കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാനന്ദ
അച്യുതാനന്ദ ഗോവിന്ദ മാധവാ
വിഷ്ണു മൂർത്തേ ജനാർദ്ദന പാഹിമാം
കൃഷ്ണ കൃഷ്ണ ജപിച്ചെൻ്റെ ദേവനെ
നിഷ്ഠയോടെത്രകാലം ഭജിച്ചു ഞാൻ
തൃഷ്ണ തീരുന്നതില്ലല്ലോ ദൈവമേ
വൃഷ്ണി വംശജാ പാഹിമാം പാഹിമാം
ഞാനുമെൻ്റേതുമെന്നുള്ള ഭാവമേ
പ്രാണിയാമെൻ്റെ ദോഷമറിവു ഞാൻ
പ്രാണനെപ്പോലെ സ്നേഹിക്കും നിന്നെയും
ഏതുനേരത്തുമെൻ്റേതായ് കാൺമു ഞാൻ
മായയിലെന്നും മാറുവാനായി നിൻ
ഛായയിലഭയം ഞാൻ തേടിലും
കാലമിന്നു നിൻ മായയിലെന്നെയി-
ട്ടാഞ്ഞുകെട്ടി വലിക്കുന്നു ദൈവമേ
നിലയില്ലാത്തൊരീ മായാപ്രപഞ്ചത്തിൽ
തുഴയില്ലാതെയലയുന്ന വേളയിൽ
ചെറിയ ആലില മദ്ധ്യത്തിൽ ചിരിയുമായ്
പെരുവിരലു കുടിക്കും പെരുമാളേ
തരണമേ നിന്റെ ദർശനം കേശവ!
ചരണപങ്കജം മാത്രമെന്നാശ്രയം
മൃദുലകോമള നിൻ പാദപങ്കജേ
ശരണമേകണേ ഗോവിന്ദ മാധവാ!
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാനന്ദ
അച്യുതാനന്ദ ഗോവിന്ദ മാധവാ
വിഷ്ണു മൂർത്തേ ജനാർദ്ദന പാഹിമാം
🙏ഹരേ കൃഷ്ണ🙏
Leave a comment