Soundarya Lahari

Homenew12

ശ്രീ ശങ്കരാചാര്യസ്വാമികളെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌.

കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നു റങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍
ശ്രീ ശങ്കരനു ദാഹം തീര്‍ക്കാനായി ഒരു പാത്രം നിറയെ പാല്‍ ശേഖരിച്ച്‌ സമീപത്തുവച്ച്‌ കടന്നുപോയി. ഉറക്കം ഉണര്‍ന്ന ശ്രീശങ്കരന്‍ തന്റെ അടുത്ത്‌ ഒരു പാത്രം നിറയെ പാല്‍ ഇരിക്കുന്നത്‌ കണ്ടു.
സന്തോഷപൂര്‍വ്വം അത്‌ എടുത്ത്‌ കുടിക്കാനായി ശ്രമിച്ചപ്പോള്‍ കടുത്ത ക്ഷീണം കാരണം സാധിക്കാതെ വന്നു.
പാല്‌ എടുത്ത്‌ കുടിക്കുവാനുള്ള ശക്തിപോലും തനിക്കില്ലല്ലോ എന്ന്‌ പറഞ്ഞ്‌ സ്വാമികള്‍ സങ്കടപ്പെട്ടു.
ഈ സമയത്ത്‌ അന്തരീക്ഷത്തില്‍ സ്ത്രീ ശബ്ദത്തില്‍ ഒരു അശരീരി ഉണ്ടായി.
“ശങ്കരന്‌ എപ്പോഴാണ്‌ ശക്തിയെപ്പറ്റി ബോധമുണ്ടായത്‌. സര്‍വം ശിവമയം എന്നല്ലെ ഇതുവരെ പറഞ്ഞത്‌?”
ഇതായിരുന്നു അശരീരി.

ഇത്‌ ശ്രവിച്ച ശ്രീശങ്കരന്‌ അത്‌ പരാശക്തിയുടെ മൊഴികളാണെന്ന്‌ ബോധ്യപ്പെടുകയും ശക്തിയാണ്‌ പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്‌ മനസ്സിലാക്കുകയും ചെയ്തു.

ഉടനെ അവിടെ വച്ചുതന്നെ ആദിപരാശക്തിയെ പ്രകീര്‍ത്തിച്ചു കൊണ്ട്‌ മനോഹരമായ ഒരു കാവ്യം രചിച്ചു. അതാണ്‌ ലോക പ്രസിദ്ധമായ ‘സൗന്ദര്യലഹരി’.

സൗന്ദര്യലഹരി തന്നെ ഒരു തന്ത്രശാസ്ത്രമാണ്‌.
ശക്തി ആരാധനയുടെ മാഹാത്മ്യത്തെ സൗന്ദര്യലഹരിയെന്ന തന്റെ കാവ്യത്തിലൂടെ ശ്രീശങ്കരന്‍ ലോകത്തിന്‌ മനസ്സിലാക്കിക്കൊടുത്തു.
മൂകാംബികയുടെ/സരസ്വതീ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഇത്തരത്തിലൊരു മഹാകാവ്യം രചിക്കാന്‍ ശ്രീശങ്കരന്‌ സാധിച്ചത്‌.

ഇത്‌ ശിഖരിണി എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. പാർവതീ ദേവിയുടെ സൗന്ദര്യ വർണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ശങ്കരാചര്യരുടെ സ്തോത്രനിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പി ക്കുന്നു. കർണ്ണാനന്ദ കരമായ സ്തോത്രങ്ങൾ ചേർന്ന ഈ കൃതി പ്രചാരത്തിൽ ശങ്കരാചാര്യരുടെ വേദാന്തവിഷയകങ്ങളായ ഇതരകൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ കുമാരനാശാനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യത്തെ നാൽപത്തിയൊന്നു ശ്ളോകങ്ങൾ ആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു.

ആനന്ദ ലഹരിയെ ന്നറിയപ്പെടുന്ന, ആദ്യത്തെ 41 യൊന്നു ശ്ലോകങ്ങളെച്ചൊല്ലി മറ്റൊരു ഐതീഹ്യവും പറഞ്ഞു കേൾക്കുന്നു.

സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ലോകത്തിൽ (തവ സ്തന്യം മന്യേ ധരണിധര കന്യേ….. ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ പാർവതീ ദേവി കുഞ്ഞിന്റെ കരച്ചിൽ നിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പിൽക്കാലത്ത്‌ ഒരു മഹാകവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിന്റെ കൃതിയാണെന്നും ഇതിൽ നാൽപ്പത്തിരണ്ടിലുമധികം ശ്ലോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രാവിഡ ശിശു പിന്നീടു കവിയായി മാറി കൈലാസത്തിന്റെ ചുവരുകളിൽ എഴുതിയിരുന്ന വരികളിൽ ചിലത്‌ തന്റെ കൈലാസദർശന സമയത്ത് ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൗന്ദര്യ ലഹരിയിൽ ചേർത്തു വെയ്ക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

രണ്ടു പുസ്തകങ്ങളും തമ്മിൽ ഭാവനാപരമായ ഒരു വ്യത്യാസം കാണാനുണ്ട്‌. ആനന്ദലഹരിയിൽ പ്രാമുഖ്യം ശ്രീദേവീ മഹിമയ്ക്കാണ്‌. സൗന്ദര്യലഹരി അംഗോപാംഗ സൗന്ദര്യത്തെ വർണ്ണിക്കുന്നു. ആനന്ദ ലഹരിയിൽ ഒരു ശ്ളോകവും അതിനടുത്തതും തമ്മിൽ പരസ്പര ബന്ധം കാണുന്നില്ല. അതേ സമയം സൗന്ദര്യ ലഹരി പാർവതീ ദേവിയുടെ കിരീടത്തിൽ നിന്നും തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി വർണ്ണിക്കുന്നു. ശങ്കരാചാര്യർ തന്നെ വെവ്വേറെ എഴുതിയ രണ്ടു പുസ്തകങ്ങളെ പിൻഗാമികൾ ചേർത്തു വെച്ചതാകാനും വഴിയുണ്ട്‌ എന്നും പറയപ്പെടുന്നു🌺
✍️

Leave a comment

Design a site like this with WordPress.com
Get started