ശ്രീ
തിരുവാതിര മാഹാത്മ്യം – തങ്കം
കേരളത്തിൽ സ്ത്രീകൾ മാത്രം ആചരിക്കുന്നു എന്ന് എടുത്ത് പറയാവുന്ന,വ്രതാനുഷ്ഠാനത്തോട് കൂടിയുള്ള ഒരു ആഘോഷമാണ് തിരുവാതിര. ഇഷ്ടവരനെ ലഭിക്കാൻവണ്ടിയും ദാമ്പത്യസൗഖ്യത്തിനു വേണ്ടിയുമാണത്രേ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിരയെപ്പറ്റി പല കഥകൾ നിലവിലുണ്ട്. ലോകൈകനാഥനായ ശ്രീപരമേശ്വരന്റെതിരുനാൾ എന്നാണ് തിരുവാതിരയെ പറ്റിയുള്ള ഒരു സങ്കല്പം. തിരുവാതിര നാളിലാണത്രേ ശ്രീപാർവ്വതീ- പരമേശ്വരന്മാരുടെ തിരുമംഗല്യം നടന്നത്.
ദക്ഷന്റെ മകളായ സതീദേവി ദക്ഷയാഗസമയത്ത് അവിടെ സന്നിഹിതയായിരുന്നപ്പോൾ സതിയുടെ ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചുവെന്നും അതിൽ മനം നൊന്തു സതി അവിടെ വച്ചു തന്നെ ദേഹത്യാഗം ചെയ്തെന്നും പറയുന്നു. ദക്ഷനോട് കോപിച്ച പരമശിവൻ ദക്ഷനെ വധിച്ച ശേഷം ഹിമവൽ സാനുവിൽ പോയി തപസ്സ് ചെയ്തത്രേ.
ദക്ഷസന്നിധിയിൽ വച്ച് യോഗാഗ്നിയിൽ ലയിച്ച സതി പിന്നീട് ഹിമവാൻ – മേന ദമ്പതികളുടെ മകളായി പുനർജ്ജനിച്ചു. പാർവതി എന്ന പേരിലറിയപ്പെട്ടിരുന്ന സതി ശിവനെ ഭർത്താവായി ലഭിക്കാൻ തപസ്സാരംഭിച്ചു. ഇതിനിടയിൽ താരകാസുരൻ എന്ന ഒരു ദുഷ്ടശക്തിയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ ദേവന്മാർ വലഞ്ഞിരുന്നു. ശിവപുത്രന് മാത്രമേ താരകാസുരനെ ഉന്മൂലനം ചെയ്യുവാൻ സാധിക്കുകയുള്ള . എന്നറിയാമായിരുന്ന ദേവന്മാർ കാമദേവനോട് സഹായമഭ്യർത്ഥിച്ചു. ശിവഭഗവാന്റെ തപസ്സ് മുടക്കാനായി കാമദേവൻ പുഷ്പബാണമെയ്തപ്പോൾ ശിവൻ കോപിച്ച് കാമദേവനെ ഭസ്മീകരിച്ചു. കാമദേവന്റെ പത്നിയുടെ ദയനീയാവസ്ഥയിൽ വിഷമം തോന്നിയ പാർവ്വതിയും മറ്റു ദേവിമാരും ശിവനെ പ്രീതിപ്പെടുത്താനായി വ്രതം നോറ്റു. അതിൽ സംപ്രീതനായ ഭഗവാൻ ഒരു മകയിരം നാളിൽ കാമദേവനെ പുനർജ്ജീവിപ്പിച്ചു. ശേഷം ദേവിയിൽ അനുരക്തനായ ഭഗവാൻ ദേവിയെ പരിണയം ചെയ്തു. ഭഗവാനെ ഭർത്താവായി ലഭിച്ച സന്തോഷത്തിൽ ദേവി സഖിമാരോടൊത്ത് ആടുകയും പാടുകയും ഊഞ്ഞാലാടുകയും തുടിച്ചു കുളിക്കുകയുമൊക്കെ ചെയ്ത് കൊണ്ടിരുന്നു.
ഇഷ്ടവരനെ ലഭിക്കാനും ദാമ്പത്യം ഉത്തമമാകാനും വേണ്ടിയാണ് പ്രധാനമായും തിരുവാതിരവ്രതം നോൽക്കുന്നതെങ്കിലും മകയിരം നാളിലും പുണർതം നാളിലും സ്ത്രീകൾ നൊയമ്പെ ടുക്കുന്നു. മകയിരത്തിൽ മക്കൾക്ക് വേണ്ടിയും പുണർതത്തിൽ സഹോദരങ്ങൾക്ക് വേണ്ടിയും .
തിരുവാതിര വ്രതത്തെപ്പറ്റിയുള്ള വേറൊരു കഥ , പാലാഴി മഥന സമയത്ത് ശിവൻ ലോകരക്ഷാർത്ഥം, ഹാലാഹലം പാനം ചെയ്തപ്പോൾ ശിവന്റെ ദീർഘായുസ്സിനായി വ്രതമെടുത്ത നാളാണത്രേ തിരുവാതിരനാൾ.
തിരുവാതിരനാളിൽ സ്ത്രീകൾ ഉറക്കമൊഴിഞ്ഞിരിക്കണമെന്നാണ് വയ്പ്. അന്ന് രാത്രി മുഴുവൻ ഭഗവദ് സ്തുതിയോടെ തിരുവാതിരകളിച്ചും വെള്ളത്തിൽ തുടിച്ചു കുളിച്ചും വെറ്റില മുറുക്കിയുമൊക്കെ സമയം നീക്കുന്നു.
തിരുവാതിരക്കളിക്കിടക്ക് ദശപുഷ്പം ചൂടുന്ന ഒരു ചടങ്ങും ഉണ്ട്. ” ഒന്നാനാം മതിലകത്ത് ഒന്നു പോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂ പറിക്കാൻ പോരുന്നോ തോഴിമാരേ ” എന്നു തുടങ്ങി “പത്താനാം
മതിലകത്ത്…. ” എന്നു വരെ ചൊല്ലിയ ശേഷം വൃക്ഷച്ചുവട്ടിൽ പോയി ദശപുഷ്പമെടുത്ത് ചൂടി തിരിച്ചു വരുന്നു. ഇതാണ് പാതിരാപ്പൂ ചൂടൽ ചടങ്ങ്.
തിരുവാതിര നൊയമ്പെ ടുക്കുമ്പോഴുള്ള സ്ത്രീകളുടെ പ്രധാന ഭക്ഷണമാണ് എട്ടങ്ങാടി. എട്ടു കൂട്ടം കായ്കനികൾ ചുട്ടെടുത്ത് അതിൽ തേൻ ചേർത്താണ് ഇത് ഉണ്ടാക്കുക. പിന്നെ വേറെയൊരു പ്രധാന ഭക്ഷണമായി കൂവ കുറുക്കിയതും കഴിക്കുന്നു. പൊതുവേ തിരുവാതിരവ്രതംവീട്ടിലുള്ളവരുടെ ഐശ്വര്യം സ്ഥിരീകരിക്കുന്നതിനൊ പ്പം വ്രതം അനുഷ്ഠിക്കുന്നവരുടെ മാനസികമായും ശാരീരികമായുമുള്ള ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു.
ശുഭം.
Leave a comment