Rasaleela

Homenew12

രാസലീലയുടെ കാണാപ്പുറങ്ങൾ …

– കാവാലം അനിൽ

രാധാമാധവന്മാരുടെ അനുരാഗം ഒരിക്കലും ഭൗതികമായിരുന്നില്ല. അത് ദാർശനീകതലത്തിൽ വിലയിരുത്തേണ്ട വിഷയമാണ്. അതിന് ആധ്യാത്മീകമായൊരു പ്രതീകാത്മകതയുണ്ട്. ഇന്ദ്രിയഗോചരമായ ത്രിഗുണാത്മിക പ്രകൃതിയും അതീന്ദ്രിയമായ പരമാത്മാവും തമ്മിലുള്ള ബന്ധത്തെ വൈകാരികമായൊരു ആനന്ദശാസ്ത്രത്തിന്റെ പിൻബലത്തോടെ സർവലൗകികമാനം നൽകി ആവിഷ്ക്കരിച്ച പ്രതീകാത്മകമായ വർണ്ണനകളാണ് രാസലീല. വളരെയേറെ ദുർവ്യാഖ്യാനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഈ ദ്വന്ദ്വത്തിന്റെ അനിവാര്യമായ പാരസ്പര്യത്തെ അപഗ്രഥിച്ച് മനസ്സിലാക്കുവാൻ അധികമാരും മെനക്കെടാറില്ല.

വേദകാലം മുതൽ പിൻപറ്റി പോന്നിട്ടുള്ള ആർഷജ്ഞാനത്തിൽ നിന്നും നമുക്ക് ഈ രാസലീലയുടെ ആദ്യപാഠങ്ങൾ വായിച്ചെടുക്കുവാൻ കഴിയും. ഉപനിഷത്തുക്കളിൽ അവിദ്യാരൂപിണിയായ പ്രകൃതിയെ വിദ്യാരൂപണിയായ ബ്രഹ്മത്തിന് വിരുദ്ധമായ ശക്തിയാണെന്ന പ്രതീതിയാണ് ഉളവാക്കുന്നത്. എന്നാൽ ഇത് കേവലം ഭ്രമാത്മകമായ തോന്നൽ മാത്രമാണ്. സത്യത്തിൽ പ്രകൃതിയിലൂടെ മാത്രമേ ഗുണാതീതമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുവാൻ സാധിക്കൂ എന്ന് ഋഷികൾ പ്രഖ്യാപിക്കുന്നു. ഇന്ദ്രിയങ്ങളും മനസ്സും ഉൾപ്പെട്ട ശരീരധാരിയായ ജീവാത്മാക്കൾക്ക് പരമപദത്തിലേക്ക് പോകുവാനുള്ള വഴിയാണ് വിഷയങ്ങൾ.

“വിഷയാൻ തേഷു ഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം
ഭോക്തേത്യാഹൂർ മനീഷിണ “

എന്ന് കഠോപനിഷത്ത് 3/4 ൽ പറയുന്നു. ഭൂമിയിൽ ജീവിക്കുന്ന ജീവാത്മാക്കൾക്ക് ജീവിക്കുവാൻ വേണ്ടി ഭോഗങ്ങളെ ആശ്രയിക്കാതെ തരമില്ല. ഭോഗങ്ങൾ ജീവാത്മാവിൽ അവസാനിക്കുന്നു എന്ന് സാംഖ്യത്തിലും കാണാം.

“ചിദവസാനോഭോഗ: ” ( 1/69)

ഈ പ്രകൃതി പുരുഷസമാഗത്തെ മധുരഭാവത്തിന്റെ ഏറ്റവും ഉയർന്ന രസമായ ശൃംഗാരരസത്തിൽ ചാലിച്ച് വൈഷ്ണവഭക്തി കവികൾ ആവിഷ്ക്കരിച്ചതാണ് രാസലീല. ഇതിനെ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന വൈഷ്ണവ ഭക്തിയോഗംകൂടി മനസ്സിൽ വച്ചുകൊണ്ടുവേണം സമീപിക്കാൻ. നാരദഭക്തിസൂക്തത്തിൽ ഭക്തിയെ നിർവചിക്കുന്നത് “സാ ത്വസ്മിൻ പരമ പ്രേമരൂപ” എന്നാണ്. പരമമായ പ്രേമം തന്നെയാണ് ഭക്തി എന്ന്. ഭക്തർക്ക് ശ്രീകൃഷ്ണൻ വിഷ്ണുവിന്റെ അവതാരമാണ്. ഗീതയിലാകട്ടെ, പ്രകൃതിയും പുരുഷനും അനാദിയാണെന്നു പറയുന്നു.

” പ്രകൃതി പുരുഷം ചൈവ
വിദ്ധ്യ നാദി ഉഭാവചി “

പ്രകൃതിയും പരമാത്മാവും രണ്ടും അനാദിതത്വങ്ങളാണ്. അതിനാൽ വൈഷ്ണവർക്ക് ഇന്ദ്രിയഗോചരമായ ഈ പ്രപഞ്ചം മിഥ്യയല്ല, അത് സത്യമാണ്. ശരീരത്തിന്റെ ഓരോ അണുവിലും ആത്മാവ് നിറഞ്ഞിരിക്കുന്നതുപോലെ പ്രപഞ്ചത്തിൽ സാക്ഷാൽ നാരായണൻ അന്തർഗാമിയാണ്. അതേ നാരായണന്റെ മനുഷ്യാകൃതി പൂണ്ട ദിവ്യരൂപമാണ് ശ്രീകൃഷ്ണൻ. നാരായണൻ നരന്റെ രൂപം കൈക്കൊണ്ടാൽ തെറ്റിന്റെയും ശരിയുടെയും ഇടനാഴിയിൽക്കൂടി നടന്ന് കയ്പും കണ്ണുനീരും അനുഭവിച്ചുവേണം പരമസത്യത്തിൽ ആരൂഢനാകുവാൻ. ഭഗവാൻ കൃഷ്ണനെ പ്രാപഞ്ചികമായ അനുഭവങ്ങളിലൂടെ നയിച്ചുകൊണ്ടുപോകുന്ന പ്രകൃതീശ്വരിയാണ് രാധ. പ്രകൃതിയിൽനിന്ന് വികൃതിയിലേക്ക് വ്യതിചലിച്ചുപോകുന്ന ജീവാത്മാവിനെ മോക്ഷമാർഗ്ഗത്തിലേക്ക് തിരികെ ആനയിക്കുന്നത് ഈ പ്രകൃതീശ്വരിതന്നെയാണ്.

ശ്രീശങ്കരാചാര്യരുടെ കേനോപനിഷത്ത് ഭാഷ്യത്തിൽ,

“വിദ്യ ഉമാരൂപിണി പ്രാദുത് ഭൂത് സ്ത്രീരൂപ” എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അവിടെ വിദ്യ , സുന്ദരിയായ ഉമയായി സ്ത്രീരൂപത്തിൽ പ്രാദുർഭവിച്ചു എന്നുതന്നെ വേണം അർത്ഥം പറയാൻ. മായാമോഹങ്ങൾ ഉണർത്താൻ കഴിയുന്ന പ്രകൃതീശ്വരിക്കു മാത്രമേ മായയിൽ നിന്ന് മോചനം നേടാനുള്ള രഹസ്യവും അറിയുകയുള്ളൂ. അതുകൊണ്ടാണ് ഉപനിഷത്തിൽ ഇന്ദ്രൻ ഉമയുടെ സഹായത്തോടെ യക്ഷനെ തിരിച്ചറിയുന്നത്. ഇവിടെ പ്രതിപാദിക്കുന്ന അഗ്നിയും വായുവും കേവലം പഞ്ചഭൂതങ്ങൾ മാത്രമല്ല, മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ പ്രതിനിധികൾ കൂടിയാണ്. അഗ്നി കണ്ണിനെയും വായു ത്വക്കിനേയും സൂചിപ്പിക്കുന്നു. ഇന്ദ്രശബ്ദമെന്നാൽ ഇന്ദ്രിയങ്ങളുടെ മേലധികാരമുള്ള ആത്മാവും.

ശ്രീകൃഷ്ണകഥയിലെ കാമസ്വരൂപിണിയായ രാധ ധർമ്മസ്വരൂപിണി കൂടിയാണ്. ധർമ്മത്തിന്റെ വിരോധമായ കാമഭാവത്തിൽനിന്ന് ജീവനെ സത്യകാമത്തിലേക്ക് തിരിച്ച് മോക്ഷദ്വാരത്തിലെത്തിക്കുന്ന ചുമതല മാത്രമാണ് രാധയ്ക്കുള്ളത്. ഇതുപോലെയുള്ള വേദാന്തരഹസ്യങ്ങൾ അടങ്ങിയ ആശയബീജങ്ങളെ കവിയുടെ മനസ്സിനുള്ളിലെ അഭൗമ മേഖലകളിൽ വളർത്തി വികസിപ്പിച്ച് മാനവരാശിക്ക് നൽകുന്ന പ്രതീകാത്മക കഥയാണ് രാധാമാധവ രാസക്രീഢ. ഗഹനമായ ഈ തത്വങ്ങളെ പ്രാചീനഭാരതീയർ പൂർണ്ണമായും മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു മാത്രമാണ് വൃന്ദാവനത്തിൽ രാധാമാധവന്മാർ നടത്തിപ്പോന്നിരുന്ന ചുംബനാലിംഗനാദിക്രീഢകൾ യാഥാസ്ഥിതികരായ ഭാരതീയർ അംഗീകരിച്ചത്. രാധയുടെ അവിഹിതമെന്ന് തോന്നുന്ന സ്നേഹം ഭാരതീയർക്ക് വിഹിതവും ദിവ്യവുമായി ഭവിക്കുവാൻ ഉള്ള കാരണം ഇതാണ്. ഓരോ ഭാരതീയരുടെയും അവബോധത്തിൽ ഇത് പ്രതീകാത്മകമായ തത്വങ്ങളുടെ പ്രതിഫലനമായിരുന്നു. പില്ക്കാലം പലരും അതിനെ അപവ്യാഖ്യാനം ചെയ്യുകയാൽ ആ അർത്ഥധാര മുറിഞ്ഞു. തലമുറകൾ അബദ്ധങ്ങൾ ധരിക്കാനുമിടയായി.

Leave a comment

Design a site like this with WordPress.com
Get started