Agasthyas marma treatment

HOMENEW8

മര്‍മ്മം എന്നാലെന്ത്?

ശരീരത്തില്‍ ശിവനാകുന്ന ജീവന്‍, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു പ്രധാനമായും തങ്ങിനില്‍ക്കുന്ന ഇടങ്ങളാണ് “മര്‍മ്മങ്ങള്‍”

ശരീരത്തിന്‍റെ ഏതൊരുഭാഗത്ത് മുറിയുകയോ, വീഴ്ച, തട്ട്, ഇടി, അടി, എന്നിവകൊണ്ട് ചതവോ വൃണമോ ഉണ്ടാവുകയോ ചെയ്യുന്നതിന്‍റെ ഫലമായി ശാരീരികമായി വിഷമതകള്‍ ഉണ്ടാവുകയോ ജീവഹാനിതന്നെ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍.

മര്‍മ്മശാസ്ത്രം എന്താണ്?

മര്‍മ്മശാസ്ത്രം ഒരു ചികിത്സാസമ്പ്രദായമാണ്. കായികശക്തിയും മാനസിക ശക്തിയും സമന്വയിപ്പിച്ച്, ഈശ്വരവിചാരത്തോടും മണ്‍മറഞ്ഞ ഗുരുക്കന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടും കൂടെ, മനുഷ്യര്‍ക്ക്‌ ശരീരത്തിന് ആരോഗ്യാവസ്ഥ നേടിക്കൊടുക്കുന്നതിന്, സ്വജീവിതം ആതുരശുശ്രൂഷാര്‍ത്ഥം ഒഴിച്ച് വെയ്ക്കുന്നവരാണ് മര്‍മ്മചികിത്സകര്‍. ശരീരമര്‍മ്മങ്ങളെക്കുറിച്ചും അവയിലേല്‍ക്കുന്ന ക്ഷതങ്ങള്‍ കൊണ്ടുണ്ടാകുന്ന ആജീവാനന്തമുള്ള പ്രയാസങ്ങളെയും വേദനകളേയും പീഢകളെയും പരിഹരിക്കുന്നതിനെക്കുറിച്ചും ശരീരത്തിന് സംഭവിക്കുന്ന ഒടിവ്, ചതവ്, മുറിവ്, സന്ധിതെറ്റല്‍, അസ്ഥിപൊട്ടല്‍ തുടങ്ങിയവയാലുണ്ടാകുന്ന ശാരീരിക വിപത്തുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു ചികിത്സാ സംഹിതയാണ് മര്‍മ്മശാസ്ത്രം എന്ന് പൊതുവില്‍ പറയാം. പാരമ്പര്യ ചികിത്സാ വിഭാഗത്തിലാണ് കേരളം ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മര്‍മ്മശാസ്ത്രത്തിന്‍റെ ചരിത്രം എന്താണ്?

ഭഗവാന്‍ പരമശിവന്‍ തന്‍റെ പുത്രനായ ശ്രീ സുബ്രഹ്മണ്യദേവനിലൂടെ അഗസ്ത്യമഹര്‍ഷിയ്ക്ക് ഉപദേശമായി നല്കിയതും ഏറ്റവും വിലപ്പെട്ടതും മൂല്യസമ്പത്തുള്ളതുമായ ആദ്ധ്യാത്മിക വൈദ്യശാസ്ത്രമാണ് മര്‍മ്മശാസ്ത്രം.

ഏതാണ്ട് അയ്യായിരം വര്‍ഷങ്ങളോളം പഴക്കം വരുന്ന മര്‍മ്മശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ് അഗസ്ത്യ മഹര്‍ഷിയാണെന്ന കാര്യത്തില്‍ പൊതുവേ തര്‍ക്കമില്ല. വിന്ധ്യാ – സാത്പുര പര്‍വ്വതശിഖരങ്ങള്‍ കടന്ന് തെക്ക് കേരളത്തിലെ അഗസ്ത്യാര്‍കൂടവനത്തില്‍ തന്‍റെ ഘോരതപം ചെയ്ത് കിട്ടിയ സിദ്ധിയാല്‍ മനുഷ്യന്‍റെ ശരീരരക്ഷയ്ക്ക് ഉപയോഗപ്രദമാവുന്ന തരത്തില്‍ അഗസ്ത്യമഹര്‍ഷി അരുളിചെയ്തതാണ് മര്‍മ്മജ്ഞാനവും മര്‍മ്മചികിത്സാശാസ്ത്രവും. മര്‍മ്മകണ്ണാടി, മര്‍മ്മപീരങ്കി, മര്‍മ്മപീരങ്കിത്തുറവ് കോല്‍, മര്‍മ്മഅളവ് നൂല്‍, ശരനൂല്‍, ഉല്‍പ്പത്തി തുടങ്ങിയ താളിയോല ഗ്രന്ഥങ്ങളിലൂടെയാണ് ഈ ശാസ്ത്രം പ്രചരിച്ചത്.

മുന്‍നൂല്‍, പിന്‍നൂല്‍ എന്നിവയാണ് മേല്‍പറഞ്ഞവയുടെ മൂല ഗ്രന്ഥങ്ങള്‍. അഗസ്ത്യരുടെ ശിഷ്യനായ ഭോഗര്‍ മുനി എഴുതിയ “ഭോഗര്‍ പാടലി” യെ അടിസ്ഥാനപ്പെടുത്തിയാണ് മര്‍മ്മശാസ്ത്രങ്ങളുടെ രചന നടന്നിട്ടുള്ളത്. സംസ്കൃത ഭാഷയിലെ സുശ്രുത സംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൂടെ ആര്യഭാഷയിലെ ആചാര്യന്മാരായ സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരും മര്‍മ്മ ശാസ്ത്രത്തിന് സംഭാവനകള്‍ നല്‍കിയവരാണ്. സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രങ്ങള്‍ക്കു പുറമേ, പുരാതന കേരളത്തിലെ ആയോധനവിദഗ്ദരായ കളരിഗുരുക്കന്മാരും ആശാന്മാരും സ്വന്തം അനുഭവങ്ങളില്‍ നിന്നും ഗ്രഹിച്ച അഭ്യാസമര്‍മ്മങ്ങളും കളരി മര്‍മ്മങ്ങളും മര്‍മ്മശാസ്ത്ര ചരിത്രത്തിലെ പ്രധാന കൂട്ടിചേര്‍ക്കലുകളാണ്.

കടപ്പാട്

Leave a comment

Design a site like this with WordPress.com
Get started