിരുന്നുകൊണ്ട്, ‘പരം വർഷണം’ – ഉത്കൃഷ്ടമായ വർഷണത്തെ, എഴുപത്തീരായിരം നാഡികളിലും അമൃതവർഷണം ചെയ്‌തിട്ട് പിന്നേയും ആ കുണ്ഡലിനീ ശക്തി സ്വസ്ഥാനത്തേയ്ക്കു മടങ്ങി സ്വാധിഷ്‌ഠാനചക്രത്തെ പ്രാപിച്ച് ഉറങ്ങുന്നു എന്നു താല്പ‌ര്യം.

ശിവൻ മുതലായ ദേവന്മാരുടെ മഞ്ചത്വം, ഉപധാനത്വം, പതതഗ്രഹത്വം മുതലായവ കാമരൂപികളായ അവർ ദേവിയുടെ അത്യന്തസന്നികൃഷഭജനത്തിനായി അംഗീകരിച്ചതാകുന്നു എന്നു സാരം. ഈ കാര്യം ശിവൻതന്നെ സംക്ഷേപിച്ചു പറഞ്ഞിരിക്കുന്നു.

സുധാബ്‌ധൗ നന്ദനോദ്യാനേ രത്നമണ്ഡപമദ്ധ്യഗാം.
ബാലാർക്കമണ്ഡലാഭാസാം ചതുർബ്ബാഹാം ത്രിലോചനാം പാശാങ്കുശശരാംശ്ചാപം ധാരയന്തീം ശിവാം ശ്രിയം
ധ്യാത്വാ ച ഹൃദ്ഗതം ചക്രം വ്രതസ്ഥഃ പരമേശ്വരീം
പൂർവ്വോക്തധ്യാനയോഗേന സഞ്ചിന്ത്യ ജപമാചരേത്.

അർത്ഥം: അമൃതസമുദ്രത്തിലുള്ള നന്ദനോദ്യാനത്തിൽ
രത്നമണ്ഡപത്തിൻ്റെ മദ്ധ്യത്തിലിരിക്കുന്നവളും,
ബാലസൂര്യമണ്ഡലത്തിന്റെ പ്രഭയുള്ളവളും, പാശം, അങ്കുശം,
പുഷ്പബാണങ്ങൾ, കരിമ്പുവില്ല് എന്നീ ആയുധങ്ങൾ ധരിക്കുന്നവളും, നാലു തൃക്കൈകളും, മൂന്നു
നേത്രങ്ങളുമുള്ളവളും, മംഗളരൂപിണിയും, ശ്രീവിദ്യസ്വരൂപിണിയുമായ ദേവിയേയും, ഹൃദയാകാശസ്ഥിതമായ ശ്രീചക്രത്തേയും ദീക്ഷിതനായ ഉപാസകൻ ധ്യാനിച്ചിട്ട് മുൻപറയപ്പെട്ട ധ്യാനയോഗവിധിയെ അനുസരിച്ച് പരമേശ്വരിയെ ധ്യാനിച്ച് ജപത്തെ ആചരിക്കേണ്ടതാകുന്നു.

ഇതിനാൽ ‘ക്വണത്കാഞ്ചീദാമാ’ എന്നും, ‘സുധാസിന്ധോർമദ്ധ്യേ’ എന്നുമുള്ള ശ്ലോകങ്ങൾ ഒന്നായി ചേർത്തു വ്യാഖ്യാനിച്ചിരിക്കുന്നു എന്നറിയേണ്ടതാകുന്നു.

കടപ്പാട്
                                                      തുടരും…

Leave a comment

Design a site like this with WordPress.com
Get started