Kannan and Devi

കണ്ടാലും കണ്ടാലും കൊതി തീരാത്തൊരു
ഉണ്ണിയുണ്ടവിടെയാ ഗുരുവായൂരിൽ
ചേലൊത്തൊരു പുഞ്ചിരി ചെഞ്ചുണ്ടുമായ്
അഞ്ജനക്കണ്ണനായ് വാഴുന്നൊരു പൈതലായ്

തിരുമുറ്റത്തോടി തളർന്നതോ കണ്ണാ നീ
പോയതാ ഗോപി ഹൃദയത്തെ തേടിയോ
മുരളീരവം പൊഴിയു ന്നൊരു വൃന്ദാവനത്തിലാ
ഗോക്കളെ പാലിപ്പാൻ പോയതോ നീ കണ്ണാ

രാധ തൻ ഹൃത്തിലായ് നിറയുന്ന പ്രേമമായ്
അനശ്വര പ്രണയത്തിൻ യമുനാ തീരത്ത്
ഭക്തനു ആശ്രയ പൊരുളായി വാഴുന്ന
അഖിലത്തിൻ നാഥനും നീയൊരാൾ മാത്രം

മാധവനും നീ കേശവനും നീ
ഗോവിന്ദനും നീയേ എൻ ഗോപബാലാ
സീതയ്ക്കു രാമനും രുഗ്മിണി കാന്തനും
കാർവർണ്ണാ നീയൊരാൾ തന്നെയല്ലോ

ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണലീലകൾ
വീണ്ടുമൊരിക്കൽ നീ ആടുമെങ്കിൽ
വന്നിടാം നിന്നെയും തേടിയവിടെയാ
പാദത്തെ ഒരു മാത്ര തഴുകീടുവാൻ

ഗുരുവായൂർ മരുവുന്ന ഉണ്ണിയെ കാണുമ്പോൾ
തീരുന്നെൻ ജന്മദുഃഖങ്ങളൊക്കെയും
വീണ്ടുമാ തിരുനട താണ്ടുവാൻ മോഹിച്ചു
കൊതിയോടെ ഞാനിതാ കാത്തിരിപ്പൂ  ….
കണ്ണാ ദർശന സൗഭാഗ്യം നൽകിടൂ നീ ….
🙏🌹🙏

*🌹ദേവീസ്തുതി🙏*

അമ്മേ നാരായണ, ദേവീ നാരായണാ,
ലക്ഷ്മീ നാരായണ,
ഭദ്രേ നാരായണ

പാരിന്നധീശ്വരീ ചോറ്റാനിക്കരയമ്മേ,
പാദാരവിന്ദത്തിലെൻ പ്രണാമം,
പാമരനെങ്കിലും പാടുന്നു ഞാനിന്നു,
പാവനരൂപേ നിൻ പുണ്യനാമം !
[ അമ്മേ നാരായണാ…. ]

പാർവ്വണമുഖിയാകും ദേവിക്കു നേദ്യമെൻ,
പഞ്ചേന്ദ്രിയങ്ങളാം പഞ്ചാമൃതം,
പാതി കുനിഞ്ഞ ശിരസ്സിലായ് അമ്മ തൻ,
പാവനമാം വര സ്നേഹാമൃതം!
[അമ്മേ നാരായണാ … ]

പാതിയടഞ്ഞ മിഴിയിൽ നിറയുന്നു,
പാപി ഞാനെങ്കിലും കണ്ണീർകണം,
പാപങ്ങൾ നീങ്ങുവാൻ എന്നകക്കാമ്പിലോ,
പകലിലുമിരവിലും നീയെത്തണം!
[അമ്മേ നാരായണാ … ]

പങ്കജതുല്യം നിൻ നേത്ര യുഗ്മം ശിവേ,
പങ്കങ്ങൾ തീർക്കും നിൻ പാദപത്മം,
പങ്കജസംഭവൻ പോലും തൊഴുതീടും,
പാലാഴിമങ്കേ നിൻ ദിവ്യരൂപം!
[അമ്മേ നാരായണാ …]

പാരാകെ മംഗളം വന്നു ചേർന്നീടുവാൻ,
പ്രാർത്ഥിച്ചിടുന്നു ഞാൻ ലോകനാഥേ,
പാരാകെ നിൻ നാമം പാടി നടക്കുവാൻ,
പ്രാർത്ഥിച്ചീടുന്നു ഞാൻ ലോകമാതേ!
[അമ്മേ നാരായണാ ]

Leave a comment

Design a site like this with WordPress.com
Get started