
ഇന്ന് മാർഗ്ഗഴിതിങ്കൾ
തിരുവാതിര വ്രതവും പാതിരാപൂ ചൂടലും
മകയിരം തിരുവാതിര എന്നീ രണ്ടു ദിനങ്ങളിലും ആണ് വ്രതമാചരിക്കുന്നത് . മകയിരം നോയമ്പ് മക്കളുടെ ജനനവും ആയുരാരോഗ്യത്തിന് വേണ്ടിയാണ്. മകയിരം നോയമ്പ് ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. മകയിരദിനത്തിൽ എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് ചിട്ട. കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നിങ്ങനെ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവ് കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്, കരിമ്പും മറ്റും ചേർത്താണ് എട്ടങ്ങാടി വിഭവം തയ്യാറാക്കുന്നത്. ഗണപതിക്കും ശിവനും പാർവതിക്കും നേദിച്ച ശേഷം പ്രസാദമായി എല്ലാവർക്കും ഭക്തിക്കാം.
തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നന്ന്. അതിനുശേഷം വാലിട്ട് കണ്ണെഴുതുകയും മഞ്ഞളും ചന്ദനവും ചേർത്ത് കുറി തൊടുകയും സീമന്തരേഖയിൽ പാർവതീ ദേവിയെ സ്മരിച്ചുകൊണ്ട് സിന്ദൂരം അണിയുകയും ചെയ്യുക.
സിന്ദൂരം അണിയുമ്പോൾ
” ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേവി സൗഭാഗ്യം
മഹ്യം തുഭ്യം നമോ നമഃ” മന്ത്രം ജപിക്കുക.
അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവ കഴിക്കാം.
പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതിക്ക് എളുപ്പ മാർഗമാണ്. അന്നേ ദിവസം ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും കൂവളമാല സമർപ്പിക്കുന്നതും ഉത്തമം .
ഭാര്യാഭർതൃഐക്യം വർധിപ്പിക്കാൻ നൂറ്റെട്ട് തവണ “ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ” എന്ന് ജപിക്കണം. കൂടാതെ ഉമാഹേശ്വരനെ ഒന്നിച്ചു ധ്യാനിച്ചുകൊണ്ട് ” ഓം ഹ്രീം നമഃ ശിവായ എന്ന് വ്രതാനുഷ്ഠാനത്ത രേഖപ്പെടുത്തിയത് അത്യുത്തമമാണ്.
തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ഏറ്റവും മുൻനിരയിൽ നിൽക്കുന്നവരാണ് കത്തിച്ച വിളക്ക്, ദശപുഷ്പങ്ങൾ, അഷ്ടമംഗല്യം, കിണ്ടിയിൽ ശുദ്ധജലം എന്നിവ പിടിക്കേണ്ടത് മറ്റുളളവർ ഇവരെ അനുഗമിച്ചുകൊണ്ട് ”ഒന്നാകും മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി….” എന്നു തുടങ്ങുന്ന പാട്ട് കൈകൊട്ടി ഉച്ചത്തിൽ പാടും.
വ്രതദിനത്തിൽ ഭക്തിയോടെ ദശപുഷ്പം ചൂടണം എന്നാണ് ചിട്ട . ദശപുഷ്പത്തിലെ ഓരോ പൂവ് ചൂടുന്നതിനും ഓരോരോ ഫലങ്ങളാണ്.
1. കയ്യോന്നി – ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്ന് വിശ്വാസം.
2. മുക്കുറ്റി – പാർവതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും.
3. കൃഷ്ണക്രാന്തി – മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും.
4. തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.
5. കറുക – ആദിത്യനാണ് ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും.
6. പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.
7. മുയൽചെവിയൻ -കാമൻ ദേവത. മംഗല്യസിദ്ധിക്കാണ് മുയൽചെവിയൻ ചൂടാറുള്ളത്.
8. ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത.’ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം.
9. ചെറൂള – യമദേവനാണ് ദേവൻ. ആയുസ്സു വർധിക്കുമെന്നാണു വിശ്വാസം.
10. നിലപ്പന – ഭൂമിദേവിയാണു ദേവത. പാപങ്ങൾ അകന്നുപോകും.
തിരുവാതിരനാൾ കഴിഞ്ഞ് അരിഭക്ഷണം കഴിച്ചോ ശിവക്ഷേത്ര ദർശനം നടത്തി തീർത്ഥം സേവിച്ചോ വ്രതം അവസാനിപ്പിക്കാം.
ഇക്കൊല്ലം (2023) ഡിസംബർ 26ന് ചൊവ്വാഴ്ച 39 നാഴിക 08 വിനാഴിക വരെ (രാത്രി 10 മണി 22 മിനിറ്റ് വരെ) മകയിരം നക്ഷത്രമാണ്. അതു കഴിഞ്ഞാൽ തിരുവാതിര നക്ഷത്രം തുടങ്ങും. ഈ തിരുവാതിര നക്ഷത്രം ഡിസംബർ 27ന് 41 നാഴിക 56 വിനാഴിക (രാത്രി 11.30 വരെ) ഉണ്ട്.
അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും ഡിസംബർ 26നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള ഡിസംബർ 27നു ബുധനാഴ്ചയുമാണ്.
മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 26ന് ചൊവ്വാഴ്ച എട്ടങ്ങാടി നിവേദ്യം തയ്യാറാക്കാം. എട്ടങ്ങാടി എന്നാൽ കിഴങ്ങുവർഗങ്ങൾ ഉണ്ടാക്കുന്ന എട്ടു തരം സാധനങ്ങൾ കൊണ്ട് നോമ്പ് വിഭവമാണ്. ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂർക്ക, കാച്ചിൽ, ഏത്തക്കായ, വൻപയർ, ശർക്കര സ്ഥിതി ചെയ്യുന്ന എട്ടങ്ങാടിയിൽ ചേരുന്നത്. തിരുവാതിര വ്രതം നോൽക്കുന്നവർ ഉമിത്തീയിൽ ചേനയും ചേമ്പും ചെറുകിഴങ്ങും മറ്റുള്ള കിഴങ്ങുവർഗങ്ങൾ ചുട്ടെടുത്താണ് എട്ടങ്ങാടി തയ്യാറാക്കിയിരുന്നത്. എട്ടങ്ങാടിയിൽ ചേർക്കുന്ന ഇനങ്ങളിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്
ഓം ശങ്കരനാരായണായ നമ:
Leave a comment