Balaramayanam

HOMENEW15

Ayodhya Rama Lalla

ബാലക രാമാ ശ്രീരാമാ

– അജിത്കുമാർ നെടുമ്പ്രം

കോസല രാജകുമാരാ രഘുവര കൗസല്യാ തനയാ
കാമനയേകാൻ കാത്തീടുന്നേൻ
കരുണാകര വരദാ!

പുത്രനു വേണ്ടി കാംഷി-ച്ചിഷ്ടി നടത്തീ ഋഷി ശൃംഗൻ,
സുവർണ്ണ ഭാജനമേന്തിപ്പായസ മെത്തിച്ചരചന്ന്.

ത്രേതായുഗമതിലയോദ്ധ്യയിൽ വന്നവതാരം കൊണ്ടു,
കമനീയാംഗൻ പരാപരപ്പൊരുൾ ദേവഹിതം കണ്ടു്!

യുഗങ്ങളായ് നാം കാക്കും
ബാലക സൂര്യ കുലോത്തമനേ,
യുഗ സംക്രാന്തികൾ കൈതൊഴുമവനെൻ
ദർശന സൗഭാഗ്യം!

സരയൂനദിയിൽ സ്നാനം ചെയ്തങ്ങീറനണിഞ്ഞെത്തും,
മാരുതനെത്തിക്കരം ഗ്രഹിച്ചാ
നടയിൽ വന്നെത്തും!

കണ്ണിനു കുളിരും, മനസ്സിന്നമൃതും,
വിണ്ണോളം കൊള്ളാൻ,
എത്തുമൊരിക്കൽ പൂജാമലരായ്
പൂപ്പാലികയേന്തി!

സരയൂ നദിയിൽ താളം തുള്ളും
കുഞ്ഞോളങ്ങൾക്ക്,
ദശരഥ പുത്രന്മാരോടൊപ്പം
തുള്ളി രസിച്ചീടാം!

ദിവ്യ മനോഹര രൂപൻ രാമൻ കോസല റാണിക്കും,
ദാശരഥിക്കും, പ്രജകൾക്കും, ബഹു മോദമതായല്ലോ!

രാമാദ്യനുജന്മാരുടെ ലീലകൾ, കേളി വിലാസങ്ങൾ,
ദശരഥ ഭാമിനിമാരും രാജനുമാനന്ദം കൊണ്ടു!

ഭക്തർക്കുള്ളിൽ ചെങ്കോൽ നാട്ടിയ തുഞ്ചത്താചാര്യൻ
രാമൻതന്നുടെ കഥകൾ രചിച്ചു കിളിയുടെ പാട്ടുകളായ്!

ജനിമൃതിമദ്ധ്യമ സംസാരത്തി- ന്നക്കരെയെത്തീടാൻ,
രാമാ നിന്നുടെ താരകനാമത്തോണിയതേ ശരണം!

കോമള ബാലകരൂപം രാമാ കണ്ടു വണങ്ങീടാൻ
സുന്ദരമന്ദിര മൊന്നു ചമച്ചതിൽ നിന്നു വിരാജിക്കൂ!

ഗർഭഗൃഹമതിലാറാധാര ശിലയുടെ പീഠത്തിൽ,
പ്രതിഷ്ഠിതൻ നീ ബാലകരാമാ നമിച്ചിടുന്നേൻ ഞാൻ.

ബാലാ രാമാ സനാതനാ നീ യുഗപരിണാമങ്ങൾ
തീണ്ടാതെന്നുടെ ഭാരതമണ്ണിനു രക്ഷയൊരുക്കേണം!

കല്പാന്തങ്ങൾ ഭാരതഭൂവിനു നിന്നുടെ ചൈതന്യം,
നിതാന്ത നിർഗ്ഗളമായി ഭവിക്കാൻ കൈതൊഴുതീടുന്നേൻ.

രാമായണമീ മണ്ണിൽ നിത്യം തുടിക്കുമാനന്ദം,
ജനിമൃതി വരെയും കാക്കും നമ്മുടെ ജീവൽപ്പീയൂഷം!

പരമാത്മാനം പുരുഷോത്തമനാ-
മേകനനാദിമനും,
അദ്വൈതപ്പൊരുൾ നിത്യാനന്ദൻ
മംഗളവരദായിൻ!

രഘുവര രാമാ പരാപരാത്മാ രമണീയികാരാ
രാമാ നിന്നുടെ തൃപ്പാദത്തിൽ വന്ദനമരുളട്ടെ!

– ജയ ജയ രഘുരാമാ –

Leave a comment

Design a site like this with WordPress.com
Get started