*ഗായത്രീ മന്ത്രം* (വ്യാഖ്യാനം )
🪷🪷🪷🪷🪷🪷🪷🪷🪷
ഗായത്രീ മന്ത്രം ഒരു തത്വദര്‍ശനമാണ്. ജീവിത ദര്‍ശനമാണ്. ജീവിത കലയാണ്. ഇത് ഒരു ചിന്താ പദ്ധതിയാണ്. ജീവിതത്തെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടാണ്. സാമൂഹിക വ്യവസ്ഥിതിയുടെയും വിശ്വശാന്തി യുടെയും മൂലമന്ത്രമാണ്. ഇതിനെ നാം നമ്മുടേതാക്കി ജീവിക്കുകയാണെങ്കില്‍ നമുക്കു സുന്ദരമായൊരു ലോകത്തെ സാക്ഷാത്കരിക്കാം. ഗായത്രിയുടെ ഉപാസനയിലൂടെ മനുഷ്യനില്‍ ദേവത്വം ഉണരുന്നു.
ഗായത്രിയുടെ 24 അക്ഷരങ്ങളില്‍ ധര്‍മ്മം, നീതി, ജീവിതം, കല, ലോകവ്യവഹാരങ്ങള്‍ എന്നിവയുടെ അതിമഹത്വമാര്‍ന്ന ശിക്ഷണം അടങ്ങിയിരിക്കുന്നു. ധര്‍മ്മഗ്രന്ഥങ്ങളുടെ ഉദ്ദേശ്യം മനുഷ്യന്‍റെ വിചാരങ്ങളും ഭാവനകളും ലക്ഷ്യവും കാഴ്ചപ്പാടും ശുദ്ധമാക്കുകയും അതിലൂടെ ശാരീരികവും മാനസികവുമായ കര്‍മ്മങ്ങളെ സത്വഗുണ പ്രധാനവും ധാര്‍മ്മികവും ആക്കുക എന്നതാണ്. ഇത് ഗായത്രിയിലെ അക്ഷരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന മഹത്തായ ശിക്ഷണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതിലൂടെ സാധിക്കുന്നു. അതുകൊണ്ട് ഗായത്രിയെ ദേവശാസ്ത്രങ്ങളുടെ സാരമെന്നു പറയുന്നു. ഗായത്രിയുടെ മര്‍മ്മം മനസ്സിലാക്കുന്നതിലൂടെ സമ്പൂര്‍ണ ധര്‍മ്മങ്ങളുടെയും വിശദമായ അധ്യയനത്തിന്‍റെ ഫലം പ്രാപ്തമാകുന്നു.
*ഓം*
ഓം എന്ന ശബ്ദത്തോടു സാമ്യമുള്ള ഒരു ധ്വനി പ്രകൃതിയുടെ അന്തരാളത്തില്‍ പ്രതിക്ഷണം ഉത്പന്നമായിക്കൊണ്ടിരിക്കുന്നു. സൂക്ഷ്മ പ്രകൃതി ഈ ഈശ്വരീയ നാമം പ്രതിക്ഷണം ജപിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കൃത്രിമമല്ലാത്തതും സ്വയം ഘോഷിക്കുന്നതുമായ ഈ ഈശ്വരനാമം സര്‍വ്വശ്രേഷ്ഠമായി പറയപ്പെടുന്നത്. ആസ്തികത (ഈശ്വരവിശ്വാസം)-എന്നതിന്‍റെ അര്‍ത്ഥം സാത്വികവും ദൈവികവും ഈശ്വരീയവും പാരമാര്‍ത്ഥികവുമായ ഭാവനകളെ ഹൃദയംഗമമാക്കുകയെന്നതാണ്. നാസ്തികത (ഈശ്വരവിശ്വാസമില്ലായ്മ) എന്നാല്‍ താമസികവും ആസുരികവും പൈശാചികവും ഭോഗവിലാസപൂര്‍ണവും സ്വാര്‍ത്ഥപൂര്‍ണ്ണവും ആയ വാസനകളോടുള്ള താല്പര്യം.
“ഓ”മില്‍ മൂന്ന് അക്ഷരങ്ങളുണ്ട്-
അ, ഉ, മ.
‘അ’ യുടെ അര്‍ത്ഥം- ആത്മപരായണത. ശാരീരിക വിഷയങ്ങളില്‍ നിന്നു മനസ്സിനെ മാറ്റി ആത്മാനന്ദത്തില്‍ രമിക്കുക.
‘ഉ’- എന്നാല്‍ ഉന്നതി. അവനവനെ ശാരീരികവും മാനസികവും സാമാജികവും സാമ്പത്തികവും ആത്മീയവുമായ സമ്പത്തുക്കളെക്കൊണ്ട് സമ്പന്നമാക്കുക.
‘മ’ എന്നാല്‍ മഹാനത. ക്ഷുദ്രത, സങ്കീര്‍ണത, സ്വാര്‍ത്ഥത, ഇന്ദ്രിയലോലുപത എന്നിവയെ അകറ്റി പ്രേമം, ദയ, ഉദാരത, സേവനം, ത്യാഗം, സംയമനം, ആദര്‍ശം എന്നിവയുടെ അടിസ്ഥാനത്തില്‍ ജീവിതത്തെ വ്യവസ്ഥപ്പെടുത്തുക. ഈ മൂന്നക്ഷര ങ്ങളില്‍ ഉള്ള ശിക്ഷണങ്ങള്‍ക്കനു സരിച്ച് വ്യാവഹാരിക രൂപത്തില്‍ ‘ഓം’ ഈശ്വരന്‍റെ ഉപാസന ചെയ്യണം.
*ഭൂഃ* –
നാം ശരീരമല്ല, പ്രാണനാണ്- ആത്മാവാണ്. ശരീരത്തിന് പ്രാധാന്യം കൊടുത്ത് ആത്മാവിനെ ശ്രദ്ധിക്കാതിരി ക്കുന്നത് ഭൗതികവാദം ആണ്. ആത്മാവിന് പ്രാധാന്യം നല്കുകയും ശരീരത്തെ ഉചിതമായി സംരക്ഷി ക്കുകയും ചെയ്യുന്നത് ആധ്യാത്മിക തയാണ്. അതുകൊണ്ട് നമ്മുടെ ഏറ്റവും വലിയ സ്വാര്‍ത്ഥം ആത്മപരായണത തന്നെയാണ്. നമുക്ക് ആത്മവാദികളാകണം. ആത്മ കല്യാണത്തിനും ആത്മോന്നതിക്കും ആത്മഗൗരവത്തിനും സര്‍വ്വോപരി മഹത്വം നല്കണം. ആത്മകല്യാണ ത്തിനായി ആത്മോന്നതിക്കായി ആത്മഗൗരവത്തിനായി പ്രയത്നശീലരാ കുകയും സമാജസേവനത്തിലൂടെ വിരാട് പുരുഷനായ വിശ്വമാനവ രൂപത്തില്‍ പരമാത്മാവിന്‍റെ പൂജ ചെയ്യുകയും ചെയ്യുക.
*ഭുവഃ* –
നമുക്ക് കര്‍മ്മ യോഗത്തിന്‍റെ സന്ദേശം നല്കുന്നു, കാരണം ഇതിന്‍റെ ആധാരത്തിലാണ് എല്ലാ പ്രകാരത്തിലു മുള്ള ദുഃഖങ്ങളില്‍ നന്ന് മുക്തരാകാന്‍ സാധിക്കുന്നത്. നമുക്ക് സത്പരിണാ മത്തിനും ജീവിത വികാസത്തിനും എന്തു ചെയ്യണമെന്ന് നാം ബുദ്ധിപൂര്‍വ്വം ദീര്‍ഘവീക്ഷണത്തോടെയും വിവേക ത്തോടെയും തീരുമാനിക്കണം. ചെയ്യേണ്ടത് താല്പര്യപൂര്‍വ്വം ചെയ്യുകയും വേണം. നമ്മുടെ കര്‍ത്തവ്യം പാലിച്ചുകൊണ്ടിരുന്നാല്‍ അസഫലതയില്‍ ദുഃഖിക്കേണ്ടതായോ സാഫല്യത്തില്‍ അമിതമായി സന്തോഷിക്കേണ്ടതായോ വരില്ല. ഫലം തരുന്നത് മറ്റൊരു ശക്തിയാണ്. നമുക്ക് നമ്മുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കാം. ഈ ഭാവനയാണ് അനാസക്തയോഗം. ഈ കാഴ്ചപ്പാടു ള്ളവര്‍ സദാ പ്രസന്നരായിരിക്കും. ദുഃഖത്തിലും കഷ്ടപ്പാടുകളിലും അവരില്‍ അപ്രസന്നത കാണാന്‍ സാധിക്കില്ല.
*സ്വഃ* –
മനസ്സിനെ തന്നുള്ളില്‍ സ്ഥിരമാക്കി വെക്കുക. അവനവനുള്ളില്‍ ദൃഢമായിരിക്കുക. സംഭവങ്ങളും സാഹചര്യങ്ങളും ജല-തരംഗങ്ങളെ പ്പോലെ കരുതി അതില്‍ കളിക്കുമ്പോ ഴുള്ളപോലെ ആനന്ദിക്കുക. അനുകൂലവും പ്രതികൂലവും ആയ രണ്ടവസ്ഥകളുടെയും രസം ആസ്വദിക്കുക. പക്ഷെ അവ കാരണം നമ്മള്‍ ഉദാസീനരോ, അസ്ഥിരരോ, അസംതുലിതരോ ആവരുത്. ഈ ഹര്‍ഷശോകങ്ങളുടെ ബാലക്രീഡയില്‍ സമനില നഷ്ടപ്പെടാതെ നാം ആത്മപരായണരാവണം. ‘സ്വഃ’- യെ (അവനവനെത്തന്നെ) അറിയണം.
ആത്മചിന്തനം, ആത്മവിശ്വാസം, ആത്മഗൗരവം, ആത്മനിഷ്ഠ, ആത്മോന്നതി, ആത്മനിര്‍മ്മാണം എന്നിവയില്‍ നമ്മുടെ ഇച്ഛാശക്തിയും സങ്കല്പശക്തിയും ക്രയാശക്തിയും ഉപയോഗിക്കണം, കാരണം ഉള്ളിലെ അടിസ്ഥാന കേന്ദ്രം, ഉത്ഭവസ്ഥാനം ആത്മാവ് തന്നെയാണ്. ആത്മ-സ്ഥിതനായ മനുഷ്യന്‍റെ അന്തരാളം സ്വസ്ഥമാവുന്നതുകൊണ്ട് അവര്‍ എപ്പോഴും പ്രസന്നരായിരിക്കും.
*തത്* –
ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള രഹസ്യങ്ങള്‍ മനസ്സിലാക്കുക, ഭയവും ആസക്തിയും ഇല്ലാതെ ജീവിക്കുക, യാഥാര്‍ത്ഥ്യ ബോധത്തോട നമ്മുടെ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുക. നാം ജീവിതത്തിന്‍റെ ഓരോ ക്ഷണവും സദുപയോഗം ചെയ്താല്‍, ഓരോ നിമിഷവും ആത്മലാഭമെന്ന യഥാര്‍ത്ഥ പ്രയോജനത്തിനായി വിനിയോഗിച്ചാല്‍, മരണം എപ്പോള്‍ വന്നാലും ഒരു തരത്തിലും ദുഃഖി ക്കേണ്ടതായോ പശ്ചാത്തപിക്കേ ണ്ടതായോ വരില്ല.
*സവിതുഃ* –
സൂര്യനെപ്പോലെ തേജസ്വികളാകൂ. ഏഴു ശക്തികളേയും നമ്മുടെ ജീവിത രഥത്തില്‍ ചേര്‍ത്തു വെക്കൂ. നമ്മുടെ ഭാഗ്യത്തിന്‍റെ, നമ്മുടെ ചുറ്റുപാടുകളുടെ നിര്‍മ്മാതാവ് നമ്മള്‍ തന്നെയാണ്. നമ്മുടെ കഴിവിനനുസരിച്ച് എല്ലാ ഇച്ഛകളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ നാമേവരും പൂര്‍ണ്ണമായും സമര്‍ത്ഥരാണ്.
(1) ശരീരബലം,
(2) ബുദ്ധിബലം,
(3) വിദ്യാബലം,
(4) ധനബലം,
(5)സംഘടനാബലം,
(6) ചരിത്രബലം,
(7) ആത്മബലം എന്നീ ഏഴു ബലങ്ങളും ജീവിതത്തെ പ്രകാശിപ്പിക്കാനും, പ്രതിഷ്ഠിക്കാനും, സമ്പന്നമാക്കാനും, സുസ്ഥിരമാക്കാനും ആവശ്യമാണ്.
*വരേണ്യം* –
നാം അനിഷ്ടങ്ങളായവയെ ഉപേക്ഷിച്ച് ശ്രേഷ്ഠമായി ചിന്തിക്കുക, അശുഭമായവയെ വിട്ട് ശുഭമായി ചിന്തിക്കുക. അതിലൂടെ മാനസിക പിരിമുറുക്കവും അസന്തോഷവും ഇല്ലാതാവുകയും എല്ലാ സാഹചര്യങ്ങളിലും ആനന്ദം ലഭിക്കുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും ആന്തരിക മഹത്വമാണ് അവരുടെ ശ്രേഷ്ഠതക്ക് കാരണമാവുന്നത്. നാം മഹാനാകണം, ശ്രേഷ്ഠരാകണം, സമ്പന്നരാകണം. പക്ഷേ അതിനാധാരം ഭൗതികവസ്തുക്കളല്ല, ആത്മീയ സ്ഥിതിയായിരിക്കണം.
*ഭര്‍ഗോ* –
മനുഷ്യര്‍ പാപരഹിതരാവണം. പാപങ്ങളില്‍നിന്നു അകന്നു നില്കണം. പാപങ്ങളുടെ ദുഷ്പരിണാമങ്ങള്‍ മനസ്സിലാക്കി അവയില്‍ നിന്നും മുക്തരാവുകയും അവയെ ഇല്ലായ്മ ചെയ്യാന്‍ നിരന്തരം പ്രയത്നിക്കുകയും വേണം. പവിത്രതയുടെ മാര്‍ഗ്ഗത്തില്‍ നാം പ്രയത്നിച്ചുകൊണ്ടേയിരുന്നാല്‍ ലോകത്തെ എല്ലാ ദുഃഖങ്ങളില്‍ നിന്നും വേര്‍പെട്ട് ജീവന്മുക്തിയുടെ സ്വര്‍ഗീയ ആനന്ദം അനുഭവിക്കാനാകും.
*ദേവസ്യ* –
അശുദ്ധമായ കാഴ്ചപ്പാടുകളില്‍ പ്പെടാതെ ശുദ്ധമായ വിചാരധാരകള്‍ ശീലിക്കുക. ആസുരിക പ്രവണതകളെ വിട്ട് ദൈവിക പ്രവണതകള്‍ വളര്‍ത്തുക. ഭാവിയില്‍ ദുഃഖിപ്പിക്കുന്നവയും ആത്മാവിനെ അധഃപതിപ്പിക്കുന്നവയുമായ ക്ഷണിക സുഖങ്ങളില്‍ നിന്നും ആകര്‍ഷണ ങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും വിട്ടു നില്ക്കുക. ഗായത്രി പറയുന്നത് നാം നമ്മളിലെ ദൈവിക ഗുണങ്ങളെ വികസിപ്പിക്കണമെന്നാണ്. ദേവത്വത്തെ പ്രോത്സാഹിപ്പിക്കുക. ദൈവികമായ ഉള്‍വിളികള്‍ അനുസരിക്കുക.
*ധീമഹി* –
നാം നമ്മുടെയുള്ളില്‍ സദ്ഗുണങ്ങളെ ധാരണ ചെയ്യുക. നമ്മുടെ സ്വഭാവത്തെ വിനവ്രവും മൃദുവും മധുരവും ദയാലുവും പ്രയത്നശീലനും നിരാലസ്യനും പരിശ്രമശാലിയും ആക്കുക. വ്യവഹാരത്തില്‍ ഉദാരത, സത്യസന്ധത, നിഷ്കപടത, ന്യായപരായണ്ത, സമത്വം, ഉദ്യോഗശീലം എന്നിവ വളര്‍ത്തുക. ആരോഗ്യം, കീര്‍ത്തി, ബഹുമാനം, ശ്രേഷ്ഠപദം, സമ്പദ്സമൃദ്ധി തുടങ്ങിയവ ലഭിക്കുന്നതിനായുള്ള എല്ലാ ഗുണങ്ങളേയും കഴിവുകളെയും യോഗ്യതകളെയും പോഷിപ്പിക്കുക. ഇവയെ സംക്ഷിപ്തമായി പറഞ്ഞാല്‍
(1) ശുചിത്വം,
(2) വിചാരശീലം,
(3) സഹിഷ്ണുത,
(4) സംയമനം,
(5) ശക്തി സംഞ്ചയനം,
(6) ഉദാരത,
(7) കര്‍ത്തവ്യപാലനം. ഈ ഗുണങ്ങളെ സ്വന്തം സ്വഭാവത്തിലും ശീലത്തിലും കൊണ്ടുവരുക എന്നതാണ് ഏറ്റവും ഉന്നതമായ സമ്പത്ത്.
*ധിയോ* –
ഏതൊരു പുസ്തകത്തേക്കാളും വ്യക്തിയെക്കാളും വിവേകത്തിനാണ് കൂടുതല്‍ മഹത്വം. അതുകൊണ്ട് ബുദ്ധിക്കും വിവേകത്തിനും നിരക്കുന്നതും സ്വീകരിക്കാവുന്നതും ഉചിതവും ആയവ മാത്രമേ ഗ്രഹിക്കാവൂ. വിവേകം കൊണ്ട് മാറ്റുരച്ച് നമുക്ക് എല്ലാ നന്മതിന്മകളെയും മനസ്സിലാക്കാവുന്നതാണ്. നാം വിവേകമതികളാകണം. വിവേകം ശീലമാക്കണം. വിവേകത്തോടെ നമ്മുടെ വിചാരങ്ങളും കര്‍മ്മങ്ങളും നിര്‍ദ്ദാരണം ചെയ്യണം.
*യോനഃ* –
നമ്മുടെ പക്കല്‍ യാതൊരു ശക്തികളും സാധനങ്ങളും ഉണ്ടോ, അവ എത്ര കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും അതില്‍ നിന്നും അത്യാവശ്യത്തിനുള്ള ഏറ്റവും കുറച്ച് മാത്രം നമുക്കുവേണ്ടി ഉപയോഗിച്ച് ബാക്കിയുള്ളവ നിഃസ്വാര്‍ത്ഥ ഭാവത്തോടെ അശക്തരായ വ്യക്തികള്‍ക്ക് കൊടുക്കുക. സമ്പാദിക്കാനും അതു ഭുജിക്കാനുമുള്ള മൃഗതൃഷ്ണക്ക് വശംവദരാകരുത്. നമ്മുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുക. അവ പൂര്‍ത്തീകരിച്ചിട്ട് മിച്ചം വരുന്ന ശക്തി മുഴുവന്‍ ദുര്‍ബലരും പിന്നോക്കക്കാരും അവികസിതരും നിര്‍ധനരും അല്പബുദ്ധിക്കാരും അരക്ഷിതരുമായ ജനങ്ങളെ കഴിയുന്നത്ര ഉയര്‍ത്താന്‍ ചിലവഴിക്കുക. ഇത് ഈശ്വരീയ കാര്യത്തില്‍ നമ്മുടേതായ പങ്കുവഹിക്കലാണ്.
കൂടാതെ ഇത് ബുദ്ധിയുടെയും ദീര്‍ഘവീക്ഷണ ത്തിന്‍റെയും കര്‍ത്തവ്യ പാരായണത യുടെയും പ്രമാണം കൂടിയാണ്. ഈ ആത്മസംയമന ത്തിന്‍റെയും പരമാര്‍ത്ഥതയുടെയും ദൈവിക മാര്‍ഗം “യോനഃ” എന്നതിലൂടെ പറയപ്പെട്ടിരിക്കുന്നു. ഈ മാര്‍ഗത്തി ലൂടെ ചരിക്കുന്ന ഗായത്രീ ഉപാസകന്‍ ജീവിത ലക്ഷ്യത്തിലെത്തിച്ചേരും.
*പ്രചോദയാത്*-
ഹേ പരമേശ്വരാ! ഞങ്ങള്‍ക്ക് പ്രേരണ നല്‍കിയാലും. ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചാലും. ബുദ്ധിയില്‍ പ്രേരണ ഉത്പന്നമായാല്‍ എല്ലാ ധനവും വൈഭവവും സ്വയമേവ ലഭ്യമാകും. പ്രേരണ ഇല്ലെങ്കില്‍ കുബേരന്‍റെ ഭണ്ഡാരം കിട്ടിയാല്‍ പോലും അലസരായവര്‍ അത് പാഴാക്കിക്കള യുന്നു. ഗായത്രിയുടെ “പ്രോചോദയാത്” ശബ്ദം പരമാത്മാവിനോട് കേവലം സദ്ബുദ്ധിയെ പ്രചോദിപ്പിക്കാനുള്ള പ്രാര്‍ത്ഥനയാണ്. നാം ആരെയും നിരുത്സാഹപ്പെടുത്തി ആരുടെയും അത്മവിശ്വാസം നഷ്ടപ്പെടുന്നവിധം സംസാരിക്കരുത്. ആരെയും നിരാശരാക്കരുത്. പകരം പുരോഗതിയിലേക്ക് ഏവരെയും പ്രോത്സാഹിപ്പിക്കുക. മനുഷ്യരുടെ വിചാരങ്ങള്‍ ഉന്നതമാക്കുന്നതും ആത്മാവിനെ സന്മാര്‍ഗത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതും ആയ ജ്ഞാനം കൊടുക്കുന്നതാണ് ഏറ്റവും ഉത്തമ ദാനം. നമ്മള്‍ പ്രാണവാ ന്മാരാവണം- അതോടൊപ്പം മറ്റുള്ള വരിലും പ്രാണനെ പ്രസരിപ്പിക്കണം.🙏
🕉️🙏🕉️🙏 BGG 🙏🕉️🙏🕉️
Leave a comment