Itihasa story

HOMENEW8

ശ്രീ ത്രൈലംഗ സ്വാമികൾ.

💚💚💚💚💚💚

ശ്രീ ത്രൈലംഗ സ്വാമികളുടെ ശരിയായ പേര് ശിവരാമയ്യ എന്നായിരുന്നു. അദ്ദേഹം ഹോളിയ എന്ന ആന്ധ്ര പ്രദേശിലെ ഗ്രാമത്തിൽ 1607 ഡിസംബർ 21-നു വെള്ളിയാഴ്ച പൗർണ്ണമി തിഥിയിലെ ശുഭമുഹുർത്തത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ പേര് വിദ്യാവതി എന്നും അച്ഛന്റെ പേര് നരസിംഹധരറാവു എന്നുമായിരുന്നു, അവർ ഇരുവരും ശിവ ഭക്തർ ആയിരുന്നു. ത്രൈലിംഗസ്വാമി ചെറുപ്പത്തിലേ എല്ലാ ജീവജാലങ്ങളോടും അതിയായ സ്നേഹം പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം കല്യാണാലോചനകൾ നിരസിച്ച്, സ്വന്തം ഗ്രാമത്തിലെ ഒരു കുടിലിൽ 20 വർഷം തപസ്സ് ചെയ്തു. അതിനു ശേഷം ഭാഗീരത സ്വാമിയിൽ നിന്നും സന്യാസം സ്വീകരിച്ചു.

അങ്ങനെ ത്രൈലംഗ സ്വാമിയായ ശിവരാമയ്യ, വളരെ അധികം യാത്രകൾ ചെയ്യുകയും, പല ആരാധനാലയങ്ങളും സന്ദർശിക്കുകയും ചെയ്തു. ഈ യോഗി ആത്മീയമായി മാത്രമല്ല, ശാരീരികമായും ഗംഭീരൻ ആയിരുന്നു.കാണാനും മറ്റെള്ളരിൽ നിന്നും വ്യത്യസ്തമായിരുന്നു, വളരെ കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുമായിരുന്നുള്ളു എങ്കിലും അദ്ദേഹത്തിന് 130 കിലോയിൽ അധികം ഭാരമുണ്ടയിരുന്നു എന്നും പറയപ്പെടുന്നു.

ഒടുവിൽ അദ്ദേഹം വാരണാസിയിൽ സ്ഥിരം താമസം ആക്കി. ദിഗംബരനായി അദ്ദേഹം അവിടത്തെ വഴികളിലൂടെ സഞ്ചരിക്കുന്നത് അവിടത്തെ ജനങ്ങൾ അമ്പരപ്പോടുകൂടിയും ആശ്ചര്യത്തോടുകൂടിയും കണ്ടുനിന്നിരുന്നു. വാരാണസിയിലെ സഹികെട്ട പോലീസുകാർ കുഴക്കുന്ന ഒരു കുസൃതിക്കുട്ടിയായി അദ്ദേഹത്തെ കണക്കാക്കിയിരുന്നു. പോലീസുകാർ അദ്ദേഹത്തെ ഉപചാരമൊന്നും കൂടാതെ കാരാഗൃഹത്തിലടച്ചു.പൊതുജനങ്ങൾ അസന്തുഷ്ടരായി: ത്രൈലംഗസ്വാമിയുടെ കൂറ്റൻ ശരീരം. അതിന്റെ പതിവു പരിപൂർണതയിൽ കാരാഗൃഹത്തിന്റെ മേൽക്കൂരയുടെ പുറത്ത് ഉടൻ കാണപ്പെട്ടു. അപ്പോഴും ഭദ്രമായി പൂട്ടിത്തന്നെ ഇട്ടിരുന്ന അദ്ദേഹത്തിന്റെ തടവറ സ്വാമിയുടെ രക്ഷാമാർഗത്തെപ്പറ്റി സൂചനയൊന്നും നൽകിയില്ല. നിരാശരായ നിയമ പാലകർ അവരുടെ കർത്തവ്യം ഒരിക്കൽ കൂടി നിർവഹിച്ചു. ഇപ്രാവശ്യം സ്വാമിയുടെ തടവറയ്ക്കു മുമ്പിൽ ഒരു പാറാവുകാരനെയും നിർത്തി. നീതിയുടെ മുന്നിൽ കരബലം പിൻ വാങ്ങി. മഹാനായ ആ സിദ്ധയോഗി പുരപ്പുറത്ത് നിസ്സംഗനായി ഉലാത്തുന്നത് അധികം താമസിയാതെ കാണാറായി.

ശ്രേഷ്ഠനായ ആ യോഗി പതിവായ മൗനവ്രതം പാലിച്ചിരുന്നു. വട്ട മുഖവും കനത്ത വീപ്പ പോലുള്ള വയറുമുണ്ടായിട്ടും ത്രൈലംഗസ്വാമി വല്ലപ്പോഴുമോ ആഹാരം കഴിച്ചിരുന്നുള്ളൂ. ആഴ്ചകളോളം നിരാഹാരനായിരുന്ന ശേഷം, തന്റെ ഭക്തർ നൽകുന്ന കുടം കണക്കിനുള്ള കട്ടത്തൈരുകുടിച്ച് സ്വാമി ഉപവാസം അവസാനിപ്പിക്കും. ഒരു സംശയാലു ത്രൈലംഗസ്വാമിയെ ഒരു കാപട്യക്കാരനായി ക്കാട്ടാൻ തീരുമാനിച്ചു. വെള്ളയടിക്കാൻ ഉപയോഗിക്കുന്ന കുമ്മായം കലക്കിയത് ഒരു വലിയ പാത്രം നിറയെ സ്വാമിയുടെ മുന്നിൽ വച്ചു. ആ ലൗകികവാദി കപട ബഹുമാനത്തോടെ പറഞ്ഞു. "ഗുരോ, ഞാൻ അങ്ങയ്ക്ക് കുറച്ചു കട്ടത്തൈരു കൊണ്ടു വന്നിട്ടുണ്ട്. അത് ദയവായി കുടിക്കു." സ്വാമി മടികൂടാതെ പാത്രത്തിലുള്ള കുടൽ പൊള്ളുന്ന ആ കുമ്മായത്തിന്റെ അവസാനത്തുള്ളി വരെ കുടിച്ചു. ഏതാനും നിമിഷങ്ങൾക്കകം ആ ദുഷ്ടൻ പ്രാണവേദനയോടെ, നിലത്തു വീണു. "രക്ഷിക്കണേ, സ്വാമീ, രക്ഷിക്കണേ!" അവൻ നിലവിളിച്ചു. "ഞാൻ വേവുകയാണ്! എന്റെ ഹീനമായ പരീക്ഷയ്ക്ക് എന്നോടു ക്ഷമിക്കേണമേ."

മഹാനായ ആ യോഗി തന്റെ പതിവു മൗനം ഭഞ്ജിച്ചു. “നിന്ദകാ, നീ എനിക്കു വിഷം നൽകിയപ്പോൾ എന്റെ ജീവനും നിന്റെ ജീവനും ഒന്നാണെന്ന് നീ മനസ്സിലാക്കിയില്ല. സൃഷ്ടിയിലെ ഓരോ പരമാണുവിലുമെന്നപോലെ, എന്റെ വയറ്റിലും ഈശ്വരൻ കുടികൊള്ളുന്നു എന്ന് എനിക്ക് അറിവില്ലായിരുന്നുവെങ്കിൽ, കുമ്മായച്ചാറ് എന്നെ കൊല്ലുമായിരുന്നു. ഇപ്പോൾ നിനക്ക് ദൈവീകമായ തിരിച്ചടിയുടെ അർത്ഥം ബോധ്യമായ സ്ഥിതിക്ക് ഇനി ആരുടെയും മേൽ കുബുദ്ധികൾ കാട്ടരുത്.”
ത്രൈലംഗസ്വാമിയുടെ വാക്കുകളാൽ അസുഖം മാറിയ ആ പാപി വേച്ചുവേച്ച് സ്ഥലം വിട്ടു.വേദനയുടെ തിരിച്ചടി ഉണ്ടായത് ആചാര്യന്റെ ഇച്ഛാശക്തികൊണ്ട് ആയിരുന്നില്ലാ, മറിച്ച്, നിയതിയുടെ നിയമത്തിന്റെ പ്രവർത്തനം മൂലമാണ്.ഈ നിയമം സ്രഷ്ടപ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരസ്ഥമായി കറങ്ങുന്ന ഗ്രഹത്തെപ്പോലും നിലനിർത്തുന്നു. ത്രൈ ലംഗസ്വാമിയെപ്പോലെ ഈശ്വരസാക്ഷാത്ക്കാരം ലഭിച്ചവരെ സംബന്ധിച്ചിടത്തോളം ദൈവീകനിയമത്തിന്റെ പ്രവർത്തനം തൽക്ഷണമാണ്. ദൈവീകമായ നീതി, സ്നേഹം, സർവജ്ഞത്വം, അമരത്വം എന്നിവയുടെ സാധ്യതയെ മന്ദബുദ്ധികൾ അവജ്ഞയോടെ തള്ളിക്കളയുന്നു. "വെറും അന്തസാരശൂന്യമായ വേദശാസ്ത്ര നിഗമനങ്ങൾ!"പ്രപഞ്ച ദൃശ്യങ്ങളോട് ഭക്ത്യാദരങ്ങൾ കാട്ടാത്ത ഇത്തരം വിവേകശൂന്യരായ മനുഷ്യർ തങ്ങളുടെ ജീവിതത്തിൽ സംഘർഷാത്മകമായ സംഭവപരമ്പരകൾക്ക് തുടക്കമിടുന്നു.ഇവ ആത്യന്തികമായി അവരെ ജ്ഞാനം നേടാൻ നിർബന്ധിതരാക്കുന്നു.

അദ്ദേഹം പരമ സിദ്ധ പുരുഷനായിരുന്നു. ഗംഗയിൽ ദിവസങ്ങളോളം ഇരിക്കുകയോ സുദീർഘമായ കാലയളവുകൾ തിരകൾക്കടിയിൽ ഒളിക്കുകയോ ചെയ്യുമായിരുന്നു. അല്ലെങ്കിൽ മണിക്കൂറുകളോളം കൊടും ചൂടത്ത് മണികർണികയിലെ പാറ കല്ലുകളിൽ ഇരിക്കുമായിരുന്നു. ശരീരമല്ല, മനുഷ്യൻ ശുദ്ധമായും ആത്മനെന്ന് അദ്ദേഹം കാട്ടിത്തന്നു.

അദ്ദേഹം ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസർ ബനാറസിൽ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹത്തിന് ദർശനം നൽകുകയും, ശ്രീരാമകൃഷ്ണ പരമഹംസർ ത്രൈലംഗ സ്വാമിയെ ജീവിച്ചിരിക്കുന്ന വിശ്വനാഥനായി വിശേഷിപ്പിക്കുകയും ചെയ്തു.

സ്വാമിക്ക് പാവപ്പെട്ടവരോടുള്ള അനുകമ്പയെ പറ്റി അദ്ദേഹത്തിന്റെ ശിഷ്യന്മാരായ കളികാനന്ദ സരസ്വതി, ബ്രഹ്മാനന്ദ, അമ്പാദേവി എന്നിവർ പല സ്ഥലങ്ങിലായി സാക്ഷ്യപ്പെടുത്തുന്നു. മഹാസമാധിക്കു മുമ്പായി തന്നെ ശിഷ്യന്മാർക്കും സേവകർക്കും അറിയിപ്പു കൊടുത്തു.

“ഇനി ഒരു മാസം കഴിഞ്ഞാൽ ഞാൻ ദേഹത്തെവിട്ടു പോകും.” പ്രിയശിഷ്യന്മാരെല്ലാം വന്നെത്തിച്ചേർന്നു കഴിഞ്ഞു. ത്രൈലംഗസ്വാമികൾ എല്ലാവരെയും അടുത്തു വിളിച്ചിരുത്തി ധർമ്മോപദേശം ചെയ്തുതുടങ്ങി. എത്രയെത്ര വാക്കുകൾ! എത്രയെത്ര ആദേശങ്ങൾ! ഉപദേശങ്ങൾ! അവസാനമില്ല. എല്ലാവരും മുഗ്ദ്ധരായി വിസ്മിത ചിത്തത്തോടെ പരമാരാദ്ധ്യനായ ഗുരുദേവന്റെ മുഖത്തേയ്ക്കുതന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. മഹാസമാധിക്കു രണ്ടു ദിവസം മുമ്പായിരുന്നു ഗുരുദേവൻ ആജ്ഞാപിച്ചത് - നിങ്ങൾ ചെന്ന് ഒരു വലിയ മരപ്പെട്ടി ഉണ്ടാക്കിച്ചു കൊണ്ടു വരൂ. ഞാൻ ദേഹം വെടിഞ്ഞ ശേഷം ഈ ശരീരത്തെ അതിനുളളിൽ കിടത്തി മുകളിലെ അടപ്പുപലക നല്ലപോലെ ഭദ്രമായി അടച്ചു കൊള്ളണം. പിന്നെ, പൂട്ടുകൊണ്ട് പൂട്ടി പെട്ടിയെ വഞ്ചിയിൽ കയറ്റി വരുണതൊട്ട് അസിവരെ പരിക്രമണം ചെയ്തതിനുശേഷം പഞ്ചഗംഗയുടെ മുൻവശത്ത് പെട്ടിയെ വെള്ളത്തിൽ നിക്ഷേപിക്കുക. എന്റെ മർത്ത്യദേഹത്തിനായി വേറെ യാതൊരു സംസ്കാരവും ചെയ്യേണ്ടതില്ല. ഇനി ഒരു ദിവസം മാത്രമേ കഴിയാനുള്ളു. അതിനുശേഷം ഇന്നത്തെപ്പോലെ ഇനി ആർക്കും ഗുരുദേവനെ ഇങ്ങനെ കണ്ണുകൊണ്ട് കാണ്മാൻ സാദ്ധ്യമാകുകയില്ല. സ്വാമിയുടെ അമൃതതുല്യമായ വാണി കേൾപ്പാനും സാദ്ധ്യമാകുന്നതല്ല. സ്വാമികൾ എല്ലാവരോടും പറഞ്ഞു: ഞാൻ നാളത്തെ ദിവസം ആരോടും ഉരിയാടുന്നതല്ല. നിങ്ങൾക്ക് ആർക്കെ ങ്കിലും വല്ലതും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം, വിരോധമില്ല.

ശിഷ്യർ ചോദിച്ചതിനെല്ലാം സ്വാമി മറുപടി കൊടുത്തു. ഇന്നിതാ ആ വിശേഷപ്പെട്ട ദിവസത്തിലെ മഹാ ലഗ്നം വന്നു ചേർന്നിരിക്കുന്നു. ത്രികാലജ്ഞനായ ഋഷി ശ്രീ ത്രൈലംഗ ധരന്റെ സുദീർഘമായ ഇരുന്നൂറ്റി എൺപതു വർഷത്തെ മർത്ത്യലീല ഇന്നിതാ അവസാനിക്കാൻ പോകുന്നു. മലയാള വർഷം 1063 ധനുമാസം ( ക്രിസ്ത്വാബ്ധം

1887 ഡിസംബർ 16). ശുക്ല ഏകാദശി തിഥിയാണന്ന്. കാശി ധാമത്തിൽ സർവ്വത്ര ത്രൈലംഗസ്വാമികളുടെ തിരോധാനവാർത്ത പരന്നു കഴിഞ്ഞു.ജനങ്ങൾ കൂട്ടം കൂട്ടമായി ആ മഹാപുരുഷനെ അവസാനമായി ഒരു നോക്കു കാണാൻ കൊതിച്ച് വന്നുകൊണ്ടിരിക്കുന്നു. ഓരോരുത്തരും സ്വാമിയെ കണ്ട് അവരവരുടെ ദുഃഖങ്ങളെ ഒടുവിലത്തെ തവണയായി അറിയിച്ചു കൊണ്ട് സ്വാമികളുടെ പാദരേണു ശിരസ്സിൽ സ്പർശിച്ച് സംതൃപ്തരായി തിരിച്ചു പോകുന്നു. സ്വാമിയും എല്ലാവരെയും മനസ്സഴിഞ്ഞ് ആശീർവദിച്ച് അവരവരുടെ ആഗ്രഹങ്ങൾ പൂർണ്ണമാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ശിഷ്യന്മാരും ഭക്ത ഗണങ്ങളും ചേർന്ന് ചന്ദനം കൊണ്ടും പുഷ്പങ്ങൾ കൊണ്ടും അവരവരുടെ മനോധർമ്മാനുസരണം മരപ്പെട്ടിയെ അലങ്കരിച്ച് തുടങ്ങി. കാലത്ത് എട്ടുമണിയോടെ ത്രൈ ലംഗസ്വാമികൾ തന്റെ ചെറിയ മുറിക്കകത്തു പ്രവേശിച്ച് കതകടച്ചു. അതിനു മുമ്പായി സ്വാമി പറഞ്ഞിരുന്നു. "ഞാൻ കതകിൽ തട്ടി ശബ്ദമുണ്ടാക്കുന്നതു വരെ ആരും വാതിൽ തുറക്കരുത്." അതിനു ശേഷം ആ മുറിക്കകത്ത് സാക്ഷാൽ ശ്രീ വിശ്വനാഥനെന്നു കരുതപ്പെട്ടിരുന്ന ത്രൈ ലംഗസ്വാമികൾ ധ്യാന മഗ്നനായിത്തീർന്നു. ശിഷ്യന്മാരും ഭക്തവൃന്ദവും ഉത്കണ്ഠാകുലരായി, പുറത്തു വാതിലിൽ മുട്ടുന്ന സംകേത ധ്വനിയും പ്രതീക്ഷിച്ചു നിൽപ്പായി. സമയം വൈകുന്നേരമായി. അപ്പോഴാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ട് എല്ലാവരും മുന്നോട്ട് ചെന്ന് വാതിൽ തുറന്നത്. മഹാപുരുഷനും യോഗിവര്യനുമായ ത്രൈലംഗസ്വാമികൾ അപ്പോൾ മന്ദം മന്ദം പുറത്തു വന്ന് പൂമുഖത്തു വിരിച്ചിരുന്ന ആസനത്തിൽ യോഗാസനം കൈക്കൊണ്ട് ഉപവിഷ്ടനായി. അവസാനത്തെ പ്രാവശ്യമായി ആ മഹായോഗിവര്യൻ ചുറ്റുപാടും കണ്ണോടിച്ച് എല്ലാവരേയും നോക്കിക്കണ്ടശേഷം തന്റെ കണ്ണുകളടച്ചു. പിന്നീട് ധ്യാനമഗ്നനായി സമാധി അവസ്ഥയെ പ്രാപിക്കയും അങ്ങനെ തന്നെ പരബ്രഹ്മത്തിൽ ലീനനാവുകയും ചെയ്തു. തദനന്തരം സ്വാമി കളുടെ പൂർവ്വ നിർദ്ദേശ പ്രകാരം ക്രിയാ കർമ്മങ്ങൾ ചെയ്തവസാനിപ്പിച്ചു. പുണ്യധാമമായ വാരാണസി.അസി വരുണാ ജാഹ്നവി ഈ മൂന്നു പുണ്യനദീജലത്താൽ ധൗതമായ വാരാണസി.ആ പവിത്ര സലിലത്തിൽ ചന്ദനം, പുഷ്പങ്ങൾ, സുഗന്ധദ്രവ്യങ്ങൾ ഇവകളാൽ അലംകൃതവും സുശോഭിതവുമായ സ്വാമികളുടെ ഭൗതികദേഹത്തെ വഹിക്കുന്ന ആ പേടകം സാവധാനത്തിൽ വെള്ളത്തിൽ മുങ്ങി നദീ ഗർഭത്തിൽ അദൃശ്യമായിപ്പോയി. പുഷ്യമാസത്തിലെ ശുക്ല ഏകാദശിയിൽ സായാഹ്നസമയത്ത് പശ്ചിമാകാശത്തിൽ കർമ്മക്ലാന്തനായ ദിനേശൻ ദിനാവസാനത്തെ ഉദ്ഘോഷിച്ചുകൊണ്ട് അപ്പോഴെയ്ക്കും വിടവാങ്ങിക്കഴിഞ്ഞിരുന്നു.

ഓം തത് സത്
☘️☘️☘️☘️🌸🌸🌸🌸🌿🌿🌿🌿🌺🌺🌺🌺🌺☘️☘️☘️☘️☘️🌸🌸

Leave a comment

Design a site like this with WordPress.com
Get started