Kshethram

Homenew12

#ക്ഷേത്രം – മോക്ഷ മാർഗം


ജീവിതത്തെ ഒരു തുണ്ടു തുണിയായി കരുതാം, തുണി ഭൗതികമാണ്. ക്ഷേത്രം എന്നാൽ, ആ തുണ്ടു തുണിയിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു ദ്വാരം പോലെയാണ്. അവിടെ നമ്മൾ ഒരു ഇടം ഒരുക്കുന്നു. അവിടെ ഭൗതികത മെല്ലെ മെല്ലെ അലിഞ്ഞില്ലാതാകുന്നു. അതിനപ്പുറത്തുള്ളത് ക്രമേണ നമ്മുടെ കാഴ്ചയ്ക്ക് വിധേയമാകുന്നു. ഭൗതീകതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക, അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടേയും പിന്നിലുള്ള ശാസ്ത്രം.

നാം ആഗ്രഹിക്കുന്നുവെങ്കിൽ, കൺമുമ്പിലുള്ള ഈ ലോകത്തിനപ്പുറത്തേക്കു പ്രവേശിക്കാൻ നമുക്കു സാധിക്കും മുമ്പേ പറഞ്ഞ ആ ദ്വാരത്തിലൂടെ. ക്ഷേത്രം ആ ദ്വാരമാണ്, ഒരു കിളിവാതിലാണ്. അപ്പുറത്തെ കാഴ്ചകൾ കാണാം, വേണമെങ്കിൽ ആ ദ്വാരത്തിലൂടെ അതിനപ്പുറത്തേക്ക് ചെന്നു വീഴുകയുമാകാം.

പ്രാചീനകാലത്ത് എല്ലാ ക്ഷേത്രങ്ങളിലും ശിവനെ മാത്രമാണ് പ്രതിഷ്ഠിച്ചിരുന്നത്. വേറൊരു ദേവനുമുണ്ടായിരുന്നില്ല. വളരെ നൂറ്റാണ്ടുകൾക്കു ശേഷമാണ് മറ്റു ദേവതാപ്രതിഷ്ഠകൾ പ്രചാരത്തിൽ വന്നത്. അപ്പോഴത്തേക്കും ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നുള്ള ഫലസിദ്ധിയിലേക്കു തിരിയാൻ തുടങ്ങിയിരുന്നു.

പൂർവികരിൽനിന്നും നേടിയ ക്ഷേത്രനിർമാണവിദ്യ പ്രയോജനപ്പെടുത്തി അവർ പുതിയ പ്രതിഷ്ഠകൾ നടത്തി. അതിലൂടെ അവർ ആരോഗ്യവും, ഐശ്വര്യവും, സുഖസന്തോഷാദികളും നേടി. അവർ പല തരത്തിലുള്ള ഊർജങ്ങൾ സൃഷ്ടിച്ചു, പലതരത്തിലുള്ള ദേവതകളെ പ്രതിഷ്ഠിച്ച് ആരാധിച്ചു. ധനമാണ് വേണ്ടത് എങ്കിൽ പ്രത്യേക രീതിയിലുള്ള പ്രതിഷ്ഠ, ഭയമുക്തിയാണ് ലക്ഷ്യമെങ്കിൽ വ്യത്യസ്തമായ മറ്റൊരു പ്രതിഷ്ഠ, അങ്ങനെ അവർ തങ്ങളുടെ ആവശ്യങ്ങൾ സഫലമാക്കി. ഫലപ്രാപ്തിക്കായി ഈ ദേവതകൾ അവരെ സഹായിച്ചു. എഡി 1100 നും 1200നും ഇടയ്ക്കാണ് ഈ തരത്തിലുള്ള ക്ഷേത്രങ്ങൾ നിർമിക്കപ്പെട്ടത്. അതിനുമുമ്പ് ശിവാരാധനക്കല്ലാതെയുള്ള ഒരൊറ്റ ക്ഷേത്രവും ഇവിടെ നിർമിക്കപ്പെട്ടിരുന്നില്ല.

ശിവ എന്ന പദത്തിന്റെ ശരിയായ അർത്ഥം, ഇല്ലാത്തത് എന്നാണ്. അതുകൊണ്ട് ഇല്ലാത്ത ഒന്നിനുവേണ്ടിയാണ് ഓരോ ക്ഷേത്രവും നിർമിക്കപ്പെട്ടത് എന്നു പറയാം. ഭൗതികമായി പ്രകടമാവാത്തത് എന്നാണ് ധരിക്കേണ്ടത്. അതിനെയാണ് ശിവാ – ഇല്ലാത്തത് എന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒന്നുംകൂടി കടന്നു ചിന്തിച്ചാൽ എല്ലാ ഭൗതികതകൾക്കും, ഈ ഭൗതീക പ്രപഞ്ചത്തിനു മുഴുവനും അപ്പുറത്തുള്ളത് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണ് നേരത്തേ പറഞ്ഞത് ഒന്നുമില്ലായ്മയിലേക്കു കടന്നുചെല്ലാനും അത് അനുഭവിക്കാനും വഴിതരുന്ന ഒരു കിളിവാതിലാണ്, ദ്വാരമാണ് ഓരോ ക്ഷേത്രവും…

വിഗ്രഹാരാധന എന്തിനു വേണ്ടി? അതിൽ ഈശ്വരനെ ആവാഹിച്ചിട്ടുണ്ടോ?

വളരെ വിപുലമായ രീതിയിൽ വിഗ്രഹനിർമാണം നടത്തുന്ന ഒരിടമാണ് ഭാരതം. മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്.

അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഊർജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാൽ, ഇവിടെ മനുഷ്യൻ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവൻ നിർമിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതു തന്നെയാണ് ഈശ്വരൻ എന്ന പൂർണമായ ബോധ്യം ആളുകൾക്കുണ്ട്.

ആധുനിക ശാസ്ത്രത്തിന്റെ ചുവടുപിടിച്ചു നോക്കിയാൽ നമുക്കറിയാം, എല്ലാം ഒരേ ഊർജത്തിൽ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്റെ കണ്ണിൽ നിന്നും നോക്കുമ്പോൾ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്. ഇതേ ഊർജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളിൽ ഉപവസിക്കുന്ന ദൈവമായും പ്രവർത്തിക്കാം.

ദൈവം എന്നു പറയുമ്പോൾ ഇവിടെ ഉദ്ദേശിക്കുന്നതു നിങ്ങളുടെ തന്നെ ശരീരത്തെയാണ്, നിങ്ങൾ എന്ന സത്തയെ അല്ലെങ്കിൽ അസ്തിത്വത്തെയല്ല. നാം നമ്മുടെ തന്നെ അവയവ വ്യവസ്ഥകളെ ഒരു പ്രത്യേകതരത്തിൽ വീക്ഷിക്കാൻ ശ്രമിച്ചാൽ ഈ ഭൌതിക ശരീരത്തെ തന്നെ ഒരു ദൈവമാക്കി മാറ്റാം.

പൗർണമിക്കും അമാവാസിക്കും ഇടയ്ക്കുള്ള പതിനാലു രാത്രികളിൽ ഓരോന്നും വ്യത്യസ്തമാണ്. ഇന്നു നമ്മൾ വൈദ്യുതിയുടെ പ്രകാശത്തിൽ ജീവിക്കുന്നതുകൊണ്ട് വ്യത്യാസം അറിയുന്നില്ല. വൈദ്യുതിയില്ലാത്ത ഒരു കൃഷിസ്ഥലത്തോ വനത്തിലോ ആണ് താമസിച്ചിരുന്നതെങ്കിൽ ഓരോ രാത്രിയും വ്യത്യസ്ഥമായി കണ്ടിരുന്നേനെ. കാരണം ചന്ദ്രനുദിക്കുന്നത് പലസമയങ്ങളിൽ, പല രൂപത്തിലും, ആകൃതിയിലുമാണ്. എന്നാൽ അതെല്ലാം ഒരേ ചന്ദ്രൻ തന്നെ, ചന്ദ്രനു പലേ സമയത്തും പലേ പ്രഭാവങ്ങളാണ്. ക്രമീകരണത്തിലെ ഒരു ചെറിയമാറ്റം, എന്തു വലിയ വ്യത്യാസമാണ് വരുത്തുന്നതെന്നു നോക്കൂ!

അതുപോലെ ശരീരത്തിലെ ഊർജവ്യവസ്ഥയിൽ ഒരു ചെറിയ പുനഃക്രമീകരണം നടത്തിയാൽ, വെറും ഒരു മാംസപിണ്ഡമായ ഈ ശരീരത്തെ ഒരു ദൈവികരൂപമായി മാറ്റാം. യോഗയുടെ മുഴുവൻ സിദ്ധാന്തവും ഇതിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

നിങ്ങൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുകയും, പരിശീലിക്കുകയും ചെയ്താൽ, ഈ ശരീരം സ്വയപരിപാലനത്തിനും സന്താനോല്പാദനത്തിനും വേണ്ടി മാത്രമുള്ള ഒന്നല്ല എന്നുള്ളതും, അതിനു പൂർണമായും മഹത്തായ എന്തോ ഒന്നായി മാറാനുള്ള കഴിവുണ്ട് എന്നുള്ളതും ക്രമേണ നിങ്ങൾക്കു മനസ്സിലാകും. അത് വെറുമൊരു ഭൗതികരൂപം മാത്രമല്ല. ഭൗതികമാണെങ്കിലും, ജീവശാസ്ത്രപരമാണെങ്കിലും അത് ഭൗതികതയിലൊതുങ്ങി നില്ക്കണമെന്നില്ല. അതിനു പൂർണമായും മറ്റൊരു തലത്തിൽ പ്രവർത്തിക്കാനും കൃത്യനിർവഹണം നടത്താനും കഴിയും.

ഈ പശ്ചാത്തലത്തിലാണ് പല യോഗികളും അവരുടെ ശരീരത്തെ ഒരു പ്രത്യേകതരത്തിൽ ക്രമീകരിച്ചിട്ട് അതിനെ ആരാധിക്കാനനുവദിച്ചിരുന്നത്. അവർ ആ ശരീരത്തിലുണ്ടാവില്ല. അതൊരു ദൈവിക അസ്തിത്വമായി മാറിയിയിട്ടുണ്ടാവും. അതു ദൈവികത നിറഞ്ഞ ഊർജമായിത്തീർന്നിട്ടുണ്ടാവും. പുന:ക്രമീകരിച്ച ഊർജം, പൂർണമായും ചിട്ടപ്പെടുത്തിയത്!

അതേ പോലെ, ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്തുകൊണ്ടു നിർമിച്ച് നിർദ്ദിഷ്ട രീതിയിൽ ചൈതന്യവത്താക്കുന്നതാണ് ബിംബനിർമാണം. ഇതിന് ഒരു സമഗ്രശാസ്ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങൾ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം.

വിഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്തരീതികളിലാണ് നിർമ്മിക്കുന്നത്. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്, പൂർണമായും വ്യത്യസ്തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തിൽ ഊർജത്തെ പ്രത്യേകതരത്തിൽ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്ത്രമാണ് ബിംബനിർമാണം.

ഹിന്ദു ജീവിതരീതിയിലേത് എന്നു പറയാവുന്ന ഒരു പ്രത്യേക വിശ്വാസപ്രമാണമോ, ദൈവമോ, തത്വസംഹിതയോ ഒന്നുമില്ല. ഒരു ഹിന്ദു ജീവിത്തിൽ ഏറ്റവും വില കല്പിക്കുന്നത് മോചനത്തിനാണ്… ജീവന്മുക്തിയാണ് അവന്റെ ഏക ലക്ഷ്യം!

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started