Aadiparashakthi

HOMENEW9

ശ്രീ ലളിതാംബികായൈ നമഃ* 🌹🥀

ബ്രഹ്മാണ്ഡ പുരാണത്തിലെ, _ലളിതാ സഹസ്രനാമം_, മാർക്കണ്ഡേയ പുരാണത്തിലെ _ദേവീ മാഹാത്മ്യം_, ശങ്കരാചാര്യരുടെ _സൗന്ദര്യലഹരി_ എന്നിവ, ദേവിയെ ആരാധിക്കാൻ നമുക്ക് ലഭിച്ച അമൂല്യ രത്‌നങ്ങളാണ്.

*ശ്രീചക്രത്തിന് തുല്യമായി, മറ്റൊരു യന്ത്രമില്ല.*

*ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി, മറ്റൊരു മന്ത്രമില്ല.*

*ലളിതാംബികയ്ക്ക് തുല്യയായി, മറ്റൊരു ദേവതയില്ല*.

ഈ മൂന്നിന്റെയും, ഐക്യം പ്രതിപാദിക്കുന്ന _ലളിതാ സഹസ്രനാമത്തിന്_ തുല്യം വൈശിഷ്ട്യമാർന്ന, മറ്റൊരു സ്‌തോത്രവുമില്ല!

ബ്രഹ്മാണ്ഡ പുരാണത്തിലെ അഗസ്ത്യ – ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ വാഗ്‌ദേവതമാരാണ്, ദേവിയുടെ ആയിരം നാമങ്ങളുള്ള ഈ സ്‌ത്രോത്രം രചിച്ചത്.

*നമസ്‌കാരം*
*ആശിസ്സ്*
*സിദ്ധാന്തോക്തി*
*പരാക്രമം*
*ഐശ്വര്യം*
*പ്രാർത്ഥന*

എന്നീ ആറു ലക്ഷണങ്ങളാണ്, സ്‌തോത്രത്തിന് വേണ്ടത്. ഇവയെല്ലാം ഒത്തിണങ്ങിയതാണ്, ലളിതാ സഹസ്രനാമം. ഇത്രയേറെ ഭോഗ മോക്ഷപ്രദമായ സ്‌തോത്രം, വേറൊരിടത്തുമില്ല.

എല്ലാ ജീവജാലങ്ങളും, തങ്ങളുടെ നിലനിൽപ്പിനും അഭിവൃദ്ധിക്കും ജന്മസാഫല്യത്തിനും ആശ്രയിക്കുന്നത്, ജഗദംബയെ ആകയാൽ, ജഗദംബ *ശ്രീമാതാ* ആയിരുന്നു. പരാശക്തിയെ അമ്മയായി കരുതി, ശിശു ഭാവനയോടെ ഈ മഹാ സ്‌തോത്രം ഉരുവിടാൻ, ഏവർക്കും അധികാരമുണ്ട്, എന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ നാമമായ *ശ്രീമാതാ*!

മാതൃഭാവനയോടെ ദേവിയെ ആരാധിക്കുന്ന ഭക്തൻ, ദേവീ പ്രസാദത്തിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല, സ്മരിക്കുന്ന മാത്രയിൽ തന്നെ ദേവി പ്രസാദിക്കും!

കുഞ്ഞിന്റെ ആഗ്രഹങ്ങളറിഞ്ഞ്, വേണ്ടത് ചെയ്യുന്നവളാണ്, അമ്മ. അമ്മയുടെ കണ്ണിൽ, മക്കളുടെ പാപങ്ങൾ ഒന്നും തന്നെ പാപങ്ങളല്ല. കർമ്മവും കർമ്മഫലവും എല്ലാം, ദേവിയുടെ മായ തന്നെ ആകയാൽ, ആ കർമ്മഫല ക്ലേശം അനുഭവിക്കുന്ന മക്കളുടെ നേർക്ക്, അമ്മയുടെ ദയാപൂർവ്വമായ ദൃഷ്ടി പതിയുന്നതിനാൽ, അവർ താപ ത്രയങ്ങളിൽ നിന്ന് മുക്തരാകുന്നു.

ദേവീ സ്മരണയുള്ള ഭക്തന്റെ ഹൃദയത്തിലെ ഇരുട്ട്, ദേവീ സ്മരണയുണ്ടാകുന്ന നിമിഷം തന്നെ നശിക്കും. പൂർവ്വ പുണ്യം കൊണ്ടു മാത്രമേ ദേവിയെ സ്തുതിക്കാനും പൂജിക്കാനും സാധിക്കുകയുള്ളൂ.

മഹാമായയുടെ സഹസ്ര നാമങ്ങളിൽ, ഏതെങ്കിലും ഒന്ന് ഭക്തിപൂർവ്വം കേൾക്കുകയോ, ഉച്ചരിക്കുകയോ ചെയ്താൽ, സർവ്വ പാപങ്ങളും സൂര്യ കിരണങ്ങൾക്കു മുന്നിൽ ഇരുട്ടെന്ന പോലെ മാഞ്ഞു പോകും. അപ്പോൾ പിന്നെ സഹസ്രനാമം ജപിച്ചാൾ നീങ്ങാത്ത പാപമുണ്ടോ?

വിധിച്ചിട്ടില്ലാത്ത ഭാഗ്യങ്ങൾ പോലും, ദേവീ ഉപാസകനെ, അങ്ങോട്ട് ചെന്നാശ്രയിക്കും. പ്രപഞ്ച മാതാവായ ദേവിക്ക്, ഈ ഭൂമിയിലെ എത്ര നിസ്സാരമായ വസ്തുക്കളാണ് നാം അർപ്പിക്കുന്നത്! എങ്കിലും, ഭക്തനോടുള്ള സ്‌നേഹം നിമിത്തം ദേവി അവയെല്ലാം സ്വീകരിക്കുന്നു.

അർപ്പിക്കുന്ന വസ്തുവല്ല, ഭക്തന്റെ ഭക്തിയാണ്, ദേവിയെ തൃപ്തയാക്കുന്നത്. കുഞ്ഞു കരയുമ്പോൾ, കുറെ കരയട്ടെ എന്ന് ഏതെങ്കിലും അമ്മ വിചാരിക്കുമോ? അതു പോലെ, ഭക്തൻ കുറെ കഷ്ടപ്പെടട്ടെ, എന്ന് ദേവി ഒരിക്കലും വിചാരിക്കില്ല.

നമ്മുടെ പ്രാർത്ഥനയിലെല്ലാം, തെറ്റുകൾ സംഭവിക്കാം. അശ്രദ്ധ കൊണ്ടോ, പരിചയക്കുറവു കൊണ്ടോ, ഇങ്ങനെ സംഭവിക്കാം. ഇതിലൊന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന്, ഹാമായ നമുക്ക് ഉറപ്പു തരുന്നു.

_അവ്യാജ കരുണാമൂർത്തി_ എന്ന നാമം കൊണ്ട്, അടി വച്ചടി വച്ചു നടക്കുന്ന മക്കൾക്ക് അടി പതറിയാൽ, അമ്മയ്ക്ക ദേഷ്യമല്ല, വാത്സല്യവും കരുണയുമാണെന്ന്, നമ്മോട് പറയുന്നു.

മക്കളെ, വീഴാതെ കൈ പിടിച്ച്, നേർ വഴിക്ക് നടത്തേണ്ടത്, അമ്മയുടെ കടമയാണ്. അമ്മ അത് നിറഞ്ഞ മനസ്സോടെ ചെയ്തു കൊള്ളും. കരുണാമയിയായ അമ്മ, ഉപാസകന്റെ മനസ്സിലെയും, പ്രവൃത്തിയിലെയും, അജ്ഞാനം നീക്കി ജ്ഞാനം പ്രദാനം ചെയ്യും. ദേവിയെ പ്രാർത്ഥിക്കുന്നതിന്, _പണ്ഡിതനെന്നോ_, _പാമരനെന്നോ_, _സമ്പന്നനെന്നോ_, _ദരിദ്രനെന്നോ_, _പുരുഷനെന്നോ_, _സ്ത്രീയെന്നോ_, ഭേദമില്ല.

ലളിതാ സഹസ്രനാമം ആരംഭിക്കുന്നതും, അവസാനിക്കുന്നതും, *അമ്മ* എന്നു കീർത്തിച്ചു കൊണ്ടാണ്. എല്ലാം അമ്മയിൽ നിന്നാരംഭിക്കുന്നു. അമ്മയിൽ തന്നെ ലയിച്ചു തീരുന്നു.

ഈ സ്‌തോത്രം, സർവ്വ രോഗങ്ങളെയും ശമിപ്പിക്കുന്നതും, എല്ലാ സമ്പത്തിനെയും വർദ്ധിപ്പിക്കുന്നതും, കാല മൃത്യുവിനെ, നിവാരണം ചെയ്യുന്നതും ദീർഘായുസ്സു നൽകുന്നതുമാണ്. ഉടൻ സിദ്ധി നൽകുന്ന ശ്രീദേവിയുടെ വിശേഷ പ്രീതിക്കു പാത്രമാകുന്ന ഈ സ്‌തോത്രം, എത്ര.ക്ലേശിച്ചായാലും എല്ലാ ദിവസവും ജപിക്കണം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരാൽ, പരിസേവിതയായി ലക്ഷ്മി സരസ്വതി തുടങ്ങിയവരാൽ പരിചരിക്കപ്പെടുന്നവളായി, ഇന്ദ്രാദിദേവന്മാർ, ഋഷിമാർ, യക്ഷ കിന്നര ഗന്ധർവ്വന്മാർ തുടങ്ങിയവരാൽ, സ്തുതിക്കപ്പെടുന്നവളായി, അഖില പ്രപഞ്ചത്തിനും ഭരണ കർത്രിയായി, മണിമയ സിംഹാസനത്തിൽ ഇരുന്നരുളുന്ന ശിവശക്തൈക്യരൂപിണിയായ ശ്രീ ആദിപരാശക്തിക്ക്, അമ്മയ്ക്ക് പ്രണാമം.🙏

Leave a comment

Design a site like this with WordPress.com
Get started