*ശ്രീരാമനവമി 2024 ഏപ്രിൽ 17 (നാളെ)*
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിൽ പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . കൂടാതെ ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. ഈ വർഷം ഏപ്രിൽ 17 നാണ് ശ്രീരാമനവമി വരുന്നത്.
Sree Guruvayoorappan
ഈ ദിനത്തിൽ ഭക്തിപൂർവം വ്രതം അനുഷ്ഠിച്ച് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാർഗമാണെന്നാണ് വിശ്വാസം . ഭഗവാനെ മാത്രമല്ല സീതാദേവിക്കും ലക്ഷ്മണനും ഹനുമാനും പ്രാധാന്യം നൽകി ധ്യാനിക്കണം . അന്നേദിവസം രാമായണം പാരായണം ചെയ്യുന്നത് സത്‌ഫലങ്ങൾ നൽകും.
വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
ശ്രീരാമനവമി നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണർന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ഈ ദിനത്തിലുടനീളം രാമനാമം ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും കാരണമാകും . ഉപവാസവും ഉറക്കമൊഴിയലും ഈ വ്രതത്തിന്റെ ഭാഗമാണെങ്കിലും ആരോഗ്യസ്ഥിതി അനുസരിച്ച് ഒരിക്കലോടെ ( ഒരു നേരം മാത്രം അരിയാഹാരം) വ്രതം അനുഷ്ഠിക്കാം . പകല്‍ ഉറക്കം പാടില്ല. രാവിലെയും വൈകുന്നേരവും വിഷ്ണു ക്ഷേത്രദര്‍ശനം നടത്തി തുളസിമാല സമർപ്പിക്കുന്നത് ഉത്തമം . ദശമി ദിവസം ക്ഷേത്രദര്‍ശനം നടത്തി തീർഥം സേവിച്ചോ തുളസീതീർഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം . ഈ വ്രതാനുഷ്ഠാനത്തിലൂടെ സകല പുണ്യസ്ഥലങ്ങളിലും തീർഥാടനം നടത്തിയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം .കൂടാതെ മുജ്ജന്മപാപങ്ങൾ നീങ്ങി വിഷ്ണുപ്രീതിക്ക് കാരണവുമാകും.
രാമനാമജപത്തിന്റെ മഹത്വം
ആയിരം വിഷ്ണുനാമങ്ങള്‍ക്ക് ( വിഷ്ണുസഹസ്രനാമം) തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ‘ഓം നമോ നാരായണായ’ മന്ത്രത്തമന്ത്രത്തിന്റെ ബീജാക്ഷരമായ “രാ” യും ‘ഓം നമഃശിവായ’ മന്ത്രത്തിന്റെ ബീജാക്ഷരമായ “മ” യും യോജിപ്പിച്ചു രാമ എന്ന പേരാണ് ദശരഥമഹാരാജാവിന്റെ മൂത്ത പുത്രന് വസിഷ്ഠ മഹർഷി നൽകിയത്. വൈഷ്ണവശക്തിയും ശൈവശക്തിയും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന നാമമാണ് രാമനാമം താരകമന്ത്രം എന്നും അറിയപ്പെടുന്നു .
കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’’ ആണ് . ഭഗവാന്റെ ഈ 16 നാമങ്ങൾ ഭക്തിയോടെ ജപിച്ചാൽ മനസ് സൂര്യനെ പോലെ തെളിഞ്ഞതാകും. രാമാനവമി ദിനത്തിൽ 108 തവണ ജപിക്കുന്നത് അത്യുത്തമം . കലിദോഷ നിവാരണ മന്ത്രം എന്നറിയപ്പെടുന്ന ഈ മന്ത്രം ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളോ നിയമങ്ങളോ പാലിക്കേണ്ടതില്ല.ഏതു സമയത്തും ഭക്തിയോടെ ചൊല്ലാവുന്ന മന്ത്രമാണിത്. എല്ലാ വിധ പാപങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മുക്തി നേടാൻ ഈ മഹാമന്ത്ര ജപത്തിലൂടെ സാധിക്കും
Leave a comment