
കരുണാ കടാക്ഷത്താൽ കദനങ്ങൾ നീക്കീടും..
കരിമുകിൽ വർണ്ണാ കരുണാകരാ
കണ്ണിനൊരാനന്ദമേകീടും നിൻ രൂപം
കണ്ണിമ ചിമ്മാതെ കാണാകേണം
കുന്ദളം കെട്ടി നൽ പീലിയും ചാർത്തിയ..
തവ കേശം മോഹനം കൃഷ്ണനുണ്ണി
ഗോപിക്കുറിതൊട്ട തവ തിരുനെറ്റിയിൽ..
അളകങ്ങൾ കാണുവാനെന്തഴക്
താമരകണ്ണിലും നിറയുന്ന കാരുണ്യം…
എൾപ്പൂവിനൊത്തൊരു നാസികയും
ചെംതൊണ്ടിപ്പഴമാർന്നൊരധരങ്ങൾക്കിടയിലായ് ..
മുല്ലമൊട്ടോലും നൽ ദന്തങ്ങളും
കവിൾത്തടം ബിംബിക്കും കുണ്ഡലശോഭയും..
കണ്ഠേ വിളങ്ങുന്ന കൗസ്തുഭവും
വനമാല ചാർത്തിയ നിന്നുടെ മാറിടം…
വന്ദനീയ കൃഷ്ണ വന്ദിക്കുന്നേൻ ..
തങ്കവളകളണിഞ്ഞൊരാ കുഞ്ഞികൈ..
മുരളിയും വെണ്ണയും തേടുവതോ ..
പീതാംബരപ്പട്ടും പൊന്നരഞ്ഞാണവും..
അണിഞ്ഞുള്ളൊരുദരവും കൈതൊഴുന്നേൻ
കുഞ്ഞിച്ചിലമ്പിട്ടു നൃത്തം ചവിട്ടുന്ന..
മോഹന പാദാബ്ജം കൂപ്പീടുന്നേൻ
കേശാദിപാദവും പാദാതികേശവും…
കേശവാ എന്നുള്ളിൽ തെളിഞ്ഞീടേണേ
ഗോവിന്ദ പാദത്തെ നിത്യം സ്മരിക്കുവാൻ..
ഗോകുലപാലക തുണയേകണേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ…
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ …
Leave a comment