Soundarya lahari 6

സൗന്ദര്യലഹരി
                       ശ്ലോകം – 6

ധനുഃ പൗഷ്പം മൗർവ്വീ മധുകരമയീ പഞ്ചവിശിഖാഃ
വസന്തസ്സാമന്തോ മലയമരുദായോധനരഥഃ തഥാസ്യേകസ്സർവ്വം ഹിമഗിരിസുതേ കാമപി കൃപാ-
മപാംഗാത്തേ ലബ്‌ധ്വാ ജഗദിദമനംഗോ വിജയതേ

പദാർത്ഥം: ഹേ ഹിമഗിരിസുതേ – അല്ലയോ ഹിമാചലനന്ദിനി, യസ്യ – യാതൊരു കാമദേവൻ്റെ ധനുഃ – വില്ല്, പൗഷ്‌പം – പുഷ്‌പമയമാകുന്നു; മൗർവ്വീ – ഞാണ്, മധുകരമയി – വണ്ടിൻനിരയാകുന്നു, വിശിഖാഃ – ബാണങ്ങൾ, പഞ്ച – അഞ്ചെണ്ണം മാത്രമാകുന്നു; വസന്തഃ =- വസന്തർത്തു, സാമന്തഃ – മന്ത്രിയാകുന്നു. ആയോധനരഥഃ – യുദ്ധത്തിനായിട്ടുള്ള തേര്, മലയമരുത് – മലയപർവ്വതത്തിൽനിന്നു വരുന്ന കാറ്റാകുന്നു, തഥാ അപി – അപ്രകാരമാണെങ്കിലും, അനംഗഃ സഃ – ശരീരരഹിതനായ ആ കാമദേവൻ, ഏകഃ –  ഏകാകിയായിട്ട്, (അന്യസഹായം കൂടാതെ) തേ – നിന്തിരുവടിയുടെ, അപാംഗാത് – കടാക്ഷവീക്ഷണത്തിൽനിന്ന്, കാമപി – അനിർവ്വചനീയമായ ഒരു, കൃപാം – ദയയെ, ലബ്‌ധ്വാ – ലഭിച്ചിട്ട്, സർവ്വം ഇദം ജഗത് – ഈ ലോകമാസകലം, വിജയതേ – വിശേഷേണ ജയിക്കുന്നു. (സർവ്വോത്കൃഷ്ട‌മാകുംവണ്ണം ജയിക്കുന്നു എന്നു താത്‌പര്യം.)

സാരം: അല്ലയോ ഹിമാചലപുത്രിയായ മഹേശ്വരി, യാതൊരു കാമദേവൻ്റെ വില്ല് പുഷ്പമയമാകുന്നു, ഞാണ് വണ്ടിൻനിരയാകുന്നു, ശരങ്ങൾ അഞ്ചു മാത്രമാകുന്നു, മന്ത്രി വസന്തർത്തുവും, യുദ്ധത്തിനുള്ള തേര് തെക്കൻ കാറ്റുമാകുന്നു.അങ്ങനെയെല്ലാമാണെങ്കിലും ദേഹഹീനനായ അദ്ദേഹം ഏകാകിയായിട്ടുതന്നെ, നിന്തിരുവടിയുടെ കടാക്ഷവീക്ഷണത്തിൽനിന്ന് അനിർവ്വചനീയമായ ഒരു കരുണയെ ലഭിച്ചിട്ട്, ഈ ലോകമാസകലം സർവ്വോത്കർഷേണ ജയിക്കുന്നു.

ഈ ശ്ലോകത്തിൽ യച്ഛബ്‌ദങ്ങളെ അദ്ധ്യാഹരിക്കണം. രണ്ടിന്റെയും അദ്ധ്യാഹാരം സകലകവിസമയസിദ്ധമാകുന്നു. (സമയം – സിദ്ധാന്തം). രഘുവംശത്തിൽ ‘വാ ഗർത്ഥാവിവ സംപൃക്തൗ’ എന്ന ദിക്കിൽ ‘യൗ സംപൃക്തൗ തൗ വന്ദേ’ എന്ന യച്ഛബ്‌ദതച്ഛബ്‌ദങ്ങളെ അദ്ധ്യാഹരിക്കുന്നു. ഇപ്രകാരം ‘യേ നാമ കേചിദിഹ നഃ പ്രഥയന്ത്യവജ്ഞാം’ എന്ന മാലതീമാധവത്തിലെ ശ്ലോകത്തിലും ‘യഃ ഉത്പത്സ്യ തേ തം പ്രത്യേഷ യത്നഃ’ എന്നും കാണുന്നു. ധനുഃ – യുദ്ധസാമഗ്രിയായ വില്ല്, പൗഷ്‌പം – പുഷ്പമയം. പുഷ്പങ്ങൾക്ക് അതിമൃദുലത്വവും, സ്‌പർശാസഹത്വവുമുള്ളത് കൊണ്ട് വളയ്ക്കുക, വലിക്കുക മുതലായ വില്ലുകൊണ്ടുള്ള പ്രയോഗങ്ങൾക്കു യോഗ്യതയില്ലാത്തത് എന്നു താല്‌പര്യം. മൗർവീ – ഞാണ്. മധുകരമയീ – മധുകരങ്ങളാൽ, വണ്ടുകളാൽ, വണ്ടിൻനിരയാലുണ്ടാക്കപ്പെട്ടത് എന്നർത്ഥം. പരസ്പരം വേർതിരിഞ്ഞിരിക്കുന്ന വസ്‌തുക്കൾക്ക് ഞാണിൻ്റെ ധർമ്മം യോജിക്കുന്നതല്ലെന്നു താല്‌പര്യം. പഞ്ച –  അഞ്ചെണ്ണം മാത്രം; വിശിഖാഃ – ബാണങ്ങൾ; അഞ്ചും പ്രയോഗിച്ചുകഴി ഞ്ഞാൽ പിന്നെ മൗനം തന്നെ ശരണമെന്നു താല്‌പര്യം. മാത്രമല്ല ‘പഞ്ചവിശിഖാഃ’ എന്നു പറഞ്ഞതിനാൽ പുഷ്പമയങ്ങളെന്ന് പ്രസിദ്ധങ്ങളായ കാമബാണങ്ങൾക്കു ബാണകാര്യകാരിത്വം ഘടിക്കുന്നതല്ലെന്ന് ആശയം. വസന്തഃ – കാലവിശേഷമായ വസന്തർത്തു. സാമന്തഃ –  മന്ത്രി.
ഋതുകാലസ്വരൂപമായതുകൊണ്ട് അതിനു സാചിവ്യകാരിത്വം ഘടിക്കുന്നതല്ലെന്നു താല്‌പര്യം. മലയമരുത് –  തെക്കൻകാറ്റ്, ആയോധനരഥഃ  – യുദ്ധോപകരണമായ തേര്. മലയമാരുതൻ മലയപർവ്വതത്തിൽ മാത്രം സ്ഥിതിചെയ്യുന്നതിനാൽ എല്ലായിടത്തും വ്യാപ്‌തിയില്ല, വ്യാപ്തിയുണ്ടാകുമെങ്കിൽത്തന്നെ എല്ലായ്പോഴുമുണ്ടാകുന്നില്ല. എല്ലായ്പ്പോഴുമുണ്ടാകുന്നതായാലും രൂപമില്ലാത്തതിനാൽ രഥകാര്യകാരിത്വം ഭവിക്കുന്നതല്ല എന്നു താല്‌പര്യം.തഥാപി  – മേൽപറഞ്ഞപ്രകാരം സാമഗ്രികളെല്ലാം നിഷ്‌ഫലങ്ങളാണെങ്കിലും, ഏകഃ –
അസഹായശൂരനായി, സർവ്വം സകലം, ഹിമഗിരിസുതേ – ഹിമം, മഞ്ഞ്, അതു പ്രധാനമായിട്ടുള്ള ഗിരി, പർവ്വതം, ഹിമഗിരി –  ഹിമവാൻ പർവ്വതം-സുതാ – പുത്രി – ദേവിയുടെ സംബുദ്ധി; കാം – അനിർവ്വാച്യയായ, അപിശബ്ദം സംഭാവനാർത്ഥത്തിലാകുന്നു. കൃപാം – അനുകമ്പയെ, അപാംഗാത് – കടാക്ഷത്തിൽനിന്ന്; തേ – നിന്തിരുവടിയുടെ, ലബ്ധ്വാ – പ്രാപിച്ചിട്ട്, ജഗത് – ജംഗമാത്മകമായ ലോകത്തെ – സ്ഥാവരാത്മകത്തിന് ഇവിടെ പ്രസക്തിയില്ല. ഇദം  –  ഈ കാണപ്പെടുന്നതായ, അനംഗഃ – ദേഹമില്ലാത്തവൻ – ഇതിനാൽ യുദ്ധം സാധിക്കേണ്ട ആൾക്ക് ദൗർബ്ബല്യവും സൂചിപ്പിക്കുന്നു. കൈകളില്ലാത്തതിനാൽ വില്ലുകുലച്ചു വലിച്ച് ശര സന്ധാനാദികൾ ചെയ്യുക സാദ്ധ്യമല്ല, കാലുകളില്ലാത്തി നാൽ രഥാരോഹാദിയും സംഭാവ്യമല്ല. കണ്ണ് മുതലായവയുടെ അഭാവത്താൽ വയസ്യനായ വസന്തത്തോടു
സംഭാഷണനിരീക്ഷണസഹാസനാദികളും സംഭാവ്യങ്ങളല്ല, എന്നു താല്‌പര്യം. വിജയതേ – വിശേഷേണ ജയിക്കുന്നു. ‘വി പരാഭ്യാം ജേഃ’ എന്നതിനാൽ ആത്മനേപദം.

ഈ ശ്ലോകത്തിൽ വിജയോപകരണങ്ങളൊന്നും ഇല്ലാതിരിക്കുമ്പോൾ വിജയോത്പത്തി പറഞ്ഞിരിക്കുന്നതിനാൽ വിഭാവനാലങ്കാരമാകുന്നു. ‘കാരണേന വിനാ കാര്യോത്പത്തിർവ്വിഭാവനാ’ എന്ന് ലക്ഷണം.

കടപ്പാട്

                                                      തുടരും…

Leave a comment

Design a site like this with WordPress.com
Get started