ഏകാദശി വ്രതം 28/10/2024 തിങ്കളാഴ്ച
(27/10/2024 ൽ ഒരിക്കൽ എടുക്കേണ്ടവർക്ക് വേണ്ടിയാണ് മുൻകൂറായി ആയി പോസ്റ്റു ചെയ്യുന്നത്.)
രമാ ഏകാദശി
ആശ്വിന മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയാണ് രമാ ഏകാദശി.
ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ തീരാവ്യാധികൾ പോലും മാറിക്കിട്ടും. രോഗിയാണെങ്കിൽ പോലും അന്നപാനാദികൾ ഉപേക്ഷിച്ച് ഈ ഏകാദശി വ്രതമനുഷ്ഠിച്ചാലും ഇഹത്തിലും പരത്തിലും അനുഭവിക്കേണ്ട സർവ്വ ദുഃഖങ്ങളും ശമിക്കും
*ഏകാദശി ഒരിക്കൽ*
27/10/2024 ഞായറാഴ്ച
*ഏകാദശി വ്രതം*
28/10/2024 തിങ്കളാഴ്ച
*ഹരിവാസര സമയം*
01.14 a.m. മുതൽ 02.31 p.m. വരെ
*പാരണ സമയം (വ്രതം വീടുന്ന സമയം)*
29/10/2024 ചൊവ്വാഴ്ച
06.37 a.m. മുതൽ 08.54 a.m. വരെ
ഏകാദശി തിഥി ആരംഭം 27/10/2024 05.23 a.m
ഏകാദശി തിഥി അവസാനം 28/10/2024 07.50 a.m
വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.
വ്രതാനുഷ്ഠാനം
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു.
ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. അതിനു പകരം ചിലർ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.
മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത തന്നെ വെച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്നേദിവസം രാത്രിയിൽ വെറുംനിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവൃതം പാലിക്കുന്നത് നല്ലതാണ്.
ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
ഏകാദശി ദിനം പൂർണ്ണമായി ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക.
ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.
ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം
കുറയ്ക്കാനും ഏകാദശി വ്രതം ഉത്തമമാണ്.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.
പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം
പല ഗ്രന്ഥങ്ങളിൽ നിന്നും പലരുടെ വിവരണങ്ങളിൽ നിന്നും സമാഹരിച്ച അറിവുകളാണ് ഇവ. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
Leave a comment