ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മംഗല്യദാസ്തു മമ മംഗള ദേവതായാഃ -1-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
മഹാവിഷ്ണുവിന്റെ രോമാഞ്ചമണിഞ്ഞ ശരീരത്തെ, പൂമൊട്ടണിഞ്ഞ പച്ചിലമരത്തെ പെൺവണ്ടെന്ന പോലെ ആശ്രയിക്കുന്നതും, സകലവിധമായ ഐശ്വര്യവും സ്വായത്തമാക്കിയതും ആയ ലക്ഷ്മീദേവിയുടെ കടക്കൺനോട്ടം എനിക്കു മംഗളം തരുന്നതാകട്ടെ….
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
മുഗ്ദ്ധാ മുഹുർ വിദധതീ വദനേ മുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാ ദൃശോർ മധുകരീവ മഹോൽപലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ -2-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും പ്രേമവും ലജ്ജയുമുൾക്കൊണ്ട് ഗതാഗതം (പോക്കുവരവ് ) ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ആ കടാക്ഷമാല എനിക്ക് സമ്പത്തേകട്ടെ….
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ആമീലിതാർദ്ധമധിഗമ്യ മുദാ മുകുന്ദ –
മാനന്ദ മന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിതകനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ -3-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
വിഷ്ണുവിനെ പ്രാപിച്ച സന്തോഷം കൊണ്ട്, പകുതി കൂമ്പിയതും ആനന്ദഭാരത്താൽ അലസവും, ഇമവെട്ടാത്തതും, കാമകലാരൂപവും ആയ ലക്ഷ്മീദേവിയുടെ കോണിച്ചിരിക്കുന്ന കൃഷ്ണമണിയോടു കൂടിയ ഇമ തൂർന്ന മോഹനനേത്രങ്ങൾ എനിക്ക് ഐശ്വര്യത്തിനായി ഭവിക്കട്ടെ…
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ബാഹ്വന്തരേ മധുജിതഃ ശ്രിത കൌസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോfപി കടാക്ഷമാലാ
കല്ല്യാണമാവഹതു മേ കമലാലയായാഃ -4-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
മഹാവിഷ്ണുവിന്റെ കൌസ്തുഭരത്നമണിഞ്ഞ മാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള ഹാരജാലം പോലെ ശോഭിക്കുന്നതും, ഭഗവാനുപോലും സർവ്വാഭീഷ്ടവും സാധിച്ചു കൊടുക്കുന്നതും ആയ ലക്ഷമീദേവിയുടെ കടാക്ഷമാല എനിക്കു മംഗളം വരുത്തട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
കാളാംബുദാളി ലളിതോരസികൈടഭാരേർ
ധാരാധരേ സ്ഫുരതി യാ തടിദംഗനേവ
മാതുഃ സമസ്തജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗ്ഗവനന്ദനായാഃ – 5-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
മഹാവിഷ്ണുവിന്റെ നീലക്കാർവർണ്ണമാർന്ന മനോജ്ഞമായ മാറിൽ, കാർമേഘത്തിൽ മിന്നൽപിണർ പോലെ, യാതൊരുവൾ ശോഭിക്കുന്നുവോ, സർവ്വലോകജനനിയായ ആ ലക്ഷ്മീദേവിയുടെ മഹനീയമായ ദൃഷ്ടി എനിക്ക് മംഗളങ്ങൾ തരട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
പ്രാപ്തം പദം പ്രഥമതഃ ഖലു യത് പ്രഭാവാത്
മംഗല്യഭാജി മധുമാഥിനി മന്മഥേന
മയ്യ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാകര കന്യകയാഃ -6-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
മംഗളസ്വരൂപനായ വിഷ്ണുവിൽ യാതൊന്നിന്റെ പ്രഭാവം കൊണ്ടാണോ ആദ്യമായി കാമദേവന് സ്ഥാനം ലഭിച്ചതു്, ആ ലക്ഷ്മീദേവിയുടെ ലജ്ജയാകുന്ന സാക്ഷിയോടു കൂടിയതും സുന്ദരവും ആയ ആ നോട്ടത്തിന്റെ പകുതി ഭാഗമെങ്കിലും ഇവിടെ എന്റെ മേൽ പതിയ്ക്കട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷ –
മാനന്ദഹേതുരധികം മധുവിദ്വിഷോfപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ -7-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
വിശ്വേശപദവിയോ, അമരേന്ദ്രപദവിയോ നൽകാൻ കഴിയുന്നതും, വിഷ്ണുവിനുപോലും അധികം ആനന്ദത്തിനു കാരണവുമായ ലക്ഷമീദേവിയുടെ നീലത്താമരയുടെ അന്തർദ്ദളത്തിനു തുല്യമായ അരക്കൺനോട്ടം (കടാക്ഷം) എന്നിൽ അല്പനേരത്തേയ്ക്ക് കുറഞ്ഞൊന്നു് ഇരിയ്ക്കുമാറാകട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ഇഷ്ടാ വിശിഷ്ടമതയോfപി നരാ യയാ ദ്രാഗ്-
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ലഭന്തേ
ദൃഷ്ടിഃ പ്രഹൃഷ്ട കമലോദരദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടകായാഃ -8-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സ്വഹിതത്തെ അനുസരിക്കുന്നവരും, ശ്രേഷ്ഠബുദ്ധികളുമായ മനുഷ്യർ പോലും ഏതൊരു കടാക്ഷത്താൽ പെട്ടെന്നു സ്വർഗ്ഗത്തിന്റേയും ,സകല ദിക്കുകളുടേയും അധീശത്വം പ്രാപിക്കുന്നുവോ, പത്മാസനയായ ആ ലക്ഷ്മീദേവിയുടെ, വിരിഞ്ഞ താമരത്താരിന്റെ അന്തർഭാഗത്തിനൊപ്പം ചേലാർന്ന കണ്ണ് എനിക്ക് അഭീഷ്ടമായ അഭിവൃദ്ധി ഉളവാക്കട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ –
മസ്മിന്നകിഞ്ചന വിഹംഗ ശിശൌ നിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരാ –
ന്നാരായണ പ്രണയിനീ നയനാംബുവാഹഃ -9-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ദയയാകുന്ന അനുകൂലവാതത്തോടു കൂടിയ മഹാലക്ഷ്മിയുടെ കണ്ണാകുന്ന മേഘം, അടുത്തിരിക്കുന്ന ഈ ദരിദ്രനായ പക്ഷിക്കുത്തിൽ ദുഷ്കർമ്മ സന്താപത്തെ അതി ദൂരം അകറ്റി ദീർഘകാലം സമ്പത്താകുന്ന ജലധാരയെ വർഷിച്ചു തരുമാറാകട്ടെ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ഗീർദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടിസ്ഥിതിപ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈക ഗുരോസ്തരുണ്യൈ. -10-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
വാഗ്ദേവത എന്നും, വിഷ്ണുപത്നിയെന്നും, ശാകംഭരിയെന്നും, ശങ്കരപ്രിയയെന്നും (എന്നീ രൂപങ്ങളിൽ) സൃഷ്ടി, സ്ഥിതി, പ്രളയം, സിദ്ധി എന്നിവയ്ക്കായി വഴിപോലെ പ്രവർത്തിക്കുന്നവളായ ത്രൈലോക്യ ഗുരുവിന്റെ ആ തരുണിയ്ക്കായി നമസ്കാരം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ശ്രുത്യൈ നമോfസ്തു
ശുഭകർമ്മഫലപ്രസൂത്യൈ
രത്യൈ നമോfസ്തു
രമണീയ ഗുണാശ്രയായൈ
ശക്ത്യൈ നമോfസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോfസ്തു
പുരുഷോത്തമവല്ലഭായൈ -11-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സത്കർമ്മഫലങ്ങളെ പ്രസവിക്കുന്ന വേദസ്വരൂപിണിയ്ക്ക് നമസ്കാരം. രമണീയ ഗുണങ്ങൾക്ക് ആശ്രയമായ രതിസ്വരൂപിണിയ്ക്ക് നമസ്കാരം. താമരപ്പൂവിൽ വസിക്കുന്ന ശക്തിസ്വരൂപിണിയ്ക്ക് നമസ്കാരം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
നമോfസ്തു നാളീക നിഭാനനായൈ
നമോfസ്തു ദുഗ്ദ്ധോദധി ജന്മഭൂമ്യൈ
നമോfസ്തു സോമാമൃത സോദരായൈ
നമോfസ്തു നാരായണ വല്ലഭായൈ -12-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
താമരപ്പൂവിനു തുല്യമായ മുഖമുള്ളവൾക്ക് നമസ്കാരം.
പാലാഴിയിൽ പിറന്നവൾക്ക് നമസ്കാരം.
ചന്ദ്രന്റേയും അമൃതിന്റേയും സഹോദരിക്ക് നമസ്കാരം.
നാരായണപ്രിയക്കു നമസ്കാരം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
നമോfസ്തു ഹേമാംബുജ പീഠികായൈ
നമോfസ്തു ഭൂമണ്ഡല നായികായൈ
നമോfസ്തു ദേവാദി ദയാപരായൈ
നമോfസ്തു ശാർങ്ഗായുധ വല്ലഭായൈ -13-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സ്വർണ്ണത്താമരയാകുന്ന പീഠത്തിൽ ഇരിക്കുന്നവൾക്ക് നമസ്കാരം.ഭൂമണ്ഡല നായികയ്ക്ക് നമസ്കാരം.ദേവാദികളിൽ ദയാലുവായവൾക്ക് നമസ്കാരം. ശാർങ്ഗമെന്ന വില്ല് ആയുധമാക്കിയ വിഷ്ണുവിന്റെ വല്ലഭയ്ക്ക് നമസ്കാരം,.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
നമോfസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോfസ്തു വിഷ്ണോരുരസിസ്ഥിതായൈ
നമോfസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോfസ്തു ദാമോദര വല്ലഭായൈ -14-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ഭൃഗുപുത്രിയായ ദേവിക്ക് നമസ്കാരം.വിഷ്ണവിന്റെ തിരുമാറിലിരുന്നവൾക്ക് നമസ്കാരം. താമരപ്പൂവിൽ കുടികൊള്ളുന്ന ലക്ഷ്മീദേവിക്കു നമസ്കാരം.ദാമോദരവല്ലഭയായ ദേവിയ്ക്ക് നമസ്കാരം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
നമോfസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോfസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോfസ്തു ദേവാദിഭിരർച്ചിതായൈ
നമോfസ്തു നന്ദാത്മജ വല്ലഭായൈ -15-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
താമരപ്പൂവുപോലെയുള്ള കണ്ണുള്ള കാന്തി സ്വരൂപിണിക്ക് നമസ്കാരം. ജഗന്മാതാവായ ശ്രേയസ്വരൂപിണിക്ക് നമസ്കാരം.ദേവാദികളാൽ പൂജിയ്ക്കപ്പെട്ടവൾക്ക് നമസ്കാരം.നന്ദപുത്രന്റെ പത്നിയ്ക്കു നമസ്കാരം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ -16-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
താമരക്കണ്ണുള്ള അമ്മേ, അവിടുത്തേയ്ക്കായി ചെയ്യുന്ന വന്ദനങ്ങൾ സമ്പത്തു വർദ്ധിപ്പിക്കുന്നവയും, ഇന്ദ്രിയങ്ങളെയെല്ലാം ആനന്ദിപ്പിക്കുന്നവയും, സാമ്രാജ്യവിഭവങ്ങൾ നൽകുന്നവയും, ദുരിതങ്ങളെ ഇല്ലാതാക്കുന്നവയും ആയി ഭവിക്കുന്നു. ബഹുമാന്യേ, നിരന്തരം എന്നെ അനുഗ്രഹിക്കണം.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം -17-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
താമരപ്പൂവിൽ വസിക്കുന്നവളേ, താമരപ്പൂവ് ധരിക്കുന്നവളേ, വെള്ള വസ്ത്രം, ചന്ദനം, മാല എന്നിവയാൽ ശോഭിക്കുന്നവളേ, വിഷ്ണുപ്രിയേ, മനോഹരീ, മൂന്നു ലോകത്തിനും ഐശ്വര്യം പകരുന്നവളേ, ഭഗവതി എന്നിൽ പ്രസാദിച്ചാലും.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട-
സ്വർവാഹിനീ വിമല ചാരുജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീമശേഷ-
ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീം. -18-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ദിഗ്ഗജങ്ങളാൽ സ്വർണ്ണകുംഭങ്ങളാകുന്ന മുഖത്തു നിന്നു പൊഴിക്കപ്പെടുന്ന ഗംഗയിലെ നിർമ്മലവും, ചേതോഹരവുമായ ജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ശരീരത്തോടു കൂടിയവളും, സമസ്തലോകത്തിനും നാഥനായുള്ളവന്റെ ഗൃഹിണി (കുടുംബിനി ) യും, അമൃതക്കടലിന്റെ പുത്രിയുമായ ജഗന്മാതാവിനെ ഞാൻ പ്രഭാതത്തിൽ നമസ്കരിക്കുന്നു .
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
കമലേ കമലാക്ഷവല്ലഭേ തേ
കരുണാപുരതരംഗിതൈരപാംഗൈഃ
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ -19-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
കമലാക്ഷവല്ലഭയായ ഹേ കമലാദേവീ, അവിടുത്തെ കരുണ നിറഞ്ഞ കടാക്ഷങ്ങളെക്കൊണ്ട് ദരിദ്രൻമാരിൽ വച്ച് ഒന്നാമനും, യഥാർത്ഥത്തിൽ ദയാപാത്രവുമായ എന്നെ നോക്കേണമേ.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ദേവി പ്രസീദ ജഗദീശ്വരി ലോക മാതഃ
കല്യാണഗാത്രി കമലേക്ഷണജീവനാഥേ
ദാരിദ്ര്യഭീതഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ -20-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ജഗത്തിന്റെ ഈശ്വരിയും, ലോകമാതാവും, മംഗളസ്വരൂപിണിയും, മഹാവിഷ്ണുവിന്റെ ജീവനാഥയുമായ അല്ലയോ ദേവി, പ്രസാദിച്ചാലും. ദാരിദ്ര്യം കൊണ്ട് ഭീതിപൂണ്ട ഹൃദയത്തോടുകൂടി ശരണം തേടിവന്ന എന്നെ ദയാപൂർണ്ണങ്ങളായ കടക്കണ്ണുകൾ കൊണ്ട് ദിവസവും നോക്കിയാലും.
ശ്ലോകം
💛▀▀▀▀▀▀▀▀▀▀▀▀▀💛
സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധനധാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ -21-
സാമാന്യ അർത്ഥം
💛▀▀▀▀▀▀▀▀▀▀▀▀▀💛
ഫലശ്രുതി:-
ഈ സ്തുതിവചനങ്ങൾകൊണ്ട് ദേവസ്വരൂപിണിയും, ത്രിലോകമാതാവുമായ ലക്ഷ്മീദേവിയെ ആരാണോ ദിവസവും സ്തുതിക്കുന്നത്, അവർ ഗുണോൽകൃഷ്ടരും ,ഏറെ ധനധാന്യങ്ങൾക്ക് അവകാശികളും, ലോകം അനുഭവിച്ചറിഞ്ഞവരും ( സംസാരത്തിലെ സുഖദുഃഖങ്ങൾ അനുഭവിച്ചറിഞ്ഞ് പക്വത വന്നവരും) ആയി ഭവിക്കുന്നു.
ശ്രീമത് ശങ്കരാചാര്യ വിരചിതം
Leave a comment