Guruvayoor keshavan

Homenew17

#ഗുരുവായൂർ_കേശവൻ

ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത് കേശവന്റെ പുറത്താണ്. അതൊരു റിക്കോർഡു തന്നെ ആനയുടെ ലക്ഷണശാസ്ത്രം വച്ച് ജോത്സ്യ വിധി പ്രകാരം ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും കേശവൻ തന്റെ മുൻ കാലുകളിൽ കൂടി തന്റെ പുറത്തു കയറ്റിയിട്ടില്ല.മറ്റാനകളോട് ദേഷ്യമോ പിണക്കമോ ഉപദ്രമോ അവനുണ്ടായിരുന്നില്ല. അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു. .കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.

1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി 12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.

പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രത്തിലെ മണികിണറ്റിൽ നിന്നും കൊണ്ടുവന്ന തീർത്ഥജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി ആകാറായി, ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ ” അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം ” എന്നാരംഭിക്കുന്ന കേശാദിപാ വർണ്ണനം ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച് ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.

ഹരേ .. ഗുരുവായൂരപ്പാ ശരണം!

Leave a comment

Design a site like this with WordPress.com
Get started