_*ഭൂതനാഥോപാഖ്യാനം*_
_*പതിനഞ്ചാം അദ്ധ്യായം : അവസാന ഭാഗം*_
_*ശബരിമല ക്ഷേത്രനിര്‍മ്മാണം*_
*പരശുരാമന്‍ പറഞ്ഞതു പോലെയുള്ള ഭൂതനാഥവിഗ്രഹം ശില്പികളേക്കൊണ്ട് മഹാരാജാവ് നിര്‍മ്മിച്ചു. മാളികപ്പുറത്തമ്മ തുടങ്ങിയവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചു. നവധാന്യങ്ങള്‍ മുളപ്പിക്കുന്ന മുളയിടീല്‍ ചടങ്ങും മറ്റ് പ്രതിഷ്ഠാകര്‍മ്മങ്ങളും നല്ലതുപോലെ അനുഷ്ഠിക്കപ്പെട്ടു.*
*സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഭഗര്‍ക്ഷേ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു. അഗസ്ത്യ മഹര്‍ഷിയും, ആചാര്യനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷികളായി.* *ഭഗര്‍ക്ഷത്തോടുകൂടി പഞ്ചമീ തിഥി വന്നതിനാല്‍ ഏറ്റവും ശുഭകരമായ ദിനമായിരുന്നു അന്ന്. വിപ്രന്‍മാര്‍ വേദഘോഷം മുഴക്കി. വേദിയര്‍ക്ക് രാജാവ് ദാനങ്ങള്‍ നല്‍കി.* *സേനാഗണങ്ങള്‍ വാദ്യങ്ങള്‍ മുഴക്കി. ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. സകലജനങ്ങള്‍ക്കും സന്തോഷം കൈവന്നു.* *പന്തളമഹാരാജാവ് കൃതാര്‍ത്ഥനായി.*
*മഞ്ജാംബികയേയും കടുശബ്ദനേയുമെല്ലാം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അതിനു സാക്ഷികളായി ഋഷീശ്വരന്‍മാരായ അഗസ്ത്യനും പരശുരാമനും നിലകൊണ്ടു.* *മഹാരാജാവിനോട് പരശുരാമന്‍ പറഞ്ഞു. ഭവാന്‍ ഉത്സാഹപൂര്‍വ്വം ഇവിടെ ഏഴു ദിവസത്തെ ഉത്സവം നടത്തണം. ബ്രാഹ്മണര്‍ നാലു വേദങ്ങളും ഉരുക്കഴിക്കണം.* *ഭംഗിയായി ശ്രീഭൂതബലിയും കഴിക്കണം. മാസപൂജയ്ക്ക് വേണ്ടുന്ന നിയമങ്ങളെല്ലാം അങ്ങ് ചിട്ടപ്പെടുത്തി അതിനുവേണ്ട ആളുകളെ ചട്ടം കെട്ടി നിയോഗിക്കണം.*
*ഇവിടെ നിത്യവും വിളക്കുവെക്കുവാന്‍ രണ്ട് ഭൂതങ്ങള്‍ കാത്തിരിക്കും.* *ഭക്തന്‍മാര്‍ ഇവിടേക്ക് എപ്രകാരം വരണമെന്നുള്ളത് ഭൂതേശ്വരന്‍ ഭവാനോടു മുന്‍പേ പറഞ്ഞുതന്നിട്ടുണ്ട്.* *അതേപ്രകാരം ഭജിച്ച് ഇവിടെ വന്നു ചേരുന്നവര്‍ക്ക് ആഗ്രഹങ്ങളെല്ലാം സാധിക്കും.* *സാലപുരസ്ഥിതനായ ആചാര്യന് (താഴമണ്‍) ആയിരിക്കണം എന്റെ പൂജാകര്‍മ്മങ്ങള്‍ നടത്താനുള്ള ആധികാരം.*
*ജന്‍മങ്ങളെല്ലാമറ്റ് ഇനി നിര്‍മ്മലമായ ബ്രഹ്മസായൂജ്യം ഭവാന് വന്നുചേരും.* *മഹാരാജാവിനോട് ഇത്രയും പറഞ്ഞശേഷം ഭൂതേശനെ പൂജിച്ച് പ്രാര്‍ത്ഥിച്ച് ഭാര്‍ഗ്ഗവരാമന്‍ അപ്രത്യക്ഷനായി. കുംഭജനായ അഗസ്ത്യ മഹര്‍ഷി ഭൂതനാഥസഹസ്രനാമം ജപിച്ച് ഭൂതേശന് അര്‍ച്ചന നടത്തി.* *പന്തളരാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഉള്ളില്‍ ആനന്ദത്തോടെ അഗസ്ത്യമഹര്‍ഷിയും മറഞ്ഞു.*
*പരശുരാമന്‍ പറഞ്ഞതു പോലെയെല്ലാം ഭക്തിയോടെ രാജാവ് നിര്‍വഹിച്ചു.* *പുണ്യവതിയായ ശബരിയുടെ ശരീരം ദഹിപ്പിച്ച പുണ്യഭസ്മം ചേര്‍ന്ന കുളത്തില്‍ സ്‌നാനം ചെയ്തും കുംഭദള തീര്‍ത്ഥവും പമ്പാതീര്‍ത്ഥവും കൊണ്ട് അഭിഷേകമേറ്റ് പരിശുദ്ധനായും ആമോദപൂര്‍വ്വം ഭൂതനാഥനെ വന്ദിച്ച് മഹാരാജാവ് പൂജിച്ചു. ഭക്തിയോടെ ഭൂതനാഥനെ സ്തുതിച്ചു നിന്ന മഹാരാജാവ് ഒരു ആകാശവാണി (അശരീരി) കേട്ടു.*
*‘മഹാരാജാവേ, കേള്‍ക്കുക, ഭവാന് ഒരിക്കലും സംസാരതാപം ഉണ്ടാവുകയില്ല എന്നു നിശ്ചയമാണ്. നിന്നുടെ വംശത്തില്‍ വന്നു ജനിക്കുന്ന രാജാക്കന്‍മാരെല്ലാം എന്റെ അംശങ്ങള്‍ തന്നെയായിരിക്കും. വിദ്യയും നല്ല വിനയവും, മനഃശുദ്ധിയും അവര്‍ക്കുണ്ടാകും.* *ധന്യരാകുന്ന അവരെ സേവിച്ചാലും എന്നെ സേവിച്ച ഫലം ലഭിക്കും. എന്റെ ധന്യമായ വിഗ്രഹം സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് ഭവാന്‍ അലം കൃതമാക്കണം. അതില്‍ എനിക്ക് കാംക്ഷയില്ലെങ്കിലും എന്റെ ഭക്തര്‍ക്ക് അതു ദര്‍ശിച്ചാല്‍ ആമോദമുണ്ടാകുന്നതാണ്. മഞ്ജമാതാവിന്റെ വിഗ്രഹത്തിലും അതേപ്രകാരം അലങ്കാരങ്ങള്‍ ചെയ്യേണ്ടതാണ്.* *ധന്യനാകുന്ന ആചാര്യനെ എനിക്കു തുല്യനായിത്തന്നെ എപ്പോഴും കാണുക. ഭവാന് സംഗഹീനത്വം ഭവിക്കുന്നതാണ്. മഹീപാലരത്‌നമേ, അങ്ങേക്ക് മംഗളം ഭവിക്കട്ടെ.’*
*ഈ വിധം ആകാശവാണി കേട്ട് ആനന്ദമത്തനായ രാജശേഖരനൃപന്‍ അല്പനേരം സന്തോഷത്തോടെ നൃത്തം ചെയ്ത് ഭക്തനായ ആചാര്യനോടു പറഞ്ഞു:- ഇനി ഞാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് ധന്യനായ ഭവാന്‍ തന്നെ ചൊല്ലുക. നിന്തിരുമേനിയുടെ കല്പനകള്‍ അനുസരിക്കുവാന്‍ എനിക്ക് സങ്കടമേതുമില്ല.* *രാജവചനങ്ങള്‍ കേട്ട് ആചാര്യന്‍ പറഞ്ഞു: രാജമൗലേ, അങ്ങ് പന്തളരാജധാനിയിലേക്കു പോവുക. അങ്ങും അനുചരും എത്രയോ നാളുകളായി വനത്തില്‍ പുത്രമിത്രാദികളെ വെടിഞ്ഞ് വിരഹദുഃഖത്തോടെ കഴിയുന്നു. ഒരു കാര്യവുമില്ലാതെ ഇനിയും അങ്ങയുടെ പരിചാരകരെ വലയ്ക്കുന്നത് ആര്യതാതനും ഇഷ്ടമാവുകയില്ല.* *ഇങ്ങോട്ട് അലസാ (അഴുതാ) നദി കടന്നാണു വന്നത്. തിരിച്ച് പമ്പാനദി കടന്നു പോകുന്നതാണ് ഉചിതം. അല്ലെങ്കില്‍ അധികം ദൂരം സഞ്ചരിക്കേണ്ടതായി വരും. പമ്പയുടെ തീരത്തുകൂടി പോവുന്നതു തന്നെയാണു നല്ലത്.* *ആചാര്യന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പന്തളരാജാവും പരിവാരങ്ങളും നാട്ടിലേക്കു പുറപ്പെട്ടു. മാസപൂജയ്ക്കു വേണ്ടുന്നതെല്ലാം ബ്രാഹ്മണരെ പറഞ്ഞേല്‍പ്പിച്ച ശേഷം ഭൂതനാഥനെ വന്ദിച്ചു മഹാരാജാവ് യാത്രയായി.*
*ദിവസങ്ങള്‍ക്കകം അവര്‍ പന്തളത്തെത്തി. രാജശേഖര മഹാരാജാവും പരിവാരങ്ങളും തിരിച്ചെത്തിയപ്പോള്‍ പൗരജനങ്ങള്‍ ആര്‍ത്തുവിളിച്ചു. വീഥികളെല്ലാം വൃത്തിയാക്കി തോരണങ്ങള്‍ കൊണ്ടലങ്കരിച്ച് പ്രജകള്‍ ആഘോഷിച്ചു.* *മഹാരാജാവിനെ നീരാജനമുഴിഞ്ഞ് സ്ത്രീജനങ്ങള്‍ സ്വീകരിച്ചു. ആനന്ദത്തോടുകൂടി രാജാവ് കൊട്ടാരത്തില്‍ പ്രവേശിച്ചു. ബ്രാഹ്മണര്‍ക്ക് നിരവധി ദാനങ്ങള്‍ നല്‍കി.* *ശില്‍പ്പികള്‍ക്ക് സന്തോഷം വരുവാന്‍ ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. ആചാര്യന്റെ വാക്കുകള്‍ അനുസരിച്ച് രാജശേഖര മഹാരാജാവ് പുത്രനായ രാജരാജനെ തന്റെ അന്തരാവകാശിയായി വാഴിച്ചു. പുത്രനെ സിംഹാസനത്തില്‍ ഇരുത്തി കിരീടവും ചെങ്കോലും മറ്റ് രാജചിഹ്നങ്ങളും അണിയിച്ച് മഹാരാജാവ് പറഞ്ഞു. രാജരാജാ, ധര്‍മ്മം പിഴയ്ക്കാതെ രാജ്യം പരിപാലിച്ച് നിര്‍മ്മലചിത്തനായി ഭവാന്‍ വാഴുക.*
*നിത്യവും നിന്റെ മാതാവിന്റെ പാദങ്ങള്‍ ഭക്തിയോടെ നമസ്‌ക്കരിക്കണം.* *മന്ത്രിമാരോട് ഒരുമിച്ച് വേണ്ടവിധത്തില്‍ രാജ്യകാര്യങ്ങള്‍ നോക്കുക. ധര്‍മ്മം പിഴയ്ക്കാതെ വേണം രാജ്യം ഭരിക്കേണ്ടത്. ധര്‍മ്മശാസ്താവിനെ പൂജിക്കണം. നമ്മുടെ വംശത്തിന് ഏകമാര്‍ഗ്ഗദീപമാണ് ധര്‍മ്മശാസ്താവ് എന്നും നീ മനസ്സില്‍ ഉറപ്പിക്കുക. വര്‍ഷം തോറും ശബരിമലയില്‍ ഭംഗിയോടെ ഉത്സവം നടത്തണം.* *ബ്രാഹ്മണരെ സദാ ബഹുമാനിക്കണം. ബ്രാഹ്മണര്‍ പ്രത്യക്ഷ ദൈവങ്ങളാണ്. വര്‍ഷം തോറും ശബരിമലയില്‍ നീ ഉത്സാഹപൂര്‍വ്വം പോകണം. നന്ദനാ, സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഭൂതനാഥസ്വാമിയെ അണിയിച്ച് ഭഗവാനെ ദണ്ഡനമസ്‌ക്കാരം ചെയ്യണം.* *മാളികമാതാവിനേയും സര്‍വ്വഭൂതങ്ങളേയും വണങ്ങണം. മാസപൂജകള്‍ മുടങ്ങാതെ നടക്കാനായി ബ്രാഹ്മണരെ പറഞ്ഞയക്കണം.*
*ഇത്തരം നിരവധി ഉത്തമ ഉപദേശങ്ങള്‍ പുത്രനു നല്‍കി പുത്രനെ രാജ്യഭാരമേല്‍പ്പിച്ച് രാജശേഖരനൃപന്‍ ആചാര്യനോടൊരുമിച്ച് പുണ്യനദിയായ പമ്പയുടെ തീരത്തു ചെന്നു ചേര്‍ന്നു.* *അവിടെ തപസ്സനുഷ്ഠിച്ച് താരകബ്രഹ്മത്തില്‍ ചിത്തമുറപ്പിച്ച് അവര്‍ ദിവ്യസ്വയംജ്യോതിരവ്യയമദ്വയഭവ്യസനാതനമായി ഭവിച്ചു. ഭക്തിയോടുകൂടി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശബരിമലയിലെത്തി ഭഗവാനെ കാണാത്ത മനുഷ്യന്‍ ഇരുപാദങ്ങളുള്ള മൃഗതുല്യനാണ്.* *താരകത്തെ സദാ ഹൃദയത്തില്‍ ചിന്തിച്ചാല്‍ സംസാരസാഗരം തരണം ചെയ്യാം. യാതൊരുവന്‍ ഈ ഭൂതനാഥോപാഖ്യാനം പാരായണം ചെയ്യുകയോ, കേള്‍ക്കുകയോ, ഭക്തിയോടെ പഠിക്കുകയോ ചെയ്യുന്നുവോ അവന് ചിന്തിച്ച കാര്യങ്ങളെല്ലാം സാധ്യമാകും.* *അന്ത്യത്തില്‍ മുക്തിയും ലഭിക്കും. ഏതേതു കാര്യങ്ങള്‍ സാധിക്കാനായും മനസ്സില്‍ ഭക്തിയോടെ ഈ കഥ പഠിച്ചാല്‍ അതു സാധ്യമാകും എന്നതില്‍ സംശയമില്ല.* *ഭൂതനാഥനെ പ്രസാദിപ്പിക്കുവാനായി നിഷ്‌കാമരായി നിത്യവും ഇതു ജപിച്ചാല്‍ നിഷ്‌ക്കള ബ്രഹ്മത്തില്‍ മനസ്സു ചെന്നു ചേരും. ഭക്തിയുള്ളവരാണ് ഇതു ചൊല്ലുവാന്‍ അര്‍ഹരായവര്‍. ഇതു നിത്യവും ചൊല്ലുകയോ കേള്‍ക്കുകയോ ചെയ്താല്‍ നിത്യസുഖം ഭൂതനാഥന്‍ തരുന്നതാണ്.*
*ഇത്രയും പറഞ്ഞ് സൂതന്‍ ഭൂതനാഥചരിതം ഉപസംഹരിച്ചു.*
*ശൗനകാദി മഹര്‍ഷിമാര്‍ ഈ ദിവ്യചരിത്രം ശ്രവിച്ച് തൃപ്തരായിത്തീര്‍ന്നു.*
*(പതിനഞ്ചാം അദ്ധ്യായം സമാപിച്ചു)*
_*ബ്രഹ്മാണ്ഡപുരാണത്തിലെ കേരളമാഹാത്മ്യത്തില്‍ ഉള്‍പ്പെട്ട ഭൂതനാഥോപാഖ്യാനം സമാപിച്ചു.*_
_*സ്വാമിയേ ശരണമയ്യപ്പാ !!!*_
*കടപ്പാട്*
Leave a comment