”കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ ”
കാളി ദേവി …ആരാണീ കാളി??
മധുകൈടഭന്‍മാരെ വധിക്കാന്‍ മഹാവിഷ്ണുവിനെ സഹായിക്കാനാണ് മഹാ കാളിയായി ആദിപരാശക്തി ജന്മം കൊണ്ടതെന്ന് ഒരു കഥ.
പരമശിവ പത്നി പാര്‍വ്വതി ദേവിയുടെ താമസ ഭാവമാണ് കാളിയെന്ന് ഒരു കൂട്ടര്‍ .
സതി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തപ്പോള്‍ പരമശിവന്‍ ദേഷ്യവും സങ്കടവും സഹിക്കാതെ സ്വന്തം ജഢ പറിച്ചു നിലത്തടിച്ചുവെന്നും അതില്‍ നിന്നു കാളിയുണ്ടായി എന്നും വേറൊരു കഥ.
ചണ്ഡമുണ്ഡന്‍മാരെ വധിക്കാന്‍ ചണ്ഡികാ പരമേശ്വരിയുടെ പുരികത്തില്‍ നിന്നു ജനിച്ചവളാണ് ചാമുണ്ഡിയെന്ന് മറ്റൊരു കഥ.
സഹസ്രമുഖ രാവണനെ വധിക്കാന്‍ സീതയും കാളിയായി മാറുന്നുണ്ട്.
നരസിംഹാവതാരമെടുത്ത മഹാവിഷ്ണുവിന്റെ കോപം തണുപ്പിക്കാന്‍ കാലഭൈരവന്റെ മൂന്നാം കണ്ണിലെ അഗ്നിയില്‍ നിന്നു കാളി ജനിക്കുന്നു. ഈ കാളിയെ നാരസിംഹി,പ്രത്യംഗിരാ എന്നീ പേരുകളിലാണ് വിളിച്ചു വന്നത്.
ദാരിക വധത്തിന് പരമശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്നുണ്ടായതാണ് ശിവപുത്രിയെന്നറിയപ്പെടുന്ന ഭദ്ര കാളി.
വൈതാളികയാണിവിടെ കാളി.വേതാളത്തിന്റെ തോളില്‍ സഞ്ചരിക്കുന്നവള്‍.
പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ് കാളി.
കാളിയുടെ നിവാസം നവഗ്രഹങ്ങളിലെ ചൊവ്വയിലാണ്.
കേരളത്തിലെ കാളീ സങ്കല്പം ദാരിക വധോദ്യുക്തയായ കാളീ ദേവിതന്നെയാണ്.
ആറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പു മുതല്‍ അമ്മദൈവാരാധന ഭാരതത്തില്‍ ഉണ്ടായിരുന്നു എന്നു കരുതുന്നു. ശാക്തേയരാണ് അന്നത്തെ ദേവീ ഉപാസകര്‍.
മദ്യവും മൃഗബലിയും യുദ്ധത്തിന് പോകും മുന്‍പ് ദേവിക്ക് നേദിക്കുന്ന സമ്പ്രദായം അന്നു മുതലേ ഉണ്ടെന്ന് ചരിത്രം .
ശാക്തേയര്‍ പ്രകൃതിയെത്തന്നെ കാളീശ്വരിയായി സങ്കല്പിച്ചപ്പോള്‍
തപോധനരായ ഋഷീശ്വരന്‍മാര്‍ നമ്മുടെ തന്നെ ഉള്ളില്‍ കുടികൊള്ളുന്ന കുണ്ഡലിനീ ശക്തിയായും ,ഇഛാശക്തിയായും കാളിയെ സങ്കല്പിച്ചു.
ദേവീഭാഗവതം പറയുന്നത് അന്നം തരുന്ന അന്നപൂര്‍ണ്ണേശ്വരിയും മരണം വന്നെത്തുമ്പോള്‍ നമ്മുടെ അതുവരെയുള്ള കര്‍മ്മങ്ങളെ ചോദ്യം ചെയ്യുന്ന കാളരാത്രിയായും കാളിയെ തന്നെ സങ്കല്പിക്കുന്നു.
മൃത്യുദണ്ഡും ദേവിതന്നെയെന്ന് സാരം.
കാള രാത്രിയും ചണ്ഡികയും ചാമുണ്ഡിയും പ്രത്യംഗിരയും എല്ലാം ആ കാളിതന്നെ. സ്ത്രീ അമ്മ രക്ഷക. എല്ലാം എല്ലാം ആ മാതൃരൂപിണിയാണ്.
കാളീ സങ്കല്പത്തിന് മറ്റു പ്രത്യേകതകളുള്ളത്.
കാലി എന്നാല്‍ കാലം സമയം എന്നതാണ്.
കാളീ എന്നാല്‍ കാളുന്നവള്‍ ഇല്ലായ്മ ചെയ്യുന്നവളെന്നാണ്.
കാളീ എന്നാല്‍ കറുത്തവള്‍ എന്നാണ്.
പുറത്തേക്കു തൂക്കിയ നാവ് മഹാ മൗനത്തെ സൂചിപ്പിക്കുന്നു. മൗനം തപസ്സാണ് .ധ്യാനാവസ്ഥയാണ്.മഹത്തരവുമാണ്.
കറുകറുത്ത ഉടല്‍ ലോകത്തിന്റെ മിഴിയിലെ കറുത്ത കൃഷ്ണമണിയെ സൂചിപ്പിക്കുന്നു. കണ്ണുണ്ടായിട്ട് കാര്യമില്ല കൃഷ്ണമണിയുണ്ടെങ്കിലെ കാണാനാവു. ആ കാഴ്ച ,മിഴി കാളിയാണെന്നാണ് ആ കറുപ്പിന്റെ പൊരുള്‍.
അറുത്തെടുത്ത ശിരസ്സ്. അഹം ബോധം ജീവികളിലുണ്ടാവുന്നത് തലച്ചോറില്‍ നിന്നാണ്. ആ അഹം ബോധം വെട്ടി മാറ്റിയാലേ നമ്മെ നാം അറിയൂ ആ അറിവിന് അഹം ബോധം അറുത്തു മാറ്റൂ എന്ന സന്ദേശമാണ് അറുത്തെടുത്ത ശിരസ്സ് നമ്മോട് സൂചിപ്പിക്കുന്നത്.
ഇനി അരയിലെ വെട്ടിയെടുത്ത കൈകളുടെ മാല. മനുഷ്യര്‍ ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ഈ കൈകൊണ്ടാണ്. നമ്മുടെ പ്രവൃത്തി നമ്മെ സ്വര്‍ഗ്ഗ നരകങ്ങളില്‍ എത്തിക്കുന്നു. ആ പ്രവൃത്തികള്‍ വളരെ നിയന്ത്രണത്തോടെയും ജ്ഞാനത്തില്‍ അധിഷ്ഠിതമായും ചെയ്യുക എന്ന സന്ദേശമാണ്. കാളി നമുക്കു നല്കുന്നത്.
പിന്നെ ഏറ്റവും ഭീകരമായതിനെ നമ്മുടേതെന്നു കരുതിയാല്‍ മറ്റൊരു ഭീകരതയും നമ്മെ ഭയപ്പെടുത്തുകയില്ല. അതിനെ അമ്മയായി കരുതിയാല്‍ ഭയമെവിടെ? ഒരു കുഞ്ഞിന് സ്വന്തം അമ്മയെ ഭയക്കാനാവുമോ?? അതാണ് ഭീകരമായ ഈ ആകാരവടിവെന്നു പുരാണം.
ഭദ്രകാളിയെന്നാല്‍ ഭയത്തെ കളയുന്നവള്‍ എന്നു തന്നെയാണ്. അന്ധകാരമായ രാത്രിയെ കളഞ്ഞു ജ്ഞാനത്തിന്റെ വെളിച്ചം നല്കുന്നവള്‍ കാളി.
അമ്മേ മഹാകാളീ ശരണം
Leave a comment