Veda and Upanishads

HomeNew11

വേദങ്ങള്‍ എന്നാലെന്ത്?

ഏറ്റവും പഴക്കമുള്ള സാഹിത്യകൃതികളാണ് വേദങ്ങള്‍. താത്ത്വികമായ സൗന്ദര്യവും പ്രബുദ്ധതയും കൊണ്ടും ഭാഷയുടെയും കര്‍ക്കശമായ വൃത്തബദ്ധതയുടെയും ചാതുര്യം കൊണ്ടും വേദസാഹിത്യം വേറിട്ട്‌ നില്‍ക്കുന്നു. “ശ്രേഷ്ഠമായ അറിവ് അഥവാ അറിവിന്‍റെ സ്രോതസ്സ്” എന്നാണ് വേദമെന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം. ബ്രഹ്മസ്വരൂപവും അനാദിയുമായ വേദത്ത പില്‍ക്കാലത്ത് കൃഷ്ണദ്വൈപായന മഹര്‍ഷി (വ്യാസ മഹര്‍ഷി) ഋക്ക്, സാമം, യജുസ്സ്, അഥര്‍വ്വം എന്നിങ്ങനെ നാലായി പകുത്തു എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും വേദസാഹിത്യം വ്യക്തമായ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നു. “വേദസംഹിതകളും ബ്രാഹ്മണങ്ങളും ഉപനിഷത്തുകളും” വേദസാഹിത്യത്തിലെ മൂന്നു ഘട്ടങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

വേദസാഹിത്യത്തിന്‍റെ ഉല്പത്തികാലത്തുതന്നെ ഗാനാത്മക കവിത വന്‍വികാസം നേടിയിരുന്നു. പിന്നീട് സംഹിതകളുടെയും ബ്രാഹ്മണങ്ങളുടെയും കാലഘട്ടത്തിലാണ് ഗദ്യശൈലിയിലുള്ള സാഹിത്യരൂപം വികസിച്ചുതുടങ്ങിയത്. വേദസംഹിതകളില്‍ ഋക്കുകള്‍ അഥവാ മന്ത്രങ്ങളാണ് മുഖ്യമായുള്ളത്. മന്ത്രത്തിന്‍റെ വ്യാഖ്യാനവും യാഗകര്‍മ്മങ്ങള്‍ക്കുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളുമടങ്ങിയവയാണ് ബ്രാഹ്മണങ്ങള്‍. വേദസാഹിത്യത്തിന്‍റെ മറ്റൊരു വികസിത രൂപമാണ് ആരണ്യകങ്ങള്‍. കാടിന്‍റെ നിഷ്കപടമായ ഏകാന്തതയില്‍, ഭക്തിയുടെ പാരമ്യതയില്‍ യജ്ഞങ്ങള്‍ക്കതീതനായ ഗുരു, ശിഷ്യനുപദേശിച്ചുകൊടുത്ത ധ്യാനരഹസ്യങ്ങളാണവ. ഉപനിഷത്തുകളാണ് വേദസാഹിത്യത്തിന്‍റെ അവസാനഘട്ടത്തെ കുറിക്കുന്ന സൃഷ്ടികള്‍. പ്രപഞ്ചവസ്തുക്കളുടെ പ്രകൃതത്തെ ഈശ്വരീയവും താത്ത്വികവുമായി വ്യാഖ്യാനിക്കുകയാണ്. ഉപനിഷത്തുകളില്‍ വേദകാലത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നതുകൊണ്ട് അവയെ വേദാന്തമെന്നും പറയുന്നു. ബ്രാഹ്മണങ്ങളും സംഹിതകളും പ്രധാനമായും ബലികര്‍മ്മങ്ങളെയും (യജ്ഞങ്ങളെയും) അനുഷ്ഠാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നതിനാല്‍ അവയെ കര്‍മ്മകാണ്ഡമെന്നും ധ്യാനമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍ ആരണ്യകങ്ങളെ ഉപാസനാകാണ്ഡമെന്നും പരമമായ അറിവ് പ്രദാനം ചെയ്കയാല്‍ ഉപനിഷത്തുകളെ ജ്ഞാനകാണ്ഡമെന്നും വിശേഷിപ്പിക്കുന്നു.

ഋഗ്വേദമെന്നാലെന്ത്?
————————————–
വേദസംഹിതകളില്‍ ഏറ്റവും പുരാതനമായ ഋക്സംഹിത പതിനായിരത്തിലധികം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1028 സൂക്തങ്ങളില്‍ രചിക്കപ്പെട്ടിരിക്കുന്നു. അഗ്നി, വായു, വരുണന്‍, ഇന്ദ്രന്‍ തുടങ്ങിയ ആരാധനാമൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ശ്ലോകങ്ങളാണിവ. വിവാഹം, ചരമം, തത്ത്വവിചാരം, ഇന്ദ്രജാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറച്ച് ശ്ലോകങ്ങളും ഋഗ്വേദത്തിലുണ്ട്. പത്ത് മണ്ഡലങ്ങളായും എട്ട് അഷ്ടകങ്ങളായും ഋഗ്വേദസംഹിതകളെ പുനര്‍വിഭജിക്കാം. പ്രാചീന ഭാരതത്തിലെ പണ്ഡിതരും, ഋഷിവര്യന്മാരുമായ വിശ്വാമിത്രന്‍, സാമദേവന്‍, അത്രി, ഭരദ്വാജന്‍ തുടങ്ങിയവരുടെ കര്‍ത്തൃത്ത്വത്തില്‍ അനുഷ്ടുപ്പ്, അഷ്ടി, അതിധൃതി, അതിജഗതി, ധൃതി, ഗായത്രി, പംക്തി തുടങ്ങിയ നിരവധി ഛന്ദസ്സുകളില്‍ വിരചിക്കപ്പെട്ടവയാണ് ഋഗ്വേദസംഹിതകള്‍. ഋഗ്വേദം ഭക്തിമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്.

സാമവേദത്തെക്കുറിച്ച് പ്രതിപാദിക്കുക.
————————————————————————
സാമവേദത്തിലെ 1549 സൂക്തങ്ങളില്‍ 75 എണ്ണമൊഴികെ ബാക്കിയെല്ലാം ഋഗ്വേദത്തില്‍ നിന്നെടുത്തിട്ടുള്ളവ തന്നെ, പ്രധാനമായും എട്ടും ഒന്‍പതും മണ്ഡലങ്ങളില്‍ നിന്ന് ഇവയെ ആര്‍ച്ചികങ്ങളെന്ന പേരില്‍ രണ്ടു ഗ്രന്ഥങ്ങളിലായി പുനരവതരിപ്പിച്ചിരിക്കുന്നു. ഋഗ്വേദമന്ത്രങ്ങളെ ഇവയില്‍ ഗാനാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. സോമയാഗവേളയില്‍ പുരോഹിതന് പാടാന്‍ പാകത്തിലാണിവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സാമവേദസംഹിതയ്ക്ക് ആയിരം ശാഖകളുണ്ടെങ്കിലും കേവലം മൂന്നെണ്ണമേ ഇന്ന് ലഭ്യമായുള്ളൂ. രാണായനീയശാഖ, കൗതുമശാഖ, ജൈമിനീയ ശാഖ എന്നിവയാണവ. സാമവേദം ജ്ഞാനമാര്‍ഗ്ഗത്തെയാണ് പ്രതിപാദിക്കുന്നത്.

യജുര്‍വ്വേദത്തിന്‍റെ ഉള്ളടകം എന്ത്?
—————————————————————
ഋഗ്വേദത്തിന്‍റെ നിന്നെടുത്തിട്ടുള്ള ഗദ്യരൂപത്തിലുള്ള സ്തുതികള്‍ തന്നെയാണ് യജുര്‍വ്വേദത്തിന്‍റെയും ഉള്ളടക്കം. യജ്ഞപ്രധാനമാകയാല്‍ സൂക്തങ്ങള്‍ക്ക്‌ വ്യാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആ കാഴ്ചപ്പാടിലായിരിന്നു. ഈ വേദം ഭാഗികമായി ഗദ്യരൂപത്തിലും ഭാഗികമായി പദ്യരൂപത്തിലുമാണ് ഋഗ്വേദ സൂക്തങ്ങളെ പുനരവതരിപ്പിച്ചിരിക്കുന്നത്. യജുര്‍വ്വേദത്തിന് നൂറിലധികം ശാഖകളുണ്ടെങ്കിലും ബഹുഭൂരിപക്ഷവും നഷ്ടാവസ്ഥയിലാണ്.ഈ വേദത്തെ പ്രധാനമായും കൃഷ്ണയജുര്‍വ്വേദം, ശുക്ലയജുര്‍വ്വേദം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. കൃഷ്ണമെന്നത് കറുപ്പിനെ സൂചിപ്പിക്കുന്നു. ഉള്ളടക്കം യഥാവിധി ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാലും വ്യാഖ്യാനത്തിലും യാഗകര്‍മ്മങ്ങളുടേയും മറ്റും നിര്‍ദ്ദേശങ്ങളിലും അവ്യക്തത പുലര്‍ത്തുന്നതിനാലുമാണ് കൃഷ്ണയജുര്‍വ്വേദത്തിന് ആ പേര് സിദ്ധിച്ചിരിക്കുന്നത്. ക്രമബദ്ധവും സുവ്യക്തവുമായ വ്യാഖ്യാനത്തോടുകൂടിയതുമാണ് ശുക്ലയജുര്‍വ്വേദം. ഈ രണ്ട് ശാഖകളുടേയും സംഹിതകളില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് പൌര്‍ണ്ണമി – അമാവാസി – നാളുകളിലെ അനുഷ്ഠാനങ്ങളെയും ചന്ദ്രബലിയെയും വാജ്പേയം, രാജസൂയം, അശ്വമേധം, സര്‍വ്വമേധം തുടങ്ങിയവയേയുമാണ്.

അഥര്‍വ്വവേദത്തിലെ പ്രതിപാദ്യമെന്ത്?
———————————————————————
മറ്റ് മൂന്നു വേദങ്ങളില്‍ നിന്ന് ഭിന്നമായി യജ്ഞസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്ത വേദമാണ് അഥര്‍വ്വവേദം. രോഗങ്ങള്‍, പീഡകള്‍, ശത്രുക്കള്‍, പിശാചുക്കള്‍ എന്നിവയെ തുരത്താനുള്ള മന്ത്രങ്ങളും ആഭിചാരകര്‍മ്മങ്ങളുമാണ് അഥര്‍വ്വവേദത്തിന്‍റെ ഉള്ളടക്കം. കുടുംബത്തിന്‍റെയും നാടിന്‍റെയും ക്ഷേമം, ദീര്‍ഘായുസ്സ്, ആരോഗ്യം, പുരോഗമനം തുടങ്ങിയ ശുഭകാര്യങ്ങള്‍ക്കായുള്ള മന്ത്രങ്ങളും അതിലുണ്ട്. യുദ്ധം, രാജ്യതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിജയിക്കുന്നതിനുള്ള മന്ത്രങ്ങളടങ്ങിയതിനാല്‍ അഥര്‍വ്വവേദം രാജാക്കന്മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമാണ്. ശോനകം, പിപ്പലാദം എന്നീ രണ്ടു ശാഖകളിതിനുണ്ട്. ശോനകശാഖയില്‍ 730 ശ്ലോകങ്ങളും 6000 ഖണ്ഡങ്ങളുമായുള്ള ഇരുപത് ഗ്രന്ഥങ്ങളാണുള്ളത്. ഇതില്‍ 1200 ഖണ്ഡങ്ങളോളം ഋഗ്വേദത്തില്‍ നിന്നുള്ളവ തന്നെയാണ്. പ്രശ്നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡുക്യോപനിഷത്ത് എന്നിവ അഥര്‍വ്വവേദത്തിന്‍റെ പ്രധാന ഉപനിഷത്തുകളാണ്.

—————————————————————————————————————————-

ഉപനിഷത്തുകള്‍ എന്നാലെന്ത്?

———————————————————-

ആര്‍ഷഭാരത തത്ത്വജ്ഞാനത്തിന്‍റെ സൗന്ദര്യവും ആര്‍ജ്ജവവും പരിശുദ്ധിയും ഒത്തിണങ്ങുന്ന ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകള്‍. ഇവ ബ്രഹ്മാവിന്‍റെ ജ്ഞാനകാണ്ഡം തന്നെയെന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്.

ഉപ, നി എന്നീ രണ്ട് ഉപസര്‍ഗ്ഗങ്ങള്‍ “സദ്‌” എന്ന ധാതുവിനോട് ചേര്‍ന്നിട്ടാണ്‌ ഉപനിഷത്ത് എന്ന പദം ഉണ്ടാകുന്നത്. ‘ഉപ’ എന്നാല്‍ അടുത്തത് എന്നര്‍ത്ഥം. ‘നി’ എന്നതിന് ഗാഢ മെന്നും ‘സദ്‌’ എന്നതിന് ഇരിക്കുക എന്നും അര്‍ത്ഥമാകുമ്പോള്‍ ഉപനിഷത്ത് എന്നതിനര്‍ത്ഥം ശ്രദ്ധയോടെ അടുത്തിരുന്ന് പഠിക്കല്‍ എന്നാകും. ശ്രദ്ധോടെ ഗുരുവിന്‍റെ അടുത്തിരുന്ന് പഠിക്കുകയാകയാല്‍ ഗുരുവില്‍ നിന്നും ലഭിക്കുന്ന സ്വകാര്യവിദ്യയ്ക്കും (ഗൂഢവിദ്യയ്ക്കും) ഉപനിഷത്ത് എന്ന അര്‍ത്ഥം പ്രയോഗയോഗ്യമായിത്തീര്‍ന്നു. പല ഉപനിഷത്തുകളിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. കോനോപനിഷത്ത് ഇതിനൊരു തെളിവാണ്. അതില്‍ ശിഷ്യന്‍ ഗുരോ ഉപനിഷത്ത് പറഞ്ഞുതന്നാലും എന്ന് അപേക്ഷിക്കുമ്പോള്‍ ഗുരു ഗൂഢമായി ഉപദേശം കൊടുക്കുന്നു. അതിനുശേഷം ഉപനിഷത്ത് പറയപ്പെട്ടുവെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

കാലക്രമേണ ശങ്കരാചാര്യര്‍ തുടങ്ങിയ മഹാരഥന്മാര്‍ ‘ഉപനി, സദ്‌ എന്നീ ശബ്ദങ്ങളുടെ സര്‍വ്വസാധാരണമായ അര്‍ത്ഥത്തെ ഉന്മൂലനം ചെയ്യുകയും പകരം ബ്രഹ്മജ്ഞാനാത്മകമായ ഒരു അര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി ഉപനിഷത്തുകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ടായി. അവിദ്യയുടെ വിനാശം വരുത്തുന്ന വിദ്യയെന്നും, മുമുക്ഷുക്കളുടെ ബ്രഹ്മത്തിലേയ്ക്ക് ഗമിപ്പിക്കുന്ന വിദ്യയെന്നും, സംസാരദുഃഖത്തെ ക്ഷയിപ്പിക്കുന്ന വിദ്യയെന്നും ഉപനിഷത്ത് അര്‍ത്ഥങ്ങള്‍ ഉണ്ടായി. ഇവയ്ക്കെല്ലാം പുറമെ ഏറ്റവും സമീപത്ത് സ്ഥിതിചെയ്യുന്നത് എന്നൊരു അര്‍ത്ഥംകൂടി ഉപനിഷത്തിനുണ്ട്.

ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നതിന്‍റെ കാരണമെന്ത്?
——————————————————————————————————————-
ഉപനിഷത്തുകള്‍ വളരെയധികം ഉണ്ടെങ്കിലും എല്ലാ വിധത്തിലും പ്രാധാന്യം അര്‍ഹിക്കുന്ന ഉപനിഷത്തുകള്‍ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഢൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം എന്നിവയാണ്. അതിനാല്‍ ഇവയെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു. ശങ്കരാചാര്യര്‍ ഇവയ്ക്കാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ബ്രഹ്മവിദ്യ അഭ്യസിക്കുന്നത് എങ്ങനെയെന്നത് പൂര്‍ണ്ണമായും അടങ്ങിയിട്ടുള്ളത് ഈ ഉപനിഷത്തുകളിലാണ്. അതിനാല്‍ ഈ ഉപനിഷത്തുകളെ ദശോപനിഷത്തുകള്‍ എന്നറിയപ്പെടുന്നു.

Leave a comment

Design a site like this with WordPress.com
Get started