Everything about Siva

Homenew12

❇️✴️❇️✴️❇️✴️❇️✴️❇️✴️❇️✴️❇️


# _ശിവൻ #മഹാദേവൻ #പരമശിവൻ_
നശ്വരനായ സ്വയം ഭൂ ആണ് ശിവന്‍. ദേവന്മാരുടെ ദേവൻ എന്ന് വിശേഷണം ഉള്ള മഹാദേവൻ ത്രിമൂര്‍ത്തികളിൽ ഒരാളാണ്. സൃഷ്ടി, സ്ഥിതി, സംഹാരം ആണ് യഥാക്രമം ത്രിമൂർത്തകികൾ ആയ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരുടെ പ്രധാന ധർമ്മം.
ശിവനിൽ നിന്നാണ് എല്ലാ സൃഷ്ടികളും ഉണ്ടായിരിക്കുന്നതെന്നും എല്ലാം തിരിച്ച് ശിവനിലേക്ക് പോകുന്നുവെന്നുമാണ് വിശ്വാസം. ശിവന് അസ്ഥിത്വമില്ല. ശിവൻ വെളിച്ചമല്ല, ഇരുട്ടാണ്‌. ഒരേസമയം, രൂപിയും അരൂപിയുമാണ്. സകല ചരാചരങ്ങളെയും ആവാഹിച്ച മനുഷ്യ രൂപമാണ്‌ ശിവൻ. ശക്തിയുടെ കരുത്തിന്‍റെ ഉറവിടം. ശിവൻ ഒരേ സമയം ശക്തിയുടെ ഒരു ഭാഗവുമാണ്, ശക്തിയുമാണ്.
ശിവം എന്നതിന്റെ പദാർത്ഥം മംഗളകരമായത് എന്നാണ്.
🔰#ശിവോല്പത്തി
ശിവന്റെ ജന്മത്തിന് ബ്രഹ്മാവും വിഷണുവും കാരണക്കാരാണ് എന്നതാണ് ഐതിഹ്യം. ബ്രഹ്മാവിനും വിഷ്ണുവിനും ഇടയിൽ തങ്ങളില്‍ ആരാണ് മികച്ചതെന്ന വാഗ്വാദം സ്ഥിരമായി നില നിന്നിരുന്നു. എന്നാല്‍ ഈ വാഗ്വാദത്തിനിടയില്‍ പെട്ടെന്ന് അരുളപ്പാടുണ്ടാവുകയും തുടർന്ന് അശരീരി കേട്ട സ്ഥലത്തേക്ക് ഇരുവരും നടത്തിയ തിരച്ചിലിനൊടുവില്‍ പുതിയൊരു ശക്തിയെ കണ്ടെത്തുകയുമായിരുന്നു. ബ്രഹ്മാവും വിഷ്ണുവും തങ്ങളിൽ ആരാണ് കേമൻ എന്നറിയാൻ നടത്തിയ പരീക്ഷണമായിരുന്നു ഒരു തൂണിന്റെ അറ്റം കണ്ടു പിടിയ്ക്കുക എന്നത്. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഇരുവര്‍ക്കും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇരുവരുമല്ലാതെ മറ്റൊരു ശക്തി ഇരുവരേയും വീക്ഷിക്കുന്നുണ്ടായിരുന്നു. ആ ശക്തി ആണ് ശിവന്‍.
ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾ പരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത് അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം.
⭕️#ശിവരൂപം
ശിവന്റെ കയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻ ശിവന്റെ രൂപം
ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്. ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്. മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ.
🔱#ശിവ_രൂപ_വിശേഷണം🔹തൃക്കണ്ണ് :
ശിവഭഗവാന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നു കണ്ണുകളുള്ളതിനാലും ത്രിലോകജ്ഞാനിയായതിനാലും ശിവൻ ത്രിലോചനൻ/ത്രിലോകജ്ഞൻ എന്ന നാമത്തിലും അറിയപ്പെടുന്നു.
🔸ചന്ദ്രകല :
ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
🔹ഭസ്മം :
ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
🔸ജട :
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെ പോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
🔹നീലകണ്ഠം :
പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നു ലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
🔸ഗംഗാനദി :
സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
🔹നാഗങ്ങൾ :
നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
🔸മാൻ :
കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
🔻തൃശൂലം :
ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീക വൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
🔺ഢമരു :
ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
🔹നന്ദികേശ്വരൻ :
ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമ ഭക്തനാണ് നന്ദി.
ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവൻ മിക്കവാറും ദേവാസുരയുദ്ധങ്ങളിലും പങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു.
🔹#ശിവനും_പാർവ്വതിയും
പാര്‍വ്വതി ശക്തിയാണ്. ജീവദായിനിയാണ്. പാര്‍വ്വതീദേവിയില്ലെങ്കില്‍ ലോകം തന്നെ ഇല്ല. ശിവനിലെ ഇരുട്ടിന് വെളിച്ചവും അനന്തതയ്ക്ക് അതിരും നല്‍കുന്ന, ശിവന്‍റെ കരുത്തിന്‍റെ ഉറവിടം. ശിവന്‍ സത്വമാണെങ്കില്‍ ശക്തി രാജസ്സാണ്. ശിവന്‍റെ ആലസ്യം അകറ്റി ഉത്തേജനം നല്‍കുന്നവള്‍, ശിവന് പൂര്‍ണ്ണതയേകുന്നവള്‍, ശക്തി.. അവള്‍ ഒരേസമയം ശിവന്‍റെ ഒരു ഭാഗവുമാണ് ശിവനുമാണ്! ശിവന്‍ പരമപുരുഷനും പാര്‍വ്വതി പരമസ്ത്രീയുമാകുന്നു. ശിവനില്ലെങ്കില്‍ പാര്‍വ്വതിയും പാര്‍വ്വതി ഇല്ലെങ്കില്‍ ശിവനും ജീവനറ്റ വെറും ശവത്തിന് സമമാകുന്നു. ശിവന്‍റെ ആദ്യഭാര്യയായ സതിയുടെ പുനര്‍ജ്ജന്മമാണ് പാര്‍വ്വതി. എന്നാല്‍ സതിക്ക് ഇല്ലാതിരുന്ന ഗുണങ്ങളും കൂടി ചേര്‍ന്ന് ജന്മം കൊണ്ടതാണ് പാര്‍വ്വതി. ശിവന്‍റെ ശക്തിയാണ് പാര്‍വ്വതി. അവര്‍ ഒന്നാണ്. ശിവനാണ് ശക്തി.. ശക്തിയാണ് ശിവന്‍. അർദ്ധനാരീശ്വര സങ്കല്പം ഈ ശിവപാർവതി സംഗമ പ്രതീകമാണ്.
🔸#ശിവപാർവ്വതി_വിവാഹം
ശിവപുരാണം അനുസരിച്ച്, സതിയുടെ പുനർജ്ജന്മമാണ് പാർവ്വതി. മഹാരാജാവ് ഹിമവാനും റാണി മൈനയ്ക്കും ജനിച്ച പാർവ്വതി കുട്ടിയായിരിക്കുമ്പോൾ തന്നെ, ശിവന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവളായിരുന്നു. അവളുടെ ജനന സമയത്ത് മഹർഷി നാരദൻ പ്രവചിച്ചത്, എന്തൊക്കെ സംഭവിച്ചാലും ശരി, ഇവൾ ശിവനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നാണ്. അവൾ വളർന്നപ്പോൾ, അവളുടെ ശിവനോടുള്ള പ്രേമം അതിരുകളില്ലാതെ വളർന്നു. വർഷങ്ങൾ നീണ്ട തപസ്സും പ്രയാസങ്ങളും കടന്ന്, അവസാനം ശിവനും പാർവ്വതിയും തങ്ങളുടെ ദൈവീക വിവാഹത്തിനായി ഒരുമിച്ചു. പരസ്പര സ്നേഹം വിശ്വാസം ബഹുമാനം എന്നിവ പകർന്നു നൽകുന്ന പുണ്ണ്യ വൈവാഹിക മാതൃക ഭക്തർക്ക് ശിവശക്തി സംഗമം നൽകുന്നത്.
🔹#കൈലാസം:
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.
ഏഷ്യയിലെ പർവ്വതരാജ്യമായ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. കൈലാസ പർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു.
ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
🔸#കാശി:
കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടവുകൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.
🔹#ശിവലിംഗം
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവ ക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രംവൈക്കം മഹാദേവക്ഷേത്രം ആണ്.
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
🔸1 പാദുകം
2 ജഗതി
3കുമുദം
4 ഗളം
5 ഗളപ്പടി
6 ലിംഗം
7 ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രീ കൊട്ടിയൂർ മഹാദേവക്ഷേത്രം
#ശൈവസമ്പ്രദായം
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം.
വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചു പോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു.
ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.
ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട് നായനാർമാർ, ലിംഗായതം ന്നിവയാണ് പ്രധാന ശൈവമാർഗ്ഗങ്ങൾ. മഹാദേവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.
ഭൈരവൻ, ഭദ്രകാളി,വീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.
ഗണപതി, സുബ്രഹ്മണ്യൻ, എന്നിവർ പുത്രന്മാർ.
നിരവധി അവതാരങ്ങള്‍ ശിവന്‍ കൈ കൊണ്ടിട്ടുണ്ട്. കാലഭൈരവനായും വീരഭദ്രനായും എല്ലാം ഭഗവാന്‍ അവതരിച്ചിട്ടുണ്ട്. ഭഗവാന്റെ അവതാരങ്ങളില്‍ ഒരു ഭാഗമാണ് നിത്യബ്രഹ്മചാരിയും ശ്രീരാമ ദേവന്റെ സന്തസഹചാരിയുമായ ഹനുമാന്‍
🔺#ജ്യോതിർലിംഗങ്ങൾ
ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവക്ഷേത്രങ്ങളുണ്ട്.
*സോമനാഥ് സൗരാഷ്ട്ര,ഗുജറാത്ത്
*മല്ലികാർജ്ജുനം ശ്രീശൈലം,ആന്ധ്രാ പ്രദേശ്
*മഹാകാലേശ്വരം ഉജ്ജയിനി, മദ്ധ്യ പ്രദേശ്
*ഓംകാരേശ്വരം ഇൻഡോർ, മദ്ധ്യ പ്രദേശ്
*കേദാർനാഥം കേദാർനാഥ്,ഉത്തരാഖണ്ഡ്
*ഭീമാശങ്കരം പൂന,മഹാരാഷ്ട്ര
*വിശ്വനാഥം ബനാറസ്,ഉത്തർപ്രദശ്
*ത്രയംബകേശ്വരം നാസിക്ക്,മഹാരാഷ്ട്ര
*രാമേശ്വരം രാമേശ്വരം,തമിഴ്‌നാട്
*ഘൃഷ്ണേശ്വരം എല്ലോറ,മഹാരാഷ്ട്ര
*വൈദ്യനാഥം ദേവ്ഘർ,ഝാർഖണ്ഡ്‌
*നാഗേശ്വരം ദ്വാരക,ഗുജറാത്ത്
🔻#പഞ്ചഭൂത_ക്ഷേത്രങ്ങൾ
തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.
*ജംബുകേശ്വർ, ജലം (പഞ്ചഭൂത സങ്കല്പം), ജംബുകേശ്വര ക്ഷേത്രം,
തിരുവാനായ്കാവൽ തമിഴ്നാട്
*അരുണാചലേശ്വർ, അഗ്നി(പഞ്ചഭൂത സങ്കല്പം), അണ്ണാമലയാർ ക്ഷേത്രം, തിരുവണ്ണാമല, തമിഴ്‌നാട്
*കാളഹസ്തേശ്വരൻ. വായു(പഞ്ചഭൂത സങ്കല്പം), കാളഹസ്തി ക്ഷേത്രം, ശ്രീകാളഹസ്തി, ആന്ധ്രാപ്രദേശ്
*ഏകാംബരേശ്വർ, ഭൂമി(പഞ്ചഭൂത സങ്കല്പം), ഏകാംബരേശ്വര ക്ഷേത്രം, കാഞ്ചീപുരം, തമിഴ്നാട്
*നടരാജൻആകാശം(പഞ്ചഭൂത സങ്കല്പം), ചിദംബരം ക്ഷേത്രം, ചിദംബരം, തമിഴ്‌നാട്
മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം.
🔹#ശിവസ്തുതി
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.
വർണ്ണിച്ചാലും വിവരിച്ചാലും ഒടുങ്ങാത്തമഹാദേവ വിശേഷങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രം ചൊല്ലി ഇവിടെ തൽക്കാലം നിർത്തട്ടെ…
“ഓം നമഃശിവായ”

💦💦💦💦💦💦💦💦💦💦💦💦🔺🔺🔺🔺🔺🔺🔺🔺⚜️⚜️⚜️⚜️⚜️⚜️⚜️🔱🔱⚜️⚜️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

Leave a comment

Design a site like this with WordPress.com
Get started